Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആത്മരക്ഷയും ആത്മാക്കളുടെ രക്ഷയും സഹനത്തിലൂടെ സാധ്യമാക്കിയ വിശുദ്ധ; അശരണരുടെ അമ്മ; എവുപ്രാസ്യമ്മയെ കുറിച്ചറിയാം

ആത്മരക്ഷയും ആത്മാക്കളുടെ രക്ഷയും സഹനത്തിലൂടെ സാധ്യമാക്കിയ വിശുദ്ധ; അശരണരുടെ അമ്മ; എവുപ്രാസ്യമ്മയെ കുറിച്ചറിയാം

സ്‌ത്രൈണഭാവത്തിന്റെ തനതു സവിശേഷതകൾ ദൈവിക വൃത്തിയിലും ഉയർത്തിപ്പിടിച്ച മഹനീയ വ്യക്തിയായിരുന്നു വിശുദ്ധയായ എവുപ്രാസ്യമ്മ. ശാന്തത, ശാലീനത, വിനയം, എളിമ തുടങ്ങിയവ സ്‌ത്രൈണസവിശേഷതകളിൽ മുന്നിട്ടു നില്ക്കുന്ന ദൈവകൃപകളാണ്. ഇവയായിരുന്നു അമ്മയുടേയും കരുത്ത്.

1877 ഒക്‌ടോബർ 17നായിരുന്നു ജനനം. ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്നു സിസ്റ്റർ എവുപ്രാസ്യമ്മ. തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു. 2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു. 1952 ഓഗസ്റ്റ് 29 ന് മരിച്ചു.

കൂനമ്മാവും, അമ്പഴക്കാടും, ഒല്ലൂരും, മണലൂരും. മനുഷ്യദൃഷ്ടിയിൽ നിസാരങ്ങളായ ഉത്തരവാദിത്വങ്ങളെ ഈ വിശുദ്ധ സ്ത്രീ നിർവഹിച്ചിട്ടുള്ളൂ. പക്ഷേ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായിരുന്നു അമ്മ. ജീവതദുരതിങ്ങളിൽപ്പെടുന്നവർക്ക് ആശ്വാസമായി അമ്മ നിറഞ്ഞു നിന്നു. നവസന്യാസിനികളുടെ പരിശീലക, ഉപമഠാധിപ, മഠാധിപ, ആലോചനക്കാരി, അടുക്കളജോലിക്കാരുടെ മേൽനോട്ടക്കാരി നീളുന്ന കർമ്മ മണ്ഡലം. ബാഹ്യമായ ഈ യോഗ്യതകളേക്കാൾ ഉയർന്നുനില്ക്കുന്ന സ്‌ത്രൈണ സവിശേഷതകളുടെ വിളനിലമായിരുന്നു വിശുദ്ധ എവുപ്രാസ്യ. 

ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും ജീവൻ സംരക്ഷിക്കേണ്ടതു തന്റെ ഉത്തരവാദിത്വമാണെന്ന് ഈ വിശുദ്ധ തിരിച്ചറിഞ്ഞിരുന്നു. പ്രാർത്ഥനവഴി, സ്‌നേഹസേവനം വഴി ഇതു നിർവഹിച്ചു. കുട്ടികൾ തുടങ്ങി പ്രായമായവർ വരെ എല്ലാവരും അവരുടെ ആവശ്യങ്ങളുമായി എവുപ്രാസ്യമ്മയെ സമീപിച്ചിരുന്നു. അവരെ ആരേയും അമ്മ നിരാശപ്പെടുത്തിയില്ല. ഒരു സ്ത്രീയുടെ വ്യക്തിത്വം സാക്ഷാത്കരിക്കുന്നതിന്റെ രണ്ടു പ്രധാന മാനങ്ങളാണു കന്യാത്വവും മാതൃത്വവും. വിശുദ്ധ എവുപ്രാസ്യയിൽ ഇവ രണ്ടും പരസ്പരം മഹനീയമാക്കും വിധം സമ്യക്കായി സമ്മേളിച്ചിരുന്നു.

ആത്മരക്ഷയും ആത്മാക്കളുടെ രക്ഷയും സഹനത്തിലൂടെ സാധ്യമെന്നു തിരിച്ചറിഞ്ഞു പ്രവർത്തിച്ച വൈദിക ശ്രേഷ്ഠയായിരുന്നു അമ്മ. ഒരമ്മ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കാനും സഹിക്കാനും സന്നദ്ധയാകുന്നതുപോലെ സമൂഹത്തിനായി പ്രവർത്തിച്ചു. അവർക്കായി ത്യാഗമനസോടെ സ്‌നേഹശുശ്രൂഷകൾ ചെയ്തു. അവ നൽകിയ സഹനങ്ങൾ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചു. സ്‌ത്രൈണഭാവത്തിന്റെ തനതു സവിശേഷതകൾ ഉയർത്തിപ്പിടിച്ചു ജീവിച്ചതാണ് എവുപ്രാസ്യമ്മയെന്ന വിശുദ്ധയുടെ കരുത്ത്.

അന്തോണികുഞ്ഞേത്തി ദമ്പതികളുടെ മകളായ റോസ കേരളത്തിലെ ആദ്യത്തെ കന്യാമഠമായ കൂനമ്മാവ് മഠം വക എദുംക്കുന്താത്തിൽ (ബോർഡിങ്ങിൽ) 11ാം വയസ്സിൽ ചേർന്നു. മകൾക്ക് നല്ലൊരു വിവാഹം സ്വപ്‌നംകണ്ട അന്തോണിയുടെ ആഗ്രഹത്തിന് വിരുദ്ധമായിട്ടായിരുന്നു റോസയുടെ കന്യാമഠം പ്രവേശം. ഇളയ സഹോദരിയുടെ മരണമാണ് അന്തോണിയിൽ മാനസാന്തരം സൃഷ്ടിച്ചത്.

രോഗങ്ങളും പൈശാചിക പീഡനങ്ങളും ഉണ്ടായപ്പോൾ പരിശുദ്ധ കർമ്മല മാതാവിന്റെ നേരിട്ടുള്ള ഇടപെടൽ വഴിയാണ് അവയെ അതിജീവിച്ചതെന്ന് അവൾ ഉറച്ച് വിശ്വസിച്ചു. കന്യാമഠത്തിൽ ചേരണമെന്ന് ആഗ്രഹിച്ചപ്പോൾ കുടുംബം തകർത്തു കളയുമെന്നായിരുന്നു പിശാചിന്റെ ഭീഷണി. അതൊന്നും കുഞ്ഞുറോസയെ തളർത്തിയില്ല.കോൺവെന്റിന്റെ ചാപ്പലിൽ ഒഴിഞ്ഞ കോണിൽ പ്രാർത്ഥനാനിരതയായി ഇരുന്നിരുന്ന ഒല്ലൂരുകാരുടെ 'മുക്കിലിരിക്കുന്ന അമ്മ' ഇന്ന് ലോകമെമ്പാടും വാഴ്‌ത്തപ്പെടുകയാണ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനോടൊപ്പം എവുപ്രാസ്യമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുമ്പോൾ അതൊരു അപൂർവതയായി മാറുന്നു. 1877 ഒക്ടോബർ 17നാണ് ജനനം. ഒമ്പതാം വയസ്സിൽ ജപമാലയിലെ ലുത്തിനിയായിൽ ചൊല്ലുന്ന 'മാലാഖമാരുടെ രാജസ്ത്രീ' എന്നതിന്റെ അർത്ഥം ആഴത്തിൽ ഗ്രഹിക്കാൻ ഉറങ്ങാതെ കിടന്നു ചിന്തിക്കുമ്പോൾ പരിശുദ്ധ കന്യക ദർശനം നല്കി അത് വിവരിച്ച് കൊടുക്കുന്നുണ്ട്.

1896ൽ വികാരിയത്തുകളുടെ പുനർവിഭജനം നടന്നപ്പോൾ മാർ ജോൺ മേനാച്ചേരി, കൂനമ്മാവിലെ സുറിയാനിക്കാരായ സിസ്‌റ്റേഴ്‌സിനേയും അർത്ഥിനികളേയും അമ്പഴക്കാട് മഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. റോസ എലുവത്തിങ്കൽ അന്നത്തെ അർത്ഥിനികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 1897 മെയ് ഒമ്പതിന് പുതിയ മഠത്തിന്റെ ആശീർവാദവും അടുത്തദിവസം അർത്ഥിനികൾക്ക് ശിരോവസ്ത്രം നൽകലും നടന്നു. അതോടെ റോസ 'ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യാ' എന്ന പേര് സ്വീകരിച്ച് ഒരു പോസ്റ്റുലന്റ് ആയി മാറി. 1898ലായിരുന്നു കർമ്മലസഭാ, വസ്ത്രസ്വീകരണം. 1900ലാണ് ഒല്ലൂർ മഠം സ്ഥാപിതമായത്. വ്രതവാഗ്ദാനം കഴിഞ്ഞതോടെ അവിടെ അസിസ്റ്റന്റ് നോവിസ്മിസ്ട്രസ്സായും നിയമിച്ചു. 1952 ഓഗസ്റ്റ് 29ന് മരിക്കുന്നതുവരെ ഒല്ലൂർ മഠത്തിലായിരുന്നു.

നാമകരണ നടപടികൾ തുടങ്ങിയത് 1988ലാണ്. ഒക്ടോബർ 21ന് രൂപതാ ട്രിബ്യൂണൽ സ്ഥാപിതമായി. 1991 ജൂൺ 19ന് പൂർത്തിയായി. ജോൺപോൾ രണ്ടാമൻ മാർപാപ്പ 2002 ജൂലൈ അഞ്ചിന് ധന്യയായി ഉയർത്തി. അഞ്ചേരി തോമസ് തരകന്റെ ബോൺകാസ് മാറിയത് അത്ഭുതമായി സ്ഥിരീകരിക്കപ്പെട്ടതോടെ 2006 ഡിസംബർ മൂന്നിന് ബെനഡിക്ട് 16ാം മാർപ്പാപ്പ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2007 മുതൽ ഓഗസ്റ്റ് 29ന് തിരുനാൾ ആഘോഷിച്ച് വരുന്ന ജുവൽ ജെൻസൻ എന്ന കുട്ടിയുടെ തൈറോഗ്ലോസ്സൽ ഗിസ്റ്റ് എവുപ്രാസ്യമ്മയുടെ മാദ്ധ്യസ്ഥത്താൽ അത്ഭുതകരമായി മാറിയത്. സ്ഥിരീകരിക്കപ്പെട്ടതോടെ ഫ്രാൻസീസ് മാർപാപ്പ കഴിഞ്ഞ ഏപ്രിൽ മൂന്നിന് വിശുദ്ധയായി അംഗീകരിച്ചു.

ജീവിത രേഖ

1877 ഒക്‌ടോബർ 17- എവുപ്രാസ്യമ്മ യുടെ ജനനം.
1877 ഒക്‌ടോബർ 25. മാമ്മോദീസ, എടത്തുരുത്തി പള്ളിയിൽ
1888 ജൂലൈ മൂന്ന്- കൂനമ്മാബോർഡിംഗിൽ
1889 ജൂലൈ നാല്- രോഗിയായി വീണ്ടും വീട്ടിൽ പോയി മടക്കം
1889 സെപ്റ്റംബർ 17- തിരുക്കുടുംബം പ്രത്യക്ഷപ്പെട്ടു രോഗസൗഖ്യം
1897 ജനുവരി 15- യോഗാർഥിനി
1897 മെയ്‌ ഒമ്പത് -അമ്പഴക്കാട് മഠം
1897 മെയ്‌ 10- ശിരോവസ്ത്ര സ്വീകരണം, ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന പേരു സ്വീകരിച്ചു.
1898 ജനുവരി 10- മാർ ജോൺ മേനാച്ചേരിയിൽ നിന്നു സഭാവസ്ത്ര സ്വീകരണം.
1899 മാർ ജോൺ മേനാച്ചേരി ആത്മീയപിതാവായി.
1900 മെയ്‌ 24- ഒല്ലൂർ മഠ സ്ഥാപനം നിത്യവ്രതം
1902 മെയ്‌ എട്ട്- അമ്പഴക്കാട് മഠത്തിലേക്ക് മാറ്റം
1904 ഏപ്രിൽ 29- ഒല്ലൂർ മഠത്തിലേക്ക് മടക്കം
1904 ഏപ്രിൽ 29 മുതൽ 1910 വരെ- ഉപമഠാധിപ
1910 -13. ഗുരുത്തിയമ്മ
1913 ഏപ്രിൽ 29 -ഒല്ലൂർ മഠാധിപ
1916 ഏപ്രിൽ 14 -മണലൂർ മഠത്തിലേക്കു മാറ്റം
1916 ഒക്‌ടോബർ 26 ഒല്ലൂർ മഠത്തിൽ തിരിച്ചെത്തുന്നു.
1925 മെയ്‌ 24- രജതജൂബിലി. അമ്മയുടെയും മഠം സ്ഥാപനത്തിന്റെയും
1928 ഓഗസ്റ്റ് 17- അമ്പഴക്കാട് മഠം ഉപമഠാധിപ
1931 മാർച്ച് 29- ഒല്ലൂർ മഠത്തിൽ വീണ്ടും.
1950 മെയ്‌ 24 - സുവർണ ജൂബിലി
1952 ഓഗസ്റ്റ് 29 - മരണം നാമകരണ നടപടികൾ
1963 ഓഗസ്റ്റ് 29- നാമകരണപ്രാർത്ഥന മെത്രാന്റെ അനുമതിയോടെ പ്രസിദ്ധീകരിച്ചു.
1970 ജൂൺ നാല്- ബിഷപ് മാർ ജോർജ് ആലപ്പാട്ട് എവുപ്രാസ്യമ്മയുടെ കത്തുകൾ സിഎംസി, തൃശൂർ പ്രൊവിൻഷ്യാളിനു കൈമാറുന്നു.
1970 ഓഗസ്റ്റ് 29- ആദ്യ ജീവിത ചരിത്രം കേരള കർമ്മലകുസുമം- ഫാ ഫിലിപ്പ് ഒസിഡി
1986 സെപ്റ്റംബർ 27- മദർ ക്ലിയോപാട്ര നാമകരണ നടപടകൾക്കു തുടക്കം കുറിച്ചു.
1987 ഓഗസ്റ്റ് 27- റവ. ഡോ. ലൂക്കാസ് വിത്തുവട്ടിക്കൽ പോസ്റ്റുലേറ്റർ
1987 ഓഗസ്റ്റ് 27- നാമകരണ നടപടികളുടെ ഔദ്യോഗിക തുടക്കം. ദൈവദാസി പ്രഖ്യാപനം
1987 സെപ്റ്റംബർ ഏഴ്- സിസ്റ്റർ പെരിഗ്രിൻ വൈസ് പോസ്റ്റുലേറ്റർ
1988 ഒക്‌ടോബർ 21- രൂപതാകോടതി സ്ഥാപനം.
1990 ജനുവരി 30 -കല്ലറ തുറക്കുന്നു. തിരുശേഷിപ്പുകൾ പുതിയ കല്ലറയിലേക്ക്
1991 ജൂലൈ 31 -രൂപതാ കോടതി സമാപനം
1992 മാർച്ച് നാല്- സിസ്റ്റർ ക്ലിയോപാട്ര വൈസ് പോസ്റ്റുലേറ്റർ
1994 ഏപ്രിൽ 20- സുകൃതങ്ങൾ സംബന്ധിച്ച പൊസിഷിയോ സമർപ്പണം
1997 ഡിസംബർ നാല്- എവുപ്രാസ്യമ്മയുടെ മധ്യസ്ഥതയിൽ കാൻസർ രോഗ സൗഖ്യം
1999 ജനുവരി എട്ട്- അപ്പസ്‌തോലിക് മിറക്കിൾ കോടതി സ്ഥാപനം
1990 ജനുവരി 10- ഒല്ലൂർ മഠത്തിൽ അഖണ്ഡജപമാല ആരംഭിക്കുന്നു
2002 മെയ്‌ ഒന്ന്-ഒല്ലൂർ മഠത്തിൽ നിത്യാരാധന ആരംഭിക്കുന്നു
2002 ജൂലൈ അഞ്ച് -ധന്യയായി പ്രഖ്യാപനം
2005 നവംബർ 25- ഫാ.ജോർജ് നെടുങ്ങാട്ട് പോസ്റ്റുലേറ്റർ
2006 ജൂൺ ആറ്- കാൻസർ സൗഖ്യം സഭ അംഗികരിച്ചു.
2006 ഡിസംബർ മൂന്ന്- വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
2008 ജൂൺ 22- വിശുദ്ധ പദത്തിനുള്ള മിറക്കിൾ കോടതി.
2008 ജൂൺ 25- മിറക്കിൾ കോടതി സമാപനം
2014 ജൂൺ 12 വിശുദ്ധയാക്കുന്ന തീയതി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 29- തിരുനാൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP