Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉൽപാദന ക്ഷമത ദേശീയ ശരാശരിയിലേക്ക് എങ്കിലും ഉയർത്തുക; ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കി മാറ്റുക; മാനേജ്‌മെന്റ് അടിമുടി മാറ്റി വിദഗ്ധരെ നിയമിക്കുക; സുശീൽഖന്ന പറഞ്ഞ ഇത്രയും കാര്യങ്ങൾ അടിയന്തിരമായി ചെയ്താൽ ബാക്കി സർക്കാർ നോക്കാം: കെഎസ്ആർടിസി രക്ഷപ്പെടാൻ നാലിന പാക്കേജുമായി തോമസ് ഐസക്ക്

ഉൽപാദന ക്ഷമത ദേശീയ ശരാശരിയിലേക്ക് എങ്കിലും ഉയർത്തുക; ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കി മാറ്റുക; മാനേജ്‌മെന്റ് അടിമുടി മാറ്റി വിദഗ്ധരെ നിയമിക്കുക; സുശീൽഖന്ന പറഞ്ഞ ഇത്രയും കാര്യങ്ങൾ അടിയന്തിരമായി ചെയ്താൽ ബാക്കി സർക്കാർ നോക്കാം: കെഎസ്ആർടിസി രക്ഷപ്പെടാൻ നാലിന പാക്കേജുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: എത്ര തല്ലിയിട്ടും നന്നാവാത്ത കുട്ടിയെപ്പോലെ കെഎസ്ആർടിസി. അതിനെ നന്നാക്കാൻ ആരുവിചാരിച്ചാലും നടക്കില്ലെന്ന് ഒരുപക്ഷം. എന്നാൽ കെടുകാര്യസ്ഥത മാത്രമാണ് കുഴപ്പമെന്നും മാറിവരുന്ന സർക്കാരുകൾ വെള്ളാനയെപ്പോലെ കാണുന്നതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നും ആക്ഷേപവുമായി മറുപക്ഷവും.

ഈ സർക്കാരിന്റെ കാലത്തുതന്നെ രണ്ട് മന്ത്രിമാർ കുറഞ്ഞകാലംകൊണ്ട് മാറിമാറി പരിഷ്‌കാരങ്ങൾ വരുത്തുകയും രാജമാണിക്യം ഉൾപ്പെടെയുള്ളവർ നടത്തിയ മാറ്റങ്ങൾക്ക് പലരും വിലക്കിട്ടതുമെല്ലാം ചർച്ചയായി. മന്ത്രി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തിലാണ് കെഎസ്ആർടിസിയുടെ പ്രവർത്തനം.

കെഎസ്ആർടിസിയിൽ പെൻഷൻ വിതരണംപോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നും സർക്കാർ സ്ഥാപനത്തെ രക്ഷിക്കാൻ ഇടപെടുന്നില്ലെന്നും ഉള്ള ആക്ഷേപവും എല്ലാ കാലത്തേയും പോലെ ഇപ്പോഴും ഉയരുന്നു.

എന്നാൽ സ്ഥാപനം മെച്ചപ്പെടാൻ മൂന്നുകാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന നിർദ്ദേശവുമായി മന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. ഫേസ്‌ബുക്കിൽ നൽകിയ പോസ്റ്റിലാണ് മന്ത്രിയുടെ നിർദ്ദേശങ്ങൾ. സുശീൽഖന്ന റിപ്പോർട്ടിൽ പറഞ്ഞ മൂന്നുകാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കാൻ കോർപ്പറേഷന് കഴിയുമെങ്കിൽ ബാക്കി സർക്കാർ നോക്കാമെന്ന് മന്ത്രി പറയുന്നു.

മന്ത്രിയുടെ പോസ്റ്റ് ഇപ്രകാരം:

KSRTC പെൻഷനെക്കുറിച്ച് ആവർത്തിച്ചു ചോദിച്ചിട്ടും പ്രതികരിക്കാത്തതിനെ പറ്റി ഇന്ന് ഒരു സുഹൃത്ത് എന്റെ FB പേജിൽ അതി ശക്തമായ വിമർശനം ഉന്നയിയിച്ചിട്ടുണ്ട്. പൂർണ്ണ പെൻഷൻ ലഭിക്കാതെ ഇപ്പോൾ ഏതാണ്ട് 5 മാസത്തെ കുടിശികയായിട്ടുണ്ട്.ഇത് പെൻഷൻ ആശ്രയിച്ചു ജീവിക്കുന്നവർക്കുണ്ടാക്കുന്ന പ്രയാസം പൂർണമായും മനസ്സിലാക്കുന്നു. ഇപ്പോൾ പെൻഷൻ മാത്രമല്ല KSRTC യുടെ ശമ്പളവും സർക്കാർ നൽകണമെന്നതാണ് ആവശ്യം. കഴിഞ്ഞ ഒരു കൊല്ലമായി ശമ്പളത്തിനും പെൻഷനും വേണ്ട പണം ഒന്നുങ്കിൽ സർക്കാർ നൽകുന്നു. അല്ലെങ്കിൽ സർക്കാർ ഗാരണ്ടിയിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ തരപ്പെടുത്തി കൊടുക്കുന്നു. ഈ രീതി അധിക കാലം മുന്നോട്ടു പോകില്ല. ഇത് അനിവാര്യമായ പതനത്തിലേക്കു ആ സ്ഥാപനത്തെ എത്തിക്കും.

KSRTCയ്ക്ക് സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളവും പെൻഷനും നൽകാനുള്ള പ്രാപ്തി എങ്ങനെ ഉണ്ടാക്കാം എന്നതാണ് വെല്ലുവിളി. ഇതിനു സഹായിക്കുന്ന ഒരു പരിപാടി സുശീൽഖന്ന റിപ്പോർട്ടിൽ ഉണ്ട്.

1. ശരാശരി ഒരു ബസ് പ്രതിദിനം ഓടുന്ന ദൂരം, ഒരു ബസ്സിന്റെ പ്രതി ദിനവരുമാനം, ഡീസൽ മൈലേജ് ,ബ്രേക്ക്ഡൗൺനിരക്ക്, ടേൺ എറൗണ്ട് നിരക്ക്, അപകട നിരക്ക് തുടങ്ങി ഉൽപ്പാദന ക്ഷമതയുടെ ഏത് അളവുകോൽ എടുത്താലും KSRTC ദേശീയ ശരാശരിയേക്കാൾ എത്രയോ താഴെയാണ്. ഇത് ദേശീയ ശരാശരിയിലേക്കെങ്കിലും ഉയർത്തണം. ഒറ്റയടിക്ക് ഉയർത്തണമെന്നല്ല. രണ്ടു കൊല്ലം കൊണ്ടെങ്കിലും അവിടെ എത്താൻ പദ്ധതിയിടണo. ഡ്യൂട്ടി സമയ ക്രമീകരണം,പ്രവർത്തി മാനദണ്ടങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കിയേ KSRTCയെ കര കയറ്റാനാകൂ. ഇതിനെല്ലാം തൊഴിലാളികളുടെ കൂട്ടായ സഹകരണം കൂടിയേ തീരൂ.

2. ഉയർന്ന പലിശയുള്ള ഹ്രസ്വ കാല വായ്‌പ്പകളായി 3500 കോടി രൂപ KSRTC കടം എടുത്തിട്ടുണ്ട്. ഇത് ചുരുങ്ങിയ പലിശ നിരക്കുള്ള ദീർഘ കാല വായ്‌പ്പകളാക്കി മാറ്റാൻ ബാങ്കുകൾ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ബാങ്കുകളുമായുള്ള ഇതിനുള്ള ചർച്ച പൂർത്തീകരിച്ച് വായ്‌പ്പ എടുക്കണം. ഇതൊന്നു കൊണ്ട് മാത്രം ശമ്പളം കൊടുക്കാൻ കടം മേടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും.

3. മാനേജുമെന്റ് അടി മുടി മാറണം. വിദഗ്ദ്ധന്മാരെ നിയമിക്കണം. കമ്പ്യൂട്ടർ വൽക്കരണം അടിയന്തിരമായി നടപ്പിലാക്കണം. ഇത്തരത്തിലുള്ള ഒരു ആധുനിക മാനേജ്‌മെന്ടിനു മാത്രമേ നേരത്തെ പറഞ്ഞ പരിപാടി നടപ്പിലാക്കാൻ കഴിയൂ.

4. ഇത്രയും ആയാൽ ബാക്കി സർക്കാർ ചെയ്യണം. പുതിയ ബസ്സുകൾ വേണം.3000 പുതിയ ബസ്സുകൾ വേണമെന്നതാണ് പറയുന്നത്. അത് 5000 ആക്കുന്നതിനും തടസ്സമില്ല. ഒരു വര്ഷം മുൻപ് പ്രഖ്യാപിച്ച ബസ്സുകൾ വാങ്ങാനുള്ള പ്രൊപ്പോസൽ മാനേജുമെന്റ് സമർപ്പിച്ചത് ഇപ്പോൾ മാത്രമാണ്. KSRTC നൽകുന്ന സൗജന്യ സേവങ്ങളുടെ നഷ്ട പരിഹാരം സർക്കാർ നൽകണം. പ്രതി വർഷം 200 കോടി രൂപ വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്രയും ചെയ്തു കഴിഞ്ഞാലും KSRTCയിൽ വരവും ചെലവും തമ്മിൽ വിടവുണ്ടാകും. കാരണം ആദ്യം പറഞ്ഞ പരിഷ്‌ക്കാരങ്ങൾ ഒറ്റയടിക്ക് നടപ്പിലാക്കാൻ കഴിയില്ല. അത് പൂർത്തിയാകാൻ രണ്ടു കൊല്ലമെടുക്കുമല്ലോ? ഈ കാലത്തെ വിടവ് സർക്കാർ നികത്തി കൊടുക്കും.

ഇതൊരു പാക്കേജാണ്. ഇതാണ് ശമ്പളവും പെൻഷനും മുടക്കമില്ലാതെ കിട്ടാനുള്ള മാർഗം. ഇത് നടപ്പിലാക്കുന്നതിനു വേണ്ടി ശഠിക്കുകയും പ്രവര്ത്തിക്കുകയുമാണ് വേണ്ടത്. അല്ലാതെ ശമ്പളവും പെൻഷനും സർക്കാർ നൽകി KSRTCയെ നില നിർത്തണം എന്ന് പറഞ്ഞാൽ അതിന് അധിക കാലം നില നിൽപ്പുണ്ടാകില്ല. അങ്ങനെ നൽകണം എന്ന് ഞാൻ ആഗ്രഹിച്ചാലും സാധിക്കുന്ന ധന സ്ഥിതിയല്ല നമ്മുടെ സംസ്ഥാനത്തിനുള്ളത്.

കേരളം വികസനത്തിന് നൂതനമായൊരു ധന കാര്യ തന്ത്രം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുകയാണ്. KIIFB വഴി 50000 കോടി രൂപയുടെ പ്രവർത്തികൾക്ക് അനുവാദം നൽകി കഴിഞ്ഞു. അവ നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.ഇതിനാവശ്യമായ വിഭവ സമാഹരണം നടത്തണമെങ്കിൽ സംസ്ഥാനത്തിന്റെ ധനക്കമ്മി 3 ശതമാനത്തിൽ അധീകരിക്കാൻ കഴിയില്ല. അതുകൊണ്ട് പണ്ട് ചെയ്തിരുന്നത് പോലെ ട്രഷറി സേവിങ്ങ്‌സ് ബാങ്ക് വഴി ഉപായത്തിൽ വായ്‌പ്പയെടുത്ത് ചെലവു നടത്തുന്ന സമ്പ്രദായം ഇനി അനുവർത്തിക്കാൻ കഴിയില്ല. അതിനു കേന്ദ്ര സർക്കാർ സമ്മതിക്കുകയുമില്ല.

അതുപോലെ തന്നെ ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ആവർത്തന ചെലവുകൾ സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനത്തിൽ ഒതുങ്ങണം. വായ്‌പ്പ എടുക്കുന്ന പണം ഇവയ്ക്കു വേണ്ടി ചെലവാക്കാൻ ആവില്ല. സംസ്ഥാന സർക്കാരിന്റെ റവന്യൂ കമ്മി കൂടിക്കൊണ്ടിരുന്നാൽ KIIFB വഴി വായ്‌പ്പ എടുക്കാനാവില്ല. KIIFB സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണല്ലോ? മാത്രമല്ല നിയുക്ത ധനകാര്യ കമ്മീഷൻ ചെയർമാൻ റവന്യൂ കമ്മിയുടെ കാര്യത്തിൽ കർക്കശക്കാരൻ ആണെന്നത് പ്രസിദ്ധമാണ്. അതുകൊണ്ട് അടുത്ത നാലു വര്ഷം കൊണ്ടെങ്കിലും റവന്യൂ കമ്മി ഇല്ലാതാക്കുന്നതിനുള്ള ഒരു സമയ ക്രമം ധന കാര്യ വകുപ്പ് തയാറാക്കി കൊണ്ടിരിക്കുകയുമാണ്.

ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് പുതിയ റവന്യൂ ബാധ്യതകൾ ഏറ്റെടുക്കാനാവില്ല. ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ഏറ്റവും വലുതാണ്. അത്തരത്തിൽ പരാതിപ്പെടുന്നത് മനസ്സിലാക്കാനും കഴിയും.പക്ഷെ ധന വകുപ്പിന് മൊത്തം ചിത്രം വിസ്മരിച്ചു കൊണ്ട് ഓരോന്നിലും തീരുമാനം എടുക്കാൻ ആവില്ലലോ?

അതുകൊണ്ട് KSRTCയിലെ യൂണിയനുകളും പെൻഷൻ സംഘടനകളും സുശീൽ ഖന്ന റിപ്പോർട്ട് സമയ ബന്ധിതമായി നടപ്പിലാക്കുന്നതിനു വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കണം എന്നാണെന്റെ അഭ്യർത്ഥന. അത് മാത്രമേയുള്ളൂ പരിഹാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP