Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത സാന്നിധ്യം; ഇത്തരം സ്ഥാപനത്തോട് ഇടതുപക്ഷ സർക്കാർ അയിത്തം കൽപ്പിക്കുന്നതാണ് മത നിരപേക്ഷതയും വിപ്ലവവും എന്ന് ചിലർ ധരിക്കരുത്; വള്ളിക്കാവിലെ ചടങ്ങിനെ വിമർശിക്കുന്നവരോട് മന്ത്രി തോമസ് ഐസക്കിന് പറയാനുള്ളത്

അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത സാന്നിധ്യം; ഇത്തരം സ്ഥാപനത്തോട് ഇടതുപക്ഷ സർക്കാർ അയിത്തം കൽപ്പിക്കുന്നതാണ് മത നിരപേക്ഷതയും വിപ്ലവവും എന്ന് ചിലർ ധരിക്കരുത്; വള്ളിക്കാവിലെ ചടങ്ങിനെ വിമർശിക്കുന്നവരോട് മന്ത്രി തോമസ് ഐസക്കിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക്കിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഞായറാഴ്ചയാണ് കൊല്ലം അമൃതപുരിയിൽ അമൃതാനന്ദമയിയുടെ 63ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള മൂന്നുദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി സുസ്ഥിരത യാഥാർത്ഥ്യത്തിലേക്ക്‌നയങ്ങളിൽ നിന്ന് വിജയ മാതൃകകളിലേക്ക് എന്ന സെമിനാറും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയാണ് തോമസ് ഉദ്ഘാടനം ചെയ്തത്. സോഷ്യൽ മീഡിയയുടെ വിമർശനത്തിന് മറുപടി നൽകുകയാണ് തോമസ് ഐസക് ഫെയ്‌സ് ബുക്കിലൂടെ

വികസന പദ്ധതികൾ സുസ്ഥിര പദ്ധതികളാക്കാൻ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ നയമെന്നും ഐസക് അമൃതയിലെ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് ഈ പരിപാടിയുടെ വാർത്തയും ചിത്രവും ദേശാഭിമാനി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് പ്രചരിപ്പിച്ചാണ് ഐസക്കിനെതിരെയുള്ള വിമർശനങ്ങൾ ഉയരുന്നത്. പതിമൂന്നാം നമ്പർ കാറിൽ തന്നെയല്ലേ തോമസ് ഐസക് അമൃതാനന്ദമയിയുടെ പിറന്നാളാഘോഷത്തിന് നിലവിളക്ക് കൊളുത്താൻ പാഞ്ഞത്. നിങ്ങൾ മരണ മാസല്ല, കൊല മാസാണ്, പ്രിയ തോമസ് ഐസക് ഇതു വേണ്ടായിരുന്നുഒരു മാതിരി പരിപാടിയായിപ്പോയി, ദേശാഭിമാനി ഡാ, സഖാവ് തോമസ് ഐസക് ഡാ, തോമസ് ഐസക് മോശപ്പായി പോയി എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് എഴുത്തുകാരും സാമൂഹ്യപ്രവർത്തകർക്കുമിടയിൽ നിന്നും ഐസക്കിനെതിരെ ഉയർന്നത്.

ഇതിന് ആശ്രമം സംബന്ധിച്ച് ആർക്ക് എന്ത് വിമർശനം ഉണ്ടായാലും അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത ഒരു സാന്നിധ്യം ആയിട്ടുണ്ടെന്ന വിശദീകരണമാണ് തോമസ് ഐസക് നൽകുന്നത്.

തോമസ് ഐസകിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഞാൻ ആദ്യമായിട്ടാണ് അമൃതപുരിയിൽ പോകുന്നത് . അവിടെയാണ് അമൃത വിദ്യാപീഠത്തിന്റെ മുഖ്യ ക്യാമ്പസുകളിൽ ഒന്ന് . ആശ്രമം കായലിനപ്പുറം വല്ലിക്കാവിലാണ് . സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സുസ്ഥിര വികസനത്തെ കുറിച്ചുള്ള ഒരു സെമിനാർ ഉദ്ഘാടനം ചെയ്യാനായിട്ടാണ് ഞാനെത്തിയത് . ഈ സന്ദർശനവുമായി ബന്ധപ്പെട്ട് നവ മാദ്ധ്യമങ്ങളിൽ ഒട്ടേറെ പേർ പരിഹാസ വിമർശനങ്ങൾ ഉയർത്തുന്നുണ്ട് .

ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിനുമല്ല മറിച്ച് ഒരംഗീകൃത സർവ്വകലാശാലയിലെ അക്കാദമിക്ക് സെമിനാർ ആയിരുന്നു . ഉദ്ഘാടന സമ്മേളനത്തിൽ വൈസ് ചാൻസലർ വെങ്കിട്ടരാജനും നീതി ആയോഗിൽ നിന്ന് സുനിത സാങ്കിയും പങ്കെടുത്തിരുന്നു . പിന്നീട് നടന്ന പാനൽ ചർച്ചയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് നിന്നടക്കമുള്ള പണ്ഡിതരും പങ്കെടുത്തിരുന്നു . ആശ്രമം സംബന്ധിച്ച് ആർക്ക് എന്ത് വിമർശനം ഉണ്ടായാലും അമൃത സർവ്വകലാശാല അവഗണിക്കാൻ കഴിയാത്ത ഒരു സാന്നിധ്യം ആയിട്ടുണ്ട് . 179 കോഴ്‌സുകൾ , 3000 ൽ പരം അദ്ധ്യാപകർ , 16000 ൽ പരം വിദ്യാർത്ഥികൾ 79 പേറ്റന്റുകൾ ഇതാണ് വലിപ്പം . ഇത്തരം ഒരു സ്ഥാപനത്തോട് ഇടതുപക്ഷ സർക്കാർ അയിത്തം കൽപ്പിക്കുന്നതാണ് മത നിരപെക്ഷതയും വിപ്ലവവും എന്ന് ചിലർ ധരിച്ച് വശായിരിക്കുകയാണ് .

നാല് പതിറ്റാണ്ടുകളിലേറെയായി ഞാൻ മതപരമായ ആരാധനകളിലും മറ്റും പങ്കാളിയാകുന്നത് അവസാനിപ്പിച്ചിട്ട്. പക്ഷെ മതവിശ്വാസത്തോട് കേവലം യുക്തിവാദപരമായ സമീപനമല്ല ഉള്ളത് . പിന്നെയാണ് ഏതെങ്കിലും മതവിശ്വാസവുമായി ബന്ധമുണ്ടെങ്കിൽ അക്കാദമിക സ്ഥാപനങ്ങളിൽ നിന്നും മറ്റും ഒഴിഞ്ഞു നിൽക്കണമെന്ന വാദം . സെമിനാറിലും മറ്റും പോകുന്നത് എന്റെ നിലപാടുകൾ വ്യക്തമാക്കാനും അതിന്റെയടിസ്ഥാനത്തിൽ സംവദിക്കുന്നതിനും ആണ് .

എന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു . ജീവിത ഗുണമേന്മ സൂചികയിൽ ഒരു പടവിന് എത്ര ഊർജം ചെലവഴിക്കേണ്ടി വരുന്നു എന്നത് സുസ്ഥിരതയുടെ ഒരു അളവുകോലായി പരിഗണിക്കണം . അങ്ങനെയെങ്കിൽ കേരളത്തിന്റെ വികസനാനുഭവം താരതമ്യേന മെച്ചപ്പെട്ട ഒരു വികസന മാതൃകയാണ് . പക്ഷെ ഇത് പാരിസ്ഥിതികമായും സാമ്പത്തീകമായും സാമൂഹികമായും ഇന്ന് വെല്ലുവിളി നേരിടുന്നു . ഈ വെല്ലുവിളികൾ നേരിടുന്നതിന് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദലാണ് ഞാൻ വിശദീകരിച്ചത് . ഒട്ടേറെ പണ്ഡിതർ സദസ്സിൽ ഉണ്ടായിരുന്നു . അവരിൽ ചിലരുമായും ചർച്ചകൾ നടത്തി . പ്രത്യേകിച്ച് ബയോ ടെക്‌നോളജി വിഭാഗത്തിലെ ഡോ . ബിപിൻ നായരുമായി .

വെള്ളത്തിലെ ജൈവ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നതിനുള്ള അന്തർദേശീയ അംഗീകാരം നേടിയ ഇവരുടെ ഒരു സാങ്കേതികവിദ്യ പരീക്ഷിച്ച് നോക്കാൻ ഉദ്ദേശമുണ്ട് . അവധി ആയിരുന്നെങ്കിലും കുട്ടികളേറെ കാമ്പസ്സിൽ ഉണ്ടായിരുന്നു . വളരെ കുറച്ച് നേരമേ അവരോടൊത്ത് ചെലവഴിക്കാൻ കഴിഞ്ഞുള്ളു . പിന്നീടൊരു ദിവസം സംസാരിക്കാൻ വരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പോന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP