Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൻസർ പ്രതിരോധമാണ് ചികിൽസയേക്കാൾ പ്രധാനം: തങ്കം പണിക്കർ

കാൻസർ പ്രതിരോധമാണ് ചികിൽസയേക്കാൾ പ്രധാനം: തങ്കം പണിക്കർ

ദോഹ:ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമായി കാൻസർ മാറിയിരിക്കുന്നുവെന്നും കാൻസർ പ്രതിരോധമാണ് ചികിൽസയേക്കാൾ പ്രധാനമെന്നും ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിലെ നാഷണൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച് റിസ്‌ക് ആൻഡ് പേഷ്യന്റ് സേഫ്റ്റി വകുപ്പ് മേധാവി തങ്കം പണിക്കർ അഭിപ്രായപ്പെട്ടു. മീഡിയ പ്ലസ്, ആന്റി സ്മോക്കിങ് സൊസൈറ്റി, സ്‌കിൽസ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കാൻസർ ദിനാചരണ ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ.

കാൻസർ എന്നത് മരണമണിയായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞു. വൈദ്യ ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് പല കാൻസറുകളും നേരത്തെ കണ്ടെത്താനായാൽ ചികിൽസിച്ച് ഭേദമാക്കാനാകുമെന്നത് ആശ്വാസകരമാണ്. അനാരോഗ്യകരമായ എല്ലാ ശീലങ്ങളും അവസാനിപ്പിക്കുകയാണ് കാൻസർ പ്രതിരോധത്തിന്റെ ആദ്യ പടി, അവർ പറഞ്ഞു.

മിക്ക കാൻസറുകളും ഉണ്ടാകുന്നതും പടരുന്നതും തെറ്റായ ജീവിതശൈലി സ്വീകരിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. വ്യക്തി തലത്തിലും സമൂഹ തലത്തിലുമുള്ള ശ്രദ്ധയും ബോധവൽക്കരണവും നല്ലൊരു ശതമാനം കാൻസറുകളും പ്രതിരോധിക്കുവാൻ സഹായകമാകുമെന്നാണ് വൈദ്യ ശാസ്ത്രരംഗത്തെ ഗവേഷണങ്ങൾ തെളിയിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായ കായികാഭ്യാസം, സമ്മർദ്ധങ്ങൾ ലഘൂകരിക്കുന്നതിന് സഹായമായ ഗൃഹാന്തരീക്ഷം മുതലായവ കാൻസർ പ്രതിരോധത്തിൽ ഏറെ പ്രധാനമാണ്. ഫാസ്റ്റ് ഫുഡും റെഡ് മീറ്റും പരമാവധി ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡൻസ് കൂടുതലുള്ള ഭക്ഷണ സാധനങ്ങളും പതിവാക്കുകയും ചെയ്യുവാൻ നാം ശ്രദ്ധിക്കണം. കുട്ടികളിൽ ശരിയായ ഭക്ഷണ സംസ്‌കാരം രൂപീകരിക്കുന്നതിൽ രക്ഷിതാക്കൾ മാതൃകയാവണം.

ആധുനിക ചികിൽസാ സംവിധാനങ്ങൾ കാൻസർ പരിചരണം കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കിയിട്ടുണ്ടെങ്കിലും രോഗം വരാതെ നോക്കുക തന്നെയാണ് ചികിൽസയേക്കാൾ പ്രധാനം. കാൻസറിനെ പ്രതിരോധിക്കുവാനും അതിന്റെ വ്യാപനം തടയുവാനും സഹായിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുവാനുമുള്ള അവസരമാണ് ലോക കാൻസർ ദിനമെന്ന് അവർ ഓർമിപ്പിച്ചു.

ഐ.സി. ബി. എഫ്. പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മൈൻഡ് പവർ ട്രെയിനറും സക്സസ് കോച്ചുമായ ഡോ. ഷൈജു കാരയിൽ സംസാരിച്ചു. കാൻസർ പ്രതിരോധത്തിൽ മാനസികാരോഗ്യത്തിന്റെ പങ്ക് വലുതാണെന്നും പ്രതീക്ഷയും പ്രത്യാശയും നൽകുന്നതോടൊപ്പം മനസിന്റെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനസിനെ സംഘർഷ മുക്തമാക്കുവാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തണം.

കാൻസറിനെ പ്രതിരോധിക്കുവാൻ നമുക്ക് കഴിയും എനിക്ക് കഴിയുമെന്നതാണ് ഈ വർഷത്തെ കാൻസർ ദിന പ്രമേയം. കാൻസർ പ്രതിരോധം സംബന്ധിച്ച് പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം മുതൽ മൂന്ന് വർഷത്തേക്ക് ഇതേ പ്രമേയം തന്നെ ചർച്ചചെയ്യുന്നത്.

മീഡി പ്ലസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, ജോജിൻ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ശരൺ സുകു, ഖാജാ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP