Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യഥാർത്ഥത്തിൽ നീ ആരാണ്?

യഥാർത്ഥത്തിൽ നീ ആരാണ്?

ഡോ. ജെ. നാലുപാറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട വചനം ഈശോ പത്രോസിനോട് പറയുന്ന വചനമാണ് 'യോനായുടെ പുത്രനായ ശിമയോനേ.... നീ പത്രോസാണ്. ഈ പാറമേൽ എന്റെ സഭയെ ഞാൻ പണിയും.' (16:18) 

പത്രോസിനോട് ഈശോ പറയുന്നത്, അവൻ ശിമയോനല്ല, പാറയാണെന്നാണ്. പത്രോസ് യഥാർത്ഥത്തിൽ ആരാണെന്നാണ് ഈശോ പറയുന്നത്. അതായത് പത്രോസിന്റെ യഥാർത്ഥ സ്വത്വം എന്താണെന്നാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്. പത്രോസിന്റെ ഇന്നത്തെ അവസ്ഥയല്ല. മറിച്ച് അവൻ അവന്റെ ജീവിതത്തിൽ എത്തിച്ചേരേണ്ട സാധ്യതകളുടെ കൊടുമുടിയെക്കുറിച്ചാണ് ഈശോ പറയുന്നത്. നീ പാറയാണ്, ഈ പാറമേൽ ഞാൻ സഭയെ പണിയും. അതായത് ഭാവിയിൽ ഉരുത്തിരിയേണ്ട വലിയ സാധ്യതകളുടെ അടിസ്ഥാനമായ പാറയാണ് പത്രേസെന്നാണ് ഈശോ പറയുന്നത്. .

ഈശോ പറയുന്നതിന്റെ പശ്ചാത്തലം നാം ഓർക്കണം. ഈശോ ആരാണെന്ന് പത്രേസ് പറയുമ്പോഴാണ് ഈശോ പ്രതികരിക്കുന്നത്. പത്രോസ് പറഞ്ഞു 'നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്' (16:16) ജീവിക്കുന്ന ദൈവപുത്രനാണ് കൂടെയുള്ളത് എന്ന തിരിച്ചറിവിലാണ് ശിമയോൻ പാറയായി മാറുന്നത്. ദൈവപുത്രനായ ക്രിസ്തുവാണ് കൂടെയുള്ളതെന്ന് മനസിലാക്കുന്ന ശിമയോനോടാണ് ഈശോ പറയുന്നത്. 'ശിമയോനെ നീ വെറും ശിമയോനല്ല, നീ പാറയാണ്. നീ വെറും മീൻപിടുത്തക്കാരനല്ല. മറിച്ച് മനുഷ്യരെ പിടിക്കുന്നവനാകും. നീ വെറും ബലഹിനനോ ഭീരുവുമല്ല. മറിച്ച് നീ വലിയ സാധ്യതയാകുന്ന സഭയുടെ അടിസ്ഥാനമായി മാറും.

പത്രോസിനെകുറിച്ചുള്ള ക്രിസ്തുവിന്റെ കാഴ്ചപ്പാടാണിത്. ക്രിസ്തുവിന്റെ ഈ കാഴ്ചപാടിലേയ്ക്ക് വളർന്നു കയറുക എന്നതാണ് പത്രോസിന്റെ ജീവിത ധർമം. ഈ കാഴ്ചപാടിലേയ്ക്കും സാധ്യതയിലേക്കും തന്റെ ദൃഷ്ടിയും ജീവിതവും അനുദിനം തിരിച്ചുപിടിക്കുക എന്നതാണ് പത്രോസ് ചെയ്യേണ്ട കാര്യം.

പറഞ്ഞുകേട്ട കഥ. കുടിയനായ മത്തായിച്ചേട്ടന്റെ കഥ (ഓഡിയോ കേൾക്കുക).

ഞാൻ ആരാണ് ഏതാണ് എന്റെ യഥാർത്ഥ സ്വത്വം അഥവാ ഐഡൻന്റിറ്റി ഇതാണ് നാം തിരിച്ചറിയേണ്ടത്. പത്രോസിനോട് ഈശോ പറയുന്നത് ഇതാണ് - നീ പാറയാണ്. പത്രോസ് എത്തിച്ചേരേണ്ട സാധ്യതകളുടെ കൊടുമുടിയാണത്. അതാണ് ക്രിസ്തു ശിമയോനെ നോക്കുമ്പോൾ കാണുന്നത്. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ പത്രോസ് തന്നെത്തന്നെ കാണണം; കാണാൻ പരിശീലിപ്പിക്കണം. അതാണ് അവന്റെ യഥാർത്ഥ സ്വത്വം.

ഇന്ന് ഈശോ ഏതൊരു ക്രിസ്തു ശിഷ്യനോടും/ ശിഷ്യയോടും ആവശ്യപ്പെടുന്നത് ഇത് തന്നെയാണ് - നിന്റെ യഥാർത്ഥ സ്വത്വം നീ തിരിച്ചിയുക. അതായത് നിന്റെ കൂടെയുള്ള ക്രിസ്തുവിന്റെ കാഴ്ചപ്പാടിലൂടെ നിന്നെതന്നെ കാണാൻ നീ പരിശീലിക്കുക. നീ എത്തിച്ചേരേണ്ട സാധ്യതകളുടെ കൊടുമുടിയാണത്. ക്രിസ്തു നിന്നെക്കുറിച്ച് കാണുന്ന സ്വപ്നമാണത്. ഇതിലേക്കാണ് നീ നിന്റെ മനസ്സും ശ്രദ്ധയും തിരക്കേണ്ടത്. അല്ലാതെ അനുദിനം നിന്റെ കൺവെട്ടംത്ത വരുന്ന ചെറിയ ചെറിയ പരിമിതികളിലേയ്ക്കല്ല നി ശ്രദ്ധിക്കേണ്ടത്.

മീൻപിടുത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിച്ചിരുന്നെങ്കിൽ പത്രോസ് വെറുമൊരു മുക്കുവനായി മാറിയേനേ. വാല്യക്കാരിയുടെ മുൻപിൽ പരിജായപ്പെട്ടതിൽ ഫോക്കസ് ചെയ്തു ജീവിച്ചിരുന്നെങ്കിൽ പത്രോസ് ഒരിക്കലും സഭയുടെ അടിസ്ഥാനമായി രൂപാന്തരപ്പെടില്ലായിരുന്നു.

അതിനുപകരം ക്രിസ്തു അവനെ കണ്ട കാഴ്ചപ്പാടിലൂടെ സ്വയം കാണാനും ആയിത്തീരാനും ശ്രമിക്കുന്നിടത്താണ് പത്രോസെന്ന വ്യക്തിയുടെ സാധ്യതകൾ അങ്ങേയറ്റത്തേക്ക് വളരുന്നത്.

ഏതൊരു ശിഷ്യന്റെയും കഥ ഇതു തന്നെയാണ്. പലപ്പോഴും നമുക്ക് പറ്റുന്നത്, നമ്മൾ നമ്മുടെ ദൈനംദിന പരിമിതികളിലേക്ക് ഫോക്കസ് ചെയ്തു ജീവിച്ചു പോകുന്നുവെന്നതാണ്. അതിനു പകരം ക്രിസ്തു എന്നെക്കുറിച്ചു കാണുന്ന സ്വപ്നത്തെ ഫോക്കസ് ചെയ്യാൻ പറ്റുന്നിടത്താണ് ഞാൻ എന്റെ സാധ്യതകളുടെ കൊടുമുടിയിലേക്ക് വളരുന്നത്. ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ കഥ (ഓഡിയോ കേൾക്കുക)

അതിനാൽ കൂടെയുള്ള ക്രിസ്തു സാന്നിധ്യം അനുഭവിക്കുകയും ക്രിസ്തു നിന്നെ കാണുന്ന രീതിയിൽ നിന്നെ തന്നെ കാണുകയും ചെയ്യുന്നിടത്താണ് നിന്റെ ജീവിതത്തിന്റെ സാധ്യതകളിലേക്ക് നീ വളരുന്നത്. ക്രിസ്തുവിന് നിന്നെക്കുറിച്ചൊരു സ്വപ്നമുണ്ട്. അത് തിരിച്ചറിയുക അനുദിനം ആ സ്വപ്നത്തഫോക്കസ് ചെയ്തു ജീവിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP