Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനിയൊരു ജിഷ ഉണ്ടാകരുതെന്ന് മമ്മൂട്ടി; അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ലെന്ന് മഞ്ജു വാര്യർ; പെൺകുട്ടികളുടെ ജീവിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന് ആഷിഖ് അബു: പെരുമ്പാവൂർ കൊലപാതകത്തോട് താരങ്ങളുടെ പ്രതികരണം ഇങ്ങനെ

ഇനിയൊരു ജിഷ ഉണ്ടാകരുതെന്ന് മമ്മൂട്ടി; അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ലെന്ന് മഞ്ജു വാര്യർ; പെൺകുട്ടികളുടെ ജീവിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന് ആഷിഖ് അബു: പെരുമ്പാവൂർ കൊലപാതകത്തോട് താരങ്ങളുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: പെരുമ്പാവൂരിൽ ജിഷയെന്ന പെൺകുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ ആഘാതം കേരളത്തെ പിടിച്ചു കുലുക്കയാണ്. രാഷ്ട്രീയം മറന്ന് എല്ലവരും സംഭവത്തിൽ പ്രതിഷേധം അറിയിച്ച് തെരുവിലിറങ്ങി. സിനിമാ താരങ്ങളും സംഭവത്തിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്തു വന്നു. ഇനിയൊരു ജിഷ ഉണ്ടാകരുതെന്ന് മമ്മൂട്ടി ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടപ്പോൾ ആ കൊടുംകൃത്യം ചെയ്തയാളെ ആണെന്ന് വിളിക്കാൻ സാധിക്കില്ലെന്നായിരുന്നു മഞ്ജു വാര്യർ പ്രതികരിച്ചത്. താരങ്ങൾ പ്രതികരിച്ചത് ഇങ്ങനെയാണ്:

അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാൾ ചൂടുണ്ട്: മഞ്ജു വാര്യർ

ഒരു വാക്കിനും ഭാഷയ്ക്കും ഉൾക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളിൽ നിറയുകയാണ്. അപമാനിക്കപ്പെട്ട്...അല്ല...അങ്ങനെ പറഞ്ഞാൽ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാൾ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്കുക മാത്രം ചെയ്യാം.

ഞാൻ നിങ്ങളിലൊരാളായിരുന്നില്ലേ..എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ല. മൃഗങ്ങൾ പോലും ചിലപ്പോൾ പ്രതികരിച്ചേക്കാം. അത് ചെയ്തയാളെ അവരോട് ഉപമിക്കുന്നത് കേട്ടാൽ. സമ്പൂർണസാക്ഷരതയിലും അറിവിലും സംസ്‌കാരത്തിലുമൊക്കെ അഭിരമിക്കുന്ന മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാകില്ല. നിർഭയയെ ഓർത്ത് സഹതപിക്കാനാകില്ല. ജിഷഅവളിപ്പോൾ കേരളത്തിന് നിർഭയയേക്കാൾ വലിയ ചോദ്യചിഹ്നമാണ്.

കേരളത്തിന്റെ തെരുവിലും, രാത്രിയിലും മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം വീടിനുള്ളിൽ കൂടിയാണ്. ആ ഞെട്ടിക്കുന്ന തിരിച്ചറിവിന് നമ്മൾ ഇന്ത്യയിലെ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാൾ തീവ്രതയുണ്ട്. പ്രതിഷേധങ്ങൾ ഉയരുന്നു. പരാതികളും ആരോപണങ്ങളും നിറയുന്നു. എല്ലാം നാളെ നിലയ്ക്കും. വലിച്ചുകീറപ്പെടാൻ അപ്പോഴും പെണ്ണ് ഒരു കടലാസായി ബാക്കിയുണ്ടാകും. അമ്മ,പെങ്ങൾ എന്ന പതിവ് ചോദ്യത്തിലേക്ക് പോകുന്നില്ല. ഒന്നുമാത്രം പറയട്ടെ...ഒരു സ്ത്രീയെ കൈക്കരുത്തിൽ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ല.

അപമാനത്താൽ ശിരസ്സ് താഴ്ന്നുപോകുന്നു: മമ്മൂട്ടി

ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരിൽ അഭിമാനിച്ചിരുന്നു നാം.ഡൽഹിയിൽ നിർഭയയെന്ന് വിളിക്കപ്പെട്ട പെൺകുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയിൽ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകൾ നീണ്ടപ്പോഴും നമ്മൾ അഹങ്കരിച്ചു;നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ അനുഭവത്തിന് മുന്നിൽ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താൽ താഴ്ന്നുപോകുന്നു.

അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാൻ പറയട്ടെ: നിങ്ങൾ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരൻ. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകൾക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക.. ഫേസ്‌ബുക്ക് പോസ്റ്റിൽ മമ്മൂട്ടി പറഞ്ഞു.

ജിഷയുടെ മുഖം പെൺകുട്ടികളിൽ വലിയ ആഘാതമുണ്ടാക്കുന്നു: ആഷിഖ് അബു

ജിഷയുടെ മുഖം നമ്മുടെ പെൺകുട്ടികളിൽ വലിയ ആഘാതമുണ്ടാക്കുന്നു. ജീവഭയം കൂടുതൽ ശക്തമാവുന്നു. അവരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. എന്ത് വില കൊടുത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP