Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങൾ പറഞ്ഞു; റബ്ബറിനു വില കൂട്ടുന്ന കാര്യം പുണ്യാളൻ മുഖേന മാതാവിനെ അറിയിച്ചിട്ടും ചർച്ചയിൽ ഒരു തീരുമാനമായില്ല; വളരെ ബുദ്ധിമുട്ടായതിനാൽ 500 രൂപ നൽകിയാൽ മതിയെന്നും പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് പറഞ്ഞു; ആശുപത്രിക്കു വേണ്ടി ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച വികാരിക്ക് കിടിലം മറുപടി നൽകി വിശ്വാസി

മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങൾ പറഞ്ഞു; റബ്ബറിനു വില കൂട്ടുന്ന കാര്യം പുണ്യാളൻ മുഖേന മാതാവിനെ അറിയിച്ചിട്ടും ചർച്ചയിൽ ഒരു തീരുമാനമായില്ല; വളരെ ബുദ്ധിമുട്ടായതിനാൽ 500 രൂപ നൽകിയാൽ മതിയെന്നും പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് പറഞ്ഞു; ആശുപത്രിക്കു വേണ്ടി ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച വികാരിക്ക് കിടിലം മറുപടി നൽകി വിശ്വാസി

പള്ളിയുടെ പേരിൽ ആശുപത്രി നിർമ്മിക്കാൻ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച വികാരിക്ക് വിശ്വാസി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി അഗസ്റ്റിൻ തെരുവത്ത് ആണ് സംഭാവന ആവശ്യപ്പെട്ട് വിശ്വാസികൾക്ക് കത്ത് നൽകിയത്.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അഭ്യർത്ഥന പ്രകാരം രൂപത ചേർപ്പുങ്കലിൽ നിർമ്മിക്കുന്ന ആശുപത്രിക്ക് നല്ലൊരു തുക സംഭാവന ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭാവന നൽകിയാൽ മാതാവ് നിങ്ങളെ അനുഗ്രഹിക്കുന്നും കത്തിലുണ്ട്. ഇതിന് താഴെ മാതാവ് പ്രതീക്ഷിക്കുന്ന തുക 20,000 രൂപ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്തിന് വിശ്വാസി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

മാതാവിനോട് താൻ നേരിട്ട് കാര്യം പറഞ്ഞിട്ടുണ്ടെന്നും 500 രൂപ മതിയെന്ന് മാതാവ് പറഞ്ഞെന്നും പരിഹസിച്ചുള്ള വിശ്വാസിയുടെ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പള്ളിയിൽ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങൾ പറഞ്ഞുവെന്നാണ് വികാരിയച്ചനെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത്. മഴക്കാലമായതിനാൽ പണിയില്ലെന്നും വീട്ടിലെല്ലാവർക്കും പനിയാണെന്നും മാതാവിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

പലിശയ്ക്കെടുത്താണ് നിലവിൽ മരുന്നും വീട്ടുചെലവവും നടന്നു പോകുന്നത്. സർവോപരി പാലാക്കാരനായ താൻ എല്ലാവരെയും പോലെ പറമ്പീന്നു കിട്ടുന്ന കുറച്ച് റബ്ബർ ഷീറ്റും ഒട്ടുപാലും വിറ്റാണ് കുടുംബം പോറ്റുന്നത്. എന്നാൽ ഇത്തവണ റബ്ബറിന് പ്ലാസ്റ്റിക് ഇടാനുള്ളതുപോലും കിട്ടിയില്ല. റബ്ബറിന് വില കൂടുന്ന കാര്യം പുണ്യാളൻ മുഖേന മാതാവിനെ അറിയിച്ചിട്ടും ചർച്ചയിൽ തീരുമാനമായില്ല. ഇന്തോനേഷ്യയിൽ നിന്നുള്ള റബ്ബർ ഇറക്കുമതി കുറയണം എന്നാണ് പുണ്യാളൻ പറയുന്നത്. എന്നാൽ മോദിയോട് ഇക്കാര്യം നേരിട്ട് പറയാൻ മാതാവിന് ചമ്മലാണെന്നാണ് അറിയിച്ചത്. എന്തായാലും ശരിയാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

ബുദ്ധിമുട്ട് മനസിലാക്കിയ മാതാവ് ആശുപത്രി പണിയാൻ 500 രൂപ മതിയെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കത്തിൽ പറയുന്നു. പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം സമരം ചെയ്യുന്ന മാലാഖമാർക്ക് മാതാവും അവരും പ്രതീക്ഷിക്കുന്ന ശമ്പളം കൂടി നൽകുന്ന കാര്യം അച്ചനോട് സൂചിപ്പിക്കണമെന്നും മാതാവ് കത്തെഴുതിയ വിശ്വാസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാമുപരി കുട്ടികളുടെ സ്‌കൂൾ ഫീസ് കുറയ്ക്കുന്ന കാര്യം മാനേജർ അച്ചനെ ഇന്നുരാത്രി സ്വപ്നത്തിലൂടെ അറിയിക്കാമെന്നും മാതാവ് പറഞ്ഞിട്ടുണ്ടെന്നുമാണ് വികാരിക്കെഴുതിയ കത്തിൽ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP