Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനന്ദ ദായകം ഈ ജീവിതം?

ആനന്ദ ദായകം ഈ ജീവിതം?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ബ്രിയേൽ ദൈവദൂതൻ മറിയത്തോട് മംഗളവാർത്ത അറിയിക്കുന്നതാണ് സുവിശേ ഭാഗം. മംഗളവാർത്തയിൽ തന്നെ ഒരു മംഗളം, സന്തോഷം ഉണ്ടെങ്കിലും 28ാം-മത്തെ വചനം പ്രത്യേകം ശ്രദ്ധിക്കണം. ''കൃപ നിറഞ്ഞവളെ, ആനന്ദിച്ചാലും.'' ഇതാണ് ദൈവദൂതൻ മറിയത്തോട് പറയുന്നത്. ആനന്ദിക്കുന്നതിന്റെ കാരണം വന്നു ചേർന്നിരിക്കുന്ന ദൈവകൃപയാണ്.

മുന്നോട്ട് പോകുമ്പോൾ ഇതേ കാര്യം തന്നെ ആവർത്തിക്കപ്പെടുന്നുണ്ട്. മറിയത്തിന്റെ ചോദ്യത്തിന് മാലാഖയുടെ ഉത്തരമാണ്. ''കാരണം നീ ദൈവ സന്നിധിയിൽ കൃപ കണ്ടെത്തയിരിക്കുന്നു'' (1: 30). സന്തോഷത്തിന്റെയും ഹൃദയാനന്ദത്തിന്റെയും കാരണമായി പറയുന്നത് ''കൃപ കണ്ടെത്തലാണ്'' ഓരോ ദിവസവും നമ്മിലേക്ക് കടന്നു വരുന്ന ദൈവ കൃപകളെ തിരിച്ചറിയുക, കണ്ടെത്തുക - എങ്കിൽ സന്തോഷിക്കാനാകും, ആനന്ദിക്കാനാകും. ജീവിതത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനുള്ള വഴിയാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൃപ കടന്നു വരുന്ന സാഹചര്യമാണ്, വഴിയാണ്. മംഗളവാർത്തയെക്കുറിച്ചുള്ള ഒരു പാരമ്പര്യമുണ്ട്. അപ്പോക്രിഫാ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള പാരമ്പര്യം. നസ്രത്തിലെ മംഗളവാർത്ത പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി ഒരു ഉറവയുണ്ട്, കിണറും. പണ്ട് കാലം മുതലുള്ള ഉറവയാണ്. പണ്ട് ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വെള്ളം കോരാൻ വന്നിരുന്നത് അവിടെയായിരുന്നു. മാതാവ് അവിടെ വെള്ളം എടുക്കാൻ വന്നപ്പോഴാണ് ദൈവ ദൂതൻ പ്രത്യക്ഷപ്പെട്ട് മംഗള വാർത്ത അറിയിച്ചതെന്നാണ് പാരമ്പര്യം.

വെള്ളം കോരുക അനുദിന ജീവിതത്തിലെ സാധാരണ പ്രവർത്തിയാണ്. അനുദിന ജീവിതത്തിലെ സാധാരണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് മറിയത്തിന് മാലാഖ പ്രത്യക്ഷപ്പെടുന്നത്, ദൈവകൃപയുടെ വാർത്ത അവളെ അറിയിക്കുന്നത്. അതായത് അനുദിന ജീവിതത്തിന്റെ സാധാരണകളിലാണ് ദൈവകൃപ നമ്മിലേക്ക് കടന്നു വരുന്നതെന്നു സാരം. അതിനാൽ നിന്റെ ജീവിതത്തിലെ സാധാരണ സംഭവങ്ങളെ നീ ശ്രദ്ധിക്കുക. അവയിലൂടെയാൺ ദൈവത്തിന്റെ കരം, ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ അത്ഭുതപ്പെടുത്തൽ നിന്നിലേക്ക് കടന്നു വരുന്നത്. അതിനെ തിരിച്ചറിയുക, സ്വീകരിച്ചനുഭവിക്കുക. ജീവിതം ആനന്ദകരമാകാനുള്ള വഴിയാണത്.

പ്രസന്നയെന്ന ക്യാൻസർ രോഗിയുടെ കഥ. രണ്ട് പ്രാവശ്യം ക്യാൻസർ വന്ന് ക്ലേശിച്ചിട്ടും പ്രസന്നതയോടെ ക്യാൻസർ രോഗികളെ ശുശ്രൂഷിക്കുന്ന സ്ത്രീ *(ഓഡിയോ കേൾക്കുക)* അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെ കടന്നു വരുന്ന കൃപകളെ തിരിച്ചറിഞ്ഞു അനുഭവിക്കുക. ജീവിതം ആനന്ദകരമാകാനുള്ള വഴിയാണത്.

ആനന്ദത്തിന് രണ്ടാമത് ഒരു കാരണം കൂടി പറയുന്നുണ്ട്- ''ദൈവകൃപ നിറഞ്ഞവളേ ആനന്ദിച്ചാലും, കാരണം കർത്താവ് നിന്നോടു കൂടെ'' (1: 28). ആനന്ദതതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ''ആനന്ദിച്ചാലും, കാരണം കർത്താവ് നിന്നോടു കൂടെ'

അനുദിനം നിന്നിലേക്ക് വരുന്ന ദൈവകൃപകളെ തിരിച്ചറിയുക. അതോടൊപ്പം നിന്റെ കൂടെയുള്ള കർത്താവിന്റെ സാന്നിധ്യം തിരിച്ചറിയുക, അനുഭവിക്കുക. ''കർത്താവ് നിന്റെ കൂടെയാണെന്നു അനുഭവിച്ചറിയുക'' - ആനന്ദിക്കാനുള്ള അടിസ്ഥാന മാർഗ്ഗമിതാണ്. നിന്നിലെ ദൈവ സാന്നിധ്യത്തെ, നിന്നിലെ കർതൃസാന്നിധ്യത്തെ തിരിച്ചറിയുക, അനുഭവിക്കുക. അപ്പോൾ ആനന്ദം നിന്റെ ജീവിതത്തിന്റെ സ്ഥായിയായ ഭാഗമായി മാറും.

ഡിസംബർ 2ാം തീയതിയിലെ ഫ്രാൻസിസ് പാപ്പായുടെ വിമാനത്തിലെ പ്രസ് കോൺഫറൻസ്. സുവിശേഷം പ്രസംഗിക്കുക എന്താണെന്നുള്ള പാപ്പായുടെ വിശദീകരണം *(ഓഡിയോ കേൾക്കുക)* നിന്റെ ഉള്ളിലെ സുവിശേ സാന്നിധ്യം നീ തിരിച്ചറിയുക. അത് ക്രിസ്തു സാന്നിധ്യമാണ്, ദൈവ സാന്നിധ്യമാണ്. നിന്റെ ഉള്ളിലെ ഈ ക്രിസ്തു സാന്നിധ്യത്തെ സജീവമാകാൻ നീ അനുവദിക്കുക. അപ്പോഴാണ് നിന്റെ ജീവിതം ആനന്ദം കൊണ്ടു നിറയുന്നത്. സുവിശേഷം ജീവിക്കുന്നതിന്റെ ആനന്ദമാണത്.

മാതാവിന്റെ മംഗളവാർത്ത നമ്മോടു പറഞ്ഞു തരുന്നത് - ജീവിതം ആനന്ദകരമാകാനുള്ള മാർഗ്ഗമാണ്. അതിന്, അനുദിന ജീവിതത്തിൽ നിന്നിലേക്ക് വരുന്ന ദൈവകൃപകളെ തിരിച്ചറിഞ്ഞ്, അനുഭവിക്കുക, അതോടൊപ്പം, നിന്റെ കൂടെയുള്ള, നിന്റെ ഉള്ളിലുള്ള ദൈവ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അനുഭവിക്കുക. ആ ക്രിസ്തു സാന്നിധ്യത്തെ നിന്നിൽ സജീവമാകാൻ അനുവദിക്കുക. അങ്ങനെ അനുദിന ജീവിതത്തിൽ നിന്നിലെ ജീവൻ കൂടുതൽ കൂടുതൽ സജീവമാകട്ടെ. നിന്നിലെ ദൈവ സാന്നിധ്യം കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കട്ടെ. അപ്പോൾ നിന്റെ ജീവിതം ആനന്ദകരമാകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP