Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

 നീ ഉടമസ്‌തനല്ല, കാര്യസ്‌ഥൻ മാത്രം

 നീ ഉടമസ്‌തനല്ല, കാര്യസ്‌ഥൻ മാത്രം

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ ഒരു കഥ പറയുകയാണ് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ കഥ. അവൻ കഥ പറയുന്നത് യൂദാമതനേതാക്കളോടാണ് (21: 45) എന്തിനാണ് ഈശോ ഈ കഥ പറയുന്നത്? പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനോടു ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് ഈശോ ഈ കഥ പറയുന്നത്. പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു. ''എന്ത് അധികാരിത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നൽകിയത് ആരാണ്'' (21: 23)​.​ ഈ ചോദ്യത്തിന് ആദ്യം മറുചോദ്യം ചോദിക്കുകയും തുടർന്ന് ഉത്തരം പറയില്ലെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും ഈശോ അവസാനം രണ്ട് ഉപമകളിലൂടെ അവരുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ്​.​ അതിൽ രണ്ടാമത്തെ ഉപായമാണിത്.

ഈശോയുടെ അധികാരത്തെയാണ് മതനേതാക്കൾ ചോദ്യം ചെയ്യുന്നത്. എന്തിനുള്ള അധികാരമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്? തൊട്ടു മുമ്പുള്ള സുവിശേഷ സംഭവമാണ് ഈ ചോദ്യം ചെയ്യപ്പെടലിന്റെ വിഷയം.

''യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു. അവൻ അവരോടു പറഞ്ഞു. എന്റെ ഭവനം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കവർച്ചക്കാരുടെ ഗുഹയായിരിക്കുന്നു'' (മത്താ 21: 12 - 13)​.​ ജറു​സ​ലേം ദേവാലയത്തിലെ ക്രയവിക്രയം നിർത്തലാക്കുകയും അതിനെ പ്രാർത്ഥനാലയമായി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനെയുമാണ് മതനേതാക്കൾ ചോദ്യം ചെയ്യുന്നത്.

ചുരുക്കത്തിൽ ജറു​സ​ലേം ദേവാലയത്തിലെ ഈശോയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന മതനേതാക്കൾക്കുള്ള മറുപടിയാണിത്. ജറു​സ​ലേം ദേവാലയത്തിന്റെയും ​മത​മേഖലയുടെയും അധികാരികൾ തങ്ങളാണ് എന്ന് കരുതിയിരുന്നവർക്കുള്ള മറുപടിയാണീ ഉപമ.

ഈ ഉപമ മനസ്സിലാകണമെങ്കിൽ അന്നത്തെ പാല​സ്‌ഥീനായിലെ കാർഷികമേഖലയിൽ നിലനിന്നിരുന്ന രീതി മനസ്സിലാക്കണം. എളുപ്പത്തിനായി കുട്ടനാട്ടിൽ നിലവിലിരുന്ന സമാനമായൊരു കാർഷിക രീതി ശ്രദ്ധിക്കാം.

കൃഷിനിലങ്ങളുടെ ഉടമ സാധാരണരീതിയിൽ വൻജന്മിയായിരിക്കും. അയാൾ പലപ്പോഴും തന്റെ കായൽനിലങ്ങളിൽ സ്വന്തമായി കൃഷിയിറക്കാറില്ല. അതിനുപകരം, അയാൾ തന്റെ നിലം പാട്ടത്തിന് കൊടുക്കും. അങ്ങനെ നിലം പാട്ടത്തിനെടുക്കുന്ന പാട്ടകൃഷിക്കാരാണ് സാധാരണ കൃഷിയിറിക്കുക.
പിന്നീട് വിളവെടുപ്പിന്റെ സമത്ത് പാട്ടകൃഷിക്കാർ, ഉടമസ്ഥനുള്ള വിഹിതം കൊടുക്കാൻ ​ബാ​ധ്യസ്ഥനായിരുന്നു. ഇതായിരുന്നു കുട്ടനാട്ടിലെ കൃഷിരീതി. അൽപ്പസ്വൽപ്പം വ്യത്യാസങ്ങളോടെ കുട്ടനാട്ടിലെ കൃഷിരീതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഇതിന് സമാ​നമായൊരു കാർഷിക സംവിധാനമാണ് പാലസ്ഥിനായിലും ഉണ്ടായിരിക്കുന്നത്. ഉടമസ്ഥൻ മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച് സുരക്ഷിതമാക്കിയിട്ട് പാട്ടക്കാരെ ഏൽപ്പിച്ച് പോയി. അവരാണ് ഉപമയിലെ കൃഷിക്കാർ. വിളവെടുപ്പിന്റെ സമയമായപ്പോൾ ഉടമസ്ഥൻ തന്റെ വിഹിതം ശേഖരിക്കാനാണ് ആദ്യം ഭൃത്യരെയും പിന്നീട് സ്വന്തം പുത്രനെയും അയക്കുന്നത്. അവരെയാണ് പാട്ടകൃഷിക്കാർ ഉപദ്രവിക്കുന്നത്. അവസാനം മുന്തിരിത്തോട്ടത്തിന്റെ അവകാശം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ​അവർ ​പുത്രനെ കൊല്ലുകയും ചെയ്യുന്നു.

ജറുശലേം ദേവാലയത്തിലെ ഈശോയുടെ അധികാരം ചോദ്യം ചെയ്യുന്ന മതനേതാക്കളോട് ഈശോ ഉപമയിലൂടെ പറയുന്നത്​ ​ ​ഇതാണ് ​- അവർ അവകാശികളല്ല, മറിച്ച് വെറും പാട്ടകൃഷിക്കാരാ​ണ്​. പ്രധാനപുരോഹിതരും ​​ഫരിസേയരും ജറുശലേം ദേവാലയത്തിന്റെയും മതമേഖലയുടെയും ഉടമസ്ഥരല്ല, മറിച്ച് വെറും സൂക്ഷിപ്പുകാരും കാര്യസ്ഥന്മാരുമാണെന്നാണ്. മതമേഖലയുടെ യഥാർത്ഥ അവകാശി കൊല്ലപ്പെടാൻ പോകുന്ന പുത്രനായ താൻ തന്നെയാ​ണെന്ന് ​ ഈശോ അവകാശപ്പെടുന്നു.

ആത്മീയ നേതാക്കൾക്ക് അന്ന് പറ്റിയ വലിയ അബദ്ധം തെറ്റായ താ​ദാത്മ്യപ്പെടലിന്റെയായിരുന്നു. ജറുശലേം ദേവാലയത്തിന്റെയും മതനേതാക്കളുടെയൊക്കെ ഉടമസ്ഥരായി യൂദമതനേതാക്കൾ സ്വയം ക​ണക്കാക്കി. അതിനാലാണ് ദേവാലയത്തിനുള്ളിലെ ക്രയവിക്രയം തടഞ്ഞ ഈശോ​,​ അവരുടെ അവകാശത്തിൽ കൈകടത്തിയതായി അവർക്ക് തോന്നിയത്. അതിനാലാണ് അവർ ഈശോയെ ചോദ്യം ചെയ്തത്.

ഇന്നും മതമേഖലയ്ക്കും ആത്മീയ നേതാക്കൾക്കും പറ്റാവുന്ന അബദ്ധം ഇതു തന്നെയാണ് - മതമേഖലയുടെയും ആത്മീയതയുടെയും ഉടമസ്ഥരായി സ്വയം കരുതുക. ആത്മീയമേഖലയെ സ്വകാര്യ സ്വത്തായി കാണാനുള്ള പ്രലോഭനം ആത്മീയ നേതാക്കളുട വലിയ പ്രലോഭനമാണ്. പള്ളിയും പരിസരവും തങ്ങളുടെ സ്വന്തമാണെന്ന ചിന്തു, കുർബാനയും കൂദാശകളും തങ്ങളുടെ അവകാശമാണെന്ന ചിന്ത, ആത്മീയത തങ്ങളുടെ സ്വകാര്യസ്വത്താണെന്ന ചിന്ത.

ഈ പ്രലോഭനത്തെയാണ് ഈശോ തിരുത്തുന്നത്. മതമേഖലയിലും ആത്മീയ മേഖലയിലും ശുശ്രൂഷ ചെയ്യുന്നവരോ​ടും​ നേതാക്കളോടും ഈശോ അസന്നി​ഗ്ദ്​മായി പ്രഖ്യാപിക്കുന്നു - മതമേഖലയുടെ ഉടമസ്ഥർ നിങ്ങളല്ല. അതിന്റെ ഉടമസ്ഥൻ ദൈവം തമ്പുരാനാണ്. നിങ്ങളൊക്കെ വെറും സൂക്ഷിപ്പുകാരും സേവകരും കാര്യസ്ഥരും മാത്രമാണ്.

ഉടമസ്ഥന്റെ ഓഹരി വാങ്ങിക്കാൻ ഉടമസ്ഥനായ തമ്പുരാൻ നേരിട്ടു വരാറില്ല. മറിച്ച്​,​ സ്വന്തം ദൂതരെ അയക്കുകയാണ് ചെയ്യുന്നത്. അവസാനം യഥാർത്ഥ അവകാശിയായ സ്വന്തം പുത്രനെയും​.​ അതിനാൽ​ ​കൂദാശകൾക്കും​ ആത്മീയ ശുശൃഷയ്കും മുമ്പിൽ വരുന്നവരൊക്കെ ഒന്നുകിൽ യഥാർത്ഥ അവകാശിയായ പുത്രരോ, അല്ലെങ്കിൽ ഉടമസ്ഥൻ അയക്കുന്ന ദൂതരോ ആണ്. മുമ്പിൽ വരുന്ന ദൂതർക്കും അവകാശികൾക്കും ഉദാരമായി കൊടുക്കുക എന്നതാണ് കാര്യസ്ഥരുടെ ചുമതല.

ചുരുക്കത്തിൽ ആത്മീയ നേതാക്കൾ - അവർ വൈദികരാണെങ്കിലും ​സമർപ്പിതരാണെങ്കിലും ധ്യാനഗുരുക്കന്മാരാണെങ്കിലും - മറക്കാ​തിരിക്കേണ്ട സത്യം​,​ അവൻ ഉടനസ്ഥരല്ലെന്നതാണ്​.​ അതോടൊപ്പം​,​ അവരുടെ മുമ്പിൽ വച്ച് ഓച്ഛാനിച്ചു നിൽക്കുന്നവരാണ് മതമേഖലയുടെ യഥാർത്ഥ അവകാശികൾ. അതിനാൽ കാര്യസ്ഥ​ർ ​ അവകാശികളായ പുത്രരുടെ മേൽ കുതിര കയറരുത്. മറിച്ച് അവകാശി പുത്രരെ ബഹുമാനത്തോടെ ശുശ്രൂഷിക്കുകയാണ് ചെയ്യേണ്ടത്.

തെറ്റായ ആത്മബോധമാണ് ആത്മീയ നേതാക്കൾക്ക് പി​ണ​യാവുന്ന ഏറ്റവും വലിയ അബദ്ധം. വെറും സൂക്ഷിപ്പുകാരായവർക്ക് ഉടമസ്ഥരാണെന്ന തെറ്റിദ്ധാരണ ഉണ്ടാവുന്നതാണിത്. ഉടമസ്ഥരാണെന്ന് തെറ്റിദ്ധരിക്കുന്നതിന്റെ പരിണിതഫലം എന്താണ്? മുമ്പിൽ വന്നു നിൽക്കുന്ന യഥാർത്ഥ അവകാശികൾക്ക് അവരുടെ വിഹിതം കൊടുക്കാൻ ​അ​വർ മടകാണിക്കും. പോരാ​,​ യഥാർത്ഥ അവകാശികളെ കല്ലെറിയുകയും അടിക്കുകയും കൊല്ലുകയും ചെയ്യും (21:35)​.​ യഥാർത്ഥ അവകാശികളെ ശുശ്രൂഷിക്കുന്നതിനു പകരം പീഡിപ്പിക്കുകയും ഭാരപ്പെടുത്തുകയും ചെയ്യുന്ന ആത്മീയ കാര്യസ്ഥന്മാർക്ക് നേരെയാണ് ഈശോ വിരൽ ചൂണ്ടുന്നത്.

കാൻസറിന്റെ വിദഗ്ദ്ധ ഡോക്ടർ വി. പി,. ഗംഗാദരൻ പറഞ്ഞ ഒരു സംഭവമുണ്ട്. ഒരിക്കൽ ഒരു മുക്കുവൻ കാൻസർ ബാധി​ച്ച്​ അദ്ദേഹത്തിന്റെയടുത്ത് ചികിത്സയ്ക്ക് വന്നു. ചികിത്സ തുടങ്ങി. മുമ്പോട്ടു പോയി. എന്നും വരുമ്പോൾ അയാൾ പോകാൻ ധൃതികൂട്ടും. കാരണം​,​ ചെന്നിട്ട് കൂട്ടരുടെ കൂടെ മീൻപിടിക്കാൻ പോകണം.​​

വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ഗംഗാധരൻ ഡോക്ടർ അവരുടെ മീൻപിടുത്ത രീതിയെക്കുറിച്ച് ചോദിച്ചു. ഒരു സംഘമായിട്ടാണ് പോകുക. ഒരു വള്ളത്തിൽ കുറേപ്പേ​ർ കാണും​​. ​കടലിൽ മത്സ്യകൂട്ടത്തെ കണ്ടാൽ അവർ ഉടനെ മറ്റു വള്ളക്കാരെയും വിളിച്ചു വരുത്തും.

കണ്ട മീനെല്ലാം തന്നത്താൻ പിടിക്കാതെ എന്തിനാ​ണ് ​ മറ്റുള്ള വരെ കൂടി വിലിച്ചു കൂട്ടന്നതെന്ന് ഡോക്ടർ ചോദിച്ചു.

അപ്പോൾ അയാൾ പറഞ്ഞു ''മീനെല്ലാം കടലമ്മയുടെയല്ലേ'' നമ്മുടെ സ്വന്തമല്ലല്ലോ. പിന്നെ എപ്പോഴാണ് മീനും നമ്മുടെ ജീവൻ പോലും പുറംകടലിൽ അവസാനിക്കുന്നതെന്ന് പറയാൻ പറ്റില്ലല്ലോ?

ഇത്തവണ ഡോക്ടർ മറ്റൊരു സംശയം ഉന്നയിച്ചു. ''എങ്കിൽ കരക്കെത്തിയാൽ ഇ​തേ ​പോലെ തന്നെ കിട്ടിയ മീനെല്ലാം മറ്റുള്ളവരുമായി പങ്കു വയ്ക്കുമോ''

അതില്ലെന്ന് അയാൾ പറഞ്ഞു. കാരണം കരക്കെത്തിയാൽ നമ്മുടെ ജീവനും സ്വത്തിനും ​ഒരു ഉറപ്പായല്ലോ എന്നായിരുന്നു ​അയാളുടെ മറുപടി.

ആരാണ് യഥാർത്ഥ ഉടമസ്ഥൻ എന്നതാണ് പ്രധാന ചോദ്യം. മരണ ചിന്ത നിലനിൽക്കുമ്പോൾ മാത്രമേ ഇതിന് ശരിയായി മറുപടി പറയാനാവൂ. എന്റെ ശരീരമെന്നാണ് ​സാധാരണ ​ഞാൻ പറയാണ്. എന്റെ വീട്, എന്റെ സമ്പത്ത്, എന്റെ സ്ഥാനമാനങ്ങൾ. മരണ ചിന്തയെ മുമ്പിൽ വച്ച് ഇതിനെയൊക്കെ ഒരു വിലയിരുത്തിക്കേ.

മരിക്കുമ്പോൾ എന്റെ പറമ്പും സമ്പത്തും എന്റേതാണോ? മരിക്കുമ്പോൾ എന്റെ ശരീരം എന്റേതാണോ? മരിക്കുമ്പോൾ എന്റെ ബുദ്ധി എന്റേതാണോ? എന്റേതാണെന്ന് കരുതിയതെല്ലാം മരണ സമയത്ത് എന്റെ കൈയിൽ നിന്നു വഴുതി പോകുന്നു എന്നതാണ് സത്യം. എങ്കിൽ ഞാൻ ഇതിന്റെയൊന്നും ഉടമസ്ഥനല്ല. മറിച്ച് താൽക്കാലികമായ സൂക്ഷിപ്പുകാരൻ മാത്രം​.​ എന്റെ സമ്പത്തിനും എന്റെ ശരീരത്തിനും എന്റെ മനസ്സിനും പുറകിൽ നിൽക്കുന്ന​ ​അതിനൊക്കെ ആധാരമായ എന്നിലെ ജീവനെ ​സമ്ബുഷ്ടമാക്കുക എന്നതാണ് പ്രധാനം.

അപ്പോൾ തെറ്റായ താരതമ്യപ്പെടലാണ് മൗലികമായ അബദ്ധം എന്നു വരുന്നു. എന്റേതല്ലാത്ത പലതിനെയും ഞാൻ എന്റെ സ്വന്തമായി കരുതി ഇറുക്കി പിടിക്കുന്നു. പോരാ, ഞാൻ ​അ​തിനോട് പലതിനോടും പലപ്പോഴും താരതമ്യപ്പെടു​ന്നു.​ എന്റെ ശരീരവുമായി താരതമ്യപ്പെട്ട് ഞാൻ എന്നെത്തന്നെ എന്റെ ശരീരമായി കരുതുന്നു. ഞാൻ എന്നെത്തന്നെ എന്റെ മനസ്സും ബുദ്ധി ശക്തിയുമായി കരുതുന്നു.

ഇവയിൽ നിന്നൊക്കെ ഒരകലം പാലിക്കാൻ പറ്റുന്നിടത്താണ് നമ്മൾ യഥാർത്ഥ ആത്മബോധത്തിലേക്ക് വ​ള​രുന്നത്. എന്റെ ഭൗതിക സമ്പത്തിന്റെയൊക്കെ ​താൽകാകാലി​ക ​ സൂക്ഷിപ്പുകാരൻ മാത്രമാണ് ഞാൻ. അതിനാൽ അതിൽ നി​ന്നൊക്കെ ​ ഒരകലം പാലിക്കുക. എന്റെ ശരീരത്തിന്റെയും ശാരീരിക നന്മകളുടെയും താൽക്കാലിക സൂക്ഷിപ്പുകാരൻ മാത്രമാണ് ഞാൻ. അതിനാൽ അവയിൽ നിന്നും ഒരകലം പാലി​ക്കുക.​ എന്റെ മനസ്സിന്റെയും അതിന്റെ കഴിവുകളുടെയും താൽക്കാലിക സൂക്ഷിപ്പുകാരൻ മാത്രമാണ് ഞാൻ. അതിനാൽ അവയിൽ നിന്നും ഒരകലം പാലിക്കുക. എന്റെ സാമൂഹ്യ സ്ഥാനമാനങ്ങളൊക്കെ എനിക്കുള്ള താൽക്കാലിക സമ്പത്തുകളാണ്​.​ അതിനാൽ അവയിൽ നിന്നും ഒരകലം പാലിക്കുക. ഇവയൊന്നുമായി താരതമ്യപ്പെ​ടാതിയ്കുക​.​ നീ ഇതിന്റെയൊന്നും ഉടമസ്ഥനല്ല, വെറും കാര്യസ്ഥൻ മാത്രം.

നമ്മുടെ സ്വന്തമെന്ന് കരുതുന്നവയിൽ നിന്നൊക്കെ ഒരകലം പാലിച്ചാൽ ലഭിക്കുന്നത് ഒരുതരം ആത്മസ്വാതന്ത്ര്യം ആയിരിക്കും. ഒരു ഉദാഹരണം പറയാം. ട്രാഫിക്ക ജാമിൽ പെട്ട് റോഡിൽ കിട​ക്കാത്ത ​ ആരും തന്നെ കേരളത്തിൽ കാണില്ല. ചിലപ്പോൾ റോഡിലൂടെ ജാഥയോ, പ്രദക്ഷിണമോ പോകുന്നതുകൊണ്ടാകാം. അല്ലെങ്കിൽ റോഡുപണി നടക്കുന്നതിനാലാകാം. ട്രോഫിക് ജാമിൽ അകപ്പെട്ടു കിടക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന പിരിമുറുക്കവും അസ്വസ്ഥതയും എത്രമാത്രമായിരിക്കും.

എന്നാൽ നെടുമ്പാശ്ശേരിയിലേക്ക് പറന്നിറങ്ങുന്ന ഒരു വിമാനത്തിലിരുന്നു കൊണ്ട് കാലടിപ്പാലത്തി​ലെ ​ ട്രാഫിക് ​ജാമം നോക്കിക്കാണുന്ന വിമാന യാത്രക്കാരന്റെ ​മനോഗദം എന്തായിരിയ്കും? എത്ര മനോഹരമായ കാഴ്ചയാണ് വണ്ടികൾ ഒന്നിനു പുറകെ മറ്റൊന്നായി നിരനിരയായി കിടക്കുന്ന കാഴ്ച​.​ അത് അയാൾ നന്നായി ആസ്വദിക്കുകയും ചെയ്യും.

അകലം പാലിച്ചാലുണ്ടാകുന്ന ഗുണമാണിത്. ഏതു പ്രതികൂല സാഹചര്യത്തെയും ആസ്വദിക്കാനാവുന്നത് അതിൽ നിന്നും അകലം പാലിക്കുമ്പോഴാണ്. നമ്മൾ സ്വന്തമെന്നു കരുതുന്നവരൊക്കെയുമായി ​താദാത്മ്യപ്പെടുമ്പോഴാണ് ചെറിയൊരു പ്രശ്‌നം പോലും വലിയ അസ്വസ്ഥത ഉളവാക്കുന്നത്.

അതിനാൽ ഈശോ പറയുന്നത് അകലം പാലിക്കാനാണ് നിന്റെ സ്വന്തമെന്ന് കരുതുന്നവയെന്നുമായി നീ താരതമ്യപ്പെടരുത്. കാരണം അവയൊന്നും സ്ഥായിയായി നിന്റെ സ്വന്തമല്ല. നീ അവയുടെയൊക്കെ വെറും കാവൽക്കാരൻ മാത്രം. ഇത്തരമൊരു അകലം പാലിച്ചാൽ നിനക്ക് കൊടുക്കാൻ പറ്റും. ഉദാരമായി കൊടുക്കാൻ പറ്റും. മുമ്പിൽ വരുന്നവനെ അവകാശിയാണെന്ന് തിരിച്ചരിഞ്ഞ് കൊടുക്കാൻ പറ്റും. അതിനാൽ നീ നിന്റെ സ്വത്വം തിരിച്ചറിയുക - നീ ഒന്നിന്റെയും അവകാശിയല്ല, മറിച്ച് വെറും കാവൽക്കാരൻ മാത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP