Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരന്തം അത്ഭുതമാകുന്നത് എപ്പോൾ?

ദുരന്തം അത്ഭുതമാകുന്നത് എപ്പോൾ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

കാനായിലെ കല്ല്യാണത്തിൽ ഈശോ ചെയ്യുന്ന അത്ഭുതമാണ് ഇന്നത്തെ ചിന്താവിഷയം.

യഹൂദരുടെ ഏറ്റവും വലിയ കുടുംബാഘോഷമായിരുന്നു വിവാഹം. അതിനാൽ തന്നെ അവരുടെ ഏറ്റും വലിയ കുടുംബ വിരുന്നായിരുന്നു വിവാഹസദ്യ. ആ വിരുന്നിന്റെ കേന്ദ്രമായിരുന്ന വീഞ്ഞ്. കുടുംബാഘോഷത്തിന്റെ പ്രധാന വിഭവമായ വീഞ്ഞാണ് കാനായിൽ തീർന്നു പോകുന്നത്. ഒരുവനും അവന്റെ കുടുംബത്തിനും സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.

എന്നാൽ മുമ്പോട്ടു പോകുമ്പോൾ കല്ല്യാണ വിരുന്നിൽ വീഞ്ഞു തീരുന്നു എന്ന ദുരന്തം, വലിയൊരു അത്ഭുതമായി രൂപാന്തരപ്പെടുകയാണ്. കലവറക്കാരൻ പറയുന്നത് ശ്രദ്ധിക്കണം: ''എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു. അതിഥികൾക്ക് ലഹരി പിടിച്ചു കഴിയുമ്പോൾ താഴ്ന്നതരവും എന്നാൽ, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ'' (20: 10)

തീർന്നു പോകുന്ന വീഞ്ഞു (2: 3) നല്ല വീഞ്ഞായും മേൽത്തരം വീഞ്ഞായും സമൃദ്ധമായ വീഞ്ഞായും (2: 12) രൂപാന്തരപ്പെടുന്നത് വലിയ അത്ഭുതമാണ്. വീഞ്ഞ് തീർന്നു പോകുന്ന ദുരന്തത്തെ എങ്ങനെ വലിയ അത്ഭുതമായി മാറ്റാൻ പറ്റും? ഇതാണ് സുവിശേഷം തരുനന സന്ദേശം.

ഒരുവനു ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ പ്രതീകമാണ് വീഞ്ഞു തീർന്നു പോകുന്ന കല്ല്യാണം. നിന്റെ ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്തു ചെയ്യണം? അഥവാ, ജീവിതത്തിലെ വലിയ പ്രശ്നങ്ങളെ എങ്ങനെ അത്ഭുതങ്ങളായി മാറ്റാൻ പറ്റും? ഇതാണ് സുവിശേഷം പറഞ്ഞ് തരുന്ന ജീവിത സന്ദേശം.

കാനായിലെ ദുരന്തത്തെ അത്ഭുതമായി രൂപാന്തരപ്പെടുത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച ചില പ്രധാനപ്പെട്ട ഘടകങ്ങളുണ്ട്. യോഹ 2: 2 ശ്രദ്ധിക്കണം: ''യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിവാഹ വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു'' (2: 2).
യേശുവും ശിഷ്യന്മാരും ക്ഷണിക്കപ്പെട്ടിരുന്ന കാര്യവും, യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു എന്ന പ്രസ്താവനയും കൂട്ടി വായിക്കണം. അതായത് ക്ഷണിക്കപ്പെടാതെ തന്നെ അമ്മ അവിടെ ഉണ്ടായിരുന്നുവെന്ന് സാരം.

ക്ഷണിക്കപ്പെടാതെ ഒരു വാവാഹ വിരുന്നിന് വരുന്ന വ്യക്തി ഏറെ ഹൃദയാടുപ്പമുള്ളയാളായിരിക്കും. ഏറ്റവും അടുത്ത പ്രിയപ്പെട്ടവരെ ക്ഷണിക്കുന്ന കാര്യമില്ല. ക്ഷണിക്കാതെ തന്നെ അവർ വരും. ക്ഷണിക്കാതെ തന്നെ കല്ല്യാണ വിരുന്നിനു സന്നിഹിതയാകുന്ന അമ്മയാണ് പിന്നീട് അത്ഭുതത്തിന് കാരണക്കാരിയായി മാറുന്നത്.

നിന്റെ ജീവിതത്തിൽ ആഘോഷങ്ങളിലേക്കൊക്കെ ക്ഷണിക്കപ്പെടാതെ കടന്നു വരാൻ മാത്രം അടുപ്പമുള്ളവർ നിനക്കുണ്ടാകണം. അത്തരം ഹൃദയ ബന്ധങ്ങളെ നീ വളർത്തിയെടുക്കണം.

നിന്റെ ഏതു ആഘോഷത്തിലേക്കും ക്ഷണിക്കപ്പെടാതെ കടന്നു വരാൻ മാത്രം സ്വാതന്ത്ര്യവും ഹൃദയാടുപ്പവും ഉള്ള വ്യക്തി ആരാണ്? നിന്റെ സ്നേഹ ബന്ധങ്ങളെ അത്തരം ഉയർന്ന തലത്തിലേക്ക് വളർത്തിയെടുക്കുന്നിടത്താണ് നിന്റെ ജീവിത ദുരന്തങ്ങൾ അത്ഭുതങ്ങളായി മാറാനുള്ള സാധ്യത തെളിയുന്നത്.

ദുരന്തങ്ങൾ അത്ഭുതങ്ങളായി പരിണമിക്കുന്നതിന്റെ മറ്റൊരു ഘടകം യോഹ: 2: 3 വ്യക്തമാക്കുന്നുണ്ട്. ''അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു അവർക്ക് വീഞ്ഞല്ല'' (2: 3). വീഞ്ഞു തീർന്ന പോകുന്നത് ആദ്യം അറിയുന്നത് മിക്കവാറും അമ്മ തന്നെയായിരിക്കും. ചുരുക്കത്തിൽ ക്ഷണിക്കപ്പെടാതെ കടന്നു വരുകയും പറയാതെ തന്നെ ജീവിത ദുരന്തം തിരിച്ചറിയുകയും ചെയ്യുന്നവളാണ് അമ്മ. ആ അമ്മയാണ് അത്ഭുതത്തിന് നിമിത്തമായി നിൽക്കുന്നത്.

നിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ പറയാതെ തന്നെ തിരിച്ചറിയാൻ പറ്റുന്ന പ്രിയപ്പെട്ടവൻ, പ്രിയപ്പെട്ടവൾ നിനക്കുണ്ടാകണം. ക്ഷണിക്കപ്പെടാതെ നിന്റെ ആഘോഷങ്ങളിലേക്കൊക്കെ കടന്നു വരുകയും പറയാതെ തന്നെ നിന്റെ ഹൃദയ നൊമ്പരം തിരിച്ചറിയുകയും ചെയ്യുന്ന ഹൃദയ ബന്ധങ്ങളാണ് അത്ഭുതത്തിന് വഴിമരുന്നിടുന്നത്.

അത്ഭുതം സംഭവിക്കുന്നതിന് മൂന്നാമതൊരു ഘടകം കൂടിയുണ്ട്. പരിശുദ്ധ അമ്മ പരിചാരകർക്ക് കൊടുക്കുന്ന നിർദ്ദേശത്തിലാണത്. അവൾ പറഞ്ഞു ''അവൻ നിങ്ങളോടു പറയുന്നതെന്തായാലും അതു ചെയ്യുവിൻ'' (2: 5).

