Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാപാരി വ്യവസായി ഏകോപന സമിതി ബിജെപിയുടെ പാളത്തിലേക്കോ? കോൺഗ്രസ് ചങ്ങാത്തം ഉപേക്ഷിച്ച് നസറുദ്ദീനും സംഘവും ബിജെപിക്ക് കൈകൊടുക്കുന്നു; കച്ചവടക്കാർക്ക് നല്ലത് മോദിയെന്ന് നസറുദ്ദീൻ

വ്യാപാരി വ്യവസായി ഏകോപന സമിതി ബിജെപിയുടെ പാളത്തിലേക്കോ? കോൺഗ്രസ് ചങ്ങാത്തം ഉപേക്ഷിച്ച് നസറുദ്ദീനും സംഘവും ബിജെപിക്ക് കൈകൊടുക്കുന്നു; കച്ചവടക്കാർക്ക് നല്ലത് മോദിയെന്ന് നസറുദ്ദീൻ

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയും അതിന്റെ നേതാവ് ടി. നസറുദ്ദീനും ബിജെപി സ്‌നേഹം കൂടുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ നസറൂദ്ദീന്റെ കടകൾ ഈയിടെ തീപിടത്തത്തിൽ നശിച്ചിരുന്നു. എന്നാൽ വ്യാപാരി-വ്യവസായികളുടെ നിലപാടുകൾ കണക്കിലെടുക്കാതെയാണ് ഇക്കാര്യത്തിൽ സർക്കാർ നടപടികളുണ്ടായത്. ഇതിനെ തുടർന്നുള്ള തർക്കമാണ് കോൺഗ്രസ് പാളയത്തിൽ നിന്ന് നസറുദ്ദീനെ അകറ്റുന്നത്. ബിജെപിയുടെ സഹ സംഘടനയുടെ ചടങ്ങിൽ നസറുദ്ദീനും സംഘവും പങ്കെടുക്കാൻ തീരുമാനമെടുക്കുമ്പോൾ അത് രാഷ്ട്രീയമാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്.

കേരളത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്ന സംഘടനയാണ് വ്യാപാരി-വ്യവസായി ഏകോപന സമിതി. പലപ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കച്ചവടക്കാരെ മൊത്തം അണിനിരത്തി രാഷ്ട്രീയ ചലനമുണ്ടാക്കാൻ നസറുദ്ദീന് കഴിഞ്ഞില്ല. എങ്കിലും കെട്ടുറപ്പുള്ള സംഘടനയായി സമിതിയെ മാറ്റാൻ കഴിഞ്ഞു. സംഘടിത ശക്തി ഉപയോഗിച്ച് സർക്കാരുകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. എന്നും കോൺഗ്രസിനൊപ്പമായിരുന്നു നസറുദ്ദീൻ എന്നായിരുന്നു വിമർശനം. ഇതുകൊണ്ട് കൂടിയാണ് സിപിഐ(എം) ഈ മേഖലയിൽ വേറൊരു സംഘടനയുണ്ടാക്കിയതും. അതുകൊണ്ട് തന്നെയാണ് നസറുദ്ദീന്റെ ചുവടുമാറ്റം എങ്ങനെ രാഷ്ട്രീയത്തിൽ നിർണ്ണായകമാകുമെന്ന ചർച്ച ഉയരുന്നത്. ഏതായാലും ബിജെപിയോടുള്ള സമീപനം നസറുദ്ദീൻ ഇനിയും വ്യക്തമാക്കിയിട്ടില്ല

ഓഗസ്റ്റ് 9നു ഡൽഹിയിൽ നടക്കുന്ന ഭാരതീയ വ്യാപാര ഉദ്യോഗ മണ്ഡൽ സമ്മേളനത്തിൽ നസിറുദ്ദീന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 500 വ്യാപാരികളെ പങ്കെടുപ്പിക്കുന്നുണ്ട്. ബിജെപിയുടെ കാണ്പൂർ ലോക്‌സഭാംഗം ശ്യാം ബിഹാരി മിശ്രയാണ് ഈ സംഘടനയുടെ പ്രസിഡന്റ്. കേരള വ്യാപാരി വ്യവസായി സമിതിയെ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിനു ശേഷം ബിജെപിയോടുള്ള സമീപനം വ്യക്തമാക്കാമെന്ന് നസറുദ്ദീൻ പറഞ്ഞു.

ബിജെപിയോട് വ്യാപാരികൾക്ക് അയിത്തമില്ല. കച്ചവടക്കാരെ ആരു സഹായിക്കുന്നുവോ അവരെ അങ്ങോട്ടും സഹായിക്കും. അതാണ് ഏകോപന സമിതിയുടെ നയമെന്ന് നസിറുദ്ദീൻ പറഞ്ഞു. വ്യാപാരികളെ സ്‌നേഹിച്ചാൽ തിരിച്ചും സ്‌നേഹിക്കും. സ്‌നേഹിക്കുന്നവരെ ഞങ്ങൾ തിരിച്ചറിയും. മോദിയുടെ നയങ്ങളോട് വ്യാപാരികൾക്ക് യോജിപ്പുണ്ട്. കോൺഗ്രസ് സർക്കാർ കച്ചവടക്കാർക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബിജെപി അതേസമയം കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 9 ദേശീയ വ്യാപാര ദിനമായി പ്രഖ്യാപിച്ചത് അതിനു തെളിവാണ്. കേന്ദ്ര സർക്കാരിനു ഏകോപനസമിതി നൽകിയ നിവേദനത്തിൽ ചെറുകിട വ്യാപാര വ്യവസായ പ്രതിനിധിക്ക് രാജ്യസഭയിൽ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നസറുദ്ദീൻ പറഞ്ഞു.

അത് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നികുതിക്ക് ഏകജാലക സംവിധാനം വേണമെന്നും കേന്ദ്ര സർക്കാരിൽ വ്യാപാര മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാൽ ബിജെപി യെ സഹായിക്കുന്നതിൽ എന്താണ് തെറ്റ്? ഡൽഹിയിൽ പോയി തിരിച്ചു വന്ന ശേഷമേ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കാൻ കഴിയുകയുള്ളൂ എന്നും നസറുദ്ദീൻ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‌റ് വി മുരളീധരന്റെ കരുനീക്കങ്ങളാണ് നസറുദ്ദീനെ കാവി പക്ഷത്തേക്ക് അടുപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP