Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലയ്ക്ക് മുകളിൽ കറങ്ങുന്ന അപകടം; കല്ല്യാണ് പന്തലുകളിൽ ഡ്രോണുകൾ വില്ലനാകുമ്പോൾ; ഇനി മുതൽ കല്ല്യാണത്തിന് പോകുമ്പോൾ ഒരു കണ്ണ് തലയ്ക്കു മുകളിൽ നമുക്കും സൂക്ഷിക്കാം

തലയ്ക്ക് മുകളിൽ കറങ്ങുന്ന അപകടം; കല്ല്യാണ് പന്തലുകളിൽ ഡ്രോണുകൾ വില്ലനാകുമ്പോൾ; ഇനി മുതൽ കല്ല്യാണത്തിന് പോകുമ്പോൾ ഒരു കണ്ണ് തലയ്ക്കു മുകളിൽ നമുക്കും സൂക്ഷിക്കാം

എം എസ് സനിൽ കുമാർ

ഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയി. ആർഭാടം ഒട്ടും കുറവില്ല. കല്യാണമെന്ന സുന്ദരമുഹൂർത്തം ക്യാമറയിൽ പകർത്താൻ വീഡിയോഗ്രാഫർമാർ എല്ലാ സജ്ജീകരണങ്ങളോടും കൂടി റെഡി ആയി നിൽക്കുന്നു. വീഡിയോഗ്രാഫർമാരുടെ കാര്യം എടുത്തുപറയാൻ പ്രത്യേക കാരണമുണ്ട്. കല്യാണമെന്ന ബിസിനസ്സിൽ ഏറ്റവും ക്രിയേറ്റീവായ പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് ഫോട്ടോ എടുപ്പും വീഡിയോഗ്രാഫിയും, അനുദിനം പുത്തൻ സങ്കേതങ്ങൾ ഈ മേഖലയിൽ അവതരിപ്പിക്കപ്പെടുന്നു.

സിനിമാദൃശ്യവൽക്കരണത്തെപ്പോലും വെല്ലുന്ന തരത്തിലാണ് ഇപ്പോൾ കല്യാണവീഡിയോയുടെ ചിത്രീകരണം. ക്രയിൻ, ഡ്രോണുകൾ, മൾടികാം എന്നിവയൊക്കെ സാധാരണമായിക്കഴിഞ്ഞു. കല്യാണത്തിന് ചെന്നാൽ കാണാം അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ഡ്രോണുകളെ. പറക്കും ക്യാമറയാണ് ഡ്രോൺ അഥവാ ഹെലികാം. നാല് പങ്കകളുള്ള ചെറിയ ഉപകരണം. മുകളിൽ നിന്നുകൊണ്ട് താഴത്തെ ദൃശ്യങ്ങൾ പകർത്തുകയാണ് ഡ്രോൺ ഉപയോഗിച്ച് ചെയ്യുന്നത്. ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ പകർത്തും. ആവശ്യാനുസരണം എങ്ങോട്ടുവേണമെങ്കിലും പറത്താം.

റിമോട്ട് കൺട്രോൾ വഴിയാണ് നിയന്ത്രിക്കുക. താഴെ നിൽക്കുന്ന ഓപ്പറേറ്റർ റിമോട്ട് വഴി നിയന്ത്രിക്കുന്നതിനനുസരിച്ച് ഈ ക്യാമറ അന്തരീക്ഷത്തിൽ പറന്നു നടക്കും. നാല് പങ്കകൾ ഉണ്ടെന്നു പറഞ്ഞല്ലോ. ഓരോ പങ്കയിലും നാല് ഇതളുകൾ. അതീവ മൂർച്ചയേറിയ ഇതളുകളാണ് ഇവ ഓരോന്നും. അതിവേഗതയിലാണ് കറക്കം. ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ഓഡിറ്റോറിയത്തിൽ ജനങ്ങളുടെ തലയ്ക്കുമുകളിലൂടെ ഡ്രോണുകൾ പറന്നു നടക്കുന്നത് ഇന്ന് സർവ സാധാരണമായ കാഴ്ചയാണ്. പല കല്യാണത്തിനും മൂന്നും നാലും പറക്കും ക്യാമറകളാണ് ഉണ്ടാവുക. ഇനി കാര്യത്തിലേക്ക്.....

കഴിഞ്ഞ ആഴ്ച തൃശൂരിൽ നടന്ന ഒരു കല്യാണം. നല്ല കാശുകൊടുത്ത് വീഡിയോഗ്രാഫർമാരെ ഏർപ്പാടാക്കി. അവർ എല്ലാ വിധ സന്നാഹങ്ങളുമായെത്തി. ഒരു കുറവും വരരുത്. കല്യാണത്തിന് ആളുകൾ എത്തിത്തുടങ്ങി. പതിയെ ഓഡിറ്റോറിയം തിങ്ങി നിറഞ്ഞു. വീഡിയോഗ്രാഫർമാർ ഷൂട്ട് തുടങ്ങി. ഡ്രോണുകൾ അന്തരീക്ഷത്തിൽ പാറിക്കളിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. ഓഡിറ്റോറിയത്തിൽ ആളുകളുടെ തലയ്ക്കുമുകളിൽ പറന്നു നടന്നു ദൃശ്യങ്ങൾ എടുത്തുകൊണ്ടിരുന്ന ഒരു ഡ്രോണിന് നിയന്ത്രണം നഷ്ടമായി. തിങ്ങി നിറഞ്ഞിരുന്ന ആളുകൾക്ക് മേലേയ്ക്ക് അത് പറന്നിറങ്ങി. ഒരു മുത്തശ്ശിയുടെ മുഖത്താണ് ഡ്രോൺ വന്നുപതിച്ചത്. അതിവേഗതയിൽ കറങ്ങുന്ന പങ്കകൾ അവരുടെ മുഖം കീറി മുറിച്ചു. ഉടൻ മുത്തശ്ശിയെ ആശുപത്രിയിൽ എത്തിച്ചു. മുഖത്ത് നിരവധി തുന്നൽ ഇടേണ്ടി വന്നു.

കറങ്ങുന്ന അപകടം കൂടിയാണ് ഡ്രോൺ എന്ന് തെളിയിക്കുന്ന സംഭവമാണ് മുകളിൽ വിവരിച്ചത്. തുറസ്സായ സ്ഥലത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ വലിയ അപകട സാധ്യത ഉണ്ടാവില്ല. എന്നാൽ തൂണുകളും ബാൽക്കണിയും ഫാനുകളും ലൈറ്റുകളും എല്ലാമുള്ള, ജനങ്ങൾ തിങ്ങിനിറഞ്ഞ ഒരു ഓഡിറ്റോറിയത്തിനകത്ത് മൂന്നും നാലും ഡ്രോണുകൾ പറത്തുന്നത് അപകട സാധ്യത പല മടങ്ങ് വർധിപ്പിക്കും. കൊച്ചുകുട്ടികൾ ഒക്കെ ധാരാളം വരുന്ന അവസരമാണിത്.

ഡ്രോൺ മുഖത്തെങ്ങാനും പ്രത്യേകിച്ച് കണ്ണിലെങ്ങാനും വന്നടിച്ചാൽ കാഴ്ച തന്നെ നഷ്ടപ്പെടും. ഒന്നിലധികം എണ്ണം ഉപയോഗിക്കുമ്പോൾ കൂട്ടിയിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. റിമോട്ട് വഴി നിയന്ത്രിക്കുന്നതിനാൽ മാനുഷിക പിഴവ് അപരിഹാര്യമായ നഷ്ടങ്ങൾക്ക് വഴിവെച്ചേക്കാം. അതുകൊണ്ട് കല്യാണത്തിന് പോകുമ്പോൾ ഒരു കണ്ണ് തലയ്ക്കു മുകളിൽ നമ്മളും സൂക്ഷിക്കുന്നത് നല്ലതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP