Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു തരൂ ഡോക്ടർ എന്ന് ആ അച്ഛൻ അപേക്ഷിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ല; ഐസിയു ആംബുലൻസ് ലഭ്യമാക്കി നഗരത്തിലെ ആശുപത്രിയിൽ ഐസിയുവിൽ ബഡ്ഡ് ഉണ്ടെന്ന് ഉറപ്പാക്കി കുഞ്ഞിനെ അയച്ചു; നിർഭാഗ്യമെന്നു പറയട്ടെ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല: അദ്ധ്യാപകരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഗൗരിയെ ആദ്യം ചികിത്സിച്ച ന്യൂറോ സർജൻ പറയുന്നത്

എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു തരൂ ഡോക്ടർ എന്ന് ആ അച്ഛൻ അപേക്ഷിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ല; ഐസിയു ആംബുലൻസ് ലഭ്യമാക്കി നഗരത്തിലെ ആശുപത്രിയിൽ ഐസിയുവിൽ ബഡ്ഡ് ഉണ്ടെന്ന് ഉറപ്പാക്കി കുഞ്ഞിനെ അയച്ചു; നിർഭാഗ്യമെന്നു പറയട്ടെ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല: അദ്ധ്യാപകരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഗൗരിയെ ആദ്യം ചികിത്സിച്ച ന്യൂറോ സർജൻ പറയുന്നത്

കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തിൽ മനംനൊന്ത് വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ഗൗരി മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ആരോപണം ശക്തമാകുന്നതിനിടെ കുഞ്ഞിനെ ചികിത്സിച്ച ടീമിൽ അംഗമായ ന്യൂറോ സർജൻ ആശുപത്രിയിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തി. ഗൗരിയെ ആദ്യം ചികിത്സിച്ച് കൊല്ലത്തെ ബിഷപ്പ് ബൻസിഗർ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. ജയകുമാർ ശിവശങ്കരനാണു ഫേസ്‌ബുക്കിലൂടെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു തരൂ ഡോക്ടർ എന്ന് കുഞ്ഞിന്റെ അച്ഛൻ അപേക്ഷിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ലെന്നും അങ്ങനെയാണ് കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റേണ്ടിവന്നതെന്നും ഡോക്ടർ ശിവശങ്കരൻ വിശദീകരിക്കുന്നു. തന്റെ മകളും അതേ സ്‌കൂളിൽ ആണ് പഠിക്കുന്നതെന്നും ഗൗരിയുടെ ജീവൻ രക്ഷിക്കാൻ ആവതെല്ലാം ചെയ്തുവെന്നും വ്യക്തമാക്കിയാണ് ഡോക്ടറുടെ കുറിപ്പ്. ആശുപത്രിയിൽ മികച്ച ചികിത്സയാണ് ഗൗരിക്ക് നൽകിയതെന്നും മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞുകൊണ്ട് എഴുതിയ കുറിപ്പിൽ മറ്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ എത്തുന്നതിന് മുന്നേ തന്നെ രോഗിയെ പരിചരിക്കാൻ എത്തിയെന്നും വ്യക്തമാക്കുന്നുണ്ട് ഡോക്ടർ ശിവശങ്കരൻ.

ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇപ്രകാരം: 

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ കുഞ്ഞിന്റെ മരണം നമ്മെയെല്ലാപേരെയും വളരെയേറെ വേദനിപ്പിക്കുന്നു. അതേ സ്‌കൂളിൽ തന്നെ പഠിക്കുന്ന രണ്ടു കുട്ടികളുടെ അച്ഛനെന്ന നിലയിൽ എനിക്ക് ആ വേദന മറ്റുള്ളവരിലും ഏറെയാണ്. ആ മാതാപിതാക്കൾക്ക് ഈ കഠിന വ്യഥ താങ്ങാനുള്ള മനഃശ്ശക്തി ഉണ്ടാകട്ടെ.

അപകടശേഷം ആ കുഞ്ഞിനെ എത്തിച്ച ബിഷപ്പ് ബൻസിഗർ ആശുപത്രിയിലെ ചികിത്സ നൽകിയ ഡോക്ടർമാരുടെ ടീമിലെ ഒരംഗമാണ് ന്യൂറോ സർജനായ ഞാൻ. അന്ന് ഉച്ചക്ക് രണ്ടേകാൽ മണിയോടെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഫോൺ വന്നതനുസരിച്ച് ഞാൻ ഉടൻ തന്നെ അവിടെ എത്തി രോഗിയെ കാണുന്നു. തലയുടെ പിൻഭാഗത്ത് രക്തസ്രാവം ഉണ്ടെന്ന് സ്‌കാനിൽ ഉള്ളത് കുഞ്ഞിന്റെ അച്ഛനോട് പറഞ്ഞു. ഇത് സീരിയസാണോ എന്നു അദ്ദേഹം വ്യസന പൂർവ്വം ചോദിച്ചു. കുഞ്ഞ് ഇപ്പോൾ അബോധാവസ്ഥയിലല്ല ഒരു മയക്കം മാത്രമേ കാണുന്നുള്ളൂ സ്‌കാനിൽ തലച്ചോറിൽ രക്തസ്രാവം കാണുന്നുണ്ട് . പക്ഷേ, ഇനിയും മറ്റു പരിശോധനകൾ വേണ്ടിവരും അതെല്ലാം കഴിഞ്ഞേ എന്തെങ്കിലും ഉറപ്പ് പറയാൻ കഴിയൂ എന്നറിയിച്ചു.

കഞ്ഞിന്റെ അച്ഛന്റെ പൂർണ്ണ സമ്മത പ്രകാരം കുഞ്ഞിനെ ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചു. വന്നപ്പോൾ തന്നെ കുട്ടിയുടെ രക്തസമ്മർദ്ധം താരതമ്യേന കുറവായതുകൊണ്ട് അത്യാഹിത വിഭാഗം ഡോക്ടർ വയറിന്റെ FAST സ്‌കാൻ എടുത്തിരുന്നു. അതിൽ കരളിനോ സ്പ്ലീഹക്കോ വൃക്കകൾക്കോ ഗുരുതരമായ പരിക്കോ വയറ്റിനുള്ളിൽ രക്തസ്രാവമോ കാണുന്നില്ല എന്ന് കുറിച്ചിരുന്നു. വേദന കൊണ്ട് തിരിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന കുട്ടിക്ക് ഉടൻ തന്നെ വേദന കുറയാനുള്ള കുത്തിവയ്പുകളും ഡ്രിപ്പുകളും ജന്നിവരാതിരിക്കാനുള്ള മരുന്നുകളും മറ്റു അവശ്യ ചികിത്സകളും തുടങ്ങി. Portable X -ray ഉപകരണം വരുത്തി നെഞ്ചിന്റെയും നട്ടെല്ലിന്റെയും X -ray എടുത്തു. നെഞ്ചിനുള്ളിൽ x -ray - ൽ രക്തസ്രാവമോ വായു നിറഞ്ഞതായ ലക്ഷണങ്ങളോ ഇല്ല. നട്ടെല്ലിന്റെ X- rayൽ പൊട്ടലുകൾ കാണുന്നുണ്ട്. കുട്ടിയുടെ രക്തസമ്മർദ്ധം പിന്നെയും കുറഞ്ഞ് വരുന്നുണ്ട്. ഇന്റ്റൻസിവിസ്റ്റ് ഡോക്ടർ രണ്ട് മണി മുതലേ കുട്ടിയുടെ കൂടെ ഉണ്ട്. അദ്ദേഹവുമായി ചർച്ച ചെയ്തു. ഡ്രിപ്പിന്റെ വേഗത കൂട്ടാനും വേണമെങ്കിൽ രക്തസമ്മർദ്ധം കൂട്ടാനുള്ള മരുന്നുകൾ തുടങ്ങുവാനും തീരുമാനിച്ചു. രക്ത സ മ്മർദ്ധം വർദ്ധിക്കുന്ന മുറയ്ക്ക് വയറിന്റെയും നെഞ്ചിന്റേയും CT സ്‌കാൻ എടുക്കാനും തീരുമാനിച്ചു. എല്ലു ഡോക്ടറെയും സർജറി ഡോക്ടറെയും ഉടൻ തന്നെ വിളിച്ചു വരുത്താനും ഏർപ്പാടാക്കി.

ഈ സമയത്തൊക്കെ ICU വിന്റെ വാതിലിൽ നിരന്തരം ആരൊക്കെയോ മുട്ടുകയും ചവിട്ടുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ടും കേട്ടും അറിഞ്ഞും വന്ന ജനക്കൂട്ടം ആശുപത്രി ജീവനക്കാരുമായും തമ്മിൽ തമ്മിലും വഴക്കുണ്ടാക്കുകയും ICU വിനകത്തേക്ക് കടക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടുമിരുന്നു. മൂന്നു മണിക്കടുത്ത് സ്ഥലം സബ് ഇൻസ്പക്ടർ കുഞ്ഞിന്റെ മൊഴി യെടുക്കാനായി എത്തിയെന്നറിയിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതുകൊണ്ട് ഇപ്പോൾ അതിന് കഴിയില്ല എന്ന് മറുപടി പറഞ്ഞു. സന്ദർശകരുടെ ബഹളവും ശല്യവും കാരണം, ICU വിൽ ഗുരുതരമായ രക്തസ്രാവവുമായി പ്രവേശിപ്പിച്ച് ഇപ്പോൾ നില മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്ന മറ്റൊരു രോഗിയുടെ രക്തസമ്മർദ്ധം കൂടി സ്ഥിതി വഷളായി. അദ്ദേഹത്തിനെ സമാധാനിപ്പിച്ച് മരുന്നുകൾ തുടങ്ങി. മൂന്ന് മണിയായപ്പോൾ കുഞ്ഞിന്റെ തലച്ചോറിലെ പരിക്കുകൾക്ക് മറ്റു ശസ്ത്രക്രിയയൊന്നും ആവശ്യമില്ലാത്തതു കൊണ്ട് ഇന്റ്റൻസിവിസ്റ്റിന് വേണ്ട നിർദ്ദേശങ്ങളും നൽകി മറ്റു രോഗികളെ കാണാൻ ഞാൻ പോയി.

പിന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഏതോ ശിശുസമിതിയുടെ പ്രവർത്തകരും ആൾക്കൂട്ടത്തിൽ ചിലരും ചേർന്ന് കുട്ടിയുടെ അച്ഛനെ, ആശുപത്രിയും സ്‌കൂളും നടത്തുന്നത് ഒരേ മാനേജ്‌മെന്റായതു കൊണ്ട് ഇവർ വിവരങ്ങൾ മറച്ചു വെയ്ക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് ഈ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ഈ ദാരുണ സംഭവത്തിൽ മാനസിക ആഘാതത്തിൽ നിൽക്കുന്ന അദ്ദേഹത്തിന് ഈ കുബുദ്ധികളുടെ പ്രേരണ സംശയങ്ങൾക്കും ആകാംഷയ്ക്കും കാരണമായി. അദ്ദേഹം നിർബന്ധപൂർവ്വം ICU വാതിൽ ചവിട്ടി തുറന്ന് കുഞ്ഞിനടുത്ത് നിലയുറപ്പിച്ചു. മറ്റാളുകളും ICU വിന് ഉള്ളിൽ കയറി ഇറങ്ങാൻ തുടങ്ങി. ഇതിനിടക്ക് ശിശു സമിതി പ്രവർത്തകൻ മൊബൈൽ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി.

മൂന്നര മണിയായപ്പോൾ ആശുപത്രിയിൽ നിന്ന് എനിക്ക് ഒരു ഫോൺ വരുന്നു. കുഞ്ഞിന്റെ അച്ഛന് എന്നോട് സംസാരിക്കണം. ഞാൻ സംസാരിച്ചു. അദ്ദേഹം പറഞ്ഞു ഡോക്ടറെക്കുറിച്ച് ഞങ്ങൾക്കറിയാം ഞങ്ങൾക്ക് വിശ്വാസവുമാണ്. പക്ഷേ മറ്റു വിഷയങ്ങൾ ഉണ്ട്. ഞങ്ങൾക്ക് ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റണം. ഞാൻ പറഞ്ഞു അത് റിസ്‌കാണല്ലോ. എന്താണ് കാര്യം എന്ന് അന്വേഷിച്ചു. അത് നേരിൽ കാണുമ്പോൾ പറയാം എന്നദ്ദേഹം പറഞ്ഞു. ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ വിലപ്പെട്ട ഒന്നൊന്നര മണിക്കൂർ ആംബുലൻസിൽ ചിലവഴിക്കുന്നത് ഒട്ടും ശരിയല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു തരൂ ഡോക്ടർ എന്ന് അപേക്ഷിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ല.

വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ചികിത്സിച്ചിട്ടെന്തു കാര്യം? ICU വിലേക്ക് വീണ്ടും ഫോൺ ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് BP കൂടാനുള്ള ഡോപ്പമിൻ മരുന്നു തുടങ്ങിയിരുന്നു. ഞാൻ ICU ഡോക്ടറിനോട് കാര്യം പറഞ്ഞു. സാർ ഇവിടെ ആകെ ബഹളമാണ്. ഒന്നിനും ആരും സമ്മതിക്കുന്നില്ല. രക്തം അടപ്പിക്കാനെങ്കിലും പറ്റുമോ എന്നു ഞാൻ ചോദിച്ചു. ഇല്ല അവർ ഒന്നിനും സമ്മതിക്കുന്നില്ല എന്നാണ് മറുപടി. എന്നാൽ ഉടൻ തന്നെ ICU ആംബുലൻസ് വരുത്തി രോഗിയെ ഓക്‌സിജനും ഡോപ്പമിനുമുൾപ്പെടെ സുരക്ഷിതമാക്കി വിട്ടു കൊള്ളാൻ പറഞ്ഞു. അപ്പോൾ ബൻസിഗർ ആശുപത്രിയിൽ ICU ആംബുലൻസ് ലഭ്യമല്ലാത്തതു കൊണ്ട് മറ്റൊരിടത്തു നിന്ന് അതു വിളിപ്പിച്ചു. നഗരത്തിലെ ആശുപത്രിയിൽ വിളിച്ച് അവിടെ ICU വിൽ ബഡ്ഡ് ഉണ്ടെന്ന് ഉറപ്പാക്കി. ഗുരുതരമായ രോഗിയെ അങ്ങോട്ടേക്ക് അയക്കുന്നു എന്ന് അറിയിച്ചു.
നിർഭാഗ്യമെന്നു പറയട്ടെ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സ്ഥാപിത താൽപര്യക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ പല കഥകളും മെനഞ്ഞുണ്ടാക്കി. മസാലക്കഥകളിൽ അഭിരമിക്കുന്നവർക്കായി മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് കഥകൾ എഴുതി. ചികിത്സ നിഷേധിച്ചു, അസുഖം കണ്ട് പിടിച്ചില്ല, വച്ചു താമസിപ്പിച്ചു, ന്യുറോ സർജൻ വന്നതേയില്ല, ന്യൂറോ സർജൻ ഉണ്ടായിരുന്നിട്ടും വന്നില്ല അങ്ങനെ എന്തൊക്കെ കഥകൾ..

ഗുരുതര പരിക്ക് തലക്കില്ലാഞ്ഞിട്ടും മറ്റ് സെപഷ്യലിസ്റ്റ് ഡോക്ടർമാരെത്തുന്നതിനും മുന്നെ എത്തി ആ കുഞ്ഞിനെ കാണാനുള്ള അബോധമായ ഒരുൾപ്രേരണ ഒരു പക്ഷേ എന്റെ പതിനാലുകാരിയായ മകളും അതേ സ്‌കൂളിൽ തന്നെ പഠിക്കുകയാണല്ലോ എന്നതാവാം. മാധ്യമങ്ങളിൽ രാഷ്ട്രീയക്കാർ കാര്യമറിയാതെ ഡോക്ടറെ ശിക്ഷിക്കണമെന്ന് കുരയ്ക്കുന്നത് കേട്ട് കണ്ണീരണിഞ്ഞ് മകൾ ചോദിക്കുന്നു അച്ഛാ അച്ഛനെന്തിങ്കിലും പറ്റുമോ? വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സേനയിൽ ഡോക്ടറായി ജോലി നോക്കുമ്പോൾ, സ്വന്തം പട്ടാളക്കാരെ കൊന്നു തള്ളിയ പാക്കിസ്ഥാനി ശത്രുവും മുറിവേറ്റ് വരുമ്പോൾ അവരെ ചികിത്സിക്കണമെന്ന് ശീലിച്ച ഒരു പഴയ പട്ടാളക്കാരന്റെ കണ്ണുകളും ഈറനണിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP