Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുപണിമുടക്കൊന്നും തിരുമാന്ധാംകുന്നിലമ്മയുടെ പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരുത്തിയില്ല; വർഷത്തിൽ ഒരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി; പൂരം ഇന്ന് സമാപിക്കും

പൊതുപണിമുടക്കൊന്നും തിരുമാന്ധാംകുന്നിലമ്മയുടെ പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരുത്തിയില്ല; വർഷത്തിൽ ഒരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി; പൂരം ഇന്ന് സമാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മ പള്ളിവേട്ടക്കായി തെക്കോട്ടിറങ്ങി. മാലോകരെ കാണാൻ വർഷത്തിലൊരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി. പൊതുപണിമുടക്ക് പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരുത്തിയില്ല. വൻ ജനാവലിയാണ് പൂരം കാണാനായി അങ്ങാടിപ്പുറത്തേക്ക് ഒഴുകി വന്നത്. പൂരം ഇന്ന് സമാപിക്കും.

വൈകുന്നേരം 4.30-ന് തിരിഞ്ഞു പന്തീരടിപൂജയ്ക്കും 21-പ്രദക്ഷിണത്തിനും ശേഷം യാത്രാബലിയോടെ ഭഗവതി പരിവാരസമേതം പള്ളിവേട്ടയ്ക്കായി നടയിറങ്ങി. ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്താണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ഒറ്റച്ചെണ്ടയുടെ ശബ്ദപശ്ചാത്തലത്തിൽ വാളും പരിചയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ നീങ്ങിയ എഴുന്നള്ളിപ്പ്, ദേശീയപാത കടന്ന് പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിലെത്തി.

വേട്ടേക്കരൻ കാവിൽ പ്രത്യേക പൂജയ്ക്കുശേഷം ട്രസ്റ്റി പ്രതിനിധി വെള്ളാൽപാട് രാജ കെ.സി. ജനാർദ്ദനരാജ 'പന്നി' എന്ന സങ്കൽപ്പത്തിൽ കാവിൽ തയ്യാറാക്കി വെച്ച് വരിക്കച്ചക്കയ്ക്ക് അമ്പെയ്തു. ശുഭസൂചകമായി കതിനവെടികൾ മുഴങ്ങ്ി.

പള്ളിവേട്ട കഴിഞ്ഞ് നാഗസ്വരത്തോടെ തിരിച്ചെഴുന്നള്ളിപ്പ്. ഭഗവതിയെ എതിരേൽക്കാൻ പരിയാപുരം റോഡിലെ വീടുകളിൽ നിലവിളക്കും നിറപറയും ഒരുക്കിയിരുന്നു. സർവീസ് സഹകരണ ബാങ്കിന് സമീപം ചോറ്റാനിക്കര സുഭാഷ് നാരായണൻ, ചെർ്പ്പുളശ്ശേരി ശിവൻ, കല്ലൂർ സന്തോഷ്, പല്ലാവൂർ രാഘവപിഷാരോടി, മച്ചാട് മണികണ്ഠൻ തുടങ്ങിയവരുടെ പ്രാമാണ്യത്തിൽ അറുപതിലധികം കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം കാണികളെ ആവേശഭരിതരാക്കി. മൂന്നു മണിക്കൂറോളം പഞ്ചവാദ്യം കൊട്ടിക്കയറി പെയ്തിറങ്ങി.

രാത്രി 20-മത്തെ ആറാട്ടെഴുന്നള്ളിപ്പ്. ആറാട്ട് കഴിഞ്ഞ് പൂരം കൊട്ടിക്കയറി. തുടർന്ന് ഈ വർഷത്തെ അവസാനത്തെ കളംപാട്ടിനുശേഷം ഭഗവതിയെ പള്ളിക്കുറുപ്പിനായി ആനയിച്ചു. ശിവന്റെ മുഖമണ്ഡപത്തിൽ മൺചട്ടികളിൽ മുളച്ചുപൊന്തിയ നവധാന്യങ്ങളുടെ ശീതളഛായയിലാണ് പള്ളിക്കുറുപ്പിനായി ശയ്യ ഒരുക്കിയിരുന്നത്. രാവിലെ തിരുമുറ്റത്ത് ചേരാനല്ലൂർ ശങ്കരകുട്ടൻ മാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP