വ്രതാനുഷ്ഠാനത്തിന്റെ പരകോടിയിൽ ആചാര പെരുമയോടെ പേട്ടതുള്ളൽ; ഭക്തിലഹരിയിൽ എരുമേലി
January 11, 2018 | 06:42 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
എരുമേലി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ.അയ്യപ്പന്റെ അവതാര ലക്ഷ്യം പൂർത്തീകരിച്ചതിന്റെ സ്മരണക്കായുള്ള പേട്ടതുള്ളലിന് വൻഭക്തജനതിരക്കായിരുന്നു.
രാവിലെ പതിനൊന്നരയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായ ശ്രീകൃഷ്ണപരുന്ത് മാനത്ത് വട്ടമിട്ട് പറന്നതോടെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിച്ചു. കൊച്ചമ്പലത്തിൽ നിന്നും പേട്ടതുള്ളിയെത്തിയ അമ്പലപ്പുഴ സംഘത്തെ നൈനാർ പള്ളിയിൽ ഭാരവാഹികൾ സ്വീകരിച്ചു.
പേട്ടതുള്ളൽ സംഘത്തോടൊപ്പം അയ്യപ്പന്റെ സുഹൃത്തെന്ന സങ്കൽപ്പത്തിൽ വാവരുടെ പ്രതിനിധിയും യാത്രയായ. വിവിധ വർണങ്ങളിലുള്ള ചായങ്ങൾ ദേഹമാസകലം വാരിപൂശി, പാണൽ ഇലകൾ കൊണ്ട് താളം പിടിച്ചും വാദ്യമേളങ്ങളുടെ താളക്കൊഴുപ്പിൽ ആനന്ദനൃത്തം ചവിട്ടിയും അമ്പലപ്പുഴ സംഘം പേട്ടതുള്ളി. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരായിരുന്നു. ഉച്ചകഴിഞ്ഞാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്.
അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘം ആകാശത്ത് വെള്ളി നക്ഷത്രത്തെ ദർശിച്ച ശേഷമാണ് പേട്ടതുള്ളി ഇറങ്ങിയത്. ആലങ്ങാട് സംഘം ഗുരുസ്വാമി എ. കെ. വിജയകുമാർ അമ്പാടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേട്ടതുള്ളിയത്..
ആലങ്ങാട്ട് യോഗത്തിലെ ഇരുകരക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഇരുവിഭാഗത്തിനും പേട്ടതുള്ളുന്നതിനുള്ള നിയന്ത്രണവും, ക്രമീകരണങ്ങളും പൊലീസും, ദേവസ്വം ബോർഡ് ചേർന്ന് ഒരുക്കിയിരുന്നു.
പേട്ടതുള്ളലിന് മുന്നോടിയായി ബുധനാഴ്ച പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം നടന്നു. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചന്ദനക്കുടം ഘോഷയാത്ര.