Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി പി റജീനയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച 'മലയാളി അസഹിഷ്ണുത' ദേശീയ മാദ്ധ്യമങ്ങളിൽ പ്രധാന വാർത്തയായി; തിരിച്ചു കിട്ടിയ പേജിൽ 'ഇസ്ലാമിക് ഫ്യൂഡൽ പൗരോഹിത്യ'ത്തിനെതിരെ ആഞ്ഞടിച്ച് വനിതാ മാദ്ധ്യമപ്രവർത്തക

വി പി റജീനയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച 'മലയാളി അസഹിഷ്ണുത' ദേശീയ മാദ്ധ്യമങ്ങളിൽ പ്രധാന വാർത്തയായി; തിരിച്ചു കിട്ടിയ പേജിൽ 'ഇസ്ലാമിക് ഫ്യൂഡൽ പൗരോഹിത്യ'ത്തിനെതിരെ ആഞ്ഞടിച്ച് വനിതാ മാദ്ധ്യമപ്രവർത്തക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈബർ ലോകത്ത് മലയാളികൾ വളരെ അഗ്രസ്സീവ് ആണെന്നത് റഷ്യക്കാരും അമേരിക്കൻ മാദ്ധ്യമങ്ങളും പോലും അനുഭവിച്ച അറിഞ്ഞതാണ്. സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞാതിൻ മറിയ ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട മലയാളികൾ മംഗൾയാനെ കളിയാക്കിയപ്പോൾ ന്യൂയോർക്ക് ടൈംസിനെയും തെറിവിളിച്ച് തോൽപ്പിച്ചു. ഇതൊക്കെ ദേശീയ-അന്തർദേശീയ മാദ്ധ്യമങ്ങളിൽ പോലും വാർത്തയായി. ഇപ്പോൾ മലയാളിയായ ഒരു മാദ്ധ്യമപ്രവർത്തകയെ തെറിവിളിച്ച് തോൽപ്പിച്ചതിന്റെ പേരിൽ മല്ലു സൈബർ ഗുണ്ടകൾ ദേശീയ മാദ്ധ്യമങ്ങളിൽ വാർത്തയായത്.

മദ്രസയിലെ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതിയ മാദ്ധ്യമപ്രവർത്തക വി പി റജീനയ്‌ക്കെതിരായ അസഹിഷ്ണുതയാണ് ദേശീയ മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ ചർച്ച ചെയ്തത്. ഇന്ത്യാ ടുഡേ ചാനൽ, സിഎൻഎൻ ഐബിഎൻ എന്നീ ചാനലുകളിൽ ഇത് പ്രാധാന്യമുള്ള വാർത്തയായിരുന്നു. ഇന്ത്യാടുഡേയിൽ ഏഴുമണി ചർച്ചയിലും മദ്രസാ പീഡനവാർത്ത ഇടം പിടിച്ചു. ഇന്ത്യാ ടുഡേയിൽ ശശികുമാർ അടക്കമുള്ള മുതിർന്ന മാദ്ധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ചർച്ച. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന ശൈലി രാഷ്ട്രീയ പാർട്ടികൾ പിന്തുടരുന്നതിനാൽ ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്ന് ശശികുമാർ ചർച്ചയിൽ പ്രതികരിച്ചു. ഹഫിങ്ടൺ പോസ്റ്റ് പോലുള്ള അന്തർദേശീയ ഓൺലൈൻ പത്രങ്ങളിലും റജീന വിഷയം വാർത്തയായി.

റെജിന സൈലൻസ്ഡ് എന്ന ഹാഷ് ടാഗിലാണ് ഈ അസഹിഷ്ണുതയെ ദേശീയ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തത്. റജീനയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച കാര്യം ചൂണ്ടിയായിരുന്നു പ്രധാന ചർച്ച. മലയാളത്തിലെ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യാൻ മടി കാണിച്ച വിഷയം ഓൺലൈൻ മാദ്ധ്യമങ്ങളാണ് സജീവമാക്കി നിർത്തിയത്. ചില വാർത്താ എജൻസികളും വിഷയം വാർത്തയാക്കിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ രണ്ട് തവണയിലെറെയാണ് കൂട്ട റിപ്പോർട്ടിങ് നടത്തി റജീനയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ചിലർ പൂട്ടിച്ചത്. എന്നാൽ, തന്റെ പേരാട്ടം തുടരുമെന്ന് വ്യക്തമാക്കിയാണ് റജീന രംഗത്തെത്തിയത്. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ റജീന ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തിരിച്ചുകിട്ടി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയും റജീന വിമർശകർക്ക് ശക്തമായ മറുപടി നൽകി.

ഇസ്ലാമിലില്ലാത്ത പൗരോഹിത്യവും സ്ത്രീ വിരുദ്ധതയും മുസ്ലിം സമൂഹത്തിൽ കൊണ്ടുവരാനും നിലനിർത്താനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് തനിയ്‌ക്കെതിരായ വിമർശനങ്ങളെന്നും റെജിന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്കമാക്കുന്നു. ഇ്സ്ലീമിൽ ഫ്യൂഡൽ പൗരോഹിത്യം നിലനിൽക്കുന്നതായും റജീന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. റജീനയുടെ പുതിയ ഫേസബുക്ക് പോസ്റ്റ് നവമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.

#ITVideo It is an example of intolerance cutting across religious divides : Sashi Kumar, Chairman ACJ on #RajeenaSilenced

Posted by India Today on Thursday, November 26, 2015

റെജീനയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:

പ്രിയ സുഹൃത്തുക്കളേ, വല്ലാത്തൊരു മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാൻ മുന്നോട്ട് വച്ച നിലപാടുകളെ വസ്തുതാപരമായി എതിർക്കാൻ ത്രാണിയില്ലാത്തവർ നിന്ദ്യവും നീചവുമായ ഭാഷയിൽ എന്നെ വ്യക്തിഹത്യ നടത്തുകയാണ്. പല തവണയായി എന്റെ അക്കൗണ്ട് പൂട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ അക്കൗണ്ട് പൂട്ടിക്കുന്നതിന് പിന്നിൽ ആരാണെന്ന് കൃത്യമായി ഉറപ്പില്ലാത്തതുകൊണ്ട് ആരിലേക്കും വിരൽ ചൂണ്ടുന്നില്ല, ഇക്കാര്യത്തിൽ ആരേയും കുറ്റപ്പെടുത്തുന്നുമില്ല. പക്ഷേ, വലിയൊരു വിഭാഗം ആളുകളുടെ സ്‌നേഹവും പിന്തുണയും കിട്ടുന്നതുകൊണ്ട് ഈ പ്രതിസന്ധി ഘട്ടം പോലും ആസ്വാദ്യകരമായി മാറുകയാണ്. എന്റെ വിശ്വാസവും നിലപാടുകളും സ്ഫുടം ചെയ്‌തെടുക്കാൻ സർവ്വശക്തൻ കനിഞ്ഞു നൽകിയ അനുഗ്രഹമായേ ഞാനിതിനെ കാണുന്നുള്ളൂ.

ഇസ്ലാമിലില്ലാത്ത പൗരോഹിത്യവും സ്ത്രീ വിരുദ്ധതയും മുസ്ലിം സമൂഹത്തിൽ കൊണ്ടു വരാനും നില നിർത്താനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനുള്ള ഊർജ്ജമാണ് എനിക്കെതിരെ വന്ന ഓരോ തെറിയും. ഇതിൽ ഞാനെന്ന വ്യക്തി തീർത്തും അപ്രസക്തമായ ഒരു ഘടകം മാത്രമാണ്. അതിലപ്പുറം ഈ വിവാദങ്ങളിലൂടെ മുന്നോട്ട് വെക്കപ്പെട്ട ആശയങ്ങൾക്കാണ് പ്രാധാന്യം. ലിംഗനീതിയുടെയും സഹിഷ്ണുതയുടേയും രാഷ്ട്രീയത്തിന് കിട്ടിയ അംഗീകാരമാണ് നിങ്ങളെല്ലാവരും തന്ന ഓരോ വാക്കുകളും കമന്റുകളും. നിങ്ങളുടെ മറ്റു രാഷ്ട്രീയ, മത വിശ്വാസങ്ങൾ ഇതിന് തടസ്സമാവുന്നില്ലെന്നത് ഭാവിയിൽ ഏറെ പ്രതീക്ഷ നൽകുന്നു.

നമ്മുടെ സമൂഹത്തിൽ, സമുദായത്തിൽ ആഴത്തിൽ വേരോടിയ സ്ത്രീ വിരുദ്ധതക്കും ആൺകോയ്മാ രാഷ്ട്രീയത്തിന്റെ ഹുങ്കിനുമെതിരിൽ പോരാടാൻ കൂടുതൽ പേർക്ക്, പ്രത്യേകിച്ചും പെൺ കുട്ടികൾക്ക് പ്രചോദനമാവുമെങ്കിൽ അതാവും ഈ വിവാദത്തിന്റെ ഏറ്റവും വലിയ ഗുണവശം. ഇതിനകം തന്നെ പലരും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കാൻ മുന്നോട്ട് വന്നത് ഇതിന്റെ സൂചനയാണ്. പുഴുക്കുത്തുകളെ നീക്കം ചെയ്ത് വൃത്തിയുള്ള സ്ഥാപനങ്ങളും നീതിയിലധിഷ്ഠിതമായ സാമുദായിക ഘടനയും രൂപപ്പെട്ടു വരാൻ ഇനിയും ഇത് പോലുള്ള ഒരു പാട് പോരാട്ടങ്ങൾ അനിവാര്യമാണ്.

അനുദിനം ശക്തിപ്പെട്ടു വരുന്ന സവർണ ഫാഷിസത്തെ പ്രതിരോധിക്കണമെങ്കിൽ നമ്മുടെ ഉള്ളിലുള്ള ഫാഷിസ്റ്റ് ഭാവങ്ങളെയും തുടച്ചു നീക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ഫാഷിസത്തിനെതിരായ പോരാട്ടം ഫലപ്രദമാവൂ എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ, അക്കൗണ്ട് പൂട്ടിച്ചതും എന്റെ സ്റ്റാറ്റസും 'നാടക' വും സിനിമയുമായൊക്കെ ചിത്രീകരിക്കുന്നവരോട് ഒരു വാക്ക്, ഇരകളുടെ പീഡനാനുഭവം വിവരിച്ച പോസ്റ്റിനു താഴെ ' ആസ്വദിക്കുകയായിരുന്നില്ലേ?' എന്ന് ചോദിച്ച കഴുകന്മാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. നീതിയിലധിഷ്ഠിതമായ രാഷ്ട്രീയവും വിശ്വാസവും ഉയർന്നു വരുമ്പോഴേക്കും ചവറ്റുകൊട്ടയിലെത്താനുള്ളതാണ് നിങ്ങളുടെ ഫ്യൂഡൽ പൗരോഹിത്യ രാഷ്ട്രീയം. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി! റജീന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP