Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൽസൻ തില്ലങ്കേരി, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്; ചെങ്ങന്നൂരിൽ തോറ്റാൽ ശ്രീധരൻ പിള്ളയും; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ ഇവയൊക്കെ; ആർഎസ്എസിനോട് ആഭിമുഖ്യമുള്ളവർക്ക് മുൻഗണനയെങ്കിൽ വൽസൻ തില്ലങ്കേരിക്ക് സാധ്യത; നേതാവിനെ ഡൽഹിക്ക് വിളിപ്പിച്ചു; കുമ്മനത്തിന്റെ വീഴ്ചകളിൽ നിന്ന് പാഠംപഠിച്ചുള്ള അഴിച്ചുപണിയിലൂടെ അമിത്ഷായും കൂട്ടരും ലക്ഷ്യമിടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ

വൽസൻ തില്ലങ്കേരി, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്; ചെങ്ങന്നൂരിൽ തോറ്റാൽ ശ്രീധരൻ പിള്ളയും; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ ഇവയൊക്കെ; ആർഎസ്എസിനോട് ആഭിമുഖ്യമുള്ളവർക്ക് മുൻഗണനയെങ്കിൽ വൽസൻ തില്ലങ്കേരിക്ക് സാധ്യത; നേതാവിനെ ഡൽഹിക്ക് വിളിപ്പിച്ചു; കുമ്മനത്തിന്റെ വീഴ്ചകളിൽ നിന്ന് പാഠംപഠിച്ചുള്ള അഴിച്ചുപണിയിലൂടെ അമിത്ഷായും കൂട്ടരും ലക്ഷ്യമിടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ

ആർ കനകൻ

ചെങ്ങന്നൂർ: തൊട്ടടുത്ത കർണാടക വരെ എത്തി നിൽക്കുന്ന ബിജെപിക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു സീറ്റെങ്കിലും കിട്ടണമെന്ന് അതിയായ മോഹമുണ്ട്. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് കുമ്മനത്തെ മാറ്റിക്കൊണ്ട് അമിത്ഷായും കൂട്ടരും തുടക്കമിട്ടിരിക്കുന്നത്. കുമ്മനത്തിന്റെ കീഴിൽ പാർട്ടി വളർന്നില്ലെങ്കിലും വിഭാഗീയത വളർന്നു. മെഡിക്കൽ കോഴ അടക്കമുള്ള വിവാദങ്ങൾ വലിയ നാണക്കേടുമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ മാറ്റി നിർത്താൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. പൂർണമായും ആർഎസ്എസ് പാക്ക്ഡ് നേതൃത്വമാണ് അമിതും കൂട്ടരും ലക്ഷ്യമിടുന്നത്.

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നതും അതിന് വേണ്ടിയാണ്. സംസ്ഥാന പ്രസിഡന്റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം വൽസന് കൊടുക്കുമെന്നാണ് ബിജെപിയിലെ സംസ്ഥാന നേതാക്കൾ നൽകുന്ന സൂചന. മെഡിക്കൽ കോഴ വിവാദത്തിൽ അകപ്പെട്ടില്ലായിരുന്നുവെങ്കിൽ എംടി രമേശ് സംസ്ഥാന പ്രസിഡന്റ് ആകുമായിരുന്നു. ഏറ്റവുമധികം ഉയർന്ന് കേൾക്കുന്ന മറ്റൊരു പേര് കെ സുരേന്ദ്രന്റെയാണ്. വി മുരളീധരൻ പക്ഷക്കാരനായതിനാൽ വലിയൊരു വിഭാഗത്തിന് ഇക്കാര്യത്തിൽ കടുത്ത എതിർപ്പുണ്ട്. കേരളത്തിൽ ബിജെപിയുടെ ജനകീയ മുഖമാണ് സുരേന്ദ്രൻ. ടെലിവിഷൻ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കളം നിറയുന്ന സുരേന്ദ്രനുള്ള ജനപിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായതാണ്.

അതേസമയം, വി മുരളീധരനെ എംപിയുംകുമ്മനത്തെ ഗവർണറും ആക്കിയ സ്ഥിതിക്ക് പികെ കൃഷ്ണദാസിനെ സംസ്ഥാന പ്രസിഡന്റ് എങ്കിലുമാക്കണമെന്നാണ് അദ്ദേഹവുമായി അടുത്തു നിൽക്കുന്ന നേതാക്കളുടെ ആവശ്യം. പക്ഷേ, വിഭാഗീയതയ്ക്ക് പരസ്യമായി നേതൃത്വം നൽകുന്നുവെന്ന ആരോപണം ഇദ്ദേഹത്തിന് തിരിച്ചടിയാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷമാകും പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുക. ബിജെപിയുടെ ചുമതല ആർഎസ്എസിനെ ഏൽപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനാക്കിയത്.

സംസ്ഥാന-ജില്ലാ തലങ്ങളിലും ആർഎസ്എസുകാരെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടു വന്നു. സംഘടനാ പ്രവർത്തനത്തിൽ ചുക്കും ചുണ്ണാമ്പും അറിയാത്ത ഇവർ കാരണമാണ് കേരളത്തിൽ ബിജെപി അധഃപതനത്തിന്റെ വഴിയിലേക്ക് പോയത്. ബിഡിജെഎസ് പോലെ ഒരു സമുദായ മുന്നണി യാതൊരു സമ്മർദവുമില്ലാതെ എൻഡിഎയിൽ വന്നപ്പോൾ, അവർക്ക് വേണ്ട പരിഗണന കൊടുക്കാനോ കൊടുപ്പിക്കാനോ ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപിക്ക് കഴിയാതെ പോയി. ആർഎസ്എസിൽ പിടിമുറുക്കിയിരിക്കുന്ന സവർണമേധാവിത്വം ബിജെപിയിലും ബാധിച്ചതോടെ പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സംഘടനയിൽ നിന്ന് അകന്നു.

222 സ്ഥാനങ്ങളാണ് പാർട്ടിയിലും സർക്കാരിലുമായി കേരളത്തിലുള്ളവർക്ക് നൽകിയത്. ഇതിൽ 95 ശതമാനവും നായന്മാർക്കാണ്. ഈഴവർ തൊട്ടു താഴേക്കുള്ള പ്രവർത്തകരെ പരിഗണിച്ചതേയില്ല. ബി രാധാകൃഷ്ണമേനോൻ എന്ന നായർ പ്രമാണിക്ക് പാർട്ടിയിലും സർക്കാരിലുമായി മൂന്നു സ്ഥാനങ്ങളാണ് നൽകിയത്. പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ, കൊച്ചിൻ ഷിപ്പ്യാർഡ്, കർഷകമോർച്ച ദേശീയ കമ്മിഷനംഗം എന്നിവയിലാണ് മേനോന്റെ പ്രവർത്തനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന് ഒരു സീറ്റ് വിജയിപ്പിക്കുകയും ഏഴു സീറ്റിൽ രണ്ടാമതെത്താൻ സഹായിക്കുകയും മറ്റിടങ്ങളിലെല്ലാം വോട്ടു വിഹിതം വർധിപ്പിക്കുകയും ചെയ്ത ബിഡിജെഎസിന് ഒരു സ്ഥാനം പോലും നൽകാതെ കബളിപ്പിക്കുകയാണ് ബിജെപി ചെയ്തത്.

അവർക്ക് അർഹതപ്പെട്ടത് വാങ്ങി നൽകാൻ കുമ്മനം എന്ന അധ്യക്ഷനായില്ല. മാത്രവുമല്ല, സവർണ സമുദായങ്ങളുടെ തള്ളിക്കയറ്റം ഇക്കാലത്ത് ബിജെപിയിൽ ശക്തമാവുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്ത് കുമ്മനം വലിയ തോൽവിയായി മാറി. ആർഎസ്എസിന്റെ അജണ്ടയ്ക്കൊപ്പിച്ച് തലയാട്ടുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. പാർട്ടി വളർന്നില്ല. പക്ഷേ, വിഭാഗീയതയുംസാമുദായികതയും വളർന്നു. കൈവിട്ടു പോയ സാമുദായിക പിന്തുണ നേടുക മാത്രമാകും ഇനി അമിത് ഷായും കൂട്ടരും ലക്ഷ്യമിടുക. അതേ സമയം തന്നെ ആർഎസ്എസിന്റെ പിടിമുറുക്കുകയും ചെയ്യാമെന്ന് ഇവർ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP