Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ; നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല; അവിടെയുള്ളവരോട് പറയൂ: ലിഗയുടെ മരണത്തെ അപലപിച്ച് ഹണി റോസ്

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ; നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല; അവിടെയുള്ളവരോട് പറയൂ: ലിഗയുടെ മരണത്തെ അപലപിച്ച് ഹണി റോസ്

വിദേശവനിതയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിച്ച് നിൽക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തിൽ ചീത്തപ്പേരായി മാറുകയാണ് ലിഗയുടെ ദുരൂഹമരണം. ഇന്നലെ തിരുവല്ലത്ത് ആളൊഴിഞ്ഞയിടത്ത് തല വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കോവളത്തുവെച്ച് കാണാതായ ലിത്വേനിയൻ യുവതി ലിഗയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎൻഎ ഫലം എന്ന സാങ്കേതികത്വം മാത്രമാണ് ബാക്കി. സ്ത്രീസുരക്ഷയ്ക്കും ടൂറിസത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നടന്ന വിദേശവനിതയുടെ തിരോധാനവും ഒരു മാസത്തിനിപ്പുറമുണ്ടായ ദുരൂഹമരണവും ഏറെ ചർച്ചയാവുകയാണ്. ഈ അവസരത്തിൽ ലിഗയുടെ മരണത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഹണി റോസ്. ഫേസ്‌ബുക്കിലൂടെയാണ് ഹണി റോസ് ലിഗയുടെ മരണത്തിലുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.

ഹണി റോസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:-
ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ..
ലിഗ വിദേശിയാണ്.. അവർക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവർക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആൾക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാർട്ടിക്കാരുടെ ഹർത്താലില്ല, ചാനൽ ചർച്ചയില്ല.

അയർലന്റിൽ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭർത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവർക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയിൽ കണ്ടെത്തിയിരിക്കുന്നു.

അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റർ ലിഗയുടെ ഭർത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവാം. ഭർത്താവ് ആൻഡ്രൂ ജോർദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.

നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനിൽ അടിച്ചു കൊല്ലാൻ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കൾ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ പൊലീസ്‌കാർ പറഞ്ഞ മറുപടി വിചിത്രമാണ്.

'നിങ്ങൾ വിചാരിക്കും പോലെ ഈ നാട്ടിൽ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല'. വാരാപ്പുഴ പിന്നെ ഈ നാട്ടിൽ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..

ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP