Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദോഹയിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു

ദോഹയിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു

ജാതി മത ചിന്തകൾക്കതീതമായി എല്ലാവരേയും ഒരു പോലെ കാണണമെന്ന് നിഷ്‌കർശിക്കുന്ന മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും മതേതര ഇന്ത്യയുടെ വിദ്യാഭ്യാസ സങ്കൽപങ്ങൾക്ക് ഊടും പാവും നൽകിയ മഹാനായിരുന്നു മൗലാന അബുൽ കലാം ആസാദെന്നും ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് ദോഹയിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അറിവും തിരിച്ചറിവും പകർന്നുനൽകുന്ന വിവേകമാണ് രാജ്യത്ത് പുരോഗതിയും സമാധാനവും ഉറപ്പുവരുത്തുകയെന്ന മഹത്തായ സന്ദേശമാണ് അബുൽ കലാം ആസാദ് തന്റെ ജീവിതത്തിലൂടെ ഉയർത്തിപ്പിടിച്ചത്.

ദേശീയ ബോധവും മതനിരപേക്ഷവുമായ കാഴ്ചപ്പാടും ചിന്തകളുമാണ് അബുൽ കലാം ആസാദിനെ വ്യതിരിക്തനാക്കുന്നതെന്നും അദ്ദേഹത്തിന്റെ ജന്മ ദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ഏറെ പ്രസക്തമാണെന്നും ചർച്ച ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി കെ. കെ. ഉസ്മാൻ അഭിപ്രായപ്പെട്ടു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും നിരന്തരമായ വായനയും അന്വേഷണങ്ങളും അബുൽകലാം ആസാദിന്റെ ചിന്തയേയും നിലപാടുകളേയും വിവേകപൂർണമാക്കി. ആത്മീയവും ഭൗതികവുമായ നിരവധി വിജ്ഞാനങ്ങളുടെ കലവറയായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനും രാഷ്ട്ര ശിൽപികളിലെ മുൻനിര പോരാളിയുമായത് ഏറെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയാണ്.

പണ്ഡിത കുടുംബത്തിൽ പിറന്ന അബുൽ കലാം ആസാദ് സ്വന്തം മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ് മിക്ക വിജ്ഞാനീയങ്ങളും അഭ്യസിച്ചത് എന്നത് സമകാലിക ലോകത്തെ കുടുംബങ്ങൾക്കും രക്ഷിതാക്കൾക്കും മാതൃകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി പറഞ്ഞു. മതരംഗത്ത് ഉന്നത നിലവാരം പുലർത്തിയ അദ്ദേഹം ഭരണ രംഗത്തും പൊതു പ്രവർത്തന മേഖലയിലും വേറിട്ട മാതൃകയാണ് സമ്മാനിച്ചത്. ആത്മീയ ചിന്തയും പഠനങ്ങളുമൊക്കെയാണ് ആസാദിന്റെ സ്വാതന്ത്ര്യ സങ്കൽപത്തിന് ചാരുതയേകിയത് എന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

മതഭൗതിക വിജ്ഞാനങ്ങളുടെ സമന്വയിപ്പിച്ച് സന്തുലിത വ്യക്തിത്വമായിരുന്നു അബുൽ കലാം ആസാദെന്ന് വിറ്റാമിൻ പാലസ് റീജ്യണൽ ഡയറക്ടർ സിദ്ധീഖ് താനൂർ പറഞ്ഞു.

ഇന്ത്യയിലെ വിജ്യാഭ്യാസ മുന്നേറ്റത്തിന്റെ അടിത്തറപാകിയ മഹാനാണ് അബുൽ കലാം ആസാദെന്ന് ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദ് ഉണ്ണി ഒളകര പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്ത് പുരോഗതി സാക്ഷാൽക്കരിക്കാനാവുകയുള്ളൂ എന്ന് ഉറച്ച് വിശ്വസിച്ച അബുൽ കലാം ആസാദാണ് പതിനാല് വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുന്നതിന് വ്യവസ്ഥ ചെയ്തത്.

അബുൽ കലാമിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുമ്പോൾ വിദ്യാഭ്യാസ രംഗത്ത് നമുക്ക് എന്തു സംഭാവനചെയ്യുവാൻ കഴിയുമെന്നമതാണ് ഏറെ പ്രസക്തമെന്ന് മൈന്റ് പവർ ട്രെയിനറും സക്സസ് കോച്ചുമായ മശ്ഹൂദ് തിരുത്തിയാട് ഓർമിപ്പിച്ചു. ഭൗതികമായ എന്തു നേട്ടം ലഭിക്കുമെന്നതിനേക്കാളും എന്ത് സംതൃപ്തിയാണ് നമുക്ക് ലഭിക്കുന്നത് എന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടത്. ആ നിലക്ക് ജനസഞ്ചയങ്ങളെ വാർത്തെടുക്കുന്ന മഹത്തായ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വഴികാട്ടിയാണ് അബുൽ കലാം ആസാദെന്ന് അദ്ദേഹം പറഞ്ഞു.


സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്. 1888 നവംബർ 11ന് മക്കയിൽ ജനിച്ച മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്

ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കാനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ പല ധാരകളിലൂടെ പല തലങ്ങളിൽ വിദ്യാഭ്യാസം നടന്നിരുന്ന ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ശക്തമായ ഏകരൂപം ഉണ്ടാക്കിയെടുത്തത് അദ്ദേഹമാണ്. സൗജന്യ ്രൈപമറി വിദ്യാഭ്യാസവും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ശക്തി കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ ചിന്തയിൽ നിന്ന് ഉദയം കൊണ്ടതാണ്. രാജ്യത്തെ എല്ലാ കുട്ടികൾക്കും ജാതിമത പ്രാദേശിക ലിംഗ ഭേദമന്യേ മതിയായ ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കിയെടുത്തത് മൗലാനാ അബുൽ കലാം ആസാദായിരുന്നു. മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP