Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ രാജമൗലി യുക്തിവാദിയാണോ? അതേയെന്ന് വാദിച്ച് ഒരു വിഭാഗം; അല്ലെന്ന് കാണിക്കാൻ അഞ്ച് വർഷം മുമ്പുള്ള ഫേസ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി 'ജാതി വ്യവസ്ഥയെ ന്യായീകരിച്ചു' എന്ന് വാദിച്ച് മറ്റൊരു വിഭാഗം; ബാഹുബലി രണ്ട് തീയറ്ററുകളിൽ പ്രകമ്പനം തീർക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച സംവിധായകന്റെ വിശ്വാസത്തെ ചൊല്ലി

ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ രാജമൗലി യുക്തിവാദിയാണോ? അതേയെന്ന് വാദിച്ച് ഒരു വിഭാഗം; അല്ലെന്ന് കാണിക്കാൻ അഞ്ച് വർഷം മുമ്പുള്ള ഫേസ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി 'ജാതി വ്യവസ്ഥയെ ന്യായീകരിച്ചു' എന്ന് വാദിച്ച് മറ്റൊരു വിഭാഗം; ബാഹുബലി രണ്ട് തീയറ്ററുകളിൽ പ്രകമ്പനം തീർക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച സംവിധായകന്റെ വിശ്വാസത്തെ ചൊല്ലി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പുതിയ നാഴികകല്ലാണ് രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ബാഹുബലി എന്ന സിനിമ. തെലുങ്കും ഹിന്ദിയും മലയാളവും അടക്കം അഞ്ച് ഭാഷകളിൽ ഇറങ്ങിയ ഈ ചിത്രം ഇന്ത്യൻ ബോക്‌സോഫീസ് ചരിത്രം തന്നെ തിരുത്തികുറിച്ചു. ആയിരം കോടിയിൽ ഇടംപിടിക്കുന്ന ആദ്യ ചിത്രമാകും രാജമൗലിയുടേത് എന്ന ഉറപ്പിക്കുന്ന വിധത്തിലാണ് ബാഹുബലി രണ്ടിന്റെ കുതിപ്പ്. ആദ്യ ദിവസം തന്നെ 108 കോടി രൂപ നേടിയെന്നാണ് ചിത്രത്തിന്റെ അണിയറക്കാർ തന്നെ പുറത്തുവിടുന്ന വിവരം. ചിത്രത്തിന്റെ മേക്കിംഗും അസാധാരണമായ കുതിപ്പും കണ്ട് അന്തംവിട്ടിരിക്കയാണ് ലോക സിനിമാലോകവും. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ബാഹുബലിയെ കുറിച്ചുള്ള വിശേഷങ്ങളാണ് താനും. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന രഹസ്യം വെളിപ്പെടുത്താതെയും മറിച്ചുമുള്ള പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ നിറയെ. എന്നാൽ, മലയാളം സോഷ്യൽ മീഡിയയിലെ കാര്യം മറ്റൊന്നാണ്. ഇവിടെ ചർച്ചാ വിഷയം സംവിധായകൻ എസ്എസ് രാജൗലിയുടെ വിശ്വാസത്തെ കുറിച്ചാണ്.

ഇത്രയും വലിയൊരു ചിത്രമൊരുക്കിയ രാജമൗലി ഒരു യുക്തിവാദിയാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതുകൊണ്ട് യുക്തിവാദികൾക്ക് അഭിമാനിക്കാം എന്ന വിധത്തിൽ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയത് സംവിധായകൻ കൂടിയായ സജീവൻ അന്തിക്കാടായിരുന്നു. സമാനമായ വിധത്തിൽ അഭിപ്രായ പ്രകടനങ്ങളുമായി മറ്റുള്ളവരും രംഗത്തെത്തി. ചിത്രത്തിൽ അഭിനയിച്ച സത്യരാജ്, നാസർ എന്നിവർ യുക്തിവാദികളാണെന്നും അത് മാത്രമല്ല, സംവിധായകൻ കൂടിയായ രാജമൗലിയും യുക്തിവാദി ആണെന്നാണ് അഭിപ്രായം പറയുന്നത്. തമിഴ് സിനിമാ ലോകത്ത് യുക്തിവാദികൾ കുറേയുണ്ടെന്നും ചിത്രങ്ങൾ സഹിതം സജീവൻ അന്തിക്കാട് ഫേസ്‌ബുക്കിൽ പറയുന്നുണ്ട്.

തമിഴ്‌നാട്ടിലെ യുക്തിവാദികളിൽ പ്രമുഖനായത് കരുണാനിധി ആണെന്നും കമൽ ഹാസനും നെപ്പോളിയനും യുക്തിവാദികളാണെന്നും അന്തിക്കാട് വാദിച്ചു. അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

കട്ടപ്പയെന്ന സത്യരാജ് പിംഗളതേവനെന്ന നാസർ സംവിധായകൻ രാജമൗലി നിരീശ്വരവാദികൾ നിറഞ്ഞു നിൽക്കുന്ന ബാഹുബലി. തമിഴ് സിനിമയിൽ നിരീശ്വരവാദികളായ സെലിബ്രിറ്റികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇവരിൽ എവർഗ്രീൻ സെലിബ്രിറ്റി കരുണാനിധി തന്നെ. രാഷ്ട്രീയക്കാരനായതിനാൽ ആവശ്യത്തിനെ യുക്തിവാദം പറയൂ. ആരാധകരെ ഞെട്ടിക്കുന്ന തരത്തിൽ നിരീശ്വരവാദം പറയാൻ സാക്ഷാൽ കമൽഹാസനെ കഴിഞ്ഞെ വേറാളുള്ളൂ.

പറയേണ്ടത് പറഞ്ഞ് മുങ്ങുകയും വീണ്ടുമൊരു ബോംബുമായി പൊങ്ങുകയുമാണ് പുള്ളിയുടെ സ്ഥിരം പണി. നടൻ നാസർ ഇതിലൊന്നും പെടില്ല. കട്ട നാസ്തികനാണ്. പക്ഷെ തമിഴ്‌നാട്ടിലെ ഒരു യുക്തിവാദ സംഘടനയിലുമില്ല. ഒറ്റയാനായി നിൽക്കാനാണിഷ്ടം. നീലകണ്ഠനോട് നേർക്കു നേർ നിന്ന ദേവാസുരത്തിലെ നെപ്പോളിയനാണ് മറ്റൊരാൾ. പച്ചക്ക് യുക്തിവാദം പറഞ്ഞു തന്നെ പുള്ളി തമിഴ്‌നാട്ടിലെ മന്ത്രി വരെയായി.

പക്ഷെ കട്ടപ്പ സത്യരാജ് ഒരു സംഭവം തന്നെയാണ്. തമിഴ്‌നാടിന്റെ രാഷ്ട്രപിതാവ് സാക്ഷാൽ പെരിയാർ EV രാമസ്വാമിയുടെ യഥാർത്ഥ പിൻഗാമി. മദ്രാസ്സിലെ പെരിയാർ ആസ്ഥാനത്തുള്ള ആശുപത്രിയിൽ ഒരു ബ്ലോക്ക് തന്നെ സത്യരാജിന്റെ പേരിൽ സൗജന്യചികിത്സക്കായുണ്ട്.
കഴിഞ്ഞ മാസം മാർച്ച് 16ന് ഫാറൂഖ് എന്ന ചെറുപ്പക്കാരനെ ഉക്കുടത്ത് വെച്ച് മുസ്ലിം യഥാസ്ഥിതികർ വക വരുത്തിയ വാർത്തയറിഞ്ഞപ്പോൾ സത്യരാജ് ഫാറൂഖിന്റെ വീട്ടിൽ പോയി ഭാര്യയെയും കുട്ടികളെയും സമാശ്വസിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ സഹായം നൽകിയാണ് അദ്ദേഹം തിരിച്ച് പോയത്.

ഈച്ച എന്ന രാജമൗലി സിനിമയിൽ വില്ലന്റെ സന്തത സഹചാരിയായി അഭിനയിച്ച ആദിത്യൻ യുക്തിവാദത്തിന്റെ ഒരു വിസിൽ ബ്ലോവർ ആണെന്നു തന്നെ പറയാം. (മാമ്പഴക്കാലം എന്ന മോഹൻലാൽ സിനിമയിലെ വില്ലൻ) പ്രകൃതി ചികിത്സയിലും ഹോമിയോയിലും വിശ്വസിക്കുന്ന യുക്തിവാദികളാണ് കേരളത്തിലുള്ളത് എന്നൊക്കെ പുള്ളി തുറന്നങ്ങ് പറയും. ഈച്ച,ബാഹുബലി 1 , ബാഹുബലി 2 തുടങ്ങിയ രാജമൗലി സിനിമകളിലൊക്കെ യുക്തിവാദികളായ നടന്മാർ എന്തുകൊണ്ട് നിറഞ്ഞു നിൽക്കുന്നു എന്ന എളിയ സംശയത്തിനുള്ള മറുപടി ഇന്ന് കിട്ടി.

'രാജമൗലിയും ഒരു നിരീശ്വരവാദിയാണ്.' ഒരഭിമുഖത്തിൽ അദ്ദേഹമതു തുറന്നു പറഞ്ഞിരിക്കുന്നു. ക്യാമറയിൽ കാലു കയറ്റി വെച്ച് 'ക്യാമറ വെറുമൊരു ടൂൾ മാത്രം; പൂജിക്കേണ്ട വസ്തുവല്ല' എന്ന് പ്രഖ്യാപിക്കുന്ന സ്പീൽബർഗിന്റെ ഇന്ത്യൻ അവതാരത്തിന് നിരീശ്വരവാദിയാകാതെ നിവൃത്തിയില്ലല്ലോ.

എന്നാൽ, അന്തിക്കാട് ഉദ്ദേശിച്ച ഫേസ്‌ബുക്ക് പോസ്റ്റിനെ എതിർത്തു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. രാജമൗലി നിരീശ്വര വാദിയല്ലെന്ന് അദ്ദേഹത്തിന്റെ സിനിമകളിൽ കൂടി തെളിഞ്ഞതാണെന്നും പലരും പറഞ്ഞു. മറ്റു ചിലർ ഈ അഭിപ്രായത്തെ അംഗീകരിച്ചു കൊണ്ട് രംഗത്തു വരികയും ചെയ്തു. രൗജമൗലിയുടെ സൃഷ്ടിയിൽ തന്നെ അദ്ദേഹം ജാതിവാദിയാണെന്ന് തെളിയിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ഇതോടെ സോഷ്യൽ മീഡിയയിൽ ഇത് സജീവ ചർച്ചയാകുകയും ചെയ്തു.

ഇതിനിടെ രാജമൗലി യുക്തിവാദി അല്ലെന്നും മറിച്ച് ജാതി വ്യവസ്ഥയെ പോലും ന്യായീകരിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞും ചിലർ രംഗത്തെത്തിയത്. മനു സ്മൃതിയുടെ ആരാധകനാണ് രാജമൗലിയെന്നും വാദിച്ചു കൊണ്ടാണ് മറ്റു ചിലർ രംഗത്തെത്തിയത്. ഇവർ അദ്ദേഹം അഞ്ച് വർഷം മുമ്പ് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളും ഇതിന് വേണ്ടി ഉയർത്തിക്കൊണ്ടുവന്നു. 2012ലെ ഫേസ്‌ബുക്ക് പോസ്റ്റ് ഉയർത്ത് രാജമൗലി ഒരു ജാതിവാദിയാണെന്ന് വാദിക്കുകയായിരുന്നു എതചിർവാദക്കൾ.

മനുസ്മൃതിയിലെ ജാതിവ്യവസ്ഥ ജന്മം കൊണ്ടു കിട്ടുന്നതല്ലെന്നും അത് ജീവിതരീതികൊണ്ടു ലഭിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള രാജമൗലിയുടെ പോസ്റ്റായിരുന്നു ഇത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, ദളിതർ തുടങ്ങിയ ജാതിശ്രേണിയെ ജീവിതരീതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജാതിവ്യവസ്ഥയെ ന്യായീകരിക്കാനാണ് രാജമൗലി പോസ്റ്റിലൂടെ ശ്രമിക്കുന്നതെന്നും യുക്തിവാദിയാണെന്ന വാദത്തെ എതിർക്കുന്നവർ വാദിക്കുന്നു.

രൗജമൗലിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു:

മനുസ്മൃതിയിലെ ജാതി വ്യവസ്ഥ നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അല്ലാതെ അത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല. എനിക്കൊപ്പം ടെന്നിസ് കളിക്കാറുള്ള പ്രസാദ് നല്ലൊരു വിശദീകരണമാണ് ഇതുസംബന്ധിച്ച് നൽകിയത്.
പഞ്ചമജാതി (അസ്പൃശ്യർ) എന്നത് ജീവിതത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് (പരാശ്രയി)ശൂദ്രർ എന്നത് തനിക്കും കുടുംബത്തിനുവേണ്ടി ജീവിക്കുന്നവർ വൈശ്യർ എന്നത് സ്വയം ലാഭമുണ്ടാക്കുകയും ഒപ്പം മുതലാളിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നയാൾ ക്ഷത്രിയർ എന്നത് തനിക്കു കീഴെയുള്ളവർ ഭക്ഷണം കഴിച്ചശേഷം മാത്രം കഴിക്കുന്നവർ ബ്രാഹ്മണർ എന്നത് ആദ്യം സ്വയം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യുന്നവർ.

രാജമൗലിയുടെ ബാഹുബലിയിൽ കറുത്തവരെ വില്ലന്മാരായും സംസ്‌കാരശൂന്യരായും ചിത്രീകരിച്ചത് അദ്ദേഹത്തിനുള്ളിലെ വംശീയതയെയും ജാതീയതയെയും തുറന്നുകാട്ടുന്നതാണെന്ന് ഓർമ്മിച്ചുകൊണ്ടുള്ളതാണ് ഈ നിലപാടിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളിൽ ചിലത്.
'നിങ്ങൾ ഇന്ത്യയിലെ യഥാർത്ഥ ജാതിവാദി. റാസിസ്റ്റാണ് നിങ്ങൾ. നിങ്ങളുടെ ബ്രാഹ്മണിക്കൽ ആശയത്തിന് സമാനമാണ് നിങ്ങളുടെ ചിന്തയും. ഇന്ന് നിങ്ങൾ നിങ്ങളുടെ ചിത്രങ്ങളിലൂടെ ജാതിയെ പുനസൃഷ്ടിക്കുകയാണ്. നിങ്ങളുടെ ജാതീയ ആശയങ്ങളെ തുടച്ചുമാറ്റാൻ ഞങ്ങൾ ഇപ്പോൾ തയ്യാറാണ്.' എന്നാണ് രാജേഷ് കുമാർ എന്നയാൾ ഈ പോസ്റ്റിനു താഴെ കുറിച്ചത്. 'ക്ഷത്രിയന്മാർക്ക് ഭക്ഷിക്കാനായി രാവും പകലും പണിയെടുക്കുന്നത് ദളിതരാണ്. അവർ പണിയെടുത്തില്ലെങ്കിൽ ക്ഷത്രിയർ പട്ടിണികിടന്ന് ചാവും' എന്നാണ് ഒരാളുടെ കമന്റ്.

എന്തായാലും ബാഹുബലി തീയറ്ററുകളിൽ പ്രകമ്പനം തീർക്കുമ്പോൾ മലയാളം സോഷ്യൽ മീഡിയ സംവിധായകന്റെ വിശ്വാസപ്രമാണത്തെ ചൊല്ലി തർക്കിക്കുന്ന ദയനീയ കാഴ്‌ച്ചയാണ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP