Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്! നാലുപറയിലച്ചന്റെ ഓശാന ചിന്തകൾ വായിക്കാം...

കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്! നാലുപറയിലച്ചന്റെ ഓശാന ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

നാളെ  ഓശാന ഞായറാഴ്ചയാണ്. ഈശോ ജറുശലേം നഗരത്തിലേക്ക് ആഘോഷമായി കയറിച്ചെന്നതിന്റെ ഓർമ്മ നിറയുന്ന ദിവസം.

ഇതിന് തൊട്ടുമുൻപ് ഈശോ ജറീക്കോയിലായിരുന്നു. അവിടെ വഴിയരികിലിരുന്ന അന്ധന്മാർ ആവർത്തിച്ചു വിളിച്ചപേക്ഷിക്കുന്നത്, 'ദാവീദിന്റെ പുത്രാ' എന്നാണ് (മത്താ. 20:30,31). അതായത് ഈശോയെ അവർ ദാവീദിന്റെ പുത്രനായ ക്രിസ്തുവായി കാണുന്നു എന്നർത്ഥം.

തലമുറകൾ കാത്തിരുന്ന ക്രിസ്തുവായി താൻ തിരിച്ചറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈശോ ഒലിവു മലയ്ക്കരികെയുള്ള ബഥ്ഫഗേയിലെത്തുന്നത്. അവിടെ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് ജറുശലേം നഗരം.

അപ്പോഴാണ് ഈശോ കഴുതയെയും കുട്ടിയെയും കൂട്ടികൊണ്ടു വരാനായി രണ്ടു ശിഷ്യരെ കൃത്യമായ നിർദ്ദേശം കൊടു?ത്തയയ്ക്കുന്നത്. അവർ പോയപ്പോൾ ഈശോ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അവർ കഴുതയെയും കുട്ടിയെയും കൂട്ടിക്കൊണ്ടു വരുകയും ചെയ്തു. അതിനർത്ഥം ഈശോ മുൻകൂട്ടി തയ്യാറാക്കിയ പരിപാടി തന്നെയായിരുന്നു ഈ ജറുശലേം യാത്രയെന്നർത്ഥം.

യാത്രക്കിടയ്ക്ക് ജനക്കൂട്ടം വിളിച്ചു പറയുന്നത് 'ദാവീദിന്റെ പുത്രന് ഓശാന' എന്നാണ് (മത്താ. 21:9). അതായത് ജറീക്കോയിലെ അന്ധന്മാരുടെ കാഴ്ചപ്പാട് തന്നെയാണ് ജനക്കൂട്ടത്തിന് എന്നർത്ഥം- ഈശോയെ അവർ 'ദാവീദിന്റെ പുത്രനായ ക്രിസ്തുവായി' കരുതി ജറുശലേം നഗരത്തിലേക്ക് ആനയിക്കുന്നു. ദാവീദിന്റെ പരമ്പരയിൽ വരാനിരിക്കുന്ന രാജാവായിട്ടാണ് അവർ ഈശോയെ കാണുന്നതെന്നർത്ഥം.

രക്ഷയും വിമോചനവുമാണ് അന്തരീക്ഷത്തിലാകമാനം നിറഞ്ഞു നിൽക്കുന്നത്. കാരണം, 'രക്ഷിക്കണേയെന്ന' നിലവിളിസങ്കീർത്തനത്തിലെ 'ഹോശാന' ആണ് അവർ സ്തുതി കീർത്തനമായി ഉപയോഗിക്കുന്നത് (മത്താ. 21:9).

ഈ രാജകീയ ഘോഷയാത്രയിൽ നിറഞ്ഞു നിൽക്കുന്ന വികാരം ആഹ്ലാദമാണ്, ആനന്ദമാണ്. അങ്ങനെയെങ്കിൽ അന്നത്തെ ജറുശലേം ഘോഷയാത്രയിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് ആരായിരിക്കണം?

ഘോഷയാത്രയുടെ ശ്രദ്ധാകേന്ദ്രവും അത് ക്രമീകരിച്ചവനുമായ ഈശോയാണോ? ആയിരിക്കില്ല. കാരണം ജറുശലേം പ്രവേശനത്തിന്റെ അന്തരാർത്ഥങ്ങളും, അതിനപ്പുറത്തുള്ള സംഘർഷങ്ങളും?,? ഗദ്സമേനിയും കുരിശു മരണവും മുൻകൂട്ടി കണ്ടവനായിരുന്നല്ലോ ക്രിസ്തു.

ആഹ്ലാദത്തോടെ ഈശോയെ ജെറുസലേമിലേക്ക്? എതിരേറ്റ ജനക്കൂട്ടമായിരിക്കുമോ ഏറ്റവും കൂടുതൽ സന്തോഷിച്ചത്? അതോ കാഴ്ച തിരികെ കിട്ടിയപ്പോൾ ഈശോയെ അനുഗമിച്ച ജറിക്കോയിലെ അന്ധരായിരിക്കുമോ? അതോ ഈശോയുടെ സുഹൃദ്ഗണമെന്ന് പറഞ്ഞിരുന്ന ശിഷ്യന്മാരായിരിക്കുമോ?

ഈ ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുമ്പോൾ നമ്മൾ മറന്നു പോകാ?വുന്ന രണ്ട് കഥാപാത്രങ്ങളുണ്ട് - കഴുതയും കുട്ടിയും. ശരിക്ക് ചിന്തിച്ചാൽ അവരായിരിക്കില്ലേ അന്ന് ഏറ്റവും അധികം ആഹ്ലാദിച്ചവർ? പോരാ, അവരുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിനവുമായിരിക്കില്ലേ അത്?

കാരണം, അപകർഷതാബോധത്തിന്റെയും ആത്മനിന്ദയുടെയും പ്രതീകമായിരുന്നു കഴുത. കാരണം, അവൻ ദരിദ്രന്റെ വാഹനമായിരുന്നു, വിഴുപ്പ് ചുമക്കുന്നവൻ. കാഴ്ചയിലും പ്രവൃത്തിയിലും മാന്യതയുടെ നേരെ വിപരീതമായിരുന്നു കഴുത. അവന് പരമ്പരാഗതമായി കൈമാറി കിട്ടിയതായിരുന്നു അവന്റെ അപകർഷതാബോധവും ആത്മനിന്ദയും.

ഒരർത്ഥത്തിൽ കഴുതയല്ലേ ജറുശലേം യാത്രയിൽ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം? കാരണം ഘോഷയാത്രയുടെ നടുവിൽ നീങ്ങുന്നത് ക്രിസ്തുവാണ്. അവൻ യാത്ര ചെയ്യുന്നതോ, കഴുതപ്പുറത്തും. ജനക്കൂട്ടം മുഴുവനും സ്തുതിയും ഓശാനയും വിളിക്കുമ്പോൾ അതിന്റെയെല്ലാം സ്വീകർത്താവ് കഴുതപ്പുറത്തിരിക്കുന്ന ക്രിസ്തുവാണ്. ജറുശലേം ഘോഷയാത്രയുടെ സിരാ കേന്ദ്രം കഴുതപ്പുറത്തിരക്കുന്ന ക്രിസ്തുവാണെന്നർത്ഥം.

ജീവിതത്തിലൊരിക്കലും കഴുതക്ക് ഇത്രമാത്രം ആദരവ് കിട്ടിയിട്ടുണ്ടാവില്ല. കഴുത നടന്നു കയറുന്ന വഴിയിൽ അവർ തങ്ങളുടെ വസ്ത്രങ്ങൾ വിരിക്കുന്നു. ഇതുവരെ അവരുടെ വിഴുപ്പ് വസ്ത്രങ്ങൾ ചുമന്നു നടന്ന കഴുതയാണ്, അവരുടെ മനോഹരമായ വസ്ത്രങ്ങളുടെ പുറത്തു കൂടെ ചവിട്ടി കയറുന്നത്. ക്രിസ്തുവിനുള്ള സ്തുതിയും ഓശാനയും അവനും സ്വീകരിക്കുന്നു. അങ്ങനെയെങ്കിൽ ഉറപ്പായിട്ടും കഴുതയായിരുക്കും അന്ന് ഏറ്റവും കൂടുതൽ ആനന്ദിച്ചത്. അവന്റെ ആത്മനിന്ദയും അപകർഷതാബോധവും മാറി, കഴുതയായ?തിൽ ആദ്യമായി അവൻ അഭിമാനം കൊണ്ട ദിനം! കഴുതയായി പിറന്നതിൽ ആദ്യമായി അവൻ ദൈവത്തെ സ്തുതിച്ച ദിവസമായിരിക്കണം അത്!

എന്താണ് കഴുതയുടെ ജീവിതത്തെ ഇത്രയധികം മാറ്റിമറിച്ചത്? നമ്മൾ ശ്രദ്ധിക്കേണ്ടത് ഈശോ ശിഷ്യരോടു പറഞ്ഞുവിടുന്ന നിർദ്ദേശമാണ്: ''ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ, കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക'' (മത്താ 21:3). ഈ നിർദ്ദേശമാണ് ശിഷ്യന്മാർ നടപ്പിലാക്കിയത്. ഇതാണ് കഴുതയുടെ ജീവിതത്തെ അപകർഷതാബോധത്തിൽ നിന്നും ആത്മാഭിമാനത്തിന്റെ കൊടുമുടിയിലേക്ക് മാറ്റിമറിച്ച സംഭവം.

''കർത്താവിന് നിന്നെ കൊണ്ട് ആവശ്യമുണ്ട്.'' ഇതാണ് നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടത്. ജീവിതം ആനന്ദകരമാകാനും ജീവിതം രക്ഷാകരമാകാനുമുള്ള വഴിയിതാണ് - കർത്താവിന് നിന്നെകൊണ്ടുള്ള ആവശ്യം തിരിച്ചറിയുക.

നീ എത്ര നിസ്സാരനാണെങ്കിലും, എത്ര ദിരദ്രനാണെങ്കിലും കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട് എന്നതാണ് സത്യം. ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും നിറവേറ്റുവാനായി ഒരു ജീവിതനിയോഗമുണ്ട്. കൃത്യമായ ഒരു ദൗത്യമില്ലാതെ ആരും ഇവിടെ ജനിച്ചു വീഴുന്നില്ല.

ബേബി ഹൽദർ ഒരു വീട്ടുവേലക്കാരിയായിരുന്നു. ജീവിതത്തിൽ ദുരന്തങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി നേരിട്ടവൾ. അവൾ പ്രശസ്തയായ എഴുത്തുകാരിയിയ മാറിയ കഥ (ഓഡിയോ കേൾക്കുക).

പ്രപഞ്ചനാഥനായ ലോകപിതാവിന്റെ പദ്ധതിയിൽ നിറവേറ്റുവാനുള്ള ഒരു ചെറുദൗത്യം നിനക്കുമുണ്ട്. ദൈവിക പദ്ധതിയിലെ നിന്റെ നിയോഗം തിരിച്ചറിയുകയാണ് പ്രധാനം. അപ്പോഴാണ് കർത്താവിന് നിന്നെക്കൊണ്ടുള്ള ആവശ്യം നീ തിരിച്ചറിയുന്നത്. അതിലൂടെയാണ് നിന്റെ ജീവിതം 'ഓശാന' (രക്ഷ-രക്ഷിക്കണേ) ആയി രൂപാന്തരപ്പെടുന്നത്. അങ്ങനെയാണ് മറ്റുള്ളവരുടെ രക്ഷ നിന്നിലൂടെ സാക്ഷാത്കൃതമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP