Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിറിയയിൽ നിന്നുള്ള ശക്രള്ളാ മാർ ബസേലിയോസ് ബാവാ; തുർക്കിക്കാരനായ യൂയാക്കിം മാർ കൂറിലോസ്; പിന്നെ മുളന്തുരുത്തിയിൽ ജനിച്ച പൗലോസ് മാർ കൂറിലോസ്; മൂന്ന് വിശുദ്ധരെ കൂടി മധ്യസ്ഥ പ്രാർത്ഥനയിൽ സ്മരിക്കാൻ യാക്കോബായ സുറിയാനി സഭ

സിറിയയിൽ നിന്നുള്ള ശക്രള്ളാ മാർ ബസേലിയോസ് ബാവാ; തുർക്കിക്കാരനായ യൂയാക്കിം മാർ കൂറിലോസ്; പിന്നെ മുളന്തുരുത്തിയിൽ ജനിച്ച പൗലോസ് മാർ കൂറിലോസ്; മൂന്ന് വിശുദ്ധരെ കൂടി മധ്യസ്ഥ പ്രാർത്ഥനയിൽ സ്മരിക്കാൻ യാക്കോബായ സുറിയാനി സഭ

കൊച്ചി: വിശുദ്ധരായി പ്രഖ്യാപിച്ച ശക്രള്ളാ മാർ ബസേലിയോസ് ബാവാ, യൂയാക്കിം മാർ കൂറിലോസ് ബാവാ, പൗലോസ് മാർ കൂറിലോസ് എന്നിവരുടെ പേരുകൾ കൂടി കുർബാന മധ്യേ മധ്യസ്ഥ പ്രാർത്ഥനയിൽ യാക്കോബായ സുറിയാനി സഭ സ്മരിക്കും. പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇതിനുള്ള കൽപന പുറപ്പെടുവിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന യാക്കോബായ സഭാ സുന്നഹദോസിന്റെ അവശ്യ പ്രകാരമാണ് ഇത്.

ഔദ്യോഗിക പ്രഖ്യാപനം 15നു കോട്ടയം പാണംപടി മർത്തമറിയം പള്ളിയിൽ പൗലോസ് മാർ കൂറിലോസിന്റെ നൂറാം ചരമദിനാചരണത്തോട് അനുബന്ധിച്ചു നടത്തും. മൂന്നു മെത്രാപ്പൊലീത്തമാരെയും പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ 2008ൽ കേരളം സന്ദർശിച്ചപ്പോൾ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ കബറടക്കിയ ഒൻപതു വിശുദ്ധരുടെ പേരുകളാണ് ഇനി മധ്യസ്ഥ പ്രാർത്ഥനയിൽ ഉൾപ്പെടുക.

ഇതിലെ ഭാരതീയനായ മൂന്നാമത്തെ മെത്രാപ്പൊലീത്തയാണു പൗലോസ് മാർ കൂറിലോസ്. പരിശുദ്ധ പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസ്, ആലുവയിൽ കബറടക്കിയ പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് എന്നിവരാണു മറ്റു രണ്ടു പേർ.

ശക്രള്ളാ മാർ ബസേലിയോസ് ബാവാ

ശക്രള്ളാ മാർ ബസേലിയോസ് ബാവാ 1751ൽ മലങ്കരയിൽ എത്തി. കാർഷിക മേഖലയിലെ ദുരിതങ്ങൾ പരിഹരിക്കുന്നതിനു നെൽപ്പാടങ്ങൾ വാങ്ങി കൃഷി ചെയ്തു ജാതിമതഭേദമെന്യെ ഭക്ഷണം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 1764ൽ കാലം ചെയ്തു. കണ്ടനാട് മർത്തമറിയം പള്ളിയിൽ കബറടക്കി. സിറിയയിലെ ആലപ്പോ സ്വദേശിയാണ്.

യൂയാക്കിം മാർ കൂറിലോസ്

യൂയാക്കിം മാർ കൂറിലോസ് ബാവാ 1846ൽ മലങ്കരയിൽ എത്തി. പരിശുദ്ധ പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസ്, പൗലോസ് മാർ കൂറിലോസ് എന്നിവർക്കു പൗരോഹിത്യ സ്ഥാനങ്ങൾ നൽകിയതു യൂയാക്കിം മാർ കൂറിലോസ് ബാവായാണ്. 1874 സെപ്റ്റംബർ രണ്ടിനു കാലം ചെയ്തു. മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽ കബറടക്കി. തുർക്കിയിലെ തുർഅബ്ദീൻ സ്വദേശിയാണ്.

പൗലോസ് മാർ കൂറിലോസ്

മുളന്തുരുത്തി കൊച്ചുപറമ്പിൽ തൊഴുപ്പാടൻ കുടുംബത്തിൽ ജനിച്ചു. 1908ൽ മലങ്കര മെത്രാപ്പൊലീത്തയായി. ദയറാ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മുഖ്യപങ്കു വഹിച്ചു. 1917 ഡിസംബർ 14നു കാലം ചെയ്തു. പാണംപടി പള്ളിയിൽ കബറടക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP