Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ദൈവനിഷേധമാണോ?; കത്തോലിക്കാസഭയിൽ പൊളിച്ചെഴുത്ത് നടത്താൻ ഒരുങ്ങി മെത്രാൻ സമ്മേളനത്തിന് തുടക്കം

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ദൈവനിഷേധമാണോ?; കത്തോലിക്കാസഭയിൽ പൊളിച്ചെഴുത്ത് നടത്താൻ ഒരുങ്ങി മെത്രാൻ സമ്മേളനത്തിന് തുടക്കം

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ഇന്ന് പല വികസിത രാജ്യങ്ങളിലും പതിവ് സംഭവമായിത്തീർന്നിരിക്കുന്നു. എന്നാൽ വിവാഹമെന്ന പവിത്ര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ ഒരുമിച്ച് ജീവിക്കാവൂ എന്നാണ് ദൈവവിശ്വാസികൾ വാദിക്കുന്നത്. വിശിഷ്യാ കത്തോലിക്കാ സഭ ഇതിനെ ശക്തിയുക്തം എതിർക്കുന്നുമുണ്ട്. അപ്പോൾപ്പിന്നെ ഇത്തരം ജീവിതം നയിക്കുന്നവർക്ക് കത്തോലിക്കാ സഭയുടെ അംഗീകാരം ഒരിക്കലും കിട്ടില്ലേ..?. കിട്ടാൻ സാധ്യതയുണ്ടെന്നാണ് പോപ്പ് ഫ്രാൻസിസിന്റെ പുതിയ നീക്കങ്ങൾ നൽകുന്ന സൂചന. 

കാലത്തിനനുസരിച്ച് മാറാൻ കഴിയുകയെന്നതാണ് ഏത് വിശ്വാസത്തിന്റെയും തത്ത്വസംഹിതയുടെയും അവശ്യഗുണങ്ങളിലൊന്നായി പരിഗണിച്ച് വരുന്നത്. മനുഷ്യസ്‌നേഹത്തെ മുൻനിർത്തി സേവനം ചെയ്യുന്ന മഹാ ഇടയനായ പോപ്പ് ഫ്രാൻസിസ് വിവാഹവുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയിലെ പഴയനിയമങ്ങൾ പരിഷ്‌ക്കരിക്കാനൊരുങ്ങുന്നതും ഇതിന്റെ പേരിലായിരിക്കാം.

ഇതിനായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെ ഒരു സമ്മേളനം വത്തിക്കാനിൽ വിളിച്ച് കൂട്ടിയിരിക്കുകയാണ് പോപ്പ് ഇപ്പോൾ. ഇന്ന് ആരംഭിക്കുന്ന ഈ പ്രത്യേക സമ്മേളനത്തിലൂടെ വിവാഹവുമായി ബന്ധപ്പെട്ട് സഭയിൽ നിലനിൽക്കുന്ന നിയമങ്ങളുടെ പൊളിച്ചെഴുത്താണ് പോപ്പ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. വിവാഹം, വിവാഹമോചനം, വിവാഹം കഴിക്കാതെയുള്ള ഒരുമിച്ച് താമസിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്‌ക്കരണമായിരിക്കും ഇതിൽ ചർച്ച ചെയ്യുക. എന്നാൽ ഈ വക പരിഷ്‌ക്കാരങ്ങൾ പോപ്പിന് എളുപ്പത്തിൽ നടപ്പിലാക്കാനാവില്ല. യാഥാസ്ഥിതികരായ പുരോഹിതന്മാരുടെ കടുത്ത എതിർപ്പിനെ മറികടന്ന് മാത്രമെ ഇത്തരം നിയമങ്ങൾ അംഗീകരിക്കപ്പെടുകയുള്ളൂവെന്നുറപ്പാണ്.

കത്തോലിക്കാ സഭയിൽ ഇന്ന് നിലനിൽക്കുന്ന വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ പല വികസിതരാജ്യങ്ങളിലുള്ള ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും കാലപ്പഴക്കം ചെന്നവയാണെന്നും പോപ്പ് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഇവ പരിഷ്‌ക്കരിക്കാൻ അദ്ദേഹം മുൻകൈയെടുക്കുന്നതെന്നും സൂചനയുണ്ട്. ലൈംഗികത, വിവാഹം , കുടുംബം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചർച്ചിന് കടുത്ത നിലപാടുകളാണുള്ളതെന്നും കുറെയധികം ആളുകൾ ഇത്തരം നിയമങ്ങളുണ്ടാക്കുന്ന സമ്മർദങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് കത്തോലിക്ക് ജേർണലിസ്റ്റും അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പോപ്പിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ കർത്താവുമായ ഓസ്റ്റിൻ ഐവെറെ പറയുന്നത്. പോപ്പിനോട് അടുത്തയാളും ജർമനിയിലെ കർദിനാളുമായ വാൾട്ടർ കാസ്പർ വിവാഹമോചനത്തെയും പുനർവിവാഹത്തെയും പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ചർച്ച് ഇവ രണ്ടിനെയും ഇന്ന് തീർത്തും അനുകൂലിക്കുന്നില്ല. അവയുമായി ബന്ധപ്പെട്ടുള്ള നിരവധി നൂലാമാലകൾ ഒഴിവാക്കി നടപടിക്രമങ്ങൾ എളുപ്പമാക്കുകയാണ് ഈ മെത്രാൻ സമ്മേളനത്തിലൂടെ പോപ്പ് ലക്ഷ്യമിടുന്നത്. വിവാഹമോചനത്തിനും പുനർവിവാഹത്തിനും അനുകൂലമായുള്ള സിവിൽ കോടതി വിധികളെ ചർച്ച് ഇന്ന് പൂർണമായും അംഗീകരിക്കുന്നില്ല. അതായത് സിവിൽ കോടതിയുടെ ഇത്തരം അനുകൂല വിധികളുണ്ടായാലും വിവാഹമോചനത്തിന് ചർച്ചിന്റെ അംഗീകാരം ലഭിക്കാൻ അനേകം കടമ്പകൾ കടക്കേണ്ടതുണ്ട്. ഇതിനായി ചിലപ്പോൾ അഞ്ച് വർഷത്തിലധികമെങ്കിലും എടുക്കാറുണ്ട്. ഇത്തരം നൂലാമാലകളിൽ വിഷമിക്കുന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാണ് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലഘൂകരിക്കാൻ പോപ്പ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് അംഗീകരിക്കാനായി നിയമത്തിൽ ഇളവ് അനുവദിക്കുന്നതിനെ യാഥാസ്ഥിതികരായ പുരോഹിതന്മാർ എതിർക്കുമെന്നുറപ്പാണ്. വിവാഹമോചനത്തെ അനുകൂലിക്കുന്നത് വിവാഹത്തിന്റെ അഭേദ്യതയെ നശിപ്പിക്കുമെന്നാണവർ വാദിക്കുക. യുഎസ് കർദിനാൾ റെയ്മണ്ട് ബർക്ക്, ഓസ്‌ട്രേലിയയിലെ കർദിനാൾ ജോർജ് പെൽ, ജർമനിയിലെ കർദിനാൾ ഗെർഹാർഡ് മുള്ളർ തുടങ്ങിയവർ ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ എതിർക്കുമെന്നുറപ്പാണ്. എന്നാൽ ഈ വക കാര്യങ്ങളിൽ പോപ്പ് അവസാന തീരുമാനമെടുത്തിട്ടില്ല. 2016 വരെ നിലവിലുള്ള നിയമങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP