Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എന്തിനാണ് സഖാവെ കച്ചവട സിനിമയുടെ വിജയത്തിന് വിപ്ലവ മുദ്രാവാക്യത്തെ ആയുധമാക്കുന്നത്; താങ്കളുടെ സിനിമ നല്ലതാണെങ്കിൽ അത് ജനങ്ങൾ കാണും; ഏതെങ്കിലും പ്രചരണം കൊണ്ട് മാത്രം മായാനദി കാണാതിരിക്കാൻ മായാലോകത്തൊന്നുമല്ല കേരളീയ സമൂഹം ജീവിക്കുന്നത്'; സംവിധായകൻ ആഷിഖ് അബുവിന് മാസ് മറുപടിയുമായി മുൻ എസ്.എഫ്.ഐ നേതാവ്

'എന്തിനാണ് സഖാവെ കച്ചവട സിനിമയുടെ വിജയത്തിന് വിപ്ലവ മുദ്രാവാക്യത്തെ ആയുധമാക്കുന്നത്; താങ്കളുടെ സിനിമ നല്ലതാണെങ്കിൽ അത് ജനങ്ങൾ കാണും; ഏതെങ്കിലും പ്രചരണം കൊണ്ട് മാത്രം മായാനദി കാണാതിരിക്കാൻ മായാലോകത്തൊന്നുമല്ല കേരളീയ സമൂഹം ജീവിക്കുന്നത്'; സംവിധായകൻ ആഷിഖ് അബുവിന് മാസ് മറുപടിയുമായി മുൻ എസ്.എഫ്.ഐ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മായാനദി സംവിധായകൻ ആഷിഖ് അബുവിന് മാസ് മറുപടിയുമായി മുൻ എസ്.എഫ്.ഐ നേതാവ്. 'മായാനദി'ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നതിനെതിരെ ആഷിഖ് അബു ഫെയ്‌സ് ബുക്കിൽ ഇട്ട പോസ്റ്റിനെതിരെയാണ് എസ്.എഫ്.ഐ മുൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ എൻ.വി.പി റഫീഖ് രംഗത്ത് വന്നിരിക്കുന്നത്.

സിനിമക്കെതിരായ വിമർശനത്തിനെതിരെ 'വേട്ടപ്പട്ടികൾ കുരച്ചോട്ടെ ,ലാത്തികൾ വീശിയടിക്കട്ടെ' എന്ന് പ്രതികരിച്ച ആഷിഖ് അബു താൻ മുൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന കാര്യവും പോസ്റ്റിൽ എടുത്ത് പറഞ്ഞിരുന്നു. ഇതിനെയാണ് മുൻ എസ്.എഫ്.ഐ നേതാവായ റഫീഖ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

ആഷിഖിന്റെ സിനിമ നല്ലതാണെങ്കിൽ എന്ത് പ്രചരണം ഉണ്ടായാലും വിജയിക്കുമെന്നും മറിച്ച് നല്ലതല്ലങ്കിൽ പരാജയപ്പെടാൻ വേട്ടപ്പട്ടികൾ കുരക്കേണ്ട കാര്യമില്ലന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :-

മിസ്റ്റർ ആഷിഖ് അബു താങ്കളുടെ സിനിമ നല്ലതാണെങ്കിൽ അത് ജനങ്ങൾ കാണും ഏതെങ്കിലും പ്രചരണം കൊണ്ട് മാത്രം മായാ നദി കാണാതിരിക്കാൻ മായാലോകത്തൊന്നുമല്ല കേരളീയ സമൂഹം ജീവിക്കുന്നത്.ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നടൻ ദിലീപിന്റെ രാമലീല.

ആ സിനിമക്കെതിരെ നടന്ന സംഘടിത ആക്രമണവും സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖർ രംഗത്ത് വന്നതുമെല്ലാം കേരളം കണ്ടതാണ്.എന്നാൽ സിനിമയെ സിനിമയായി കാണുന്നതുകൊണ്ട് ജനം രാമലീലക്ക് വമ്ബൻ വിജയം നൽകി.അതുപോലെ തന്നെ താങ്കളുടെ സിനിമ നല്ലതാണെങ്കിൽ തീർച്ചയായും വിജയിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

അതല്ല മോശമാണെങ്കിൽ 'വേട്ടപ്പട്ടികൾ കുരച്ചിട്ടില്ലങ്കിലും' ജനം ആ സിനിമ കാണില്ല.സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം നടത്തുന്ന പ്രചരണത്തിൽ താങ്കൾ എന്തിനാണ് ഇങ്ങനെ വിളറി പിടിക്കുന്നത് ?

താങ്കൾക്കും മായാനദി സിനിമക്കും എതിരെ മാത്രം പ്രചരണം ഉണ്ടാകുമ്‌ബോൾ സംഘടിത ആക്രമണവും മറ്റുള്ളവർക്ക് നേരെ ഉണ്ടാകുമ്‌ബോൾ ജനകീയ പ്രതികരണവും എന്ന് വിലയിരുത്താൻ പറ്റില്ലല്ലോ ?

സൈബർ ആക്രമണങ്ങൾ മുൻപും പല തവണ സിനിമാ മേഖലയിൽ തന്നെ ഉണ്ടായിട്ടുണ്ട്. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മുട്ടിയും വരെ ഇത്തരം 'കടന്നാക്രമണങ്ങൾ'ക്ക് ഇരയായിട്ടുമുണ്ട്. പക്ഷേ ഇവരാരും 'വേട്ടപ്പട്ടികൾ കുരച്ചോട്ടെ, ലാത്തികൾ വീശിയടിക്കട്ടെ ' എന്ന് പറഞ്ഞ് വിമർശകരുടെ വായ അടപ്പിക്കാൻ ശ്രമിച്ചിട്ടില്ല.

മഹാരാജാസ് കോളജിൽ പഠിച്ച താങ്കൾ മുൻ എസ്.എഫ്.ഐ പ്രവർത്തകനായതുകൊണ്ട് അന്ന് വിളിച്ച മുദ്രാവാക്യം ഇപ്പോഴും ഓർക്കുന്നുവെന്ന് ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയതായി കണ്ടു.

ഞാനും ഒരു മുൻ എസ്.എഫ്.ഐ പ്രവർത്തകനാണ്. ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ച അനുഭവവുമുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത്

എന്തിനാണ് സഖാവെ കച്ചവട സിനിമയുടെ വിജയത്തിന് വിപ്ലവ മുദ്രാവാക്യത്തെ ആയുധമാക്കുന്നത്.

നിങ്ങളുടെ നിലപാടുകൾക്കെതിരെ പ്രതികരിച്ച മമ്മുട്ടി ആരാധകർ ഉൾപ്പെടെയുള്ളവരെ എടുത്ത് നോക്കിയാൽ നിങ്ങൾ വിളിച്ചതിനേക്കാൾ കൂടുതൽ മുദ്രാവാക്യം വിളിച്ച . . തെരുവിൽ ചോര ചിതറിയ എത്രയോ സഖാക്കൾ അക്കൂട്ടത്തിൽ കാണൂമെന്നുറപ്പാണ്.

വ്യക്തി എന്ന നിലയിൽ പാർവതിക്ക് മമ്മുട്ടിയെയും മമ്മുട്ടി അഭിനയിച്ച സിനിമയെയും വിമർശിക്കാൻ എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്. ഒരു നടിയെന്ന നിലയിൽ വിമർശിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഓരോരുത്തരുടെയും സാമാന്യയുക്തിയുടെ അടിസ്ഥാനത്തിലാണ്.

പാർവതിയെ താങ്കൾക്കും ഭാര്യക്കുമെല്ലാം പിന്തുണക്കാമെങ്കിൽ മമ്മുട്ടിയുടെ ആരാധകർക്ക് മറിച്ചും ആകാല്ലോ ?അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണല്ലോ . .

പാർവതിയെ പിന്തുണച്ചതിന്റെ പേരിൽ മാത്രം താങ്കളുടെ സിനിമ എന്തായാലും പരാജയപ്പെടില്ല.

അതിന് പക്ഷേ . . പൊരുതുന്ന മനസ്സുകളുടെ വികാരങ്ങൾ ഉയർത്താൻ ശ്രമിച്ചാൽ പ്രബുദ്ധ കേരളത്തിൽ നടക്കില്ല.സിനിമയെ സിനിമയായി കാണാനാണ് ബഹു ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.ഈ നിലപാട് തന്നെയാണ് എനിക്കും . .

താങ്കളുടെ സിനിമക്ക് വിജയാശംസകൾ നേർന്നു കൊണ്ട് . .

അഡ്വ.എൻ.വി.പി റഫീഖ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP