Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്; ചാവറയച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരാക്കുന്ന ചടങ്ങുകൾ നാളെ ഇന്ത്യൻ സമയം 2.30മുതൽ

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്; ചാവറയച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരാക്കുന്ന ചടങ്ങുകൾ നാളെ ഇന്ത്യൻ സമയം 2.30മുതൽ

ചാവറയച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരാക്കുന്ന ചടങ്ങുകൾ നാളെ ഇന്ത്യൻ സമയം 2.30മുതൽ ആരംഭിക്കും. അൽഫോൻസാമ്മയ്ക്ക് പിന്നാലെ വിശുദ്ധ നിരയിലേക്കെത്തുന്ന വിശുദ്ധരാണ് ചാവറയച്ചനും ഏവുപ്രാസ്യാമ്മയും. വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചനെയും എവുപ്രസ്യമ്മയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള ചടങ്ങുകൾ നാളെ 2.30മുതലാണ് ആരംഭിക്കുക. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരുടെ നിരയിലേക്കു പേരുവിളിക്കും. ഇറ്റലിയിൽനിന്നുള്ള നാലുപേർ കൂടി ഞായറാഴ്ച വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നുണ്ട്.

ഈ അപൂർവ്വ അനുഭവത്തിന് നേരിട്ട് സാക്ഷികളാകാൻ ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് മലയാളികൾ വത്തിക്കാനിലേക്ക് ഒഴുകുകയാണ്. കേരളത്തിനു പുറമേ യൂറോപിലാകമാനം താമസിക്കുന്ന പ്രവാസി മലയാളികളും ഈ വിശുദ്ധ നിമിഷത്തിന് സാക്ഷികളാകാൻ പോകുന്നുണ്ട്. കേരള കത്തോലിക്കാ സഭ വിശ്വാസികളുടെ ഈ അപൂർവ്വ ദിവസം നേരിട്ട് റിപ്പോർട്ട് ചെയ്യാൻ മറുനാടൻ മലയാളി ടീംഅംഗങ്ങളായ ടോമിച്ചൻ കൊഴുവനാലും ഫ്രാൻസിസ് ആന്റണിയും റോമിലെത്തിക്കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള ഒരുവിധം എല്ലാ മാദ്ധ്യമങ്ങളും ഈ പ്രോഗ്രാം ലൈവ് ആയി സംപ്രക്ഷേപണം ചെയ്യുന്നതിനായി റോമിൽ എത്തികഴിഞ്ഞു. പ്രധാനമായും കോട്ടയം തൃശൂർ, ജില്ലകളിൽ നിന്നുള്ള വിശ്വാസികളാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ റോമിലേക്ക് എത്തിയിരിക്കുന്നത്.

നാളെ രാവിലെ പത്തു മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റർസ് ബസലിക്ക സ്‌ക്വയറിൽ വച്ചാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പോപ്പ്, സാമൂഹ്യ പരിഷ്‌കർത്താവായി അറിയപ്പെടുന്ന ചാവറ കുര്യാക്കോസ് അച്ചനെയും എവുപ്രസ്യമ്മയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തുക. കർദിനാൾമാരും, ബിഷപ്പുമാരും, വൈദികരും, സന്യാസിനികളും, അല്മായരും ഉൾപ്പടെ പതിനായിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ സംബന്ധിക്കും. ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ മാദ്ധ്യമങ്ങളിലൂടെ ഈ വിശുദ്ധ നിമിഷത്തിന് സാക്ഷ്യം വഹിക്കും. ചാവറ അച്ചന്റെയും എവുപ്രസ്യമ്മയുടെയും ബന്ധുക്കളായി നാട്ടിൽ നിന്നും വന്നിട്ടുള്ള 80 പേർക്ക് പോപ്പിനെ നേരിട്ട് കാണാൻ അനുവാദം ലഭിച്ചിട്ടുണ്ട്. കൂടാതെ 24 നു രാവിലെ ഒമ്പത് മണിക്ക് കൂടുതലും മലയാളികൾ മാത്രം പങ്കെടുക്കാൻ സാധ്യതയുള്ള കൃതജ്ഞതാ ബലിക്ക് മുമ്പായി പോപ്പ് പ്രത്യേക സന്ദേശം നല്കും.

കേരളത്തിൽ നിന്ന് മന്ത്രിമാരായ പി ജെ ജോസഫ്, കെ സി ജോസഫ്, മാന്നാനം ഉൾപ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധിയായ ജോസ് കെ മാണി എം പി, ജോസഫ് വാഴക്കൻ എംഎൽഎ, മുൻ എംഎൽഎ തോമസ് ചാഴികാടൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യാവസാനം ചടങ്ങുകളിൽ പങ്കെടുക്കും. ജോസ് കെ മാണി എം പി 21 നു വൈകുന്നേരം റോമിൽ എത്തിച്ചേരും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള കേന്ദ്ര സർക്കാർ സംഘത്തെ പി ജെ കുര്യൻ നയിക്കും.

വിശുദ്ധപദ പ്രഖ്യാപനച്ചടങ്ങിൽ സംബന്ധിക്കാൻ ഒല്ലൂരിൽനിന്ന് 600 പേരാണ് എത്തുക. സെന്റ് മേരീസ് മഠത്തിലെ എവുപ്രാസ്യ സെന്ററിൽനിന്നു മാത്രം 400ഓളം പേരാണ് റോമിലെത്തുക. തൃശ്ശൂർ അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്താണ് ഇരുവരുടെയും തിരുശേഷിപ്പുകളുമായി ഒരാഴ്ച മുമ്പേ പുറപ്പെട്ടത്. മാർ ജേക്കബ്ബ് തൂങ്കുഴി, മാർ പോളി കണ്ണൂക്കാടൻ എന്നിവരും റോമിലെ ചടങ്ങുകളിൽ പങ്കെടുക്കും. സിഎംഐ, സി.എം.സി. സന്യാസിനി സമൂഹങ്ങളുടെ അധിപരായ വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ നൂറോളം പേരുടെ സംഘം വേറെയുമുണ്ട്. ഫാ. നോബി അമ്പൂക്കനാണ് ഒല്ലൂരിലെ സംഘത്തെ നയിക്കുക. സി.എം.സി. മദർ ജനറാൾ സിസ്റ്റർ സാങ്റ്റ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ക്ലൂയോപാട്ര, സിസ്റ്റർ റാണി ജോർജ്, സിസ്റ്റർ സ്‌റ്റെന്നി ഗ്രേയ്‌സ്, കൂടാതെ സി.എം.സി.യുടെ 20ഓളം പ്രൊവിൻസുകൾ, റീജണുകൾ എന്നിവിടങ്ങളിൽനിന്നും കന്യാസ്ത്രീമാരുടെ യാത്രാസംഘവും യാത്രതിരിച്ചിട്ടുണ്ട്.

സി.എം.ഐ. തൃശ്ശൂർ ദേവമാത പ്രൊവിൻസ്, കാട്ടൂർ, ഇരിങ്ങാലക്കുട, തൃശ്ശൂർ എന്നിവിടങ്ങളിൽനിന്നും വിശുദ്ധപദ പ്രഖ്യാപനച്ചടങ്ങിന് പോകുന്നവരുമുണ്ട്. എവുപ്രാസ്യമ്മയുടെ വിശുദ്ധയെന്ന നാമകരണത്തിന് അത്ഭുത രോഗശാന്തി സ്ഥിരീകരിച്ച ജൂവലും കുടുംബവും ഇരിങ്ങാലക്കുടയിൽനിന്നാണ് യാത്ര പുറപ്പെട്ടത്. മിറക്കിൾ കോടതിയിൽ രോഗശാന്തി സാക്ഷ്യപ്പെടുത്തിയ ഡോ. രാജീവ്‌റാവുവും മെഡിക്കൽ ടീമും റോമിലെത്തും. 23ന് അതിരാവിലെതന്നെ എല്ലാ തീർത്ഥാടകരും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രത്യേകവേദിയിൽ സന്നിഹിതരാകും. സി എം ഐ സഭാ സമൂഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും എത്തുന്ന വിശിഷ്ട അതിഥികളെയും, വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വിശ്വാസികളെയും സ്വീകരിക്കുന്നതിനായി റോമിലെ മലയാളി സമൂഹം ഒരുങ്ങി കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് വിശുദ്ധ അൽഫോൻസമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയപ്പോൾ ഉണ്ടായ സാഹചര്യമാണ് ഇപ്പോൾ റോമിലെ മലയാളികൾക്ക് അനുഭവപെടുന്നത് എന്ന് റോമിലെ മലയാളികൾ പറയുന്നു.

1805 ഫെബ്രുവരി 5 ന് ആലപ്പുഴ ജില്ലയിൽ കൈനകരിയിൽ ജനിച്ച ചാവറയച്ചൻ 1818ൽ പൗരോഹിത്യവ്രതം സ്വീകരിക്കുകയും 1829ൽ ആദ്യ ദിവ്യബലിയർപ്പിക്കുകയും ചെയ്തു. 1831ൽ സിഎംഐ സഭയും 1866ൽ സിഎംസി സന്യാസിനീസഭയ്ക്കു രൂപം നല്കുകയും ചെയ്തു. ചാവറയച്ചൻ സ്ഥാപിച്ച സിഎംസി സന്യാസസഭയിലെ അംഗമായിരുന്നു വാഴ്‌ത്തപ്പെട്ട എവുപ്രാസ്യാമ്മ. 1877 ഒക്‌ടോബർ ഏഴിന് തൃശൂർ ജില്ലയിലെ കാട്ടൂരിലായിരുന്നു ജനനം. 1900 മെയ് 24നാണ് സന്യാസവ്രതം സ്വീകരിച്ചത്. മാതാവിനോടുള്ള ഭക്തിയും പ്രാർത്ഥനയും ആയിരുന്നു എവുപ്രസ്യമ്മയുടെ ജീവിത മുഖമുദ്ര. 1952 ഓഗസ്റ്റ് 23ന് ആയിരുന്നു എവുപ്രാസിയാമ്മയുടെ മരണം.

പുണ്യനിമിഷത്തിന്റെ മുന്നോടിയായി റോമിലെ സിറോ മലബാർ കമ്മ്യുണിറ്റി യുടെ അഭ്യമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് റോമിലെ മരിയ മജോറി ബസിലിക്കയിൽ വിജിൽ സർവീസ് ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർടിനാൽ മാർ ജോർജ്ജ് ആലഞ്ചേരി, കർദിനാൾ മാർ ക്ലീമീസ് ബാവ മറ്റു ബിഷപ്പുമാർ, വൈദികർ, സിസ്‌റ്റേർസ് ഉൾപെടെ കേരളത്തിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമെത്തിയിട്ടുള്ള മലയാളികളും പങ്കെടുക്കും.

സവർണമേധാവിത്വം നിലനിന്നിരുന്ന കേരളത്തിൽ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നതും മലയാളത്തിലെ ആദ്യ ദിനപത്രമായ നസ്രാണി ദീപിക' മാന്നാനത്ത് ആരംഭിച്ചതും ചാവറയച്ചനാണ്. 1871 ജനുവരി മൂന്നിന് കൂനമ്മാവിലാണ് ചാവറ അച്ചൻ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP