Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളികളിലെ വീഞ്ഞുദ്പാദനത്തിന് എതിരെ കോടതിയെ സമീപിക്കാൻ ഉറച്ച് വെള്ളാപ്പള്ളി; വീഞ്ഞിലെ മദ്യത്തിന്റെ അളവ് സഭയ്ക്ക് തലവേദനയാകും; സഭയ്ക്കും മന്ത്രിസഭയ്ക്കും ഇമേജ് കാക്കാൻ ലൈസൻസ് റദ്ദാക്കേണ്ടിവരുമെന്ന് റിപ്പോർട്ട്

പള്ളികളിലെ വീഞ്ഞുദ്പാദനത്തിന് എതിരെ കോടതിയെ സമീപിക്കാൻ ഉറച്ച് വെള്ളാപ്പള്ളി; വീഞ്ഞിലെ മദ്യത്തിന്റെ അളവ് സഭയ്ക്ക് തലവേദനയാകും; സഭയ്ക്കും മന്ത്രിസഭയ്ക്കും ഇമേജ് കാക്കാൻ ലൈസൻസ് റദ്ദാക്കേണ്ടിവരുമെന്ന് റിപ്പോർട്ട്

ആലപ്പുഴ: പള്ളികളിലെ വീഞ്ഞുദ്പാദനത്തിനെതിരെ എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ കടുത്ത നടപടിയിലേക്ക്. സംസ്ഥാനത്ത് സർക്കാരിന്റെ മദ്യനയം പൂർണമായ രീതിയിൽ നടപ്പാക്കുകയാണെങ്കിൽ, ക്രൈസ്തവ സഭകളും വെട്ടിലാകുമെന്നാണ് സൂചന. ബിയറിനേക്കാൾ വീര്യമുള്ള വീഞ്ഞ് ക്രൈസ്തവ സ്ഥാപനങ്ങളിൽ ഉദ്പാദിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എസ്.എൻ.ഡി.പി അദ്ധ്യക്ഷന്റെ നിലപാട്. വേണമെങ്കിൽ ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനുള്ള ആലോചനകളും നടന്നുവരുന്നു.

നിലവിൽ, 23 സ്ഥാപനങ്ങൾക്കാണ് വീഞ്ഞുദ്പാദിപ്പിക്കാനുള്ള ലൈസൻസുള്ളത്. ഇവിടങ്ങളിൽ നിർമ്മിക്കുന്ന വീഞ്ഞിൽ ഒമ്പതുമുതൽ 15 ശതമാനം വരെയാണ് ആൽക്കഹോളിന്റെ അളവ്. സർക്കാർ വിൽക്കുന്ന ബിയറിലാകട്ടെ, ഇത് ആറുശതമാനത്തിൽ താഴെയും. ബിയർ-വൈൻ പാർലറുകൾ കൂടി സർക്കാർ അടയ്ക്കാൻ തീരുമാനിച്ചാൽ, വീര്യം കൂടിയ മദ്യം ഉദ്പാദിപ്പിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളുടെ മേലും പിടിവീഴും. ക്രൈസ്തവ സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കേണ്ട സാഹചര്യം സ്വാഭാവികമായും ഉയർന്നുവരും.

കുർബാന ആവശ്യത്തിനുവേണ്ടിയാണ് പള്ളികളിൽ വീഞ്ഞ് ഉണ്ടാക്കുന്നതെന്നും ഇത് പുരാതന കാലം മുതൽക്കുള്ള ആചാരമാണെന്നുമാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. പള്ളികളിൽ ഉണ്ടാക്കുന്ന വീഞ്ഞ് വിൽപനയ്ക്കുള്ളതല്ല എന്നതുകൊണ്ടാണ് അവിടങ്ങളിൽ പരിശോധന നടത്താത്തതും. വിവാദമായ സാഹചര്യത്തിൽ എക്‌സൈസ് വകുപ്പിന് പള്ളികളിലും പരിശോധന നടത്തേണ്ടി വന്നേക്കാം.

ഇതിനിടെയാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട് പ്രതിസന്ധിയായി നിൽക്കുന്നത്. പള്ളികളിൽ ഉദ്പാദിപ്പിക്കുന്ന വീഞ്ഞ് കുർബാന ആവശ്യത്തിനുവേണ്ടി മാത്രമല്ല, അതിഥികളെ സൽക്കരിക്കാനും ഉപയോഗിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചത് കഴിഞ്ഞ ദിവസമാണ്. അരമനകളിൽനിന്ന് തനിക്ക് വീഞ്ഞ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ബാർ നിർത്തലാക്കുന്നതുമൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് വീഞ്ഞുദ്പാദന കേന്ദ്രങ്ങളിൽ ജോലി നൽകണമെന്ന ആവശ്യവും എസ്.എൻ.ഡി.പി ഉന്നയിച്ചേക്കും. ബാർനിരോധനത്തിനുവേണ്ടി വാദിച്ച സഭാ നേതൃത്വത്തിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. പൂട്ടിയതും പൂട്ടാൻ തീരുമാനിച്ചതുമായ ബാറികളിലൊക്കെക്കൂടി ഒരുലക്ഷത്തോളം പേരാണ് തൊഴിൽ രഹിതരായി സമൂഹത്തിലേക്ക് ഇറങ്ങുന്നത്. ഇവരെ പുനരധിവസിപ്പിക്കുകയെന്ന വലിയ ലക്ഷ്യം സർക്കാരിന് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP