Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മ്യൂസിയത്തിൽവച്ചു തോളിൽ കൈയിട്ടതിനു പിങ്ക് പൊലീസ് പിടിച്ചു, പിന്നാലെ വീട്ടുകാരും കൂട്ടുകാരും ചേർന്ന് കെട്ടിച്ചു; പിങ്ക്പൊലീസിന്റെ സദാചാരക്കെണിക്ക് എതിരെ ലൈവായി പ്രതിഷേധിച്ച ആരതിക്കും വിഷ്ണുവിനും തലസ്ഥാനത്ത് ലളിതവിവാഹം

മ്യൂസിയത്തിൽവച്ചു തോളിൽ കൈയിട്ടതിനു പിങ്ക് പൊലീസ് പിടിച്ചു, പിന്നാലെ വീട്ടുകാരും കൂട്ടുകാരും ചേർന്ന് കെട്ടിച്ചു; പിങ്ക്പൊലീസിന്റെ സദാചാരക്കെണിക്ക് എതിരെ ലൈവായി പ്രതിഷേധിച്ച ആരതിക്കും വിഷ്ണുവിനും തലസ്ഥാനത്ത് ലളിതവിവാഹം

 തിരുവനന്തപുരം: മ്യൂസിയത്തിൽ ഒരുമിച്ചിരിക്കുമ്പോൾ പിങ്ക്‌പൊലീസ് കസ്റ്റഡിയിലെടുക്കുകയും പൊലീസിന്റെ സദാചാരക്കളിക്കെതിരെ സോഷ്യൽ മീഡിയയിൽ ലൈവായി പ്രതികരിക്കുകയും ചെയ്ത ആരതിക്കും വിഷ്ണുവിനും ലളിതമായ ചടങ്ങിൽ വിവാഹം. ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇന്നുരാവിലെ വെള്ളയമ്പലത്തുവച്ചാണ് വിവാഹവും ഇരുവരും ചേർന്ന് കേക്കമുറിക്കലുമെല്ലാം നടത്തിയത്.

തലസ്ഥാനത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ മ്യൂസിയത്തിൽ തോളിൽ കൈകെട്ടിയിരുന്നതിന്റെ പേരിൽ ഇരുവരേയും കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ ദിവസമാണ് പൊലീസ് വെട്ടിലായത്. ഒരു യുവാവിനും യുവതിക്കും തോളിൽ കയ്യിട്ടിരിക്കാൻ പാടില്ലേയെന്ന് ചോദിച്ച് ഇത് ചോദ്യംചെയ്‌തെങ്കിലും പൊലീസ് വിട്ടില്ല. സ്റ്റേഷനിലേക്ക് കൊണ്ടുപോയി ബന്ധുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു.

ഇതിനിടെ പൊലീസിന്റെ ചോദ്യംചെയ്യൽ ഇരുവരും ലൈവായി ഫേസ്‌ബുക്കിൽ നൽകിയതോടെ വിഷയം വലിയ ചർച്ചയായി മാറി. മകൾക്ക് പ്രായപൂർത്തിയായെന്നും ഇടപെടില്ലെന്നും പിതാവ് പറഞ്ഞതോടെ സദാചാര ഗുണ്ടായിസം കളിച്ച പൊലീസിന് നിൽകക്കള്ളിയില്ലാതായി. യുവതീ യുവാക്കളെ പൊലീസ് വിട്ടയച്ചെങ്കിലും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ദേശീയ മാദ്ധ്യമങ്ങൾ വരെ വിഷയം ഏറ്റെടുത്തതോടെ ഡിജിപി നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഇരുവരുടേയും വിവാഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തിയത്. വിദ്യാർത്ഥിനിയായ ആരതിയുടേയും സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ വിഷ്ണുവിന്റേയും വിവാഹം നേരത്തെ തന്നെ വീട്ടുകാർ നിശ്ചയിച്ചിരുന്നതാണ്.

അതേസമയം പൊലീസ് പിടികൂടിയപ്പോഴും ഇക്കാര്യം പറയാതെ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഒരുമിച്ചിരുന്നാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ചാണ് ഇവർ പൊലീസിന്റെ സദാചാര ചോദ്യംചെയ്യലിനെ നേരിട്ടത്. തുടർന്ന് സംഭവത്തിന്റെ വീഡിയോ വിഷ്ണു ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. തോളിൽ കയ്യിട്ടിരുന്നതിന്റെ പേരിൽ യുവതിയെയും യുവാവിനെയും പൊലീസ് ചോദ്യം ചെയ്യുന്നതായിരുന്നു വീഡിയോ. എന്താണ് തങ്ങൾ ചെയ്ത കുറ്റം എന്നു ഇവർ ചോദിക്കുമ്പോൾ പൊലീസ് കൃത്യമായി മറുപടി നൽകുന്നില്ല. കെട്ടിപ്പിടിച്ചു ഇരുന്നു എന്നതാണ് ആദ്യം പൊലീസ് ചൂണ്ടിക്കാണിച്ച കുറ്റം.

തോളിൽ കയ്യിട്ടിരിക്കുന്നതാണോ കെട്ടിപ്പിടിക്കൽ എന്നു പറഞ്ഞ് യുവാവ് ചോദ്യം ചെയ്തതോടെ ഇരുവരും ചുംബിക്കുന്നത് കണ്ടെന്ന് പറഞ്ഞ് പൊലീസ് നിലപാട് മാറ്റി. അതിനു തെളിവുനൽകാൻ യുവതീ യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് കൃത്യമായ വിശദീകരണം നൽകാതെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 'ഉമ്മവച്ചത് കണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇനി സ്റ്റേഷനിൽ പോയാൽ അവർ എന്തായിരിക്കും പറയുക. അനാശാസ്യം. തോളിൽ കയ്യിട്ടിരുന്നാൽ അനാശ്യം.' എന്നു പറഞ്ഞുകൊണ്ടായിരുന്നു യുവാവ് ലൈവ് വീഡിയോ അവസാനിപ്പിച്ചത്. ഇതോടെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. പൊലീസിന്റെ സദാചാരബോധം വലിയ ചർച്ചയാവുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP