Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂളിങ് ഗ്ലാസ് വെച്ചത് 'ഗമ' കാണിക്കാനല്ല; ഡൽഹിയിലെ ചൂട് കാരണം എല്ലാവരും ഇത്തരം ഗ്ലാസുകൾ വെക്കാറുണ്ട്; മോദിജിയും അമിത് ഷാജിയുമായി ആൽഫിക്കുള്ള ബന്ധം സത്യസന്ധമായി പറഞ്ഞു; കുശല സംഭാഷണം നടത്തിയതാണ് ചാനലുകൾ ആക്ഷേപഹാസ്യമാക്കിയത്: ട്രോളുകളോട് പ്രതികരിച്ച് കണ്ണന്താനത്തിന്റെ ഭാര്യ

കൂളിങ് ഗ്ലാസ് വെച്ചത് 'ഗമ' കാണിക്കാനല്ല; ഡൽഹിയിലെ ചൂട് കാരണം എല്ലാവരും ഇത്തരം ഗ്ലാസുകൾ വെക്കാറുണ്ട്; മോദിജിയും അമിത് ഷാജിയുമായി ആൽഫിക്കുള്ള ബന്ധം സത്യസന്ധമായി പറഞ്ഞു; കുശല സംഭാഷണം നടത്തിയതാണ് ചാനലുകൾ ആക്ഷേപഹാസ്യമാക്കിയത്: ട്രോളുകളോട് പ്രതികരിച്ച് കണ്ണന്താനത്തിന്റെ ഭാര്യ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ അൽഫോൻസ് കണ്ണന്താനത്തിന് ട്രോൾമഴ തന്നെയാണ പെയ്യുന്നത്. അദ്ദേഹം മന്ത്രിയായപ്പോൾ മുതൽ തുടങ്ങിയ ട്രോളുകളാണിത്. ഇതിനിടെ കടുത്ത ട്രോളിംഗിന് ഡബ്‌സ്മാഷുകളിലുമൊക്കെ താരമായത് അദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനമാണ്. ഷീലയുടെ പ്രതികരണ വീഡിയോ മാതൃഭൂമി ചാനലിലെ വക്രദൃഷ്ടിയിലൂടെ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിലും ട്രോൾ ഉണ്ടായത്. പൊങ്ങച്ചക്കാരി കൊച്ചമ്മയായാണ് ഷീലയെ സോഷ്യൽ മീഡിയ അവതരിച്ചത്.

ഭർത്താവ് മന്ത്രിയായ സന്തോഷം രേഖപ്പെടുത്തിയപ്പോഴാണ് ഷീല വിമർശിച്ചപ്പെട്ടതും ട്രോളിംഗിന് ഇരയായതും. എന്തായാലും ഇത്തരം വിമർശനങ്ങളോട് തന്റെ സമീപനവും ഷീല വ്യക്തമാക്കി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷീല ട്രോളുകതളെ കുറിച്ച് പ്രതികരിച്ചത്. ബൈബിൾ വാചകം കടമെടുത്തു കൊണ്ടാണ് വിമർശകർക്ക് ഷീല കണ്ണന്താനും മറുപടി നൽകിയത്. അഭിമുഖത്തിൽ ഷീല പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

'ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും കഴിഞ്ഞുപോയാൽ ഭാഗ്യവാൻ' സങ്കീർത്തനം ഒന്നാം ഭാഗത്തിന്റെ ചുരുക്കമാണിത്. ഇത് ഞാൻ എന്നും വായിക്കുന്നതാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. എന്നെ പരിഹസിച്ച് ഇറങ്ങിയ വീഡിയോ മൂന്നുലക്ഷത്തി മുപ്പതിനായിരം പേർ കണ്ടെന്നാരോ പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തെക്കാൾ വേഗമാണ്. പെൺപിള്ളാർ കൂളിങ് ഗ്ലാസ് വെച്ച് കളിയാക്കി ഡബ്‌സ്മാഷ് ഇറക്കിയിട്ടുണ്ടെന്നറിഞ്ഞു. കൂട്ടുകാരൊക്കെ ഇത് കണ്ട് സങ്കടപ്പെട്ട് വിളിക്കുന്നുണ്ട്.

എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാൻ തമാശയിഷ്ടപ്പെടുന്നയാളുമാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പുപറഞ്ഞിട്ട് അതൊക്കെ ചാനലുകളിൽ കാണിച്ചു. ഇങ്ങനെ പരിഹസിച്ചു പുറത്തും വിട്ടു. അതൊക്കെ അതിന്റെ വഴിക്ക് പോകട്ടെ... ഇതൊക്കെ ആർക്കെങ്കിലും ആശ്വാസമാകുന്നെങ്കിൽ ആയിക്കോട്ടെയെന്നാണ് എന്റെ പ്രാർത്ഥന. ഷീല തുടരുന്നു...

ഇനി കൂളിങ് ഗ്ലാസിന്റെ കാര്യം പറയാം. ഡൽഹിയിലെ ചൂട് കാരണം എല്ലാവരും ഇത്തരം ഗ്ലാസുകൾ വെക്കാറുണ്ട്. അവിടെ അതൊരു ഗമ കാണിക്കലല്ല. അന്ന് ആൽഫിയുടെ സത്യ പ്രതിജ്ഞയായിരുന്നു. രാഷ്ട്രപതിഭവനിലേക്കു കൊണ്ടുപോകാൻ നിയന്ത്രണമുള്ളതുകൊണ്ടു ഞങ്ങൾ മൊബൈൽ ഫോണും കുളിങ് ഗ്ലാസും ഒന്നും എടുക്കാതെയാണു പോയത്. സത്യപ്രതിജ്ഞ കഴിഞ്ഞു നേരെ കേരള ഹൗസിൽ പോയി ഓണസദ്യകഴിക്കാമെന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുപോയത്. അവിടെയെത്തിയപ്പോൾ ചാനലുകൾ ആൽഫിയെ പൊതിഞ്ഞു. ചാനൽ മൈക്കിന്റെ വയറിൽ മുണ്ടു കുരുങ്ങി ആൽഫി വീഴാൻ പോലും തുടങ്ങി.

ഞാനും കുടുംബാംഗങ്ങളും കാറിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് എന്നെ തപ്പി ഒരു ഇംഗ്ലീഷ് ചാനലിൽ നിന്ന് ഒരു പെൺകുട്ടി വന്നത്. കോട്ടയംകാരിയാണെന്ന് പറഞ്ഞപ്പോൾ ആ കുട്ടിയോട്ു സംസാരിച്ചു. കാറിൽനിന്നു പുറത്തേക്കിറങ്ങാൻ നേരം ചൂടല്ലേ ഇതുവച്ചോയെന്നു പറഞ്ഞു സുഹൃത്തിന്റെ സഹോദരിയാണു കൂളിങ് ഗ്ലാസ് തന്നത്. എന്നോട് എന്തെങ്കിലും പറയാൻ ചാനൽ ലേഖിക പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഒന്നും പറയാനില്ല. എന്റെ ഇംഗ്ലിഷ് അത്ര നല്ലതല്ല. ഇങ്ങനെ ചാനലുകളിലൊന്നും മറുപടി പറയാൻ പറ്റിയ ആളുമല്ല ഞാൻ. അന്നേരം കൂടെവന്ന സുഹൃത്തുക്കൾ പറഞ്ഞു. ''ചാനലുകാരോട് സംസാരിച്ചില്ലെങ്കിൽ നമ്മൾ അഹങ്കാരം കാണിച്ചുവെന്ന് അവർ പറയും''. അതു കേട്ടതോടെയാണ് അറിയാവുന്ന ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന പെൺകുട്ടിയുടെ നിർബന്ധത്തിന്മേൽ സംസാരിച്ചത്.

ആ സമയത്ത് പല പല ഇംഗ്ലീഷ് ചാനലുകൾ പിന്നാലെ വന്നു. അവരോടൊക്കെ മറുപടി പറഞ്ഞതോടെ ശ്വാസം മുട്ടിപ്പോയി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് മലയാളം ചാനൽ വന്നത്.ഇംഗ്ലിഷ് പറച്ചിലിൽനിന്നു രക്ഷപ്പെട്ടു വന്നതിന്റെ ആശ്വാസത്തിൽ നിൽക്കുകയായിരുന്നു ഞാൻ. എനിക്ക് ഒന്നും പറയാനില്ലെന്നു പറഞ്ഞപ്പോൾ കുശലം പറഞ്ഞാൽ മതിയെന്നായി ചാനലുകാർ. ഇതൊന്നും ചിത്രീകരിക്കുന്നില്ലല്ലോ എന്നുചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു. ആ കുശലസംഭാഷണമാണ് ഇപ്പോൾ ആളുകൾ കണ്ടു ചിരിക്കുന്നത്.

ഞാനൊന്നും ഗമ പറഞ്ഞതല്ല. പ്രധാനമന്ത്രി മോദിജിയോടും ബിജെപി പ്രസിഡന്റ് അമിത് ഷാജിയോടും ആൽഫിക്കുള്ള ബന്ധമൊക്കെ ചോദിച്ചപ്പോൾ സത്യസന്ധമായി അതൊക്കെ പറഞ്ഞു. ആറു വർഷമായി ആൽഫി അവരോടൊക്കെ ചേർന്നു പ്രവർത്തിക്കുന്നത് ഒരു വീട്ടമ്മയെന്ന നിലയിൽ നോക്കി കണ്ടയാളാണു ഞാൻ അതുകൊണ്ടു കുശലസംഭാഷണത്തിനിടെ പറഞ്ഞുവെന്നു മാത്രം. ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം ദൈവം കൊണ്ടുവന്നു തന്നതാണ്. അതൊക്കെ നന്മ ചെയ്യാൻ മാത്രം ഉപയോഗിച്ച ഭർത്താവിന്റെ ഭാര്യയെന്ന അഭിമാനം മാത്രമേയുള്ളൂ എനിക്ക്, അല്ലാതെ ഗമയില്ല.

എല്ലായ്‌പ്പോഴും 'ഞാൻ ഞാൻ' എന്ന് ആൽഫി പറയുന്നുവെന്നൊക്കെയുള്ള പരിഹാസവീഡിയോകളും കണ്ടു. ഞാൻ ഇത് അദ്ദേഹത്തോടു പറഞ്ഞു. ഞാൻ എന്നു പറയുന്നതു ഗമ പറയുന്നതല്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. വൈദ്യുതിയില്ലാത്ത ഗ്രാമത്തിൽ ചെറിയൊരു വീട്ടിൽ ജനിച്ച്, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പഠിച്ച്, പത്താംക്ലാസിൽ കഷ്ടിച്ചു ജയിച്ച് പിന്നെ കഠിനാധ്വാനം കൊണ്ട് ഐഎഎസ് പാസായി. ആരുടെയും ശുപാർശയില്ലാതെ മികവ് മാത്രം പരിഗണിച്ച ലോകത്തിൽ കേന്ദ്രമന്ത്രിപദം വരെയെത്തി. ഇക്കാര്യത്തെപ്പറ്റിയും കഠിനാധ്വാനത്തെപ്പറ്റിയും പറയുമ്പോൾ ഞാൻ എന്നു പറയാതെ പിന്നെ എന്താ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ശരിയല്ലേ, ആ ചോദ്യം. അത് ഈ തലമുറയിൽ ആർക്കെങ്കിലും പ്രചോദനമാകാതിരിക്കില്ലെന്നും ഞാൻ എന്ന് ഇനിയും പറയുമെന്നുമാണ് ആൽഫിയുടെ അഭിപ്രായം.''

കടപ്പാട്: മലയാള മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP