Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിന്റെ ഹൃദയത്തിന്റെ താല്പര്യങ്ങൾ തിരിച്ചറിയുക

നിന്റെ ഹൃദയത്തിന്റെ താല്പര്യങ്ങൾ തിരിച്ചറിയുക

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ല്ല ഇടയന്റെ ഉപമയാണ് ഇന്ന് ഈശോ പറയുന്നത്? ആടുവളർത്തലിന്റെ കാര്യമെടുത്താൽ ഇടയനും കൂലിക്കാരനും ചെയ്യുന്ന കാര്യങ്ങൾ തമ്മിൽ വ്യത്യാമില്ലെന്നതാണ് സത്യം. നേരം വെളുക്കുമ്പോൾ ആടുകളെ ആലയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുക, പുൽമേടുകളിലേക്ക് അവയെ നയിക്കുക, വയറു നിറയുമ്പോൾ അവയെ അരുവിയിലേക്ക് നയിക്കുക, അവസാനം നേരമിരുളുമ്പോൾ തിരിച്ചു വീണ്ടും ആലയിലേക്ക് തിരികെ കൊണ്ടു വരിക, ഇതെല്ലാം ഇടയനും കൂലിക്കാരനും ചെയ്യുന്ന ജോലികളാണ്. അപ്പോൾ ചെയ്യുന്ന പ്രവർത്തികൾ വച്ചു നോക്കിയോൽ ഒരുവൻ ഇടയനാണോ, അതോ കൂലിക്കാരനാണോ എന്ന് തിരിച്ചറിയാൻ നമുക്കാകില്ല.

എന്നാൽ എപ്പോഴാണ് ഇടയനെ കൂലിക്കാരനിൽ നിന്നും തിരിച്ചറിയാനാവുന്നത്? അത് ചെന്നായ് വരുന്ന സമയത്താണ്. ഈശോ പറയുന്നു: ''ചെന്നായ് വരുന്നത് കാണുമ്പോൾ കൂലിക്കാരൻ ആടുകളെ ഉപേക്ഷിച്ചു ഓടിക്കളയുന്നു'' (യോഹ. 10:12).

മറിച്ച്, അതേ പ്രതിസന്ധിയിൽ ഇടയനായിരുന്നെങ്കിൽ അയാൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? ''നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു'' (യോഹ. 10:11). ആടുകളെ പിടിക്കാനായി ചെന്നായ് വരുമ്പോൾ ഒരാൾ ആടുകളെ അപകടത്തിൽ ഉപേക്ഷിച്ച് സ്വന്തം ജീവരക്ഷക്കായി ഓടിപോകുന്നു. എന്നാൽ, മറ്റേയാൾ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ആടുകളെ രക്ഷിക്കാനായി ചെന്നായെ നേരിടുന്നു.

അപ്പോൾ ഇടയനും കൂലിക്കാരനും തമ്മിലുള്ള വ്യത്യാസം ഹൃദയബന്ധത്തിന്റെ വ്യത്യാസമാണ്, ഹൃദയസമർപ്പണത്തിന്റെ വ്യത്യാസമാണ്. അപകടത്തിലാകുന്ന ആടുകളെ ഉപേക്ഷിച്ചു പോകാൻ പറ്റാത്തവിധം അവയുമായ ഹൃദയബന്ധത്തിലാകുന്നവനാണ് ഇടയൻ. അപ്പോൾ ഇടയനെ കൂലിക്കാരനിൽ നിന്നും വേർതിരിക്കുന്ന ഘടകം, ഇടയന്റെ ഹൃദയബന്ധവും ആത്മാർപ്പണവുമാണെന്നു വരുന്നു.

ഇതു തന്നെയാണ് ഈശോ പറയുന്നത്: ''അവൻ ഓടിപ്പോകുന്നത് കൂലിക്കാരനായതു കൊണ്ടും ആടുകളെപ്പറ്റി അവന് താൽപ്പര്യമില്ലാത്തതുകൊണ്ടുമാണ്'' (യോഹ 10:13). നേരെ തിരിച്ചു പറഞ്ഞാൽ ഇടയൻ ഓടിപ്പോകാത്തതിന്റെ കാരണം, അവന് ആടുകളെക്കുറിച്ച് താൽപ്പര്യമുള്ളതുകൊണ്ടാണെന്ന് വരുന്നു. അങ്ങനെയെങ്കിൽ ഇടയനായി രൂപാന്തരപ്പെടാനുള്ള ആദ്യപടി നിന്റെ ഹൃദയത്തിന്റെ താൽപ്പര്യത്തെ തിരിച്ചറിയുക എന്നതാണ്.

ഓരോരുത്തരുടെയും ഹൃദയത്തിൽ ദൈവം ഒരു അടിസ്ഥാന താൽപ്പര്യം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അതിനെ വേണമെങ്കിൽ ജീവിത നിയോഗമെന്ന് നമുക്ക് വിളിക്കാം. ആ ജീവിതനിയോഗത്തെ തിരിച്ചറിയുക എന്നതാണ് ജീവിതവിജയത്തിന്റെ ഒന്നാമത്തെ പടി.

ഉള്ളിന്റെ ഉള്ളിലുള്ള ഹൃദയതാൽപ്പര്യത്തെ പലർക്കും തിരിച്ചറിയാനാവുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. എപ്പോഴെങ്കിലും നിന്റെ ഉള്ളിന്റെ ഉള്ളിൽ എന്തിനോടെങ്കിലും ഉത്ക്കടമായൊരു ദാഹമുണ്ടായാൽ അതാണ് നിന്റെ ജീവിത നിയോഗമെന്ന് ഉറപ്പിക്കാം. അതിനാൽ, നിന്റെ ഹൃദയ താൽപ്പര്യത്തിൽ ഒളിഞ്ഞിരിക്കുന്ന നിന്റെ ജീവിതനിയോഗത്തെ കണ്ടെത്തുകയാണ് ആദ്യപടി.

മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞില്ലേ, ''നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരക്കും നിന്റെ ഹൃദയവും'' (മത്താ 6:21). തിരിച്ചുപറഞ്ഞാലും അത് സത്യമായിരിക്കും, "നിന്റെ ഹൃദയം എവിടെയാണോ അവിടെയായിരിക്കും നിക്ഷേപവും." അതിനാൽ, നിന്റെ ഹൃദയത്തിന്റെ താൽപ്പര്യത്തെ കണ്ടെത്തുകയാണ് പ്രധാനം.

പോൾ കലാനിധയെന്ന ന്യൂറോ സർജന്റെ ജീവിത കഥ "വെൻ ബ്രെത് ബിക്കംസ് എയർ" (When Breath Becomes Air) എന്ന പുസ്തകം. 2015 മാർച്ചിൽ ക്യാൻസർ പിടിപെട്ട് യൗവനത്തിൽ മരിച്ച പോൾ, മരണത്തിന്റെ മുൻപിലും തന്റെ ഹൃദയസ്വപ്നങ്ങളെ പുന്തുടർന്ന കഥ (ഓഡിയോ കേൾക്കുക).

ഒരിക്കൽ ജീവിതനിയോഗം കണ്ടെത്തിയവർ പലരും, എന്നാൽ പിന്നീട് അതിനെ പിൻചെല്ലണമെന്നില്ല. ഒരിക്കൽ ഹൃദയത്തിന്റെ തീവ്രമായ ആഗ്രഹം തിരിച്ചറിഞ്ഞാൽ അതിനെ നിരന്തരം പിൻചെല്ലുക എന്നതാണ് പ്രധാനം.

പൗലോ കൊയ്‌ലോയുടെ 'ആൽകെമിസ്റ്റ്' എന്ന നോവലിൽ മൽക്കിസദേക്കെന്ന വയോധികനായ രാജാവ് സന്തിയാഗോയെന്ന ഇടയച്ചെറുക്കനോട് പറയുന്ന ഒരു കഥയുണ്ട്. ഒരു കച്ചവടക്കാരൻ സന്തോഷത്തിന്റെ രഹസ്യമെന്താണെന്നറിഞ്ഞുവരാൻ സ്വന്തം മകനെ അവിടുത്തെ ഏറ്റവും പ്രസിദ്ധനായ ജ്ഞാനിയുടെ അരികിലേക്കയച്ചു. അനേകനാൾ മരുഭൂമിയിലൂടെ നടന്ന് അവൻ ജ്ഞാനിയുടെ കൊട്ടാരത്തിലെത്തി.

കൊട്ടാരത്തിന്റെ ആഡംബരവും സൗന്ദര്യവും കണ്ട് അവൻ അത്ഭുതപ്പെട്ടു. മണിക്കൂറുകൾ കാക്കേണ്ടിവന്ന അവന് ജ്ഞാനിയെ ഒരു നോക്കു കാണാൻ തന്നെ. സന്തോഷത്തിന്റെ രഹസ്യമറിയാനാണ് വന്നതെന്ന് പറഞ്ഞപ്പോൾ, തനിക്ക് തിരക്കുള്ളതിനാൽ കൊട്ടാരം മുഴുവൻ ഒന്ന് ചുറ്റി നടന്ന് കണ്ടിട്ട്, രണ്ട് മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു.

അവൻ പോകാൻ നേരത്ത് രണ്ടു തുള്ളി എണ്ണയൊഴിച്ച ഒരു സ്പൂൺ കൊടുത്തിട്ട്, ഇതു കൂടെ കൈയിലിരിക്കട്ടെ എന്ന് പറഞ്ഞു. നടക്കുമ്പോൾ എണ്ണ തുളുമ്പിപോകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികൾ കയറിയും ഇറങ്ങിയും അവൻ രണ്ടുമണിക്കൂർ കഴിച്ചു കൂട്ടി. പക്ഷേ അവന്റെ മനസ്സ് മുഴുവൻ ആ സ്പൂണിലായിരുന്നു. കാരണം, എണ്ണ തുളുമ്പി പോകരുതല്ലോ.

അവൻ തിരിച്ചു ജ്ഞാനിയുടെ അടുത്തെത്തിയപ്പോൾ, ജ്ഞാനി ഊട്ടുമുറിയിൽ അവൻ കണ്ട തിരശ്ശീലകളെക്കുറിച്ചും, ഉദ്യാനത്തിലെ ചെടികളെക്കുറിച്ചും, ഗ്രന്ഥശാലയിലെ തുകൽഗ്രന്ഥങ്ങളെക്കുറിച്ചും ആരാഞ്ഞു. എന്നാൽ അവയെക്കുറിച്ചൊന്നും അവന് പറയാനായില്ല. അവയൊന്നും അവന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാരണം അവന്റെ മനസ്സ് മുഴുവൻ സ്പൂണിലെ എണ്ണയിലായിരുന്നു.

വാസ്തവം തുറന്നു പറഞ്ഞപ്പോൾ ജ്ഞാനി അവനെ രണ്ടാമതും പറഞ്ഞയച്ചു, കൊട്ടാരത്തിന്റെ സൗന്ദര്യവും മുഴുവൻ വിസ്തരിച്ചു കാണാൻ. അപ്പോഴും എണ്ണ നിറച്ച സ്പൂൺ അവന്റെ കൈയിലുണ്ടായിരുന്നു. ഇത്തവണ അവന്റെ കൊട്ടാരത്തിലെ ഉദ്യാനവും പരവതാനിയും ഗ്രന്ഥശേഖരവുമൊക്കെ വിസ്തരിച്ചു കണ്ടു. തിരിച്ചെത്തി കണ്ട കാഴ്ചകളെല്ലാം അവൻ ജ്ഞാനിയെ വിശദമായി പറഞ്ഞു കേൾപ്പിച്ചു.

അപ്പോൾ, അദ്ദേഹം അവന്റെ കൈയിലേല്പിച്ച രണ്ടു തുള്ളി എണ്ണയുടെ കാര്യം ചോദിച്ചു. അപ്പോഴാണവൻ കൈയിൽ പിടിച്ചിരുന്ന സ്പൂണിലേക്ക് നോക്കിയത്. അത് തികച്ചും ശൂന്യം!

ജ്ഞാനി പറഞ്ഞു ''ലേകത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും ആസ്വദിച്ചു കൊള്ളു. പക്ഷേ മനസ്സ് എപ്പോഴും നിന്റെ സ്പൂണിലെ എണ്ണയിലുണ്ടായിരിക്കണം. അതാണ് സന്തോഷത്തിന്റെ രഹസ്യം."

തിരിച്ചറിഞ്ഞ നിന്റെ ജീവിതനിയോഗത്തിൽ നിന്നും നിന്റെ ഹൃദയവും ശ്രദ്ധയും പതറിപ്പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ തിരിച്ചറിഞ്ഞ ജീവിതനിയോഗത്തെ നിരന്തരം പിന്തുടർന്നിടത്താണ് നീ ഇടയനായി രൂപാന്തരപ്പെടുന്നത്.

ഹൃദയത്തിന്റെ താൽപ്പര്യം തിരിച്ചറിയുകയും അതിനെ ജീവിതനിയോഗവുമായി കണ്ടെത്തി പിന്തുടരുകയും ചെയ്താൽ സംഭവിക്കുന്നത് എന്താണന്ന് ഈശോ പറയുന്നുണ്ട്: ''പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്ന പോലെ, ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നേയും അറിയുന്നു'' (യോഹ 10:15).

പരസ്പരം അറിയുന്ന അവസ്ഥയാണിത്. ആടുകൾ സ്വന്തമാണെന്ന അനുഭവത്തിന്റെ തലമാണിത്. (കൂലിക്കാരൻ ഓടിപ്പോകുന്നതിന്റെ കാരണം ആടുകൾ അവന്റെ സ്വന്തമല്ലാത്തതിനാലാണ് - യോഹ 10: 12). സ്‌നേഹത്തിന്റെ തലമാണിത് . സ്‌നേഹിക്കുന്നു അഥവാ സ്‌നേഹിക്കപ്പെടുന്നു എന്ന ബോധ്യമുണ്ടാണ്ടായാൽ, പിന്നെ ചെയ്യാൻ വയ്യാത്തതായി ഒന്നുമില്ലെന്നു വരുന്നു.

സ്‌നേഹിക്കുന്നു എന്ന ബോധമുണ്ടായാൽ, അപ്പുറത്ത് എന്ത് സംഭവിച്ചാലും അത് എന്നെയും സ്പർശിക്കും. അപ്പോൾ രണ്ട് എന്നില്ല, ഒന്നേ ഒന്നു മാത്രം. അതിനാലാണ് ചെന്നായ് വരുമ്പോൾ ആടുകൾക്ക് അപായം വരാൻ ഇടയൻ അനുവദിക്കാത്തത്. സ്വന്തം ജീവൻ പോലും അയാൾ ആടുകളുടെ സുരക്ഷക്കായി അപകടപ്പെടുന്നതിന്റെ കാരണം ഈ തന്മയീഭാവമാണ്. ആടും ഇടയനും രണ്ടല്ല, ഒന്നാണ് എന്ന ബോധം. ഈ അവബോധത്തിലെത്താത്ത കൂലിക്കാരൻ ചെന്നായ് വരുമ്പോൾ ആടുകളെ അപകടത്തിൽ ഉപേക്ഷിച്ച്, ആത്മരക്ഷയ്ക്കായി ഓടിപ്പോകും.

കണ്ടെത്തിയ ഹൃദയതാല്പര്യത്തെ ജീവിത നിയോഗമായി തിരിച്ചറിഞ്ഞ്, അതിനെ പിന്തുടർന്ന് അതിനായ് ജീവിതം അപകടപ്പെടുത്തിയാൽ അതൊരു നഷ്ടപ്പെടുത്തലല്ല, മറിച്ച് അതൊരു പരിണാമാണ്. ''ഗോതമ്പു മണി നിലത്തു വീണ് അഴിയുമ്പോൾ, അത് അനേക മടങ്ങ് ഫലം പുറപ്പെടുവിക്കും'' (യോഹ 12:24).

ആളുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്ന ഇടയന്റെ ജീവൻ നിത്യതയിലേക്കാണ് പരിണമിക്കുന്നത്. "തിരിച്ചെടുക്കുന്നതിനു വേണ്ടി ജീവൻ സമർപ്പിക്കുകയാണെന്ന്" (യോഹ 10:17) ഈശോ പറയുന്നത് ഇതു തന്നെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP