Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഷകൾ മാനവസംസ്‌കാരത്തിന്റെ പൈതൃകം; സി.എ. റസാഖ്

ഭാഷകൾ മാനവസംസ്‌കാരത്തിന്റെ പൈതൃകം; സി.എ. റസാഖ്

 ദോഹ: ഭാഷകൾ മാനവ സംസ്‌കാരത്തിന്റെ പൈതൃകമാണെന്നും എല്ലാ ഭാഷകളും അറിവിലേക്കും തിരിച്ചറിവിലേക്കുമാണ് നയിക്കുന്നതെന്നും ഇന്റർനാഷണൽ മൈൻഡ് പവർ ട്രെയിനറും സക്സസ് കോച്ചുമായ സി. എ. റസാഖ് അഭിപ്രായപ്പെട്ടു. ഖത്തറിലെ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ദോഹയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തും വായനയുമാണ് മനുഷ്യനെ സംസ്‌കാര സമ്പന്നനും പരിഷ്‌കൃതനുമാക്കുന്നത്. പരന്ന വായനയിലൂടെ അറിവിന്റേയും തിരിച്ചറിവിന്റേയും ഉയരങ്ങളിലേക്കെത്തുവാനാണ് മനുഷ്യൻ പരിശമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭാഷയോടും മുൻവിധിയോടെ സമീപിക്കുന്നത് ശരിയല്ല. തുറന്ന മനസ്സോടെ എല്ലാ ഭാഷകളുടേയും നന്മകളെ തിരിച്ചറിയുവാനും സാധ്യമാകുന്നവ ഉൾകൊള്ളാനുമുള്ള ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ക്ളാസ് ഇന്റർനാഷണൽ കമ്പനി മാനേജിങ് ഡയറക്ടർ ജോൺ പ്രിൻസ് ഇടിക്കുള പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

അറബി ഭാഷയും കേരളവും തമ്മിൽ വളരെ ശക്തമായ ബന്ധമാണുള്ളതെന്നും മലയാളികളായ അറബി എഴുത്തുകാരുടെ സംഭാവനകളെ രേഖപ്പെടുത്തുവാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ചടങ്ങിൽ സംസാരിച്ച അന്താരാഷ്ട്ര പണ്ഡിത സഭ അംഗവും ഗ്രന്ഥകാരനുമായ ഹുസൈൻ കടന്നമണ്ണ അഭിപ്രായപ്പെട്ടു. അറബി ഭാഷക്കും സാഹിത്യത്തിനും അനർഘമായ സംഭാവനകളർപ്പിച്ച മലയാളി എഴുത്തുകാരെ കുറിച്ച പഠനം സാഹിത്യ കുതുകികൾക്കും ഗവേഷകർക്കും മാത്രമല്ല പൊതുജനങ്ങൾക്കും ഉപകാരപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കേന്ദമായി പ്രവർത്തിക്കുന്ന അൽ ഹുദ ബുക് സ്റ്റാൾ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രം കേരളത്തിലെ വിവിധ സർവകലാശാലകളുടെ സിലബസ് അനുസരിച്ച് തയ്യാറാക്കിയതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നതിനാലാണ് കഴിഞ്ഞ 29 വർഷമായി തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന് 1989 ൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പുസ്തകം പ്രയോജനപ്പെടുത്തിയ ഓർമ അയവിറക്കിയ ചാലിയാർ ദോഹ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു.

ജാഹിലിയ്യാ കാലം മുതൽ ആധുനികം കാലം വരെയുള്ള അറബി സാഹിത്യ ചരിത്രം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏക കൃതി എന്നതാണ് അമാനുല്ലയുടെ അറബി സാഹിത്യ ചരിത്രത്തിന്റെ സവിശേഷത.
വൈജ്ഞാനിക സാഹിത്യം പുരോഗമിക്കുന്നതനുസരിച്ച് സാഹിത്യ ചരിത്ര പഠനത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നുവെന്നാണ് സമകാലിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചരിത്രവും സാഹിത്യവും മാനവ സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായതിനാലും ചരിത്ര യാത്രകളുടെ വിശകലനം മാനവിക നവോത്ഥാനത്തിലേക്ക് നയിക്കുമെന്നതിനാലും കൂടുതൽ പഠനങ്ങളും അന്വേഷണങ്ങളും നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഗ്രന്ഥകാരൻ പറഞ്ഞു. സ്പർദ്ധയുടേയും അസഹിഷ്ണുതയുടേയും വിഷവിത്തുകൾ പ്രചരിക്കുന്ന ആസുരകാലത്ത് ചരിത്ര വിശകലനം സർഗാത്മകമായ പ്രതിപ്രവർത്തനമാകുമെന്ന തിരിച്ചറിവും നേരറിവിന്റെ പ്രസക്തിയും പ്രാധാന്യവും അടയാളപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു സാമൂഹ്യ പരിസരത്തുനിന്നുകൊണ്ട് അറബി സാഹിത്യ ചരിത്രം വിശകലന വിധേയമാക്കുമ്പോൾ വരികൾക്കിടയിലൂടെ പല സന്ദേശങ്ങളും സാംസ്‌കാരിക ലോകത്തിന് ലഭിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഈ പരിപ്രേക്ഷ്യത്തിൽ പല അധ്യായങ്ങളിലും ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഊ പരിഷ്‌ക്കരിച്ച പതിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകമാനവികതയുടേയും സൗഹാർദ്ധത്തിന്റേയും വാടാമലരുകളെ അനശ്വരമാക്കുന്ന തെളിഞ്ഞ മനസ്സോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുക എന്നതാണ് ഏറെ പ്രധാനം. അസംസ്‌കൃതരായ ഒരു ജനവിഭാഗത്തെ വൈജ്ഞാനികവും സാംസ്‌കാരികവുമായ നവോത്ഥാനം കൊണ്ട് ലോകത്തെ ഏറ്റവും പരിഷ്‌കൃതരും മികച്ചവരുമാക്കിയതാണ് അറബികളുടെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഒരു പക്ഷേ സമകാലിക ലോകത്തും ഒട്ടും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ ചരിത്രത്തിന്റെ പുനരാവർത്തനത്തിനായി ലോകം കാത്തിരിക്കുകയാവും. മുൻവിധികളില്ലാതെ, മഞ്ഞ കണ്ണടകളില്ലാതെ കണ്ണും കാതും ചിന്തയുമൊക്കെ തുറന്നുവെക്കുക. നേരിന്റേയും നന്മയുടേയും ഓളങ്ങൾ നമ്മെ തേടിയെത്താതിരിക്കില്ല, അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP