Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാത്തിരിപ്പിന് വിരാമമാകുന്നു; ചൊവ്വാദൗത്യം വിജയത്തിലേക്ക്; അടുത്ത മാസം 24 ന് മംഗൾയാൻ ചൊവ്വയിലെത്തും

കാത്തിരിപ്പിന് വിരാമമാകുന്നു; ചൊവ്വാദൗത്യം വിജയത്തിലേക്ക്; അടുത്ത മാസം 24 ന് മംഗൾയാൻ ചൊവ്വയിലെത്തും

ബാംഗ്ലൂർ: 300 ദിവസത്തെ കാത്തിരിപ്പ് തീരാൻ ഇനി ഒരുമാസം കൂടി. ചൊവ്വയെ പഠിക്കാൻ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച പേടകം മംഗൾയാൻ സപ്തംബർ 24ന് രാവിലെ ലക്ഷ്യത്തിലെത്തും. ചൊവ്വയിൽനിന്ന് 90 ലക്ഷം കിലോമീറ്ററോളം അകലെയാണ് പേടകം ഇപ്പോൾ. ഭൂമിയിൽനിന്ന് 19 കോടി കിലോമീറ്റർ അകലെയാണത്.

ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് 2013 നവംബർ അഞ്ചിനാണ് പി.എസ്.എൽ.വി.സി25 എന്ന റോക്കറ്റിൽ മംഗൾയാൻ വിക്ഷേപിച്ചത്. പേടകത്തെ നേരേ ചൊവ്വയിലേക്ക് തൊടുത്തുവിടുകയല്ല ചെയ്തത്. ഭൂമിക്കുചുറ്റുമുള്ള താത്കാലിക ദീർഘവൃത്തപഥത്തിലാണ് റോക്കറ്റ് മംഗൾയാനെ എത്തിച്ചത്. അപ്പോൾമുതൽ പേടകം ഭൂമിയെ വലംവച്ചുകൊണ്ടിരുന്നു.

ഒറ്റക്കുതിപ്പിന് പേടകത്തെ ഭൂമിയുടെ ആകർഷണത്തിനപ്പുറമാക്കാൻ പറ്റില്ല. പടിപടിയായി ഭൂമിയിൽനിന്ന് അകറ്റണം. പേടകത്തിനൊപ്പമുള്ള ദ്രവഇന്ധന എൻജിൻ നവംബർ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനും ജ്വലിപ്പിച്ച് ആ പഥം വികസിപ്പിച്ചു. ഭൂമിയിൽനിന്ന് 1,92,874 കിലോമീറ്റർവരെ അകലമുള്ളതായി പഥം. കഴിഞ്ഞ ഡിസംബർ ഒന്ന് പുലരുംമുമ്പ് എൻജിൻ വീണ്ടും പ്രവർത്തിപ്പിച്ചു. പേടകത്തെ ഭൂമിയുടെ സ്വാധീനത്തിൽനിന്നു മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കാനും കഴിഞ്ഞു. നിർണായകമായ മറ്റൊരു സന്ദർഭമായിരുന്നു അത്. അപ്പോൾമുതൽ പേടകം സൂര്യനെയാണ് ചുറ്റുന്നത്. വേഗം സെക്കൻഡിൽ രണ്ടര കിലോമീറ്ററിലധികം. സെപ്റ്റംബർ 24 വരെയായാലും സൂര്യനെ പകുതി വലംവെക്കാനേ പേടകത്തിനാകൂ. ഭ്രമണപഥം അത്ര വലുതാണ്.

സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചൊവ്വാഗ്രഹവും മംഗൾയാനും സപ്തംബർ 24ന് പരസ്പരം അടുത്തെത്തും. അപ്പോൾ എൻജിനുകൾ വീണ്ടും ജ്വലിപ്പിക്കും. പേടകത്തിന്റെ വേഗം കുറച്ച്, അതിനെ ചൊവ്വയുടെ സ്വാധീനത്തിൽ കുരുക്കണം. എന്നാലേ അത് ചൊവ്വയെ ചുറ്റൂ. ദൗത്യത്തിലെ ഏറ്റവും നിർണായക സന്ദർഭമാണത്. പല ചൊവ്വാദൗത്യങ്ങളും പരാജയപ്പെട്ടതും ഇവിടെവച്ചാണ്.

മറ്റൊരു ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് 'മംഗൾയാൻ' എന്നു വിളിപ്പേരുള്ള മാർസ് ഓർബിറ്റർ മിഷൻ. ചൊവ്വയെ ചുറ്റാനുള്ള പഥത്തിൽ കയറ്റുകയാണ് ദൗത്യത്തിൽ ഏറ്റവും നിർണായകം. അത് സാധിക്കുന്നതോടെ ചൊവ്വാദൗത്യത്തിൽ വിജയം നേടുന്ന നാലാംശക്തിയാകും ഇന്ത്യ. അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും ചൊവ്വാദൗത്യങ്ങളാണ് ഇതിനകം വിജയിച്ചിട്ടുള്ളത്. ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യദൗത്യമാണ് വിജയത്തിലേക്ക് അടുക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP