Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മർകസ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

മർകസ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

മർകസ് നഗർ (കാരന്തൂർ): തീവ്രവാദ പ്രവണതകളെ ആത്മീയ ബോധനത്തിലൂടെ ചെറുത്തുതോൽപ്പിക്കുമെന്ന പ്രതിജ്ഞയോടെ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാർഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ആഗോള സമൂഹത്തിന്റെ പരിഛേദമായി 30 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ, ഭീകർക്കെതിരായ പോരാട്ടത്തിൽ ലോക ജനത ഒറ്റക്കെട്ടാണന്ന പ്രഖ്യാപനമായി.

നാലു നാൾ നീണ്ടു നിൽക്കുന്ന സമ്മേളനം സൗദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. ഫൈസ് അൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. അറബ് ലോകവും കേരളീയ സമൂഹവും തമ്മിലുള്ള ചിരപുരാതന ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിൽ മർകസ് ശിൽപി കാന്തപുരത്തിന്റെ മധ്യേഷ്യൻ യാത്രകൾ ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് സൗദി ഭരണകൂടത്തിന്റെ പ്രത്യേക അതിഥിയായി അദ്ദേഹത്തെ ഞങ്ങൾ സൗദിയിലേക്ക് ക്ഷണിച്ചത്. മർകസ് മതപഠനത്തോടൊപ്പം ശാസ്ത്രവും സാങ്കേതികവും കൂട്ടിയിണക്കുന്നു. വിജ്ഞാന രംഗത്ത് ലോക സമൂഹത്തിന് മാതൃക സൃഷ്ടിച്ച പൂർവ്വിക പണ്ഡിതന്മാരുടെ പാരമ്പര്യമാണ് കാന്തപുരവും മർകസും കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി രാജകുടുംബവും ജിദ്ദ ഭരണകൂടവും മർകസ് സമ്മേളനത്തിന് ആശംസകൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ചിത്താരി കെ പി ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ജിദ്ദ മേയർ ശൈഖ് ഉസ്മാൻ ബിൻ യഹ്‌യ അൽശഹ്‌രി, ബ്രൂണെ അംബാസഡർ സിദ്ദീഖ് അലി, ശൈഖ് അബൂമാജിദ്, ശൈഖ് അബ്ദുല്ല അൽശിബിലി, ശൈഖ് ഹാശിം ബിൻ അഹ്മദ് സ്വാലിഹ് അൽജൻദൻ (സൗദി അറേബ്യ), എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, അൻവർ ഉമർ, ബി.എം.മുംതാസ് അലി, അമാനുല്ലാ ഖാൻ, അബ്ദുൽ റശീദ് ഹാജി, എ.കെ.മുഹമ്മദ് ഫൗസിർ പ്രസംഗിച്ചു. ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

രാത്രി നടന്ന ആത്മീയ സംഗമത്തിൽ സയ്യിദ് അമീൻ മിയ ബറകാത്തി മുഖ്യാതിഥിയായിരുന്നു. സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി, സയ്യിദ് ളിയാഉൽ മുസ്തഫ, സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൽ, സയ്യിദ് ഹബീബ് കോയമ്മ തങ്ങൾ, സയ്യിദ് ഉണ്ണിക്കോയ തങ്ങൾ, സയ്യിദ് അതാഉല്ല തങ്ങൾ, സയ്യിദ് പി കെ എസ് തങ്ങൾ, സയ്യിദ് അസ്‌ലം ജിഫ്രി, സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ, സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഇ.കെ.മുഹമ്മദ് ഖാദിരി, അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ, അബ്ദുല്ല മുസ്ലിയാർ താനാളൂർ, പി എ ഹൈദ്രൂസ് മുസ്ലിയാർ, ഇ കെ ഹുസൈൻ ദാരിമി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ നേതൃത്വം നൽകി.

ഇന്ന് (വെള്ളി) വൈകീട്ട് മൂന്നിന് നോളജ് സിറ്റിയിൽ പ്രവാസി സംഗമം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. നാലിന് യുനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി എസ് ശിവകുമാർ നിർവ്വഹിക്കും. മർകസ് നഗറിൽ നാലിന് ആദർശ സമ്മേളനവും ഏഴിന് ഖുർആൻ സമ്മേളനവും നടക്കും. കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ, എം ഐ ഷാനവാസ് എം പി, എം എൽ എമാരായ സി മോയിൻകുട്ടി, അൻവർ സാദത്ത്. കാലികറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്‌ലർ ഡോ എം അബ്ദുസ്സലാം വിവിധ സെഷനുകളിൽ പ്രസംഗിക്കും. സമ്മേളനം ഞായാറാഴ്ച വൈകീട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും.   

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP