Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവങ്ങളുടെ ഡോക്ടർക്ക് ഹാക്കർമാരുടെ ആദരവ്; സർക്കാർ മരുന്നു വിതരണ കോർപ്പറേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഷാനവാസിന്റെ ചിത്രം ഇട്ടു

പാവങ്ങളുടെ ഡോക്ടർക്ക് ഹാക്കർമാരുടെ ആദരവ്; സർക്കാർ മരുന്നു വിതരണ കോർപ്പറേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഷാനവാസിന്റെ ചിത്രം ഇട്ടു

കൽപ്പറ്റ: ആദിവാസികൾക്കായി നിലകൊണ്ട ഡോക്ടർ ഷാനവാസ് സർക്കാരിന്റെ കണ്ണിലെ കരടായത് മരുന്ന് മാഫിയയ്ക്ക് എതിരായ പ്രവർത്തനങ്ങളിലൂടെയാണ്. മരുന്ന് മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങി ഷാനവാസിനെ സർക്കാർ സ്ഥലം മാറ്റി പീഡിപ്പിച്ചു. എല്ലാത്തിനും ഒടുവിൽ സഹജീവികളുടെ കണ്ണീരൊപ്പാൻ മാത്രം പ്രയത്‌നിച്ച ഷാനവാസ് ഡോക്ടർക്ക് ജീവിത യാത്രയിൽ നിന്ന് അപ്രതീക്ഷത വിടവാങ്ങലും നടത്തേണ്ടി വന്നു. അകാലത്തിൽ പൊലിഞ്ഞ ഡോക്ടർക്ക് സോഷ്യൽ മീഡിയ നൽകിയ ആദരവ് അംഗീകാരം കൂടിയായിരുന്നു. വ്യത്യസ്ത വഴിയിലൂടെ ഹാക്കർമാരും ഷാനവാസിന് ആദരം തീർത്തു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണവും മറ്റു കാര്യങ്ങളും നിയന്ത്രിക്കുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ) ഔദ്യോഗിക വെബ്‌സൈറ്റ് രണ്ടുമണിക്കൂറിലേറെ സമയം ഹാക്ക് ചെയ്തായിരുന്നു ഇത്. ഇന്നലെ ഉച്ചക്കാണ് സൈറ്റ് ഹാക്ക് ചെയ്‌പ്പെയട്ടത്. ഹാക്ക്ഡ് ബൈ എച്ച് ഫോർ ജെ എന്നാണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. അതോടൊപ്പം തന്നെ, ഏതാനും ദിവസങ്ങൾക്കു മുമ്പ് മരണമടഞ്ഞ ഡോ. ഷാനവാസിന്റെ ചിത്രം ഹാക്കർമാർ സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ മരുന്ന മാഫിയയ്ക്ക് എതിരായ പോരാട്ടം തുടരുമെന്ന് ഹാക്കർമാർ സർക്കാരിന് മുന്നറിയിപ്പും നൽകി.

പാവങ്ങളുടെ ഡോക്ടർ എന്നു സുഹൃത്തുക്കളും സോഷ്യൽ മീഡിയയും വിശേഷിപ്പിക്കുന്ന ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ നിശിതമായ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഡോ. ഷാനവാസ് ആദിവാസി കോളനിയിൽ ആദിവാസി വയോധികനോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഹാക്ക് ചെയ്യപ്പെട്ട സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഹാക്ക്ഡ് ഫോർ ജസ്റ്റീസ് എന്ന സൂചന ഹാക്കർമാർ നൽകിയത് ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.

എന്നാൽ തങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിവില്ലെന്ന വിവരമാണ് കെ.എം.എസ്.സി.എൽ ഉന്നതോദ്യോഗസ്ഥർ നൽകിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സൈറ്റിന്റെ സ്തംഭനാവസ്ഥ മാറിയത്. സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നും മറ്റ് അനുബന്ധ വസ്തുക്കളും വിതരണം ചെയ്യുന്നത് സൈറ്റ് മുഖേനെയാണ്. ഒരോ ആശുപത്രികളിലേക്കും ആവശ്യമുള്ള മരുന്നുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ വിവരം സ്ഥാപന മേധാവികൾ കെ.എം.എസ്.സി.എൽ സൈറ്റിൽ നൽകുന്നതനുസരിച്ചാണ് ഇവ ലഭ്യമാകുന്നത്. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനാൽ ഇന്നലെ മണിക്കൂറുകളോളം വിവിധ ആശുപത്രി മേലധികാരികൾക്ക് മരുന്നുകൾക്ക് ഓർഡർ നൽകാൻ കഴിഞ്ഞില്ല.

കെ.എം.എസ്.സി.എൽ. സൈറ്റിൽ ഹാക്കർമാർ കയറിയത് ഡോ. ഷാനവാസിനെതിരേ ആരോഗ്യവകുപ്പ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണെന്ന് തന്നെയാണ് സൂചന. കാരണം സൈറ്റിലെ വിവരങ്ങൾ മോഷ്ടിച്ചതിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സാധാരണ സുപ്രധാന വിവരങ്ങൾ ചോർത്താനാണ് ഹാക്കർമാർ സൈറ്റിൽ നുഴഞ്ഞു കയറുന്നത്. അതുകൊണ്ടാണ് ഷാനവാസിന് ആദരമർപ്പിക്കാനാകാം ഈ ഹാക്കിങ്ങ് എന്ന വാദം സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP