Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട ബാബുവിന് അർപ്പിക്കാൻ പുഷ്പചക്രത്തിനായി കൈനീട്ടിയ ഷംസീറിനെ മൃതദേഹത്തിനരികെ സെൽഫിയെടുക്കുന്ന നേതാവാക്കി ചിത്രീകരണം; പുതുച്ചേരി മുഖ്യമന്ത്രിക്ക് എതിരെ ബാബു നടത്തിയ പ്രതികരണത്തെ പിണറായിക്ക് എതിരെ നടത്തിയ പ്രസംഗമായി വ്യാഖ്യാനിച്ചും പ്രചരണം; ബിജെപി നേതാവിനൊപ്പം വേദിപങ്കിട്ട നേതാവിനെ തന്നെ വെട്ടിനുറുക്കി ഇല്ലാതാക്കിയിട്ടും ന്യായീകരിക്കാൻ സംഘപരിവാർ നടത്തുന്ന നുണപ്രചരണം പൊളിച്ചടുക്കി സൈബർ സഖാക്കൾ

ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട ബാബുവിന് അർപ്പിക്കാൻ പുഷ്പചക്രത്തിനായി കൈനീട്ടിയ ഷംസീറിനെ മൃതദേഹത്തിനരികെ സെൽഫിയെടുക്കുന്ന നേതാവാക്കി ചിത്രീകരണം; പുതുച്ചേരി മുഖ്യമന്ത്രിക്ക് എതിരെ ബാബു നടത്തിയ പ്രതികരണത്തെ പിണറായിക്ക് എതിരെ നടത്തിയ പ്രസംഗമായി വ്യാഖ്യാനിച്ചും പ്രചരണം; ബിജെപി നേതാവിനൊപ്പം വേദിപങ്കിട്ട നേതാവിനെ തന്നെ വെട്ടിനുറുക്കി ഇല്ലാതാക്കിയിട്ടും ന്യായീകരിക്കാൻ സംഘപരിവാർ നടത്തുന്ന നുണപ്രചരണം പൊളിച്ചടുക്കി സൈബർ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപൊയിൽ ബാബുവിന്റെ പഴയ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ചും സിപിഎം നേതാവ് ഷംസീർ മൃതദേഹത്തിന് സമീപത്തുനിന്ന് സെൽഫി എടുത്തുവെന്ന് പ്രചരിപ്പിച്ചും സിപിഎം നേതൃത്വത്തെയും ദാരുണമായി കൊല്ലപ്പെട്ട മാഹിയിലെ സിപിഎം നേതാവിനേയും അപമാനിക്കാൻ സംഘപരിവാറിന്റെ ആസൂത്രിത ശ്രമം. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ വച്ച് നടന്ന കൊലപാതകത്തിൽ സിപിഎമ്മിനെതിരെ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢനീക്കവും ഇതോടൊപ്പം നടക്കുന്നതായി ആക്ഷേപം ഉയരുകയാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥയെന്തെന്ന് വ്യക്തമാക്കി നുണപ്രചരണത്തെ പൊളിച്ചടുക്കുകയാണ് സൈബർ സഖാക്കൾ.

എ.എൻ ഷംസീർ ബാബുവിന്റെ മൃതദേഹത്തിന് മുന്നിൽവച്ച് സെൽഫിയെടുത്തു എന്ന് പറഞ്ഞ് നടത്തുന്ന നുണപ്രചരണമാണ് ഒടുവിൽ നടന്നത്. ഷംസീർ കയ്യുയർത്തി നിൽക്കുന്ന പടം സഹിതമാണ് പ്രചരണം നടന്നത്. മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ച ശേഷം റീത്ത് സമർപ്പിച്ച് അന്ത്യാഞ്ജലി അർപ്പിക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ഷംസീറും ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കളും നിൽക്കുന്നതിന്റെ ദൃശ്യമാണ് പ്രചരിപ്പിച്ചത്. ഇതിൽ ഷംസീർ കയ്യുയർത്തി നിൽക്കുന്നതിനെയാണ് സെൽഫി ഫോട്ടോ ആയി ചിത്രീകരിച്ചത്. യഥാർത്ഥത്തിൽ നേതാക്കൾക്ക് സമർപ്പിക്കാനുള്ള പുഷ്പചക്രങ്ങൾ കൈനീട്ടി വാങ്ങുകയായിരുന്നു ഷംസീർ ചെയ്തത്. ഇക്കാര്യം വീഡിയോകളിൽ വ്യക്തവുമാണ്. എന്നാൽ ഇതിൽ നിന്ന് ഷംസീർ കൈനീട്ടി നിൽക്കുന്നത് സെൽഫി എടുക്കാനാണെന്ന മട്ടിൽ നുണപ്രചരണം കൊഴുപ്പിക്കുകയാണ് സംഘപരിവാറുകാർ സോഷ്യൽ മീഡിയയയിൽ.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി പി ജയരാജൻ പാർട്ടി പതാക പുതപ്പിച്ച് റീത്ത് വയ്ക്കുന്നതിനിടെയുള്ള ദൃശ്യമാണ് പ്രചരിപ്പിച്ചത്. പി ജയരാജന് മൃതദേഹത്തിൽ വയ്‌ക്കേണ്ട റീത്തിനായി പിന്നിലേക്ക് ഷംസീർ കൈനീട്ടി നിൽക്കുന്ന ഫോട്ടോയാണ് ഇതിനായി ഉപയോഗിച്ചത്. കയ്യിലേക്ക് നോക്കി നിൽക്കുന്ന ജയരാജനും എം പ്രകാശൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരും സെൽഫിക്ക് പോസ് ചെയ്യുന്നു എന്ന മട്ടിലാണ് ചിത്രം പ്രചരിപ്പിച്ചത്.

രാഷ്ട്രീയ കൊലപാതകം നടത്തിയതിനെ ന്യായീകരിക്കാനെന്ന മട്ടിലാണ് ഇത്തരം നുണപ്രചരണങ്ങൾ സംഘപരിവാറുകാർ വ്യാപകമാക്കി നടത്തുന്നത്. സമാനമായ രീതിയിൽ ആയിരുന്നു ടിപി മോഡലിൽ ബാബുവിനേയും സിപിഎമ്മുകാർ കൊലപ്പെടുത്തിയെന്ന പ്രചരണവും. ദേശീയപാതാ സ്ഥലമേറ്റെടുപ്പ് വിഷയത്തിൽ സജീവമായ ഇടപെട്ടിരുന്ന നേതാവായിരുന്നു ബാബു. ബാബു പുതുച്ചേരി മുഖ്യമന്ത്രിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ജനങ്ങൾക്ക് ന്യായവില കിട്ടാൻ നടപടികൾക്കായി ഇടപെടലും സമരവും നടത്തിയിരുന്നു. പുതുച്ചേരി മുഖ്യമന്ത്രിക്ക് എതിരെ നിലപാടെടുത്തു എന്നതിനെ കേരള മുഖ്യമന്ത്രിക്ക് എതിരെ നിലപാട് എടുത്തുവെന്നും അങ്ങനെ സിപിഎമ്മിന് ബാബുവിനോട് വിരോധം ഉണ്ടായി എന്നും വരുത്താനായിരുന്നു ശ്രമം നടന്നത്.

ഇതിനായി വ്യാജ വീഡിയോ പ്രചരണവും നടത്തി. ഭൂമി വിഷയത്തിൽ മാഹിയിലെ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം കിട്ടിയതിന്റെ സന്തോഷം പങ്കിടാൻ സംഘടിപ്പിച്ച ചടങ്ങിൽ ബാബു പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ ബിജെപി നേതാവ് പികെ കൃഷ്ണദാസുമായി ബാബു വേദി പങ്കിട്ടതിനെ വളച്ചൊടിച്ചാണ് ബിജെപിയുമായി അടുക്കാൻ തുടങ്ങി ബാബുവെന്നും അതിനാൽ സിപിഎമ്മുകാർ ബാബുവിനെ കൊലപ്പെടുത്തിയെന്നുമുള്ള കുപ്രചരണം നടത്തുന്നത്. ബൈപ്പാസ് കർമസമിതി പ്രതിനിധികൾക്ക് ഉപഹാരം നൽകാമെന്ന് ഏറ്റിരുന്ന പുതുച്ചേരി മുഖ്യമന്ത്രി ചടങ്ങിൽ എത്തിയില്ല. ഇതേതുടർന്നാണ് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ബാബു അടക്കമുള്ളവർക്ക് ഉപഹാരം നൽകിയത്. ഈ ചിത്രത്തിന്റെ മറവിലാണ് ഒരുവിഭാഗം ബാബു ബിജെപിയോട് അടുത്തുവെന്നും മറ്റും ചിത്രീകരിച്ചത്.

ബൈപ്പാസ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയും പുറത്തുവന്നിരുന്നു. അഞ്ചുമാസം മുമ്പ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന്റെ വീഡിയോ ആണ് പിണറായി വിജയനെതിരെ എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. സാദിക് മഞ്ചക്കൽ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് ബാബു സംസാരിക്കുന്നത്.

സാദിഖ് കുറിക്കുന്നു:കർമ്മ സമിതിയെ അവഗണിച്ച് വീണ്ടും രാഷ്ട്രീയ ഇടപെടൽ...പുതുച്ചേരി മുഖ്യമന്ത്രിയുടെ നഷ്ടപരിഹാര വിതരണ പരിപാടി മാഹി ബൈപ്പാസ് ആക്ഷൻ കമ്മറ്റി ബഹിഷ്‌ക്കരിച്ചു... രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് കർമ്മ സമിതി പ്രവർത്തകരോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി.. ഈ ഫോട്ടോ പരാമർശിച്ച് സിപിഎം പ്രവർത്തകരും ബിജെപിയുടെ കള്ളത്തരം തുറന്നുകാട്ടുന്നു.

മാഹിയിലെ ഏറ്റവും മികച്ച പൊതുപ്രവർത്തകനുള്ള ട്രോഫി ബാബാബുവേട്ടൻ ആർഎസ്എസ് നേതാവ് പി.കെ.കൃഷ്ണദാസിൽ നിന്ന് ഏറ്റുവാങ്ങുന്നു. മറുകൈ കൊണ്ട് സംഘികൾ കഴുത്തിന് വെട്ടുകയും ചെയ്യുന്നു... ഇങ്ങനെ അടിക്കുറിപ്പ് നൽകിയാണ് വേദിയിൽ ഒപ്പം നിന്നയാളെ തന്നെ ബിജെപി വെട്ടിക്കൊന്ന് ഇല്ലാതാക്കിയ ക്രൂരമായ കൊലപാതകത്തെ സിപിഎം പ്രവർത്തകർ തുറന്നുകാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP