Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭിന്നശേഷിക്കാർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ ഇതാ ലവ് എബിലിറ്റി ആപ്പ്; വാണ്ടഡ് അംബ്രല്ല വെബ്‌സൈറ്റിനു പിന്നാലെ 22കാരിയായ കല്യാണിയുടെ പുതിയ സംരംഭവും

ഭിന്നശേഷിക്കാർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ ഇതാ ലവ് എബിലിറ്റി ആപ്പ്; വാണ്ടഡ് അംബ്രല്ല വെബ്‌സൈറ്റിനു പിന്നാലെ 22കാരിയായ കല്യാണിയുടെ പുതിയ സംരംഭവും

ഭിന്നശേഷിക്കാരിൽ പലർക്കും തങ്ങളുടെ കാര്യങ്ങൾ നോക്കി നടത്താൻ മറ്റൊരാളുടെ സഹായം വേണം. രക്ഷിതാക്കളോ സഹോദരങ്ങളോ അല്ലാതെ മറ്റൊരാൾ ഇവരുടെ കാര്യങ്ങൾക്കുവേണ്ടി അധികം സമയം ചെലവഴിക്കാറുമില്ല. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യത്തിലും വിവിധ കാരണങ്ങളാൽ എത്രനാൾ വരെ ഇവരുടെ സഹായം കിട്ടുമെന്നതിലും ആശങ്കയുണ്ടാകും. എന്നാൽ, തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മനസിലാക്കുന്ന ഒരു ജീവിതപങ്കാളിയെ ലഭിച്ചാലോ.

ഇത്തരമൊരു ആശയമാണ് കല്യാണി ഖോന എന്ന ഇരുപത്തിരണ്ടുകാരിയുടെ മനസിൽ ഉരുത്തിരിഞ്ഞത്. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ ഇത്തരക്കാർക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം കല്യാണിക്കുണ്ടായിരുന്നു. അങ്ങനെയാണ് വാണ്ടഡ് അംബ്രല്ല എന്ന വെബ്‌സൈറ്റിന്റെ പിറവിയുണ്ടാകുന്നത്. ഭിന്നശേഷിക്കാർക്ക് തങ്ങൾക്കനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന സുരക്ഷിതവും നൂതനവുമായ ഒരു വേദിയായിരുന്നു ഈ വെബ്‌സൈറ്റ്.

ഇതിന്റെ തുടർച്ചയെന്നോണമാണ് ലവ് എബിലിറ്റി ആപ്പിനും കല്യാണി തുടക്കമിടുന്നത്. ഭിന്നശേഷിക്കാർക്കായി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയം മനസിലെത്തിയപ്പോൾ ഒരു മാര്യേജ് ബ്യൂറോ തുടങ്ങാനായിരുന്നു കല്യാണിയുടെ തീരുമാനം. എന്നാൽ കൂണുകൾ പോലെ മുളച്ചുപൊങ്ങുന്ന മാര്യേജ് ബ്യൂറോകൾക്കിടയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുന്നതിൽ നേരിട്ട അടിസ്ഥാന പ്രശ്‌നങ്ങളാണ് പുതിയൊരു മാർഗം കണ്ടെത്താൻ പ്രേരിപ്പിച്ചത്. അതിന്റെ ഫലമായിരുന്നു വാണ്ടട് അമ്പ്രല്ല എന്ന വെബ്‌സൈറ്റ്.

80 മില്യൺ ഭിന്നശേഷിക്കാരാണ് ഇന്ത്യയിൽ ഉള്ളതെന്നാണ് യുഎന്നിന്റെ കണക്കുകൾ പറയുന്നത്. അവരിൽ വെറും അഞ്ച് ശതമാനം ആളുകൾ മാത്രമാണ് വിവാഹജീവിതത്തിലേക്കു കടക്കുന്നത്. ഈ തിരിച്ചറിവാണ് അവർക്കായുള്ള പുതിയ സംരംഭത്തിലേക്കു കടക്കാൻ കല്യാണിയെ പ്രേരിപ്പിച്ചത്.

'ഭിന്നശേഷിക്കാർക്ക് ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം. കുറവുകളിൽ തളർന്നിരിക്കാതെ പങ്കാളികളെ കണ്ടെത്തി ജീവിതത്തെ ആസ്വദിക്കാൻ അവർക്ക് സ്വാതന്ത്ര്യം നൽകുകയാണ് ലവ് എബിലിറ്റിയിലൂടെ താൻ ലക്ഷ്യമിടുന്നത്'- കല്യാണി പറയുന്നു.

സാധാരണ വെബ്‌സൈറ്റുകളിൽ ശാരീരികയോഗ്യതകൾക്കും സൗന്ദര്യത്തിനും അന്തസ്സിനുമാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ, വാണ്ടഡ് അംബ്രല്ലയിൽ വധൂവരന്മാരുടെ ശാരീരിക ബുദ്ധിമുട്ടുകളും ഇപ്പോഴത്തെ അവസ്ഥയും അസുഖം ഭേദമാകാനുള്ള സാധ്യതകളും വിദ്യാഭ്യാസയോഗ്യതകളും ജോലിയുമാണ് പ്രൊഫൈലിൽ വിവരിക്കുന്നത്. ഭിന്നശേഷിക്കാർ തങ്ങളുടെ പങ്കാളികളിൽ തേടുന്നത് വെറുമൊരു കൂട്ടുമാത്രമല്ലെന്നും പരസ്പരം താങ്ങാവുന്ന ഒരു ജീവിതമാണെന്നും മനസ്സിലാക്കിയാണ് ഈ മാറ്റം വരുത്തിയത്.

സംഗീതകച്ചേരികൾ, സാഹസികയാത്രകൾ, ഡിന്നർ പാർട്ടികൾ തുടങ്ങി വിവിധ പരിപാടികൾ ഒരുക്കി പങ്കാളികൾക്ക് പരസ്പരം ഇടപഴകാനും വാണ്ടഡ് അമ്പ്രല്ല അവസരം ഒരുക്കുന്നു. ഇതിലൂടെ സമാനരീതിയിലുള്ള പങ്കാളികളെ കണ്ടെത്തുന്നതിന് അവസരമൊരുക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സേവനം ഒന്നുകൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലവ് എബിലിറ്റി എന്ന ആപ്പിന് കല്യാണി തുടക്കമിടുന്നത്. ആപ്പിലൂടെ തന്റെ ആശയത്തെ അന്താരാഷ്ട്രതലത്തിൽ എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കല്യാണി.

കാലാകാലങ്ങളായി നിലനിൽക്കുന്ന യഥാസ്ഥിതിക ചിന്തകളെ തകർത്തെറിയുന്നതിനും ഭിന്നശേഷിക്കാർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതിനും ലവ് എബിലിറ്റിയിലൂടെ സാധിക്കുമെന്നാണ് കല്യാണി പറയുന്നത്. പല ഭിന്ന ശേഷിക്കാരും വിവാഹത്തെപ്പറ്റി ചിന്തിക്കാറേയില്ല. അതിനുള്ള അവസരങ്ങളുടെ കുറവാണ് അതിനുള്ള പ്രധാനകാരണം. ലവ് എബിലിറ്റി ആപ്പ് നിലവിൽ വരുന്നതോടെ ഇതിനൊരു ശാശ്വത പരിഹാരമാകുമെന്നാണ് കല്യാണി പറയുന്നത്.

മകളുടെ ആശയത്തിന്റെ വിജയസാധ്യതയെ കല്യാണിയുടെ മാതാപിതാക്കൾ ഉൾപ്പെടെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ, മാദ്ധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയതോടെയാണ് മകളുടെ സംരംഭത്തിൽ അവർക്കു വിശ്വാസം വന്നത്. തനിക്ക് 22 വയസ്സായതേ ഉള്ളൂവെന്നും പരീക്ഷണങ്ങൾക്കായി ഇഷ്ടം പോലെ സമയമുണ്ടെന്നുമാണ് കല്യാണി പറയുന്നത്.

ലവ് എബിലിറ്റി ആപ്പിന്റെ പണികൾ പൂർത്തിയായാലുടൻ അടുത്തൊരു പദ്ധതിയും കല്യാണിയുടെ മനസിലുണ്ട്. വിധവകളുടെ പുനർവിവാഹം എന്ന ആശയ സാക്ഷാത്ക്കാരത്തിനായി പണം സ്വരൂപിക്കുകയാണ് കല്യാണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP