Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'എന്റെ കടപ്പാട് ഈ ആൾദൈവങ്ങളോടാണ്; ഫീസ് കൊടുക്കാൻ ഇല്ലാഞ്ഞിട്ടും ക്ലാസിലിരുത്തിയ അദ്ധ്യാപകരോട്; ചെരിപ്പു വാങ്ങാനുള്ള പണം തികയില്ല എന്നറിഞ്ഞപ്പോൾ സൗജന്യമായി തന്ന കടയുടമസ്ഥനോട്; ടിക്കറ്റിനു പൈസയില്ലാതിരുന്നിട്ടും ബസിൽ കയറാൻ അനുമതി തന്ന കണ്ടക്ടറോട്': സ്വീഡിഷ് സർവകലാശാലയിൽ ഡോക്ടറേറ്റു നേടിയ മലയാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

'എന്റെ കടപ്പാട് ഈ ആൾദൈവങ്ങളോടാണ്; ഫീസ് കൊടുക്കാൻ ഇല്ലാഞ്ഞിട്ടും ക്ലാസിലിരുത്തിയ അദ്ധ്യാപകരോട്; ചെരിപ്പു വാങ്ങാനുള്ള പണം തികയില്ല എന്നറിഞ്ഞപ്പോൾ സൗജന്യമായി തന്ന കടയുടമസ്ഥനോട്; ടിക്കറ്റിനു പൈസയില്ലാതിരുന്നിട്ടും ബസിൽ കയറാൻ അനുമതി തന്ന കണ്ടക്ടറോട്': സ്വീഡിഷ് സർവകലാശാലയിൽ ഡോക്ടറേറ്റു നേടിയ മലയാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: പ്രശസ്തമായ സ്വീഡിഷ് സർവകലാശാലയിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചപ്പോഴും ഈ മലയാളി ഗവേഷക വന്ന വഴി മറന്നില്ല. കണ്ണു നിറയ്ക്കുന്ന നിരവധി അനുഭവങ്ങൾ പിന്നിട്ട് ഒടുവിൽ പ്രബന്ധം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ബിന്ദു സുനിൽ കരിങ്ങന്നൂർ എന്ന ഈ യുവതി തനിക്കു താങ്ങും തണലുമായി നിന്ന ഏവർക്കും നന്ദി പറയുകയാണ്.

പത്താം ക്ലാസ് പഠനം കഴിഞ്ഞു പതിനഞ്ചാം വയസിൽ കൂലിപ്പണിക്കിറങ്ങേണ്ടി വന്ന നാൾ മുതൽ ഇന്നുവരെയുള്ള ജീവിതത്തിൽ പിന്തുണയുമായി എത്തിയ ഏവർക്കും നന്ദി പറയുന്ന ബിന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആരുടെയും കണ്ണു നനയിക്കും ഹൃദയത്തിൽ തട്ടിയുള്ള ഈ വാക്കുകൾ. ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നിൽ നിന്നു ഡോക്ടറേറ്റു സ്വന്തമാക്കുമ്പോഴും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കടമ്പകൾ കടക്കാൻ തന്നെ സഹായിച്ച ഓരോ മനുഷ്യരും തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്നു പറയുകയാണ് ഈ യുവതി.

ബിന്ദുവിന്റെ വാക്കുകളിലൂടെ:

എന്റെ ഗവേഷണ പ്രബന്ധം ...എന്റെ ആദ്യത്തെ പുസ്തകം കടപ്പാട് ...ദൈവങ്ങളോട് ...അതെ ഒത്തിരി ആൾദൈവങ്ങളോട്

വികാസ് ട്യൂട്ടോറിയൽ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ എന്റെ പേര് ഒരിക്കലും വെട്ടാൻ ഒരവസരം പോലും കൊടുത്തിട്ടില്ല എന്നിട്ടും ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി --പഠിപ്പിച്ച ഒരു കൂട്ടം അദ്ധ്യാപകർ,

പത്താം ക്‌ളാസ് കഴിഞ്ഞു കൂലിവേലയ്ക്കിറങ്ങിയ സമയം ...ജോൺസൺ സാറിന്റെ വീടാണെന്നറിയാതെ .ചെന്ന് പെട്ട ഞാനും ...ചാണകം നിറച്ച ആദ്യ കുട്ട തലയിലെടുത്തു വച്ച് തന്നു ..കണ്ണിൽ നോക്കാതിരിക്കാൻ പ്രയാസപ്പെട്ടു വൈകുന്നേരം അന്നത്തെ പണിക്കുള്ള കാശു കയ്യിൽ തരുമ്പോൾ ..ഇനി നിന്നെ ഈ കോലത്തിൽ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞ സാറും

മോളുടെ പഠിത്തം ഇനി കശുവണ്ടി ഫാക്ടറിയിൽ മതി എന്ന് പറഞ്ഞു... എന്റെ മോളാ ഫസ്റ്റ്ക്‌ളസോടു കൂടിയാ പത്താം ക്‌ളാസ്സു പാസായതെന്നു അഭിമാനത്തോട് കൂടി പറഞ്ഞ അമ്മയ്ക്ക് 200 രൂപ അധികം കൂലികൊടുത്തിട്ടു ..ഗോമതി കൊച്ചു പഠിക്കട്ടെ എന്നു പറഞ്ഞ മുതലാളിയിൽ,

കയ്യിലിരുന്ന ചില്ലറ കൊടുത്തു ..ചേട്ടാ എനിക്ക് കോളേജിലിടാൻ ഒരു ചെരുപ്പ് വേണം പക്ഷേ മുഴുവൻ കാശില്ല എന്ന് അദ്ദേഹത്തിന് കേൾക്കാൻ മാത്രം പറഞ്ഞ എനിക്ക് ചില്ലറ തിരികെ തന്നു കൂടെ ഒരു ചെരുപ്പും പൊതിഞ്ഞു തന്ന കടയുടമസ്ഥനിൽ ...

അൻപതു രൂപ കൂട്ടി എല്ലാവരും ഇട്ടാൽ ബിന്ദുവിനെ കൂടി ട്യൂറിനു കൊണ്ടുപോകാൻ മനസ്സ് കാട്ടിയ Bsc കൂട്ടുകാരിൽ, നീ വലിയ വീട്ടിലെ പിള്ളേരുകൂടെയല്ലേ ട്യൂറിനു പോകുന്നത് ഇതും കൂടിവച്ചോ എന്നുപറഞ്ഞു കടമായി മേടിച്ച പൈസക്കൊപ്പം 200 രൂപ കൂടിത്തന്നെ സലിയണ്ണനിൽ..

സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും ഒരു ധൈര്യത്തിൽ ബസിൽ കയറി, ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞതു കണ്ടു ...സാരമില്ല കേട്ടോ എന്ന് ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ,

ദിവസവും വേടിക്കുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം എന്നറിഞ്ഞു ..മുതലാളി കാണാതെ അധികം രണ്ടെണ്ണം കൂടി തന്നു ..കടയിൽ നിന്നറങ്ങുമ്പോൾ ആരും കാണാതെ ചിരി പാസാക്കുന്ന ..ഏന്തിവലിഞ്ഞു നടക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യനിൽ....

ക്രിസ്മസ് അവധിക്കുപോയാൽ തിരിച്ചു പഠിക്കാൻ വരാൻ ചിലപ്പോൾ പറ്റില്ല എന്നറിയാവുന്ന എനിക്ക് ഹോസ്റ്റലിനു പിറകിന്നുള്ള പേരമരവും അതിലെ പേരയ്ക്കയും ആഹാരമായപ്പോൾ ..വിശന്നിരിക്കുമ്പോൾ പേരയ്ക്കയ്ക്ക് എന്ത് രുചിയാ എന്നു പറഞ്ഞു കൂടെക്കൂടിയ കൂട്ടുകാരിയിൽ ...

എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരിൽ..മക്കളെ എന്നുവിളിച്ചു സ്‌നേഹത്തിൽ പൊതിഞ്ഞ മറുപടികൾ അയയ്ക്കുന്ന അദ്ധ്യാപകനിൽ ......

പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..

പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ എനിക്ക് ...ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി നിൽകുമ്പോൾ ...നേരെവരുന്ന മനുഷ്യർ ദൈവങ്ങളും... വിഷമങ്ങൾ.. അനുഗ്രഹങ്ങളും ആയി മാത്രമേ കാണാൻ പറ്റുള്ളു ... നന്ദി പറയേണ്ടത്.. അക്ഷരാഭ്യാസം ഇല്ലാത്ത ... നാട്ടുകാരുടെ പ്രേരണയാൽ സ്‌കൂളിൽ വിട്ടു എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും പിന്നെ അദ്ധ്യാപകർക്കും എന്റെ പ്രീയപ്പെട്ട നാട്ടുകാർക്കും .. പിന്നെ മുകളിൽ പറഞ്ഞ പ്രീയപ്പെട്ട കൂട്ടുകാർക്കും ..ശരിക്കും അവരല്ലേ കാണപ്പെട്ട ദൈവങ്ങൾ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP