Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൻസറിന് മുൻപുള്ള അഷിത ഒരു കവിയായിരുന്നു; ഇപ്പോഴുള്ളത് യുദ്ധത്തിൽ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന പോരാളിയും; ചെസുകളിയിൽ ആനയേയും കുതിരയേയും പണയപ്പെടുത്തുന്നതുപോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുന്നു; പികെ അഷിതയുടെ പോസ്റ്റ് വൈറലാകുമ്പോൾ

കാൻസറിന് മുൻപുള്ള അഷിത ഒരു കവിയായിരുന്നു; ഇപ്പോഴുള്ളത് യുദ്ധത്തിൽ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന പോരാളിയും; ചെസുകളിയിൽ ആനയേയും കുതിരയേയും പണയപ്പെടുത്തുന്നതുപോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുന്നു; പികെ അഷിതയുടെ പോസ്റ്റ് വൈറലാകുമ്പോൾ

കൊച്ചി: കാൻസറിന് മുൻപുള്ള അഷിത ഒരു കവിയായിരുന്നു. എന്നാൽ, ഇപ്പോഴുള്ളത് യുദ്ധത്തിൽ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന ഒരു പോരാളിയും. ഓരോന്ന് പണയപ്പെടുത്തിയും ഒഴിഞ്ഞുമാറിയും അവസരം നോക്കി വെട്ടിയും ജ്വലിച്ചു നിൽക്കുന്ന പോരാളി-ക്യാൻസർ രോഗത്തെക്കുറിച്ച് എഴുത്തുകാരി അഷിത എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

തനിക്ക് ക്യാൻസർ കൊണ്ട് മരിക്കേണ്ടെന്നും ഈ രോഗം കൊണ്ട് മരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തന്നോടും മറ്റുള്ളവരോടും പല തവണ പറഞ്ഞതായും അഷിത പറയുന്നു. ദേഹവും താനും തമ്മിൽ ചെസ് കളിയിലേർപ്പെട്ടിരിക്കുകയാണെന്നാണ് കുറിക്കുന്നത്. ആനയേയും കുതിരയേയും പണയപ്പെടുത്തുന്നതുപോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുകയാണ് എന്നും അവരെഴുതിയിരിക്കുന്നു.

അഷിതയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആനന്ദ നടനം ആടിനാർ

പാപ് സ്മിയർ ടെസ്റ്റിന് വിധേയയാകുമ്പോൾ അമൃത ഹോസ്പിറ്റലിലെ ഡോക്ടർ ചിത്ര- ''ഈ ടെസ്റ്റ് ക്ലിയർ ചെയ്താൽ ഇരുപത് വർഷത്തെക്കെങ്കിലും പേടിക്കണ്ട '. ''ഇരുപത് വർഷമോ?'' -ഞാൻ ചോദിച്ചു. ''ഇരുപതു വർഷം കൊണ്ടെന്താവാനാണ് ഡോക്ടർ! ഒരു മുപ്പത് മുപ്പത്തഞ്ചോക്കെ കിടക്കട്ടെ.'' ഞാൻ പറഞ്ഞു. ഡോക്ടർ ചിത്ര പൊട്ടിച്ചിരിച്ചു. എന്തൊരു ഓമനത്തമുള്ള ചിരിയായിരുന്നു അത്! ജീവിതത്തിന്റെ സമസ്ത ഭംഗിയും ആവാഹിച്ച ഒരു ചിരി. മരണത്തെ മുഖാമുഖം നോക്കി നിൽക്കുന്ന ഒരാൾക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭംഗി. ഞാൻ പറഞ്ഞു -''എനിക്ക് കാൻസർ കൊണ്ട് മരിക്കണ്ട.'' ജീവിതവും മരണവും അനായാസമായി പോകണമെന്ന് ആഗ്രഹിക്കുന്നവളാണ് ഞാൻ. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 'കാൻസർ കൊണ്ട് ഞാൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നു എന്നോടും മറ്റുള്ളവരോടും എത്ര തവണ പറഞ്ഞുവെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.

കാൻസർ, റോഡിൽ കണ്ട്, കുശലപ്രശനം നടത്തി പിരിഞ്ഞു പോകുന്ന ഒരു സുഹൃത്തല്ല. അല്ല, നിശ്ചയമായും അല്ല. ക്യാൻസറിനെ അതിജീവിക്കുന്നു എന്ന് പറയുമ്പോൾ നിങ്ങൾ ആഗ്രഹിക്കുക വിശ്വാസത്തിന്റെയോ ഭക്തിയുടെയോ, പ്രാർത്ഥനകളുടെയോ അതിശയ രോഗശാന്തിയുടെയോ ഒക്കെ കഥകൾ കേൾക്കുവാനാണ്. എത്ര ധീരയും ചങ്കുറപ്പുമുള്ള ഒരു സ്ത്രീയാണ് അവർ എന്ന് പറയാനാണ് നിങ്ങൾ വട്ടം കൂട്ടുക. പക്ഷെ അങ്ങിനെ ഒന്നുമല്ല. ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ്. മറ്റനേകം സ്ത്രീകളെ പോലെ കഴിഞ്ഞ മുപ്പത്തിമൂന്നു വർഷമെങ്കിലും പാത്രം കഴുകി, നിലം തുടച്ച്, തുണി നനച്ച്, ഭക്ഷണം ഒരുക്കി, മുറ്റത്തെ ഉറുമ്പിന് മുതൽ മരത്തിലെ പക്ഷിക്കു വരെ ഭക്ഷണം കൊടുക്കാതെ ഉണ്ണാത്ത ശരാശരി വീട്ടമ്മ. എന്റെ സന്തോഷങ്ങൾ വളരെ ചെറുതായിരുന്നു. സങ്കടങ്ങൾക്കു നല്ല പൊലിപ്പും നിറപ്പകിട്ടും. ചിലതൊന്നും പറയുക എളുപ്പമല്ല, കേൾക്കുക അതിലുമധികം വിഷമകരവും. കാൻസർ ഒരു സങ്കടമായി എണ്ണാമോ എന്തോ...

എന്റെ കൂടെ കീമോ ചെയ്തവരിൽ കുറെ പേർ മരിച്ചു പോയി. കുറച്ച് പേർക്ക് ഇൻഫിനിറ്റ് ലൂപ്പിൽ എന്ന പോലെ ആശുപത്രി വാസം തുടരുന്നു. ആരോഗ്യം നോക്കാഞ്ഞിട്ടാണ് കാൻസർ വരുന്നത് എന്ന് പറയാറുണ്ട്. 56 വയസ്സ് വരെ ഏറ്റവും ആരോഗ്യമുള്ള സ്ത്രീകളിൽ ഒരാളായിരുന്നു ഞാൻ. വെളുപ്പിന് നാല് മണിക്ക് പക്ഷികളോടൊത്ത് ഉണരൽ, ധ്യാനം, അഞ്ചു മണിക്ക് ടെറസിൽ ദൈവത്തിന്റെ നിശ്ശബ്ദതയിലൂടെ ഒരു നടത്തം, ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രി മന്ത്ര ജപം, കേൾക്കാൻ ഒന്നോ രണ്ടോ കീർത്തനങ്ങൾ, ലഘുവായ ഭക്ഷണം, എഴുത്ത്, വായന, സംഗീതം എന്നിവയൊക്കെ ഉൾക്കൊണ്ട ലളിതമായ ദിനചര്യ. ഇതിലേക്കാണ് ഒരു ഉരുൾപൊട്ടൽ പോലെ കാൻസർ വന്നു പതിച്ചത്. നല്ല ആരോഗ്യമുള്ളവർക്കും കാൻസർ വരുന്നുണ്ട്. എന്തൊക്കെ ശ്രമിച്ചാലും, എങ്ങിനെ ഒക്കെ ശ്രമിച്ചാലും, അവരിൽ പലരും മരിച്ചു പോകുന്നുമുണ്ട്. എന്തുകൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. ജൂനിയർ ഓൺകോളജിസ്റ്റ് എന്നോട് ചോദിച്ചു,'' അമ്മ How do you remain so peaceful?'. ഞാൻ പറഞ്ഞു: ''വി ഓൾ ഡൈ. ഇഫ് നോട്ട് വിത്ത് കാൻസർ, വിത്ത് സംതിങ് എൽസ്'' . അതെ, മനുഷ്യർ മരിക്കും. അതാണ് പരമമായ സത്യം. അത് സ്വീകരിച്ചാൽ പിന്നെ മനഃക്ലേശമില്ല.

അമൃത ഹോസ്പിറ്റലിലെ എന്റെ ഓൺകോളജിസ്റ്റ് ആയ ഡോക്ടർ പവിത്രൻ എന്നിലെ കാൻസറുമായി തീരാത്ത യുദ്ധം നയിക്കുന്ന പോരാളിയാണ്. എന്റെ ദേഹവും കാൻസറും തമ്മിലുള്ള ചെസ്സ് കളി അതിരുവിടുമ്പോൾ ഒക്കെ അദ്ദേഹം ഇടപെടും. ആ ചതുരംഗം കണ്ടുനിൽക്കുന്നത് തന്നെ എനിക്കൊരു രസമുണ്ട്. ആനയെയും കുതിരയെയും പണയപ്പെടുത്തുന്നത് പോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുന്നത് ഞാൻ അത്യധികമായ സഹാനുഭൂതിയോടെ കണ്ട് ഇരിക്കുകയാണ്. ഇത് ഒരു തമാശയല്ല. വാസ്തവത്തിൽ എനിക്ക് തോന്നും, രണ്ടു അഷിതമാരുണ്ട്. കാൻസറിന് മുൻപുള്ള ഒരു അഷിതയും, അതിനു ശേഷമുള്ള അഷിതയും. കാൻസറിന് മുൻപുള്ളവൾ ഒരു കവി ആയിരുന്നു എന്ന് എനിക്കിപ്പോ തോന്നുന്നുണ്ട്. അവൾ മരിച്ചു പോയി. ഇപ്പോഴുള്ളത് യുദ്ധത്തിൽ മുറിവേറ്റു രക്തം വാർന്നൊലിക്കുന്ന ഒരു പോരാളിയാണ്. ഓരോന്ന് പണയപ്പെടുത്തിയും ഒഴിഞ്ഞുമാറിയും അവസരം നോക്കി വെട്ടിയും ജ്വലിച്ചു നിൽക്കുന്ന ഒരു പോരാളി.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കാൻസർ തന്നെയാണ്. യാതനയും വേദനയും സ്‌നേഹവും പരമോന്നത ബോധവും അതാണ് എനിക്ക് നൽകിയത്. അതെ , മനുഷ്യർ മരിക്കും. പക്ഷെ മനുഷ്യർ അതി ജീവിക്കുകയും ചെയ്യുന്നുണ്ട്. കാൻസറിന്റെ ലോകം വല്ലാത്തൊരു ലോകമാണ്. ഒരു കാൻസർ വാർഡിൽ നിങ്ങൾക്ക് ചിരി വരികയില്ല. പുരികം ഇല്ലാത്ത, കൺപ്പീലികളില്ലാത്ത, മുടി കൊഴിഞ്ഞ മുഖങ്ങൾ, കുട്ടികൾ, ഹതാശമായ നോട്ടങ്ങൾ, അടക്കിയ കണ്ണുനീർ... കാൻസർ വന്നവരേക്കാൾ അവരെ സ്‌നേഹിക്കുന്നവരുടെ സങ്കടം ആണ് കൂടുതൽ ഉലക്കുക.

ഏതു അസുഖവും ആദ്യം മനസ്സിലുണ്ടായിട്ടത്രേ ദേഹത്തിൽ പ്രത്യക്ഷപ്പെടുക. ശരിയായിരിക്കും. പരമേശ്വരന്റെ സങ്കല്പം ആണത്രേ പ്രപഞ്ചമായി ദൃശ്യമായത്. രാഗദ്വേഷങ്ങളെ, പ്രപഞ്ച യാതനകളെ, വ്യഥകളെ എല്ലാം ചവുട്ടി മെതിച്ച് അവയെ മറ്റുള്ളവർക്ക് ശീതളിമ ഏകുന്ന ചന്ദ്രക്കലയായി പരിണമിപ്പിച്ചിട്ടാണ് യഥാർത്ഥമായ ആനന്ദ നടനം തുടങ്ങുന്നത്.

നമ്മുടെ സങ്കല്പങ്ങളെ ശുദ്ധമാക്കി സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കാൻസറിനേ സംബന്ധിച്ച ഏറ്റവും നല്ല കാര്യം അത് നമ്മളെ ദാക്ഷിണ്യലേശമില്ലാതെ നമ്മുടെയൊക്കെ കഴിഞ്ഞു പോയ ജീവിതത്തിലേക്ക് നോക്കാനും സത്യസന്ധമായി വിലയിരുത്താനും പ്രേരിപ്പിക്കുന്നു എന്നതാണ്. എന്റെ ഓൺകോളജിസ്റ്റ് അമൃത ഹോസ്പിറ്റലിലെ ഡോക്ടർ പവിത്രൻ എനിക്ക് ഒരു മെസ്സേജ് അയക്കുകയുണ്ടായി 'I tell people all the time, I never wish cancer on anyone, but there is an emotional and spiritual awakening that happens when you get a cancer diagnosis and your back is up against a wall - Scott Hamilton' .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP