കൊല്ലം എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി; സിനിമ അഭിനയവും ചാനൽ പരിപാടിയുമായി മുകേഷ് ഊരു ചുറ്റുന്ന മുകേഷ് മണ്ഡലത്തിലെ സാന്നിധ്യം അറിയിക്കാത്തതിൽ പാർട്ടിക്കും അതൃപ്തി
June 24, 2016 | 05:49 PM | Permalink

സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം എംഎംഎ മുകേഷിനെ കാണാനില്ലെന്ന് കാട്ടി പരാതി. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് യൂത്ത് കോൺഗ്രസുകാരാണ്. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി വെസ്റ്റ് എസ്‌ഐക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎൽഎയുടെ തലവെട്ടം പോലും മണ്ഡലത്തിൽ കാണാനില്ലാത്തതിനാലാണ് ഇത്തരമൊരു പരാതി നൽകിയതെന്ന് അസംബ്ലി പ്രസിഡന്റ് അഡ്വ വിഷ്ണു സുനിൽ പന്തളം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. കൊല്ലത്തിന്റെ തീരദേശ മേഖലയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും മുകേഷിനെ കാണാനോ പരാതി പറയാനോ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. കൊല്ലത്ത് കളക്റ്റ്രേറ്റിൽ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അവിടെ സന്ദർശനം നടത്തിയെങ്കിലും സ്ഥലം എംഎൽഎയെ അവിടെയെങ്ങും കണ്ടില്ല. കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎൽഎ മുകേഷിനെ കണ്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
മുകേഷിന്റെ അസാന്നിധ്യം ചർച്ചയായതോടെയാണ് യൂത്ത് കോൺഗ്രസുകാർ പരാതിയുമായി രംഗത്തുള്ളത്. ചാനൽ പരിപാടിയും സിനിമയുമായി കറങ്ങി നടക്കുകയാണ് മുകേഷ്. മണ്ഡലത്തിലെ പരിപാടികളിൽ മുകേഷ് പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്. സിപിഐ(എം) പാർട്ടി അണികളിലും ഈക്കാര്യത്തിൽ അമർഷമുണ്ടെന്നാണ് അറിവ്. ഏഷ്യാനെറ്റിൽ ബഡായി ബംഗ്ലാവിലും സെൽമീദി ആൻസർ റിയാലിറ്റി ഷോയിലെയും അവതാരകനാണ് മുകേഷ്. എംഎൽഎ ആയ ശേഷവും ഈ പരിപാടികൾ മുകേഷ് തുടർന്നും അവതരിപ്പിക്കുന്നുണ്ട്.
റേറ്റിംഗിൽ മുൻനിരയിൽ നിൽക്കുന്ന പ്രോഗ്രാമാണ് ബഡായി ബംഗ്‌ളാവും. അതിനാൽത്തന്നെ നല്ല പ്രതിഫലമുള്ള ഈ പ്രാഗ്രാമുകൾ ഉപേക്ഷിച്ച് മുകേഷ് മുഴുവൻസമയ രാഷ്ട്രീയത്തിന് ഇറങ്ങുമോ എന്നാണ് ചോദ്യം ഇപ്പോൽ തന്നെ സജീവമാണ്. മുകേഷ് കൊല്ലം മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിയായതോടെ സെൽമീ ദ ആൻസർ പരിപാടിയിൽ ആങ്കറായി എത്തിയ സുരാജ് വെഞ്ഞാറമ്മൂട് എത്തിയരുന്നു. ഫ്‌ലവേഴ്‌സിലെ പരിപാടി ഉപേക്ഷിച്ചാണ് സുരാജ് എത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പക്ഷേ തിരഞ്ഞെടുപ്പു കഴിഞ്ഞ് എംഎൽഎ ആയതിനു പിന്നാലെ മുകേഷ് സെൽ മീ ദ ആൻസർ പ്രോഗ്രാമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ ഫ്‌ളവേഴ്സിൽ നല്ല നിലയിൽ പോയിരുന്ന കോമഡി സൂപ്പർനൈറ്റ് വിട്ട് ഏഷ്യാനെറ്റിലേക്ക് ചേക്കേറിയ സുരാജ് കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന നിലയിലായി.
കോമഡി സൂപ്പർനൈറ്റാകട്ടെ സുരാജ് പോയശേഷം മറ്റുപലരേയും ആങ്കറാക്കി നോക്കിയെങ്കിലും ക്ളച്ചുപിടിച്ചില്ല. എന്തായാലും മുകേഷിനേക്കാളും സുരാജ് തുടരുന്നതിനായിരുന്നു പ്രേക്ഷകർക്കും സെൽ മീ ദ ആൻസറിന്റെ അണിയറ പ്രവർത്തകർക്കും താൽപര്യമെന്നാണ് വിവരം. മുകേഷ് ചെയ്തിരുന്ന കാലത്തെ അപേക്ഷിച്ച് പ്രോഗ്രാമിന് റേറ്റിങ് കൂടിയതിനാൽ നിർമ്മാതാക്കൾക്കും സുരാജ് തുടരട്ടെ എന്ന അഭിപ്രായമായിരുന്നു. ഇടയ്ക്കിടെ കോമഡി പറഞ്ഞും ട്രേയ്ഡേഴ്സിനെ കയ്യിലെടുത്തും അവരുടെ പ്രകടങ്ങൾ കൊഴുപ്പിച്ചുമെല്ലാം സുരാജ് മുകേഷിനെക്കാൾ തകർപ്പൻ പെർഫോമൻസ് ആയിരുന്നു.
മുകേഷ് ആയിരുന്നപ്പോൾ ഫ്ളോറിൽ കടുത്ത നിയന്ത്രണൾ ഏർപ്പെടുത്തിയിരുന്നെന്നും ട്രേഡേഴ്സിനൊപ്പം എത്തുന്ന കുടുംബാംഗങ്ങളോട് അടുത്തിടപഴകാറില്ലായിരുന്നെന്നും പരാതി ഉണ്ടായിരു്ന്നു. എ്ന്നാൽ സുരാജ് വന്നതോടെ സ്ഥിതി മാറി. ആകെ ഒരു ജഗപൊഗ കുടുംബാന്തരീക്ഷംപോലെ ആയി സെറ്റ്. സ്വാഭാവിക നർമ്മങ്ങളുമായി കറങ്ങി നടന്ന സുരാജ് പകർന്ന എനർജി പ്രോഗ്രാമിന്റെ മികവിൽ പ്രധാന ഘടകമാവുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മുകേഷ് തിരിച്ച് പ്രോഗ്രാം അവതാരകനാകാൻ എത്തില്ലെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാൽ മുകേഷ് തിരിച്ചുവരാൻ താൽപര്യം പ്രകടിപ്പിച്ചതോടെ നിർമ്മാതാക്കൾ വെട്ടിലായി.
തിരഞ്ഞെടുപ്പുകാലത്ത് എതിർസ്ഥാനാർത്ഥി സൂരജ് രവി ഉൾപ്പെടെ പറഞ്ഞത് മുകേഷിനെ നാട്ടുകാരുടെ പ്രശ്നങ്ങൾക്കൊന്നും കിട്ടില്ലെന്നും ചാനലും സിനിമയുമൊഴിഞ്ഞ് മുകേഷിന് വേറൊന്നിനും സമയമുണ്ടാവില്ലെന്നുമാണ്. അഞ്ച് കൊല്ലം കഴിഞ്ഞ് ഇയാൾ നിങ്ങളുടെ മണ്ഡലത്തിൽ നിന്നോ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് ചോദിക്കുന്നതാണ് അന്തസ്സ് എന്നുപറഞ്ഞ് ഈ ചോദ്യത്തെ മുകേഷ് പ്രതിരോധിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പുകഴിഞ്ഞ് ജയിച്ചുകയറിയതോടെ വീണ്ടും ചാനൽ, സിനിമാരംഗത്ത് മുകേഷ് സജീവമായതോടെ നാട്ടുകാർ ഈ ചോദ്യം വീണ്ടും ചോദിച്ചുതുടങ്ങിയിട്ടുണ്ട്.