ഇതിൽ പ്രകടമാകുന്നത് യേശുവിലുള്ള വലിയ വിശ്വാസവും ശരണവുമാണ്. അവൻ പറയുന്നത് എന്തായാലും ചെയ്യുവിൻ എന്ന കൽപ്പനക്കുള്ളിൽ കണ്ണുമടച്ചുള്ള വിശ്വാസമാണ് ഒളിഞ്ഞിരിക്കുന്നത്. അപ്പോൾ നിന്റെ ജീവിതത്തിന്റെ ദുരന്തങ്ങളെ വലിയ അത്ഭുതങ്ങളാക്കി പരിവർത്തനെ ചെയ്യണമെങ്കിൽ ആവശ്യമായിരുന്ന ഘടകങ്ങൾ മൂന്നാണെന്നു വരുന്നു - ക്ഷണിക്കപ്പെടാതെ നിന്റെ ആഘോഷങ്ങളിലേക്ക് കടന്നു വരാൻ മാത്രം സ്വാതന്ത്ര്യമുള്ള വ്യക്തി. പ്രതിസന്ധികൾ പറയാതെ തന്നെ തിരിച്ചറിയാൻ ഹൃദയാടുപ്പമുള്ള പ്രിയപ്പെട്ടവൻ അഥവാ പ്രിയപ്പെട്ടവൾ അവരോടൊപ്പം കണ്ണുമടച്ച് ശരണപ്പെടാനുള്ള വിശ്വാസവും. അപ്പോഴാണ് നിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ വലിയ അത്ഭുതങ്ങളായി രൂപാന്തരപ്പെടുന്നത്.

കസൻദസാക്കീസിന്റെ അസീസിയുടെ ജീവചരിത്രം. ഫ്രാൻസിസ് കുഷ്ഠരോഗിയെ ചുംബിക്കുന്ന രംഗം (ഓഡിയോ കേൾക്കുക) കുഷ്ഠരോഗിയെ അധരത്തിൽ ചുംബിച്ചാൽ അവൻ ക്രിസ്തുവായി മാറും. ഇതാണ് കുഷ്ഠരോഗിയുടെ ദുരന്തം അത്ഭുതമായി മാറുന്ന സംഭവം.

നിന്റ ജീവിതത്തിലെ വലിയ പ്രതിസന്ധികളെ നീ എങ്ങനെ നേരിടണം? ഒരു തരത്തിൽ പറഞ്ഞാൽ അവ നിന്റെ മുമ്പിൽ വച്ചു നീട്ടുന്നത് വലിയ സാധ്യതയാണ് - ഏറ്റവും വലിയ അത്ഭുതത്തിനുള്ള സാധ്യത. പ്രതിസന്ധികളെ അത്ഭുതമായി രൂപാന്തരപ്പെടുത്തണമെങ്കിൽ നിനക്കാവശ്യം - നിന്റെ ഏത് ആഘോഷത്തിലേക്കും ക്ഷണിക്കാതെ തന്നെ കടന്നു വരാൻ മാത്രം ഹൃദയമടുപ്പമുള്ള പ്രിയപ്പെട്ടവൻ, പറയാതെ തന്നെ നിന്റെ സങ്കടങ്ങൾ വായിച്ചെടുക്കാൻ കഴിവുള്ള ഒരു ഹൃദയം, അതൊടൊപ്പം കണ്ണുമടച്ച് വിശ്വാസമർപ്പിക്കുന്ന സമ്പൂർണ്ണ ശരണം - ഇവയുണ്ടെങ്കിൽ, അത്തരം പ്രിയപ്പെട്ടവർ നിനക്ക് സ്വന്തമായിട്ടുണ്ടെങ്കിൽ, നിന്റെ ജീവിതത്തിലെ വലിയ ദുരന്തങ്ങൾ വലിയ അത്ഭുതങ്ങളായി പരിണമിക്കും. വീഞ്ഞു തീരുന്ന കല്ല്യാണം മുന്തിയതരം വീഞ്ഞിന്റെ സുഭിക്ഷ സദ്യയായി മാറും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP