Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഡിഎഫ് പ്രവർത്തകരെ തല്ലിയ യതീഷ്ചന്ദ്ര മറ്റൊരു ഋഷിരാജ് സിംഗോ? വയോധികനായ വഴിയാത്രക്കാരനെയും തല്ലിയ ആലുവ എസ്‌പിയെ പിന്തുണച്ച് ഫേസ്‌ബുക്ക് പേജ്; എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ യുദ്ധം

എൽഡിഎഫ് പ്രവർത്തകരെ തല്ലിയ യതീഷ്ചന്ദ്ര മറ്റൊരു ഋഷിരാജ് സിംഗോ? വയോധികനായ വഴിയാത്രക്കാരനെയും തല്ലിയ ആലുവ എസ്‌പിയെ പിന്തുണച്ച് ഫേസ്‌ബുക്ക് പേജ്; എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ യുദ്ധം

ആവണി ഗോപാൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ മലയാളികൾ പിന്തുണക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരാണെന്ന ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കുക ഋഷിരാജ് സിങ് എന്നാണ്. തന്റേടത്തോടെ അദ്ദേഹം എടുത്ത നിലപാടുകളാണ് ഹരിയാനക്കാരനായ ഈ പൊലീസ് ഉദ്യോഗസ്ഥനെ മലയാളികൾ നെഞ്ചിലേറ്റാൻ കാരണം. എന്നാൽ അങ്കമാലിയിൽ ഹർത്താലിനിടെ പ്രകടനം നടത്തിയ എൽഡിഎഫ് പ്രവർത്തകെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗിന്റെ പിൻഗാമിയാണോ? അങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പുതിയ പ്രചരണം. വഴിയാത്രക്കാരനായ വയോധികന് നേർക്ക് പോലും ലാത്തിവീശിയ ആലുവ റൂറൽ എസ്‌പി പി യതീഷ് ചന്ദ്രയെയാണ് ചിലർ ഋഷിരാജ് സിംഗിനോട് താരതമ്യം ചെയ്ത് രംഗത്തെത്തിയത്. കൂടാതെ യതീഷ് ചന്ദ്രയെ പിന്തുണച്ച് ഫേസ്‌ബുക്ക് ലൈക്ക് പേജും തുറന്നിരിക്കയാണ് ഒരു വിഭാഗം ആളുകൾ.

ഇന്നലെ അങ്കമാലിയിൽ എൽഡിഎഫ്. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തതോടെയാണ് റൂറൽ എസ്‌പിയും സംഘവും സ്ഥലത്തെത്തിയത്. തുടർന്ന് തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങൾ കടത്തി വിടാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഇടതുപ്രവർത്തകരുടെ പ്രതിഷേധം ഇരമ്പുമ്പോഴാണ് യതീഷ് ചന്ദ്രയെ അനുകൂലിച്ച് ഫേസ്‌ബുക്ക് പേജും ഒരുവിഭാഗം ആളുകൾ തുടങ്ങിയത്.

യതീഷ് ചന്ദ്ര സപ്പോട്ടേഴ്‌സ് എന്ന പേരിൽ തുടങ്ങിയ ലൈക്ക് പേജിൽ ഇതിനോടകം തന്നെ മൂവായിരത്തിലേറെ പേർ ലൈക്ക് ചെയ്തു കഴിഞ്ഞു. കർണ്ണാകടക്കാരനായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ ജനരോഷമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധക്കാരനെന്ന പേരിൽ വയോധികനായ ആളെ യതീഷ് തല്ലുന്ന ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ബിആർപി ഭാസ്‌കർ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ തന്റെ ഡ്യൂട്ടിയുടെ ഭാഗമായാണ് ലാത്തിച്ചാർജ്ജ് നടത്തിയതെന്ന പക്ഷക്കാരനാണ് യതീഷ്. സംഭവത്തിൽ വിമർശനവുമായി പിണറായിയും വിഎസും രംഗത്തെത്തിയപ്പോൾ സംഘർഷം നടക്കുമ്പോൾ മുന്നിലുള്ളത് സിപിഐ(എം) നേതാവാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ആലുവ റൂറൽ എസ്‌പി ഉയർത്തിയത്. ഇതോടെ എസ്‌പിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. മറുവശത്ത് സിപിഐ(എം) പ്രവർത്തകരാണ് ഉള്ളതെന്നറിഞ്ഞ് ബിജെപി, കോൺഗ്രസ് അനുഭാവികളാണ് സോഷ്യൽ മീഡിയയിൽ പിന്തുണയുമായി എത്തിയത്.

എന്നാൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നടത്തിയത് നരനായാട്ടായിരുന്നെന്നാണ് ഇടതുപക്ഷക്കാർ പറയുന്നത്. പൊലീസ് ലാത്തിച്ചാർജിനിടയിൽ ഓടിരക്ഷപ്പെടുന്ന പ്രവർത്തകരെ പിന്തുടർന്ന് ആക്രമിച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നാലും അഞ്ചും പൊലീസുകാർ വളഞ്ഞിട്ടാണ് പൊലീസ് മർദനം അഴിച്ചുവിട്ടത്. ഓടി രക്ഷപ്പെടുന്ന ഒരു പ്രവർത്തകനെ വളഞ്ഞിട്ട് പിടിച്ചശേഷം എസ്‌പി നേരിട്ട് ലാത്തികൊണ്ടടിക്കുകയായിരുന്നു. 'കൊല്ലല്ലേ, കൊല്ലല്ലേ' എന്ന് വിളിച്ചുപറയുന്നതിനിടയിലും മർദനം തുടർന്നു. പിന്നീട് പൊലീസുകാരോടെ പ്രവർത്തകനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ' വണ്ടിയിൽ കയറ്റൂ, ഒരുകാരണവശാലും വിട്ടുകളയരുത്' എന്നാണ് മറ്റൊരു പൊലീസുകാരൻ പറഞ്ഞത്.

'എസ്‌പിയെ കല്ലെറിയാനായോ' എന്ന് ചോദിച്ചാണ് ഒന്നുമറിയാതെ വഴിയെ പോയ വയോധികനെ യതീഷ് ചന്ദ്ര മർദ്ദിച്ചത്. ഈ ചിത്രം പ്രമുഖ പത്രങ്ങളിലും അച്ചടിച്ചു വന്നതോടെ എസ് പി സമ്മർദത്തിലായിട്ടുണ്ട്. ആരെയും വേദനപ്പിക്കുന്നതാണ് ഈ ചിത്രം. സോഷ്യൽ മീഡിയയലും ഈ ചിത്രം വളരെ വൈറലാകുകയും ചെയ്തു. യാത്രക്കാരനായ ഒരു വയോധികനെ ലാത്തികൊണ്ട് തല്ലുന്നതു ഒരു ഐ പി എസ് കാരനാണെങ്കിൽ ഇത് ആധുനിക ലോകത്തിനു തന്നെ അപമാനമാണെന്നം ഇതിനെതിരെ പ്രതിഷേധിക്കുവാൻ രാഷ്ട്രീയത്തിനെ കൂട്ട് പിടിക്കരുത്, മാനവികതയിൽ വിശ്വാസമുള്ള സകലരും കൊടികളുടെ നിറംമറന്നു ഇതിനെതിരെ ശബ്ദ മുയർത്തുക എന്നുമാണ് യതീഷിന് എതിരായി ചിലർ ഫേസ്‌ബുക്കിലൂടെ രേഖപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP