Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുമതം ആരേയും അകറ്റി നിർത്താൻ പറയുന്നില്ല; വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്ഥാപിത താത്പര്യക്കാർ; ഉഡുപ്പി ശീകൃഷ്ണ ക്ഷേത്രത്തിന് നിരവധി സംഭാവന നൽകിയവരാണ് മുസ്ലീങ്ങൾ; ഇഫ്താർ സംഗമം സംഘടിപ്പിച്ചതിന്റെ പേരിൽ വർഗീയ വിഷം ചീറ്റിയ ശ്രീരാമസേന നേതാവ് മുത്താലിക്കിന് മറുപടിയുമായി പേജാവർ മഠാധിപതി

ഹിന്ദുമതം ആരേയും അകറ്റി നിർത്താൻ പറയുന്നില്ല; വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്ഥാപിത താത്പര്യക്കാർ; ഉഡുപ്പി ശീകൃഷ്ണ ക്ഷേത്രത്തിന് നിരവധി സംഭാവന നൽകിയവരാണ് മുസ്ലീങ്ങൾ; ഇഫ്താർ സംഗമം സംഘടിപ്പിച്ചതിന്റെ പേരിൽ വർഗീയ വിഷം ചീറ്റിയ ശ്രീരാമസേന നേതാവ്  മുത്താലിക്കിന് മറുപടിയുമായി പേജാവർ മഠാധിപതി

രഞ്ജിത് ബാബു

മാംഗ്ലൂർ: മതത്തിന്റെ പേരിൽ തമ്മിലടി നടക്കുമ്പോൾ മുസ്ലിംങ്ങൾക്ക് വേണ്ടി നോമ്പു തുറ സംഘടിപ്പിച്ച് വ്യത്യസ്തനാവുകയാണ് പേജാവർ മഠാധിപതി സ്വാമി വിശ്വേശ്വര തീർത്ഥ. ഇക്കഴിഞ്ഞ റമദാനിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇഫ്ത്താർ സൗഹാർദ്ദ സംഗമം നടത്തി സ്വാമി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അന്ന ബ്രഹ്മഹാളിൽ നൂറിക്കണക്കിന് മുസ്ലീങ്ങൾ നോമ്പു തുറ നടത്തുകയും നമസ്‌ക്കാരം നിർവ്വഹിക്കുകയും ചെയ്തു. സ്വാമിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ മുസ്ലീങ്ങൾ പരസ്പരം ആശംസകൾ നേർന്നും ആലിംഗനം ചെയ്തുമാണ് മടങ്ങിയത്. സ്വാമി ഇഫ്ത്താർ സംഗമം നടത്തുമ്പോൾ ശ്രീരാമ സേന, ബജ്രംഗ് ദൾ, തുടങ്ങിയ സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. എന്നാൽ അതിലൊന്നും പിറകോട്ടടിക്കാൻ സ്വാമി നിന്നില്ല. അദ്ദേഹം ഉദ്ദേശിച്ച ചടങ്ങ് ഭംഗിയായി നിർവ്വഹിക്കപ്പെടുകയും ചെയ്തു. ശ്രീരാമ സേനാ അദ്ധ്യക്ഷൻ പ്രമോദ് മുത്താലിക് മറ്റ് ഹൈന്ദവ സംഘടനകളേയും ബിജെപി.യേയും ഒപ്പം കൂട്ടി എതിർക്കാനായിരുന്നു പദ്ധതി. എന്നാൽ സ്വാമിയുടെ തീരുമാനത്തിനു മുന്നിൽ എല്ലാ സംഘടനകളും ഒതുങ്ങി. ശ്രീരാമ സേനയുടെ പ്രതിഷേധം മാത്രമാണ് അരങ്ങേറിയത്.

സ്വാമി പറയുന്നത് ഇങ്ങിനെ. ഹിന്ദു മതം ആരേയും അകറ്റി നിർത്താൻ പറയുന്നില്ല. വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്ഥാപിത താത്പര്യക്കാരാണ്. ശ്രീരാമ സേനയേയും ഒപ്പം നിൽക്കുന്നവരേയും ആരോപിച്ചു കൊണ്ട് സ്വാമി ഉറച്ച നിലപാടെടുത്തു. അനാവശ്യ വിവാദങ്ങളാണ് അവരെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു. അതോടെ മറ്റ് ഹൈന്ദവ സംഘടനകൾ എതിർപ്പ് അവസാനിപ്പിച്ചു. ക്ഷേത്ര ഹാളിൽ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചതിൽ തെറ്റില്ലെന്നും ഹിന്ദു സമൂഹം സഹവർത്തിത്വം പുലർത്തുന്നവരാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയതെന്നും സ്വാമി പറയുകയും ചെയ്തു. ഉഡുപ്പി ശീകൃഷ്ണ ക്ഷേത്രത്തിന് നിരവധി സംഭാവന നൽകിയവരാണ് മുസ്ലീങ്ങളെന്നും അഷ്ടമഠസ്വാമിമാരും ഇതര സമുദായക്കാരുമായി നല്ല ബന്ധം പുലർത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്തിനനുസരിച്ച് ആചാരങ്ങളിലും മാറ്റം അനിവാര്യമാണെന്ന അഭിപ്രായക്കാരനാണ് വിശ്വേശ്വര തീർത്ഥ. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മഠാധിപതികളെ ആളുകൾ ചുമന്ന് കൊണ്ടു പോകുന്ന പല്ലക്കിൽ കയറ്റി പ്രദക്ഷിണം ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം മുമ്പ് ഇത്തരം ഒരു ചടങ്ങ് ഇനി ആവശ്യമില്ലെന്നും ഇനി വാഹനത്തിൽ സഞ്ചരിച്ചാലും ചടങ്ങ് പൂർത്തിയാക്കാമെന്നും അദ്ദേഹം നിലപാടെടുത്തു. വാഹനമോ മോട്ടോറോ ഇല്ലാത്ത കാലഘട്ടത്തിൽ നടന്ന ചടങ്ങ് അതേ രീതിയിൽ അനുഷ്ടിക്കുന്നത് ഇക്കാലത്ത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്നും ക്ഷേത്രോത്സവ കാലങ്ങളിൽ അദ്ദേഹം വാഹനത്തിൽ കയറിയാണ് പ്രദക്ഷിണം നടത്താറ്.

ബ്രാഹ്മണർ ഭക്ഷണം കഴിച്ച എച്ചിലിലയിൽ കീഴാളർ ശയന പ്രദക്ഷിണം നടത്തുന്ന ഉഡുപ്പി ക്ഷേത്രത്തിലെ ' മഡെസ്നാന ' എന്ന അനുഷ്ടാനത്തിനെതിരേയും വിശ്വശ്വര തീർത്ഥ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മഡെസ്നാനക്ക് ബദലായി ദേവന്റെ നിവേദ്യത്തിൽ ഉരുളുന്ന ചടങ്ങാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടെ ഒട്ടേറെ വിവാദങ്ങളും തല പൊക്കിയിരുന്നു. എന്നാൽ സ്വാമികൾ എച്ചിലിലയിൽ ഉരുളുന്ന നടപടിക്കെതിരെ ശക്തമായി നിലകൊണ്ടു. പൂർണ്ണ വിജയം കൈവരിച്ചില്ലെങ്കിലും ഈ ക്ഷേത്രത്തിൽ നിവേദ്യയിലയിൽ ഉരുളുന്ന രീതിയും ആരംഭിച്ചു കഴിഞ്ഞു. നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സ്വാമികളുടെ തീരുമാനം പിന്നീട് എല്ലാവരും അംഗീകരിക്കുകയാണ് പതിവ്. എന്നാൽ ശ്രീരാമ സേനയുടെ എതിർപ്പ് തുടരുമ്പോൾ തന്നെ സ്വാമികൾക്ക് അനുകൂലമായി എഴുത്തുകാരും ബുദ്ധി ജീവികളും രംഗത്തെത്തിയിട്ടുണ്ട്.

പ്രൊ. ബി.കെ. ചന്ദ്രശേഖർ, ഡോ. എം.എസ്. ആശാദേവി, ഡോ. മറുല സിദ്ധപ്പ, ഡോ. എസ്.ജി. സിദ്ധ രാമയ്യ, ഡോ. സിദ്ധ ലിംഗ, ഡോ. രാമചന്ദ്ര ഗൗഡ, എന്നീ ബുദ്ധി ജീവികളാണ് പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം ശ്രീരാമ സേന സമൂഹമധ്യത്തിൽ ഒറ്റപ്പെട്ടു കൊണ്ടിരിക്കയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP