Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാളെ ദിശയും വേഗതയും കുറച്ച് ചൊവ്വയെ വലം വെയ്ക്കുന്ന പാതയിലേക്ക് മാറ്റും; ആദ്യ പരീക്ഷണം വിജയിക്കുന്ന ലോകത്തെ ആദ്യ രാജ്യമാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യ; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ മോദി എത്തും

നാളെ ദിശയും വേഗതയും കുറച്ച് ചൊവ്വയെ വലം വെയ്ക്കുന്ന പാതയിലേക്ക് മാറ്റും; ആദ്യ പരീക്ഷണം വിജയിക്കുന്ന ലോകത്തെ ആദ്യ രാജ്യമാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യ; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ മോദി  എത്തും

ബാഗ്ലൂർ: ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വാ പര്യവേഷണ പേടക്കത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിക്കുന്ന രാജ്യമെന്ന ബഹുമതി സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നറിയാൻ ഇനി ഒരു നാൾ കൂടി മാത്രം. ചൊവ്വാ പര്യവേക്ഷണ പേടകം മംഗൾയാന്റെ പ്രധാന എൻജിനായ ലാമിനെ (ലിക്വിഡ് അപ്പോജി മോട്ടോർ) ജ്വലിപ്പിക്കുന്നതിൽ ഇന്ത്യയുടെ ശാസ്ത്രജ്ഞർ വിജയിച്ചതോടെ രാജ്യത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കയാണ്.

ഇനി പേടകത്തിന്റെ ദിശയും വേഗതയും കുറച്ച് ചൊവ്വയെ വലംവെയ്ക്കുന്ന പാതയിലേക്ക് മാറ്റുക എന്നതാണ് ശാസ്ത്രജ്ഞരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ചൊവ്വയുടെ ഗുരുത്വാകർഷണ സ്വാധീന മണ്ഡലത്തിലുള്ള പേടകം നാളെ രാവിലെയാണ് ദിശതിരിച്ച് ചൊവ്വയുടെ ദ്രമണപഥത്തിലേക്ക് നീക്കുന്നത്. ചൈനയ്ക്കും ഇംഗ്ലണ്ടിനും അമേരിക്കയ്ക്ക് പോലും ആദ്യദൗത്യത്തിൽ പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോഴാണ് ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഇന്ത്യൻ ദൗത്യമെന്ന യാഥാർത്ഥ്യം വ്യക്തമാകുക. വിവിധ രാജ്യങ്ങളുടേതായ 51 ദൗത്യങ്ങളിൽ 21 എണ്ണം മാത്രമാണ് ഇതുവരെ ലക്ഷ്യം കണ്ടിട്ടുള്ളത്. ചരിത്രത്തിൽ ഇടംപിടിക്കാനുള്ള ഈ മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാളെ  ഐഎസ്ആർഒ കേന്ദ്രത്തിലെത്തും.

ചൊവ്വയോട് ഏറ്റവും അടുത്തു 460 കിലോമീറ്ററും അകലെ 80,000 കിലോമീറ്ററും വരുന്ന ദീർഘവൃത്തപഥത്തിൽ മംഗൾയാനെ കൃത്യമായി എത്തിക്കുക എന്നതാണ് ലാമിന്റെ പ്രധാന ദൗത്യം. അതിവേഗത്തിൽ പാഞ്ഞെത്തുന്ന പേടകത്തിന്റെ വേഗത സാവധാനത്തിലാക്കി എൻജിൻ ജ്വലിപ്പിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ചൊവ്വയ്ക്ക് ആപേക്ഷികമായി വാഹനത്തിന്റെ വേഗം ഇപ്പോൾ സെക്കൻഡിൽ 22.1 കിലോമീറ്റർ ആണ്. ഇത് സെക്കൻഡിൽ 4.4 കിലോമീറ്റർ ആയി കുറച്ച് പേടകത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കുകയാണു വേണ്ടത്. ഇന്നലത്തെ പരീക്ഷണജ്വലനം വിജയകരമായതുകൊണ്ട് നാളെ എല്ലാം നിശ്ചയിച്ചതുപോലെ നടക്കുമെന്നാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

രാവിലെ 7.17ന് ബാംഗ്ലൂരിലെ രണ്ടാം മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സ്( മോക്‌സ്)ൽനിന്ന് സന്ദേശമെത്തിയാൽ മംഗൾയാനിലെ ലാം എൻജിൻ പ്രവർത്തിച്ചുതുടങ്ങും. 24 മിനിറ്റ് ലാം കത്തിച്ച് വേഗം കുറച്ച് (സെക്കൻഡിൽ 1450 കിലോമീറ്റിറിൽനിന്ന് 196 കിലോമീറ്റർ) നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചാൽ മംഗൾയാൻ ചൊവ്വയെ ചുറ്റാൻ തുടങ്ങും. ഇന്നലെ പരീക്ഷണ ജ്വലനത്തിനുള്ള സന്ദേശം നേരത്തേ നൽകിയിരുന്നതുപോലെ നാളത്തെ ജ്വലനത്തിനുള്ള സന്ദേശവും നേരത്തെതന്നെ മംഗൾയാന്റെ കമ്പ്യൂട്ടറുകൾക്ക് നൽകിക്കഴിഞ്ഞു. ജ്വലന സമയത്ത് മംഗൾയാൻ ചൊവ്വയുടെ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്തായതുകൊണ്ട് (മാസ് ഒക്കൾട്ട് ഒരു തരം ചൊവ്വ ഗ്രഹണം) ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രവർത്തിക്കാൻ വേണ്ട ഊർജം സോളാർ പാനലുകൾ നേരത്തെതന്നെ സംഭരിച്ചുവച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് സൗരകേന്ദ്രീകൃത ആകർഷക വലയത്തിലേക്ക് ഉപഗ്രഹത്തെ ഗതിതിരിക്കാനാണ് ലാം എൻജിൻ ഇതിനു മുൻപ് പ്രവർത്തിപ്പിച്ചത്. കഴിഞ്ഞ 10 മാസമായി നിദ്രയിലാഴ്ന്നു കിടന്നിരുന്ന 440 ന്യൂട്ടൻ ലാം എൻജിൻ 3.968 സെക്കൻഡ് നേരത്തേക്കാണ് ഇന്നലെ പ്രവർത്തിപ്പിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നടന്ന ലാം എൻജിൻ ജ്വലിപ്പിക്കലിനും അന്തിമ ഗതിതിരുത്തൽ നടപടിക്കുമായി ഇരുന്നൂറോളം ശാസ്ത്രജ്ഞരാണു ചുക്കാൻ പിടിച്ചത്. 740 സെക്കൻഡ് സമയമെടുത്താണ് ജ്വലനം നടന്നതായുള്ള വിവരം പീനിയ ഇസ്ട്രാക്കിലെ (ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക്) മിഷൻ സെന്ററിൽ എത്തിയത്. അര കിലോയോളം ഇന്ധനം ജ്വലനത്തിനു വിനിയോഗിച്ചു.

പേടകത്തിന്റെ യാത്രാപഥം കൃത്യമാക്കാനും കഴിഞ്ഞു. ഇതോടെ, ആദ്യ ചൊവ്വാ ദൗത്യം വിജയിച്ച ഏക രാജ്യം എന്ന ചരിത്രനേട്ടതിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ മംഗൾയാനു കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ. യാത്രയുടെ 98 ശതമാനവും പൂർത്തിയായെന്നും പേടകത്തിന്റെ എല്ലാ ഉപകരണങ്ങളും മുൻ നിശ്ചയപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ അതിന്റെ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്.

ഗ്രഹാന്തർഭാഗത്തുനിന്ന് 35 ലക്ഷം കിലോമീറ്റർ ചുറ്റളവിലാണ് ചൊവ്വയുടെ ആകർഷണവലയം. ബുധനാഴ്ച രാവിലെ 7.30ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണു ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ. ഉച്ചകഴിഞ്ഞ് ചൊവ്വയുടെ ചിത്രങ്ങളെടുത്ത് മംഗൾയാൻ ഭൂമിയിലേക്ക് അയച്ചുതുടങ്ങുമെന്നാണ് ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP