Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതം വളർത്താൻ ആരും പെറ്റു കൂട്ടേണ്ടതില്ല; അങ്ങനെ വളരുന്നത് മതമല്ല, ജാതിയും വർഗ്ഗവും ആണ്; സ്വയം നിലനിൽക്കാൻ ഇനി പ്രകൃതിയെ ആശ്രയിക്കേണ്ട മനുഷ്യന്റെ കാലമാണ്; കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് പറഞ്ഞ ഇടുക്കി ബിഷപ്പിന് ഒരു വൈദികന്റെ മറുപടി

മതം വളർത്താൻ ആരും പെറ്റു കൂട്ടേണ്ടതില്ല; അങ്ങനെ വളരുന്നത് മതമല്ല, ജാതിയും വർഗ്ഗവും ആണ്; സ്വയം നിലനിൽക്കാൻ ഇനി പ്രകൃതിയെ ആശ്രയിക്കേണ്ട മനുഷ്യന്റെ കാലമാണ്; കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് പറഞ്ഞ ഇടുക്കി ബിഷപ്പിന് ഒരു വൈദികന്റെ മറുപടി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം ദേശീയ തലത്തിൽ പോലും ചർച്ചയായിരുന്നു. ക്രൈസ്തവ വിശ്വാസികളിൽ നിന്നു തന്നെ ഈ പ്രസ്താവനക്കെതിരെ അതിനിശിദമായ വിമർശനം ഉയർന്നു. ഇടയലേഖനത്തിലൂടെയാണ് ഇടുക്കി ബിഷപ്പ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചത്. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവർ അഹങ്കാരികളും സ്വാർഥരുമാണെന്നു ക്രിസ്മസിന് മുന്നോടിയായി വിശ്വാസികൾക്ക് രൂപതാധ്യക്ഷൻ മാർ ആനിക്കുഴിക്കാട്ടിൽ അയച്ച ഇടയലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം സംഭവം വാർത്തയായപ്പോൾ ഇടുക്കി ബിഷപ്പിന്റെ ആഹ്വാനത്തെ എതിർത്തു കൊണ്ട് ഒരു വൈദികൻ തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ സജീവമായ ജിജോ കുര്യൻ അച്ചനാണ് ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. തികഞ്ഞൊരു പ്രകൃതി സ്‌നേഹി കൂടിയായ ജിജോ അച്ചൻ പ്രകൃതിയെ മുൻനിർത്തിയാണ് അനാവശ്യമായ മത്സരം കൈവെടിയണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

മതം വളർത്താൻ ആരും പെറ്റുകൂട്ടേണ്ടതില്ല. അങ്ങനെ വളരുന്നത് മതമല്ല, ജാതിയും വർഗ്ഗവും ആണ്. മതം വളരുന്നത് മന:പരിവർത്തനത്തിലൂടെയാണ്. എന്ന് ജിജോ കുര്യൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. കൂടാതെ പ്രകൃതിയെ കുറിച്ച് വിശുദ്ധ പുസ്തകത്തിൽ പറയുന്ന കാര്യവും അദ്ദേഹം ഓർമ്മപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകൃതിയെ ആശ്രയിക്കേണ്ട മനുഷ്യന്റെ കാലമാണ്. അതുകൊണ്ട് 'ബോധപൂർവ്വം പെരുപ്പം നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കൂവെന്നും ജിജോ കുര്യൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഞായറിന്റെ ഇടയലേഖനം:
കൂടിവരുന്ന വിശപ്പ്,
പെരുകുന്ന അനാഥത്വം,
ശുഷ്‌ക്കിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങൾ...
'മത്സരബുദ്ധി' കൈവെടിയൂ സുഹൃത്തുകളെ...!

ആഹാരം അധികമുള്ളവർ ഒരു വയറിന്റെ കൂടി വിശപ്പ് അകറ്റൂ. 194.6 മില്യൻ പട്ടിണിപ്പാവങ്ങൾ ഉള്ള ലോകത്തിലെ ഏറ്റവും വലിയ പട്ടിണി രാജ്യമായ ഇന്ത്യയിൽ ഒൻപതിൽ ഒരാൾ പട്ടിണി അനുഭവിക്കുന്നുണ്ട് (കേരളം മാത്രമല്ല ഇന്ത്യ). 20 മില്യൻ അനാഥക്കുട്ടികൾ ഉള്ള ഇന്ത്യയിൽ അവർക്ക് 'ജീവിതം' കൊടുത്തിട്ടു മതി ഇനിയും രണ്ടോമൂന്നോ എണ്ണത്തിൽ കൂടുതൽ കുഞ്ഞുങ്ങൾക്ക് 'ജീവൻ' കൊടുക്കാൻ.

134 കോടിക്ക് അപ്പുറത്തേക്ക് വളർന്ന ഇന്ത്യയുടെ ജനം ആഗോള കാലാവസ്ഥാമാറ്റത്തിന് കീഴിൽ പ്രകൃതിവിഭവങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടാൻ തുടങ്ങിയ കാലത്ത് കുറയ്ക്കാൻ കഴിയുന്നത് ജനപ്പെരുപ്പമാണ്, പ്രകൃതിവിഭവങ്ങൾ അല്ല. പിന്നെ, വെറുതെ പെറ്റുകൂട്ടാൻ മനുഷ്യൻ വിശേഷബുദ്ധിയില്ലാത്ത മൃഗമല്ല. ബോധപൂർവ്വം ഉത്തരവാദിത്വത്തോടും സാമൂഹ്യപ്രതിബദ്ധതയോടും കൂടി കുഞ്ഞുങ്ങളെ ജനിപ്പിച്ച് അവർക്ക് മാന്യമായ ഒരു ജീവിതം കൊടുത്തുവളർത്തുന്നതാണ് 'ഉത്തരവാദിത്വപൂർവ്വമായ രക്ഷാകർത്തിത്വം'.

മതം വളർത്താൻ ആരും പെറ്റുകൂട്ടേണ്ടതില്ല. അങ്ങനെ വളരുന്നത് മതമല്ല, ജാതിയും വർഗ്ഗവും ആണ്. മതം വളരുന്നത് മന:പരിവർത്തനത്തിലൂടെയാണ്. വംശം നിലനിർത്താൻ പ്രകൃതിയോട് മത്സരിച്ച മനുഷ്യന്റെ കാലമല്ല ഇത്; സ്വയം നിലനിൽക്കാൻ ഇനി പ്രകൃതിയെ ആശ്രയിക്കേണ്ട മനുഷ്യന്റെ കാലമാണ്. അതുകൊണ്ട് 'ബോധപൂർവ്വം പെരുപ്പം നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കൂ.' (ഉൽപ്പത്തിയുടെ രണ്ടാം പുസ്തകം)

ക്രിസ്തുമസിന് മുന്നോടിയായി ഇറക്കുന്ന ഇടയലേഖനത്തിലായിരുന്നു വിവാദ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചത്. നിങ്ങൾ പെരുകണം നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് എന്ന ബൈബിൾ വചനം ചൂണ്ടിക്കാണിച്ചാണ് ഇടയലേഖനം സമാപിക്കുന്നത്. ഓരോ കുടുംബവും ജീവസംസ്‌കാരത്തിനായുള്ള പ്രാദേശിക സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. ഇടയലേഖനം ഡിസംബറിലെ ഒരു ഞായറാഴ്ച കുർബാനമധ്യേ വായിക്കണമെന്നും ഇതോടൊപ്പം നിർദേശിച്ചിരുന്നു.

'കാട്ടുപന്നികളോ തെരുവുനായ്ക്കളോ വർധിച്ചാൽ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനെക്കാൾ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്നവർ അഹങ്കാരികളും സ്വാർഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുൽപ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാൻ ശ്രമിക്കണം. സ്ഥിരമോ താൽക്കാലികമോ ആയ ജനനനിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂർണമായ ഭാവി ജീവിതമായിരിക്കുമെന്നും മാർ ആനിക്കുഴിക്കാട്ടിൽ മുന്നറിയിപ്പു നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP