Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെങ്ങന്നൂർ മാത്രമല്ല കേരളവും ബിജെപി പിടിക്കുമെന്ന് ജെ.ആർ.പത്മകുമാർ; ത്രിപുരയിലെ ബിജെപി ജയം പണാധിപത്യം കൊണ്ടെന്നും സിപിഎമ്മിന്റെ തോൽവി താൽകാലികമെന്നും മുഹമ്മദ് റിയാസ്; രാഷ്ട്രീയ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തി വർഗീയ ഫാസിസ്റ്റുകൾ ത്രിപുരയിൽ വിജയിച്ചിരിക്കുകയാണെന്ന് ജോസഫ് വാഴയ്ക്കൻ; ചരിത്രം കുറിച്ച് മറുനാടൻ മലയാളിയുടെ ആദ്യ തൽസമയസംവാദം ഇങ്ങനെ

ചെങ്ങന്നൂർ മാത്രമല്ല കേരളവും ബിജെപി പിടിക്കുമെന്ന് ജെ.ആർ.പത്മകുമാർ; ത്രിപുരയിലെ ബിജെപി ജയം പണാധിപത്യം കൊണ്ടെന്നും സിപിഎമ്മിന്റെ തോൽവി താൽകാലികമെന്നും മുഹമ്മദ് റിയാസ്; രാഷ്ട്രീയ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തി വർഗീയ ഫാസിസ്റ്റുകൾ ത്രിപുരയിൽ വിജയിച്ചിരിക്കുകയാണെന്ന് ജോസഫ് വാഴയ്ക്കൻ; ചരിത്രം കുറിച്ച് മറുനാടൻ മലയാളിയുടെ ആദ്യ തൽസമയസംവാദം ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ത്രിപുരയിലടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാറി വീശുന്ന കാറ്റിന്റെ ദിശ എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ത്രിപുര-നാഗാലാൻഡ്-മേഘാലയ തിരഞ്ഞെടുപ്പ് ഫലം. നോർത്ത് ഈസ്റ്റിൽ സംഭവിച്ചത് എന്ത്? ത്രിപുരയിൽ മണിക് സർക്കാരിനെ തോൽപ്പിച്ചത് മോദി പ്രഭാവമോ? നാഗാലാന്റും മേഘാലയയും ആരു ഭരിക്കും? തെരഞ്ഞെടുപ്പിന്റെ വിശദമായ വിശകലനവുമായി മറുനാടൻ മലയാളിയിൽ ഇതാദ്യമായി തൽസമയം സംവാദം നടന്നു.മറുനാടൻ മലയാളിയുടെ മാനേജിങ് എഡിറ്റർ ഷാജൻ സ്‌കറിയ നയിച്ച സംവാദത്തിൽ ബിജെപി നേതാവ് ജെ.ആർ.പത്മകുമാർ സ്റ്റുഡിയോയിൽ പങ്കെടുത്തു. ഒപ്പം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്, കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ എന്നിവർ ടെലിഫോണിൽ ചർച്ചയിൽ പങ്കാളികളായി.

തിരഞ്ഞെടുപ്പിനെ കുറിച്ച് അതിഥികൾ പങ്കുവച്ച അഭിപ്രായങ്ങൾ ചുവടെ:

'ബിജെപിയെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യം. മാറ്റമാഗ്രഹിക്കുന്ന ജനങ്ങളുടെ വികാരമാണ് ത്രിപുരയിലെ ജയം. പാർട്ടിരാജിനെതിരേ ചെറുത്തുനിൽക്കാനുള്ള ജനാധിപത്യമതിൽ എന്ന നിലയിലാണ് ബിജെപിയെ ജയിപ്പിച്ചത്. എൽഡിഎഫും യുഡിഎഫും നടത്തുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവുകയാണ്. കേരളമെന്ന തുരുത്തുകൂടി നഷ്ടമായാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അപ്രത്യക്ഷമാകും ദേശീയരാഷ്ട്രീയത്തിൽ നിന്ന്. പരസ്പരം പുറം ചൊറിയുന്ന രാഷ്ട്രീയം എന്നും മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഒരു ബദൽ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ത്രിപുരയിലെ ജയം. ജനങ്ങൾ അഴിമതിക്കെതിരെയും അക്രമത്തിനെതിരെയും ചിന്തിക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിൽ ബിജെപിയെ കോൺഗ്രസും സിപിഎമ്മും പ്രതിസ്ഥാനത്ത് നിർത്തുന്നു. പക്ഷെ ഇതിനെ അതിജീവിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷത്തിനിടയിൽ സ്വാധീനമുണ്ട്. മിസോറാം തിരഞ്ഞെടുപ്പും ബിജെപി ജയിക്കും. ക്രിയാത്മകമായ പൊളിറ്റിക്സില്ലാതെ സിപിഐഎമ്മിന് മുന്നോട്ടുരപോകാനാകില്ല. ചെങ്ങന്നൂർ ഞങ്ങൾക്ക് ബാലികേറാമലയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നല്ല നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്ത് വന്ന വിഷ്ണുനാഥുമായി രണ്ടായിരത്തോളം വോട്ടിന്റെ വ്യത്യാസമേയുള്ളൂ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒന്നു വിചാരിച്ചാൽ ചെങ്ങന്നൂരിൽ ജയിക്കാവുന്നതേയുള്ളൂ. കേരളം പിടിച്ചെടുക്കാനും സാധിക്കും. യോജിക്കാൻ കഴിയുന്ന ചെറുതും വലുതുമായ പാർട്ടികളെ സംയോജിപ്പിക്കും. മുന്നണി സംവിധാനത്തിൽ മാറ്റമുണ്ടാവുകയും ചെയ്യും'. - ജെ.ആർ.പത്മകുമാർ

'ത്രിപുര തെരഞ്ഞെടുപ്പിലെ പരാജയം ഒരു പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഇടതുപക്ഷത്തിന്റെ വോട്ട് ഷെയർ അവിടെ കുറഞ്ഞിട്ടില്ല. അവിടെ പ്രശ്നം വന്നത് പണാധിപത്യമാണ്. ജനാധിപത്യത്തിന് നാണക്കേടാകുന്ന വിധത്തിൽ പണാധിപത്യം. ബിജെപി ദേശീയ അധ്യക്ഷനടക്കം നേരിട്ട് ഇതിന് രംഗത്തിറങ്ങി. സർക്കാർ ഉദ്യോഗസ്ഥരെ ബിജെപിക്കായി ഉപയോഗിച്ചു. നിരവധി ഇടങ്ങളിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുണ്ടായി. വോട്ടർമാർക്ക് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്തതും ഏഴാം ശമ്പളക്കമ്മീഷൻ സംബന്ധിച്ച പരാമർശങ്ങളും ചട്ടലംഘനമാണ്. ഇതിൽ പരാതി കൊടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കിനിന്നു. പണവും പദവിയും വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളെ കയ്യിലെടുത്തു. കോൺഗ്രസിനെ ബിജെപി വിഴുങ്ങിയതിനൊപ്പം ആദിവാസികൾക്കിടയിൽ വിഘടനവാദം വളർത്തുകയും ചെയ്താണ് ബിജെപി അധികാരത്തിലേറിയത്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവി താൽക്കാലികമാണ്. മുമ്പും ത്രിപുരയിൽ സിപിഐഎം തോറ്റിട്ടുണ്ട്. '- മുഹമ്മദ് റിയാസ്.

'രാഷ്ട്രീയ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തിക്കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ ത്രിപുരയിൽ വിജയിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ വോട്ട് കുത്തനെ ഇടിഞ്ഞു. ആയിരത്തോളം കോൺഗ്രസ് പ്രവർത്തകർ മരിച്ചിട്ടുണ്ട് ത്രിപുരയിൽ. സിപിഐഎം ഭീകരത നിമിത്തം അവിടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കോൺഗ്രസിന് സാധിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. കോൺഗ്രസിനോട് തെരഞ്ഞെടുപ്പിന് മുമ്പ് മാപ്പുപറഞ്ഞവരാണ് സിപിഐഎം. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുമ്പോൾ ആളുകൾ പോകുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കാണെന്ന് സിപിഐഎം മനസിലാക്കണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയും മോദിയും പണമാഴുക്കിയിട്ടുണ്ട്. നാഗാലാൻഡിലും മേഘാലയയിലും പ്രാദേശിക പാർട്ടികൾക്ക് പണംകൊടുത്താണ് മുന്നേറിയത്. അവിടത്തെ ഹൃദയഭൂമിയിലെവിടെയും ബിജെപിക്ക് കൊടിപോലുമില്ല. പ്രാദേശിക പാർട്ടികളെ മുതലെടുത്താണ് വിജയമുണ്ടായത്. നോർത്തീസ്റ്റിൽ ബിജെപി മുന്നേറുന്നു എന്നത് തെറ്റിദ്ധാരണയാണ്. അവിടെ എപ്പോഴും കേന്ദ്രം ആര് ഭരിക്കുന്നു അവരോടൊപ്പം നിൽക്കുന്ന വോട്ടർമാരാണ്.' - ജോസഫ് വാഴക്കൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP