Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഡിഗോയിൽ യാത്രചെയ്ത് സുരക്ഷിതമായി ഞാൻ വീട്ടിലെത്തി; ആശ്വാസം തോന്നുന്നു: ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് വലിയ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നതിൽ വീണ്ടും വിജയിച്ച് കളക്ടർ ബ്രോ; പ്രശാന്ത് ഐഎഎസിന്റെ മറ്റൊരു കറുത്ത ഫലിതംകൂടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

ഇൻഡിഗോയിൽ യാത്രചെയ്ത് സുരക്ഷിതമായി ഞാൻ വീട്ടിലെത്തി; ആശ്വാസം തോന്നുന്നു: ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് വലിയ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നതിൽ വീണ്ടും വിജയിച്ച് കളക്ടർ ബ്രോ; പ്രശാന്ത് ഐഎഎസിന്റെ മറ്റൊരു കറുത്ത ഫലിതംകൂടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന ആരോപണം അടിക്കടി ഉണ്ടാവുന്നുണ്ട്. അടുത്തിടെ ബാഡ്മിന്റൺതാരം പി വി സിന്ധുവും ഇത്തരമൊരു ആരോപണം ഉന്നയിക്കുകയും അത് ചർച്ചയാവുകയും ചെയ്തിരുന്നു.

ഡൽഹി വിമാനത്താവളത്തിൽ വച്ച് എയർലൈൻസ് ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റംചെയ്യുന്ന വീഡിയോ കൂടി പുറത്തുവന്നതോടെ ഇൻഡിഗോ എയർലൈൻസിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ് എങ്ങും.

എന്നും ബ്‌ളാക്ക് ഹ്യൂമർ പരാമർശങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ അനീതികൾക്കെതിരെ ശബ്ദിക്കുകയും എതിർപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്ന കളക്ടർ ബ്രോ ഇൻഡിഗോയ്‌ക്കെതിരെ ഒരു കറുത്തഫലിതം കുറിച്ചിട്ടത് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് ഇപ്പോൾ. ഇൻഡിഗോയിൽ യാത്രചെയ്ത് സുരക്ഷിതമായി ഞാൻ വീട്ടിലെത്തി.. ആശ്വാസം തോന്നുന്നുവെന്നാണ് പ്രശാന്ത് ഐഎഎസിന്റെ പുതിയ പോസറ്റ്.

ഇൻഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെ ജീവനക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഒളിംപിക്സിൽ മെഡൽ നേടിയ ബാഡ്മിന്റൻ താരം പി.വി സിന്ധു ഈയിടെ ആരോപണമുന്നയിച്ചതിന് പിന്നാലെ ഇവരുടെ സർവീസിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യയിലെ ഒന്നാം വിമാനക്കമ്പനിയാകാനുള്ള ശ്രമത്തിനിടെയും യാത്രക്കാരെ അവർ മൈൻഡ് ചെയ്യുന്നില്ലെന്ന ആക്ഷേപത്തിനിടെ ആണ് പുതിയ വിവാദവും ഉണ്ടായത്.

ഇൻഡിഗോ 6ഇ 608 വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് 'വളരെ മോശം' അനുഭവമുണ്ടായതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചത. നവംബർ നാലിന് മുംബൈയിലേക്കുള്ള ഇൻഡിഗോ 6 ഇ 608 വിമാനത്തിലാണ് സംഭവമെന്നും ഗ്രൗണ്ട് സ്റ്റാഫ് അജീതേഷിൽ നിന്നുമാണ് മോശം അനുഭവമുണ്ടായതെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ സിന്ധുവിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. പ്രശസ്ത താരങ്ങൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിലരുടെ ചോദ്യം.

ഇത് ശരി വയ്ക്കുന്നതായിരുന്നു പുതിയ വീഡിയോ. ഡൽഹി വിമാനത്താവളത്തിൽവച്ച് എയർലൈൻ ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തുവന്നതാണ് ഇതിൽ അവസാനത്തേത്. വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് ക്ഷമാപണം നടത്തി.

ഒക്ടോബർ 15ന് ആണു സംഭവം നടന്നത്. വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താൻ വൈകിയത് ചോദ്യംചെയ്ത തന്നെ രണ്ടു ജീവനക്കാർ ചേർന്നു ബസിൽനിന്നു വലിച്ചിറക്കുകയും മർദിക്കുകയുമായിരുന്നെന്നു യാത്രക്കാരനായ രാജീവ് കത്യാൽ പറഞ്ഞു.

ബസിൽ കയറാൻ തുടങ്ങുന്ന യാത്രക്കാരനെ ബലമായി പിടിച്ചുമാറ്റുന്നതും നിലത്തുവീണ ഇയാളെ ജീവനക്കാരൻ മർദിക്കുന്നതുമായ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കോഴിക്കോട് കളക്ടറായിരിക്കെ സോഷ്യൽമീഡിയയിൽ സജീവമാവുകയും ആരാധകർ കളക്ടർബ്രോ എന്ന് വിളിക്കുകയും ചെയ്ത പ്രശാന്ത് ഐഎഎസ് ഇപ്പോൾ ഇൻഡിഗോയെ കളിയാക്കിക്കൊണ്ട് രംഗത്ത് വന്നത്. ഇതോടെ സംഭവം ചൂടുപിടിച്ചു. നിരവധി പേർ സമാന പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. അനുഗ്രഹീതനായി എന്ന് ഫീലിങ് നൽകി ശേഷമാണ് 'ഇൻഡിഗോയിൽ യാത്രചെയ്ത് സുരക്ഷിതനായി വീട്ടിലെത്തി' എന്ന് പ്രശാന്ത് കുറിച്ചത്. കളക്ടർബ്രോയുടെ കമന്റിനു കീഴെ നൂറുകണക്കിന് പേരാണ് വിഷയത്തിൽ ചർച്ചയുമായി എത്തുന്നത്.

മുമ്പും ഇത്തരം പോസ്റ്റുകളുമായി സോഷ്യൽമീഡിയയിൽ പ്രതികരിച്ച് ശ്രദ്ധേയനായിരുന്നു പ്രശാന്ത്. തന്നെ അപമാനിച്ചതിന് കളക്ടർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കോഴിക്കോട് എംപി എംകെ രാഘവന് മറുപടിയായി കുന്നംകുളം വില്ലേജിന്റെ പൊളിറ്റിക്കൽ മാപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ഇതോടെ വിഷയം വലിയ ചർച്ചയാവുകയും ചെയ്തു.

രാഘവനെ പരോക്ഷമായി പരിഹസിക്കുന്നതെന്ന് വ്യാഖ്യാനിക്കാന്ന മറ്റൊരു പോസ്റ്റും കളക്ടർ ഇട്ടിരുന്നു. ഒരാളെപ്പറ്റി എങ്ങനേലും വല്ല കുറ്റവും കുറവും അടിയന്തരമായി കണ്ടെത്തണം അല്ലെങ്കിൽ വല്ല വിവാദവും ഉണ്ടാക്കണം എന്ന 'ജോലി' ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കേണ്ടി വന്നാൽ അത് അയാൾക്ക് ഒരു കോംപ്‌ളിമെന്റ് തന്നെയാണ്. അഹങ്കരിക്കാതെ! അടങ്ങ് മോനെ, അടങ്ങ്! ചിത്രം: കയറ്റുമതിക്കായി തയ്യാറാക്കി വച്ച ഞണ്ടുകൾ. ഇത് അടച്ച് വെക്കേണ്ടതില്ല എന്നത് അറിയാമല്ലൊ. എന്നായിരുന്നു ആ പോസ്റ്റ്. ഇത്തരത്തിൽ ഒരോ സന്ദർഭത്തിലും ഹാസ്യംകലർന്ന വിമർശനവുമായി എത്തുന്ന പ്രശാന്തിന്റെ പോസ്റ്റുകൾക്ക് ആരാധകരും ഏറെ.

ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം ചില കറുത്ത ഫലിതങ്ങൾ വഴി നല്ല മുട്ടൻ പണിയും പ്രശാന്തിന് ലഭിച്ചിട്ടുണ്ട്. എംകെ രാഘവൻ എംപിയെ ക്ഷ വരപ്പിച്ചിട്ടും അനങ്ങാതിരുന്ന സർക്കാർ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയതും പ്രാധാന്യമുള്ള പദവികൾ ഒന്നും നൽകാതിരുന്നതും ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് അമ്മ എന്ന പേരിൽ ഒരു പോസ്റ്റ് ഇട്ടതിനാണ്. ഇത് പിന്നീട് വലിയ ചർച്ചയായി മാറുകയും ചെയ്തു.

ഏതായാലും ഇൻഡിഗോ എയർലൈൻസിന്റെ യാത്രക്കാർക്ക് എതിരായ പീഡനങ്ങൾ ഒരു ചെറു കുറിപ്പിലൂടെ പ്രശാന്ത് ചർച്ചയാക്കിയതുപോലെ മറ്റ് പലരും സമാന രീതിയിൽ പ്രതികരണവുമായി എത്തുന്നുണ്ട്. മലയാള മനോരമ നോർത്ത് ഈസ്റ്റ് കറസ്‌പോണ്ടന്റ് ആയ ജാവേദ് പർവേശും സമാനമായ ഒരു പോസ്റ്റ് നൽകിയിരിക്കുകയാണ്. ബാംഗ്‌ളൂരിലേക്ക് യാത്ര ചെയ്യുകയാണെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ്. ഇൻഡിഗോ എന്നതിന് പകരം ' ഇടിഗോ' എന്ന് കുറിച്ച് തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ചേർത്ത് ജാവേദ് നൽകിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ഇൻഡിഗോയിൽ യാത്രചെയ്തവരും യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവരും എല്ലാം ഇൻഡിഗോയിലെ ദുരനുഭവങ്ങൾ പങ്കുവച്ചും പീഡനങ്ങൾക്കെതിരെ നിലപാടെടുത്തും സജീവമായിരിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP