Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ഇടതുപക്ഷം പിടിക്കും; പാർട്ടിക്ക് തെറ്റുണ്ടാകുമ്പോൾ ജനങ്ങൾ ചൂണ്ടിക്കാട്ടുക സ്വാഭാവികം; തെറ്റുതിരുത്തലിലൂടെ അടിത്തറ വിപുലമാക്കി ജനകീയ സമരങ്ങൾ സിപിഐ(എം) ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി

കേരളം ഇടതുപക്ഷം പിടിക്കും; പാർട്ടിക്ക് തെറ്റുണ്ടാകുമ്പോൾ ജനങ്ങൾ ചൂണ്ടിക്കാട്ടുക സ്വാഭാവികം; തെറ്റുതിരുത്തലിലൂടെ അടിത്തറ വിപുലമാക്കി ജനകീയ സമരങ്ങൾ സിപിഐ(എം) ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തിന് സിപിഐ എം ജില്ലാകമ്മിറ്റി ശ്രീനാരായണ സെന്റിനറി ഹാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജനങ്ങളുടേത്. തെറ്റുണ്ടാകുമ്പോൾ ജനങ്ങൾ അത് ചൂണ്ടിക്കാട്ടുക സ്വാഭാവികമാണെന്നും യെച്ചുരി പറഞ്ഞു. അരുവിക്കരയിൽ ജയിച്ചെങ്കിലും യുഡിഎഫിന് തിരിച്ചടിയുണ്ടായി. ബിജെപിയുടെ വോട്ട് കൂടിയത് ആശങ്കാജനകമെന്നും യെച്ചൂരി പറഞ്ഞു.

സിപിഐ(എം) തെറ്റ് തിരുത്തി മുന്നോട്ടു പോകുവാനുള്ള നടപടികൾ കൊൽക്കത്തയിൽ ചേരുന്ന പാർട്ടി പ്ലീനം ചർച്ചചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ വേണെന്നും അദ്ദേഹം പറഞ്ഞു. നവംമ്പറിൽ ചേരുന്ന പ്‌ളീനം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎമ്മിന്റെ അടിത്തറ വിപുലമാക്കാൻ ജനകീയ സമരങ്ങൾ താഴെ തട്ടിൽ നിന്ന് തന്നെ പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെപ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ ഇടതു പാർട്ടികളേ ഉള്ളൂവെന്ന യാഥാർത്ഥ്യം പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിന് ഇന്ത്യയെ രക്ഷപ്പെടുത്താനാവില്ല. രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ച പാരമ്പര്യമാണ് അവർക്കുള്ളത്. ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള കരുത്തും കോൺഗ്രസിനില്ല. ആ കടമ നിർവഹിക്കാൻ ഇടതുപക്ഷത്തെയാണ് രാജ്യം പ്രതീക്ഷയോടെ നോക്കി കാണുന്നത്. രാജ്യത്തിന് ദിശാബോധം നൽകിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലേറ്റിയ ഈ നാട് ആ കടമ വീണ്ടും നിർവഹിക്കുമെന്നാണ് വിശ്വാസം. അത് രാജ്യത്താകെ തൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും ഉയർത്തിക്കൊണ്ടുവരുന്ന പോരാട്ടത്തിന് കരുത്തു പകരും. രാജ്യത്തിന്റെ രാഷ്ട്രീയ ധാരയിൽ ഇത് കാതലായ മാറ്റം വരുത്തും.

മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ത്രിമൂർത്തി ഭരണമാണ് നടക്കുന്നത്. നവ ഉദരാവൽക്കരണ നയങ്ങൾ അടിച്ചേൽപ്പിച്ച് രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ് ഇതിൽ ഒന്ന്. വർഗീയത ഇളക്കി വിട്ട് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് രണ്ടാമത്തേത്. ഘർവാപസി, ലൗ ജിഹാദ് തുടങ്ങിയ പ്രചാരണങ്ങൾ ഇതിന്റെ ഭാഗമാണ്. കെട്ടുകഥകൾ ആധാരമാക്കി ഇന്ത്യൻ ചരിത്രം തന്നെ മാറ്റി എഴുതുന്നു. വർധിച്ചുവരുന്ന ഏകാധിപത്യ പ്രവണതയാണ് മൂന്നാമത്തേത്. പാർലമെന്റ് ചട്ടങ്ങളെയും നിയമങ്ങളും കാറ്റിൽപറത്തിയാണ് മോദി ഭരിക്കുന്നത്.

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർത്തു. ഈ ത്രിമൂർത്തി ഭരണത്തിനെതിരെ രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ യോജിച്ച പ്രക്ഷോഭം രൂപപ്പെട്ടു കഴിഞ്ഞു. വിദേശനയങ്ങളിൽ പോലും കേന്ദ്രസർക്കാർ വെള്ളം ചേർത്തു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ ഫലസ്തീന് അനുകൂലമായ നിലപാട് സ്വീകരിച്ചത് ഇതിന്റെ ഭാഗമാണ്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകും മോദി. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദിയെ വിദേശത്തു നിന്നും തിരിച്ചുകൊണ്ടു വരണമെന്നാണ് പാർലമെന്റിൽ ഇടതുപക്ഷം ആവശ്യപ്പെട്ടത്.

രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കുന്നുവെന്ന കേന്ദ്രസർക്കാർവാദം പൊള്ളത്തരമണ്. റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധരുമെല്ലാം ഇതിന്റെ പൊള്ളത്തരം തുറന്നു കാണിച്ചിട്ടുണ്ട്. കണക്കിൽ കൃത്രിമം കാണിച്ചാണ് സാമ്പത്തിക വളർച്ച നേടിയതായി ചിത്രീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നിയമം കാർഷിക മേഖലയുടെ തകർച്ച പൂർണമാക്കും. നിയമം നടപ്പാക്കിയാൽ രാജ്യത്തെ കൃഷിഭൂമിയുടെ മൂന്നിലൊരു ഭാഗം ഇല്ലാതാകും. നിയമത്തിനെതിരെ രാജ്യത്ത് കർഷക സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിലാണ്.

അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബിജെപി ഒരു വർഷം കൊണ്ട് തന്നെ അഴിമതിയിൽ മുങ്ങിക്കുളിച്ചു. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ അഴിമതിയുടെ നിഴിലാണ്. അഴമതിയെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് ധാർമികാവകാശമില്ല. അതിനാൽ ഇടതുപക്ഷത്തെയാണ് ജനം ഈ വിഷയങ്ങളിൽ പ്രതീക്ഷ അർപ്പിക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലായ കേരളം ആ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP