Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ തോൽപ്പിക്കാനാവില്ല; വരട്ട് വാദം ഉപേക്ഷിച്ച് അടവ് നയം സ്വീകരിക്കണം: അനാരോഗ്യം മൂലം ഡൽഹിക്ക് പോകാതിരുന്ന വി എസ് കോൺഗ്രസുമായി സഹകരിക്കുമെന്ന് നിർദ്ദേശിച്ചു കേന്ദ്രകമ്മറ്റിക്ക് കത്ത് നൽകി

ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ തോൽപ്പിക്കാനാവില്ല; വരട്ട് വാദം ഉപേക്ഷിച്ച് അടവ് നയം സ്വീകരിക്കണം: അനാരോഗ്യം മൂലം ഡൽഹിക്ക് പോകാതിരുന്ന വി എസ് കോൺഗ്രസുമായി സഹകരിക്കുമെന്ന് നിർദ്ദേശിച്ചു കേന്ദ്രകമ്മറ്റിക്ക് കത്ത് നൽകി

കൊൽക്കത്ത: ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തിൽ കടുംപിടിത്തമല്ല, വഴക്കമാണു വേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റിക്കു (സിസി) നൽകിയ കത്തിൽ വി എസ്.അച്യുതാനന്ദൻ. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാനുള്ള സിസി യോഗത്തിനു മുന്നോടിയായിട്ടാണു വി എസ് കത്തു നൽകിയത്.

ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണു മുഖ്യലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലും സഹകരിക്കാൻ പാടില്ല എന്ന കാരാട്ട്പിണറായി പക്ഷ നിലപാടിനെ ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണ വ്യക്തമാക്കിയുമുള്ളതാണു കത്ത്.

വിഎസിന്റെ കത്തിന്റെ പൂർണ്ണ രൂപം

സഖാക്കളേ,
ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണു ഞാൻ. കാരണം, ഒരാഴ്ചത്തെവിശ്രമവും മുട്ടിന്റെ വേദന കുറയുന്നതുവരെ ഏതാനും ദിവസത്തെ ഫിസിയോതെറപ്പിയും ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് ചില കാര്യങ്ങൾ എനിക്കു സിസിയെ അറിയിക്കാനുണ്ട്.

ഇന്ത്യയിൽ ഉതുത്തിരിയുന്ന മൂർത്തമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, രാഷ്ട്രീയ അടവു നയം പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. നിശ്ചിതമായ മാർഗരേഖയുടെയോ പ്രമാണങ്ങളുടെയോ അടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നതല്ല അടവുനയം. അങ്ങനെ സംഭവിച്ചാൽ അതിൽ അടവ് ഉണ്ടാവില്ല തന്ത്രപരമായ നിബന്ധകളുടെ, കൗശലപരമായ വാക്കുകളുപയോഗിച്ചുള്ള ആവർത്തനം മാത്രമാവുമത്. അത് പരാമവധി സഖ്യകക്ഷികളെ ഒരുമിപ്പിക്കാനും ശത്രുശക്തികളെ ഭിന്നിപ്പിക്കാനുമുള്ള നമ്മുടെ ആത്മാർഥ ശ്രമം വൃഥാവിലാക്കും.

സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമില്ലെന്നതു വാസ്തവമാണ്. എന്നാൽ, 1991മുതൽ ഇപ്പോൾവരെ ഉദാവത്കരണംസ്വകാര്യവത്കരണംആഗോളവത്കരണം (എൽപിജി) സംംബന്ധിച്ച് അത്തരം ഭരണവർഗ പാർട്ടികളെടുത്തിട്ടുള്ള നിലപാടുകൾ പരിശോധിച്ചാൽ നമുക്കു കാണാൻ സാധിക്കുന്നതിതാണ്: ബിജെപിയും കോൺഗ്രസുംപോലെയുള്ള പ്രധാന ഭരണവർഗ പാർട്ടികളും ഒട്ടുമിക്ക പ്രാദേശിക പാർട്ടികളും എൽപിജിയുടെ ഇരയായിട്ടുണ്ട്. ഈ ശോഷണം ബൂർഷ്വാ രാഷ്ട്രീയത്തിന്റെ പൊതുവായ പാപ്പരത്തത്തിന് ഏകദേശം പൂർണമായിത്തന്നെ കാരണമായിട്ടുണ്ട്.

ഇന്ത്യയിൽ ഇടതു ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽപോലും ഈ പാപ്പരത്തത്തിന്റെ അനുരണനങ്ങൾ പ്രതിഫലിക്കുന്നുണ്ട്. കേരളത്തെ ഉദാഹരണമാക്കി അത്തരം പല സംഭവങ്ങളും ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ അതിൽ ഊന്നൽ കൊടുക്കാനല്ല ഉദ്ദേശിക്കുന്നത് എന്നതിനാൽ വിശദീകരിക്കുന്നില്ല.

തന്ത്രപരമായ എല്ലാത്തരം െഎക്യമുന്നണികളിൽനിന്നും ബൂർഷ്വാ പാർട്ടികളെ പൊതുവായ പാപ്പരത്തത്തിന്റെ പേരിൽ ഒഴിവാക്കി നിർത്തുന്നത് ഫലത്തിൽ വിഭാഗീയ രീതിയുടേതായ പിഴവായിരിക്കും. അതു നമ്മളെ സൈദ്ധാന്തിക പ്രതിപക്ഷമാക്കും, ജനവിരുദ്ധ നയങ്ങളെ എതിർക്കുന്ന പ്രായോഗിക പ്രതിപക്ഷമാക്കില്ല.

യുഎസ്എസ്ആറിന്റെ തകർച്ചയ്ക്കും ആഗോളവത്കരണത്തിന്റെ ഉദ്ഘാടനത്തിനുംശേഷമുണ്ടായിട്ടുള്ള ചരിത്രപരമായ കാരണങ്ങളാലാണ് ബൂർഷ്വാ രാഷ്ട്രീയത്തിൽ വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതും വർഗീയ ഫാഷിസ്റ്റിക് ശക്തികളുടെ വളർച്ചയും ബൂർഷ്വാ രാഷ്ട്രീയത്തിന്റെ ശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. പ്രത്യേകിച്ചും, രണ്ടാം യുപിഎയുടെ കാലത്ത്. വാസ്തവത്തിൽ, കോൺഗ്രസുണ്ടാക്കിയ പ്രതിസന്ധി മുതലെടുത്താണ് ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോൾ, മോദി സർക്കാർ ഒരുവശത്ത് എൽപിജി നയങ്ങൾ നിർദ്ദാക്ഷിണ്യം നടപ്പാക്കുന്നു; മറുവശത്ത്, വർഗീയ വിദ്വേഷം ആളിക്കത്തിച്ചും പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളെ കൊലപ്പെടുത്തിയും മറ്റും ദേശീയതലത്തിൽ ശക്തി വർധിപ്പിക്കുന്നു. ജുഡീഷ്യറിയെ കളിപ്പാവയാക്കിയിരിക്കുന്നു. സൈനിക, ഇന്റലിജൻസ് കാര്യങ്ങളിൽ യുഎസിനോടും സയണിസ്റ്റ് ഇസ്രയേലിനോടും പരസ്യമായി കൂട്ടുചേരുന്നു.

മോദി സർക്കാർ ആഗോളവത്കരണ നയങ്ങളുടെ മികച്ച നടത്തിപ്പുകാരും സമൂഹത്തിലെ വർഗീയവത്കരണത്തിന് ആക്കംകൂട്ടുന്നവരും സാമ്രാജ്യത്വ പദ്ധതിയോടു ദേശീയമായി കീഴ്‌പ്പെടുന്നതിന്റെ മുഖ്യ ഏജന്റുമായിരിക്കുന്നു. അപ്പോൾ, ഏറ്റവും മോശമായ സാഹചര്യമാണിതെന്നു കണക്കാക്കാം, തീർത്തും മോശപ്പെട്ട സാഹചര്യം.

രൂപത്തിലും മുന്നണികൾക്കൊണ്ടും നമുക്കുള്ള ശക്തികൊണ്ട് ഒറ്റയ്ക്ക് ഈ സാഹച്യത്തോടു പോരാടാനാവില്ല. മേൽപറഞ്ഞ ബൂർഷ്വാ പ്രതിപക്ഷത്തുനിന്ന് അനുകൂല നിലപാടുകാരിൽ പരമാവധിപ്പേരെയും നമ്മുടെ പക്ഷത്താക്കേണ്ടതുണ്ട്; അടവുപരമായി മുന്നേറാൻ സാധ്യമായ മാർഗം തുറക്കേണ്ടതുണ്ട്. ഈ ആശങ്കയും വിവേകവുമായി വേണം രാഷ്ട്രീയ അടവുനയത്തെ സമീപിക്കാൻ.

മോദി രാജിനു പരിസമാപ്തി കുറിക്കേണ്ടത് ദേശീയ പരമാധികാരം സംരക്ഷിക്കാനും സാമ്പത്തിക സുരക്ഷയ്ക്കും രാജ്യത്തിന്റെ മതനിരപേക്ഷവും ജനാധിപത്യപരമായ നിലനിൽപിനുംവേണ്ടി ഈ ഘട്ടത്തിൽ സുപ്രധാനമാണെന്നതിനോട് നാമെല്ലാവരും യോജിക്കുമെന്ന് ഞാൻ കരുതുന്നു.

അതാണ് ലക്ഷ്യമെന്നു തീരുമാനിക്കുകയും ആ ലക്ഷ്യം നേടാനായുള്ള സമ്പൂർണമായ കടന്നാക്രമണത്തിന് ആഹ്വാനം നൽകുകയും ചെയ്തുകഴിഞ്ഞാൽ, യഥാർഥ മാർക്‌സിസ്റ്റുകൾ എന്ന നിലയ്ക്ക്, ആ ലക്ഷ്യം നേടാൻ ഏറ്റവും വിശാലമായ അടവു പ്രയോഗിക്കണം. മറിച്ച്, ആദർശവും പറഞ്ഞുകൊണ്ടിരുന്നാൽ, അത് പെറ്റി ബൂർഷ്വാ തത്വവാദത്തിന്റെ പ്രകടനം മാത്രമാവും, പ്രോലിറ്റേറിയൻ താൽപര്യമാവില്ല.

ലക്ഷ്യം നേടാൻ നമ്മൾ എന്താണു ചെയ്യേണ്ടത്? ബൂർഷ്വാ രാഷ്ട്രീയം തന്ത്രപരമായ ശോഷണം നേരിടുകയാണ്. അപ്പോൾ, മൂല്യപരമായി ഏറ്റവും ശോഷിച്ചുകൊണ്ടിരിക്കുന്നതും ഉഗ്രശേഷിയുള്ളതുമായ വിഭാഗത്തെ മൂർത്തമായി ലക്ഷ്യം വയ്ക്കണം. മോദിരാജും സംഘ് ഫാഷിസവുമാണത് എന്നതിൽ സംശയമില്ല. അത്,ഒരുവശത്ത്, രാഷ്ട്രത്തിന്റെ സാമ്പത്തിക പരമാവധികാരത്തിന്റെ അടിത്തറയും വിശാല രാഷ്ട്രീയ ചട്ടക്കൂടിന്റെ തൂണുകളും, മറുവശത്ത്, സമൂഹത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവും മുറിച്ചുമാറ്റാൻ ഇപ്പോൾ ഭരണവർഗങ്ങളുടെ ഇരുതല വാളായി മാറിയിരിക്കുന്നു.

അടിസ്ഥാന വ്യവസായങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ബാങ്കുകളെയും വിറ്റുതുലയ്ക്കുന്ന, വർഗീയ, ജാതി അടിസ്ഥാനത്തിൽ വിനാശകരമായ രീതിയിൽ ജനത്തെ വിഭജിക്കുന്ന പ്രതിലോമ ശക്തിയാണത്. സാമ്രാജ്യത്വത്തിന്റെ പ്രിയപ്പെട്ട സഖ്യകക്ഷി. അതിന്റെ തലയ്ക്കുതന്നെ അടിക്കണം. ആ പോരാട്ടത്തിൽ പരമാവധിപ്പേരെ കൂടെക്കൂട്ടണം. അതിന് പഴയ രാഷ്ട്രീയ അടവുനയത്തിന്റെ വരട്ടുവാദപരമായ ആവർത്തനം ഉപേക്ഷിക്കണം. സാധ്യതകൾ അവശേഷിപ്പിക്കാൻ തയ്യാറവണം. നമ്മുടെ ശക്തിയും ഇടതു ശക്തിയും ഒരുമിപ്പിക്കുന്നതിനൊപ്പം, അടവരുപരമായ വഴക്കവും ഉണ്ടായാൽ മാത്രമേ ശത്രുവിനെ പ്രായോഗികമായി പരാജപ്പെടുത്തുന്നതിന് തത്വാധിഷ്ഠിത പ്രതിപക്ഷ മുന്നേറ്റം സാധ്യമാവുകയുള്ളു. അതായിരിക്കണംബുദ്ധിപരമായി നമ്മൾ സ്വീകരിക്കുന്ന അടവ്.

ഫാഷിസ്റ്റിക് മുന്നേറ്റത്തിന്റെ നിലവാരത്തിലും തോതിലുമുള്ള വലിയ വ്യത്യാസം നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. അത്, രാഷ്ട്രീയ അടവു നയത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുന്നു മേൽപറഞ്ഞവ മനസിൽവച്ചുള്ള മാറ്റങ്ങൾ. സാഹചര്യം തീർത്തും കലങ്ങിമറിഞ്ഞതാണ്. അത് ബൂർഷ്വകളെ, പ്രത്യേകിച്ചും അവരുടെ ആക്രമണോൽസുക ഫാഷിസ്റ്റ് ശാഖയെ അടവുപരമായി വഴക്കമുള്ളതാക്കുന്നു. അപ്പോൾ നമ്മൾ കടുംപിടുത്തത്തോടെ ഒഴിഞ്ഞുമാറിനിന്നാൽ പോരാട്ടത്തിൽ പരാജയപ്പെടും.

 

ത്രിദിന സിസി യോഗം ഇന്നലെ തുടങ്ങി. സിസിയിലെ പ്രത്യേക ക്ഷണിതാവായ വി എസ്, ഡോക്ടറുടെ നിർദ്ദേശാനുസരണം വിശ്രമത്തിലായതിനാൽ സിസിക്ക് എത്തിയിട്ടില്ല. കത്തു കഴിഞ്ഞദിവസം തന്നെ സിസി അംഗങ്ങൾക്കു ലഭ്യമാക്കിയിരുന്നു. പാർട്ടി കോൺഗ്രസിൽ പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിനു യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ബദൽ രേഖയുമാണു നാളെ സമാപിക്കുന്ന സിസി പരിഗണിക്കുന്നത്.

പ്രമേയത്തിലെ രാജ്യാന്തര കാര്യങ്ങളെക്കുറിച്ചുള്ള ഭാഗത്തിൽ ഇരുവിഭാഗങ്ങൾക്കും യോജിപ്പാണ്. ആ ഭാഗം യച്ചൂരി അവതരിപ്പിച്ചു. അതിനുശേഷം ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബദൽരേഖ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു; പിന്നാലെ, യച്ചൂരി തന്റെ നിലപാടും. കോൺഗ്രസുമായി ധാരണയ്ക്ക് അവസരമുണ്ടാക്കുന്നതു സഖ്യത്തിൽ എത്തുമെന്ന് കാരാട്ട് വാദിച്ചു. കാരാട്ട്പക്ഷവുമായി അഭിപ്രായ െഎക്യത്തിനു പരമാവധി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നു രേഖ അവതരിപ്പിച്ച് യച്ചൂരി പറഞ്ഞു. എ.കെ.ബാലൻ, എ.വിജയരാഘവൻ, എളമരം കരീം, ഇ.പി.ജയരാജൻ എന്നിവരുൾപ്പെടെ 25 പേർ ഇന്നലെ പ്രസംഗിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP