Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്ദുൾകലാം എന്ന മിസൈൽ എഞ്ചിനീയറെ രാഷ്ട്രപതി ആക്കിയത് ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മായ്ക്കാൻ; ദേശീയവാദി മുസ്ലിം എന്ന മുദ്രയും ആർഎസ്എസ് ചാർത്തിക്കൊടുത്തു; രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയ നടപടിയെ എം ബി രാജേഷ് വിമർശിച്ചത് ഇങ്ങനെ: കലാം ആരാധകർക്ക് കടുത്ത അമർഷം

അബ്ദുൾകലാം എന്ന മിസൈൽ എഞ്ചിനീയറെ രാഷ്ട്രപതി ആക്കിയത് ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മായ്ക്കാൻ; ദേശീയവാദി മുസ്ലിം എന്ന മുദ്രയും ആർഎസ്എസ് ചാർത്തിക്കൊടുത്തു; രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയ നടപടിയെ എം ബി രാജേഷ് വിമർശിച്ചത് ഇങ്ങനെ: കലാം ആരാധകർക്ക് കടുത്ത അമർഷം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും മിടുക്കനായ രാഷ്ട്രപതി ആരായിരുന്നെന്ന ചോദ്യത്തിന് ഇപ്പോഴത്തെ തലമുറ സംശയങ്ങൾക്ക് ഇടയില്ലാതെ എ പി ജെ അബ്ദുൾ കലാം എന്ന് ഉത്തരം പറയും. അത്രയ്ക്ക് കലാമിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, കലാം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വേളയിൽ പിന്തുണക്കാതിരുന്ന പ്രധാന പാർട്ടി സിപിഎമ്മായിരുന്നു. അവർ ക്യാപ്ടർ ലക്ഷ്മിയെ കലാമിന് എതിരായി നിർത്തി. രാഷ്ട്രപതിയായ ശേഷം ഇന്ത്യൻ യുവാക്കൾക്ക് മേൽ കൃത്യമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കലാമിന്റെ ചിന്തകളെ യുവാക്കൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

കലാമിന്റെ വിയോഗം ഇന്ത്യകണ്ട ഏറ്റവും കനത്ത നഷ്ടങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. എന്നാൽ, അദ്ദേഹം മരിച്ച വേളയിൽ പോലും അദ്ദേഹത്തെ അവഹേളിക്കുന്ന വിധത്തിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. അത്തരം സംഭവങ്ങളുടെ ആവർത്തനമാണ് ഇപ്പോഴും സൈബർ ഇടങ്ങളിൽ നടക്കുന്നത്. കലാമിനെ കേവലം ആർഎസ്എസിന്റെ ഡമ്മിയായി വിശേഷിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എം ബി രാജേഷ് എംപിയുടെ ഭാഗത്തു നിന്ന് പോലും അത്തരം സംഭവങ്ങളുണ്ടായി എന്നത് കലാം ആരാധകരുടെ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്ത നടപടിയിൽ അഭിപ്രായം രേഖപ്പെടുത്തിയപ്പോഴാണ് രാജേഷ് അബ്ദുൾ കലാമിനെ അവഹേളിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിട്ടത്. കലാമിനെ കേവലം ഒരു മിസൈൽ എൻജിനീയറായി അവതരിപ്പിച്ച രാജേഷ് അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയത് ഗുജറാത്ത് കലാപത്തിലെ ചോരക്കറ കഴുകികളയാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണെന്നും വിമർശിച്ചു.

ഗുജറാത്തിലെ ഉനയിലും യു.പി.യിലെ സഹറൻപൂരിലും രാജ്യത്താകെയും നടക്കുന്ന ദളിത് വേട്ടക്ക് മറയിടാൻ ഇപ്പോൾ ഒരു രാംനാഥ് ഗോവിന്ദിനെ ആവശ്യമുണ്ട് പരിവാരത്തിന്. അതാണ് കോവിന്ദ് എന്നും പറഞ്ഞ ശേഷമാണ്, പണ്ട് അബ്ദുൾകലാം എന്ന മിസൈൽ എഞ്ചിനീയറെ ആവശ്യമായി വന്നതു പോലെ. എന്ന് അദ്ദേഹം പരാമർശിക്കുന്നത്. ഇത് കൂടാതെ ദേശീയവാദിയായ ഒരു മുസ്ലിം എന്ന മുദ്ര കൂടി ആർ.എസ്.എസ്. അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു എന്നു രാജേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

കോവിന്ദിനെയും മഹാനായ കലാമിനെയും താരതമ്യം ചെയ്തു കൊണ്ടുള്ള രാജേഷിന്റെ നടപടിയാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്. കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയ നടപടിയെ വിമർശിക്കാൻ വേണ്ടി അനാവശ്യമായി കലാമിന്റെ പേര് എടുത്തിട്ടതിനെതിരെ രൂക്ഷമാമയ പ്രതികരണമാണ് അദ്ദേഹത്തിന്റെ ആരാധകരിൽ നിന്നും ഉണ്ടായത്. കേവലം ആർഎസ്എസ് ഡമ്മിയാക്കി കലാമിനെ കണക്കാക്കിയതാണ് കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തിയത്.

രാജേഷിന്റെ കമന്റ് ബോക്‌സിലും കടുത്ത രാജേഷിനെതിരായ പ്രതിഷേധം കലാം ആരാധകർ രേഖപ്പെടുത്തി. കടുത്ത വിമർശനമാണ് രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ ഉയർന്നിരിക്കുന്നത്.

രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ഒടുവിൽ അമിത്ഷായുടെ ഏകപക്ഷീയ പ്രഖ്യാപനം വന്നിരിക്കുന്നു. രാംനാഥ് ഗോവിന്ദ് ബിജെപി.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. സമവായത്തിനെന്ന് പറഞ്ഞ് പ്രതിപക്ഷവുമായി നടത്തിയ ചർച്ചാപ്രഹസനങ്ങളിലൊന്നും പറയാനൊരു പേരേ ഉണ്ടായിരുന്നില്ല ബിജെപി.ക്ക്. ഉത്തരേന്ത്യയിലെ ദളിത് ഉയിർപ്പ് സംഘപരിവാർ കേന്ദ്രങ്ങളിൽ സൃഷ്ടിച്ച നടുക്കത്തിന്റെ ആഴമളക്കാം, ഈ പ്രഖ്യാപനത്തിൽ. ഗുജറാത്തിലെ ഉനയിലും യു.പി.യിലെ സഹറൻപൂരിലും രാജ്യത്താകെയും നടക്കുന്ന ദളിത് വേട്ടക്ക് മറയിടാൻ ഇപ്പോൾ ഒരു രാംനാഥ് ഗോവിന്ദിനെ ആവശ്യമുണ്ട് പരിവാരത്തിന്. പണ്ട് അബ്ദുൾകലാം എന്ന മിസൈൽ എഞ്ചിനീയറെ ആവശ്യമായി വന്നതു പോലെ.

രാജധർമ്മം മറക്കരുത് എന്ന് ദുർബ്ബലമായിട്ടാണെങ്കിലും മോദിയെ ഉപദേശിക്കാൻ വാജ്പേയി പോലും നിർബന്ധിതനായ ഗുജറാത്ത് വംശഹത്യയുടെ ചോരക്കറക്ക് മീതെ അന്ന് നീട്ടിവലിച്ചിട്ടൊരു മുസ്ലിം പേരായിരുന്നു കലാമിന്റേത്. ദേശീയവാദിയായ ഒരു മുസ്ലിം എന്ന മുദ്ര കൂടി ആർ.എസ്.എസ്. അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു. കലാമാവട്ടെ എന്ന മുലായത്തിന്റെ ഉപദേശം പറ്റിയ ഒരുപായമാക്കുകയായിരുന്നു സംഘപരിവാർ അന്ന്. രാഷ്ട്രീയമായി ഏറ്റവും നിരുപദ്രവകരമായ ചോയിസായിരിക്കുമെന്ന ഉറപ്പുള്ളതു കൊണ്ട്. ആ ഉറപ്പൊട്ടു പിഴച്ചതുമില്ല.

ജൂൺ 25 ന്റെ അർദ്ധരാത്രിയിൽ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഉത്തരവിൽ കുളിമുറിയിൽ നിന്ന് ഒപ്പിട്ടു കൊടുത്തതായി പറയുന്ന അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനേയും ഇന്ദിര പറഞ്ഞാൽ ചൂലെടുത്ത് മുറ്റമടിക്കാനും തയ്യാർ എന്ന് ലജ്ജയില്ലാത്ത കൂറ് വ്യക്തമാക്കിയ സെയിൽസിംഗിനേയും, ഇന്നത്തെ പ്രഖ്യാപനം കേട്ടപ്പോൾ, ഓർമ്മ വരുന്നത് എന്തുകൊണ്ടാണാവോ....! 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP