Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

`വീണാ ജോർജ് പണ്ടും ഇങ്ങനെത്തന്നെയായിരുന്നു`; പാവപ്പെട്ട നിരപരാധിയെ അഴിയെണ്ണിച്ച പാരമ്പര്യം പേറുന്ന ഇവർ ഫേസ് ബുക്ക് പോസ്റ്റെന്ന പേരിൽ ഒരാളെ സ്റ്റേഷനിൽ കയറ്റിയില്ലെങ്കിലേ അൽഭുതമുള്ളൂ; ബസ് സ്റ്റേഷന്റെ ശോചനീയ അവസ്ഥ ചൂണ്ടിക്കാണിച്ച യുവാവിനെ അകത്താക്കിയ വീണ ജോർജ് തെറ്റായ പരാതി മുൻപും നൽകിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗിരീഷ് ജനാർദ്ദനൻ

`വീണാ ജോർജ് പണ്ടും ഇങ്ങനെത്തന്നെയായിരുന്നു`; പാവപ്പെട്ട നിരപരാധിയെ അഴിയെണ്ണിച്ച പാരമ്പര്യം പേറുന്ന ഇവർ ഫേസ് ബുക്ക് പോസ്റ്റെന്ന പേരിൽ ഒരാളെ സ്റ്റേഷനിൽ കയറ്റിയില്ലെങ്കിലേ അൽഭുതമുള്ളൂ; ബസ് സ്റ്റേഷന്റെ ശോചനീയ അവസ്ഥ ചൂണ്ടിക്കാണിച്ച യുവാവിനെ അകത്താക്കിയ വീണ ജോർജ് തെറ്റായ പരാതി മുൻപും നൽകിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗിരീഷ് ജനാർദ്ദനൻ

പത്തനംതിട്ട: കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ ശോചനീയ അവസ്ഥ ഫേസ്‌ബുക്കിൽ പങ്ക് വെച്ച് സ്ഥലം എംഎൽഎ വീണാ ജോർജിനെ വിമർശിച്ച സൂരജ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസ് പിടികൂടി ഇല്ലാത്ത കേസ് തലയിൽ കെട്ടി വെച്ചത് കേട്ടാൽ അമ്പരന്ന് പോകുന്ന വകുപ്പുകൾ ചുമത്തിയാണ്. എംഎൽഎയാണ് വനിതയാണ് എന്ന് കരുതി ഇത്തരം അസരിഷ്ണുത നിറഞ്ഞ പ്രവർത്തി പാടില്ലെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ സിപിഎം എംഎൽഎയ്ക്ക് എതിരെ ഉയരുന്നത്. എന്നാൽ വീണാ ജോർജ് മുൻപും ഇത്‌പോലെ ആളുകളെ അഴിക്കുള്ളിലാക്കുന്നതിൽ വിദഗ്ധയാണെന്ന അഭിപ്രായവുമായി രംഗതെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകനായ ഗിരീഷ് ജനാർദ്ദനൻ.

പൊലീസ് രേഖകൾ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബർ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂൾ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി ഗഘ7 രജിസ്ട്രേഷനിലുള്ളതും 77-ൽ അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കിൽ പിന്തുടർന്ന് ഒരു കറുത്ത ചെറുപ്പക്കാരൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതായി വീണാ ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തുവെന്നും ഇതിന് പിന്നാലെ യുവാവ് ലൈംഗികമായി അക്രമിക്കാൻ ശ്രമിച്ചുവെന്നുൾപ്പടെ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തുവെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ കുറ്റമാരോപിക്കപ്പെട്ട ചെറുപ്പക്കാരൻ ഈ സമയം തന്റെ ജോലി സ്ഥലത്തായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നുവെന്നും അന്ന് ചെയ്ത പ്രവർത്തിയിൽ അയാൾക്ക് ജീവിതത്തിൽ വലിയ നഷ്ടങ്ങൾ തന്നെയാണ് വീണ ഉണ്ടാക്കിയതെന്നും കുറിപ്പിൽ പറയുന്നു.

ഗിരീഷ് ജനാർദ്ദനന്റെ കുറിപ്പിന്റെ പൂർണ രൂപം


വീണാ ജോർജ് പണ്ടും ഇങ്ങനെത്തന്നെയായിരുന്നു. പാവപ്പെട്ട നിരപരാധിയെ അഴിയെണ്ണിച്ച പാരമ്പര്യം പേറുന്ന ഇവർ ഫേസ് ബുക്ക് പോസ്റ്റെന്ന പേരിൽ ഒരു ചെറുപ്പക്കാരനെ സ്റ്റേഷനിൽ കയറ്റിയില്ലെങ്കിലേ അൽഭുതമുള്ളൂ.
ഈ കഥ വായിക്കൂ. 2016 ഏപ്രിൽ 5ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഗിരീഷ് ജനാർദനൻ Gireesh Janardhanan എഴുതിയ അനുഭവക്കുറിപ്പ്
....................
വല്ലാതെ ശൂന്യമാവുന്ന നേരങ്ങളിൽ അഭയാർത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരിൽ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്...

അംജാദ് ചോദിച്ചു; ഓർമയുണ്ടോ ഇയാളെ?

എവിടെയോ കണ്ട ഓർമ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലിൽ സേവ് ചെയ്തിട്ട വീഡിയോ എന്നെ കാണിക്കുകയാണ്. കഴിഞ്ഞ നവംബർ ഇരുപത്താറിനോ മറ്റോ റിപ്പോർട്ടർ ചാനൽ ആവർത്തിച്ചാവർത്തിച്ച് പ്രക്ഷേപണം ചെയ്ത ഒരു സ്റ്റോറി...മക്കളെ സ്‌ക്കൂൾ ബസ്സിൽ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് അപമാനിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നിഷ്ഠുരനായ പ്രതിയായി ആ വീഡിയോയിൽ സനോജ് മുഖം കുനിച്ചുനിന്നിരുന്നു.

റഫീഖ് വീഡിയോ ഓഫ് ചെയ്തു. സർവത്ര നിശ്ശബ്ദത. ഞാൻ സനോജിന്റെ മുഖത്തേയ്ക്കു നോക്കി. അയാൾ സർവം തകർന്നവന്റെ ശൂന്യതയോടെ തലകുനിച്ചിരിക്കുകയായിരുന്നു. എന്റെ മുഖത്തുനോക്കൂ സനോജ്, നിങ്ങൾ യഥാർത്ഥത്തിൽ അത് ചെയ്തിരുന്നോ?

ആ നിമിഷം സനോജ് പൊട്ടിക്കരഞ്ഞു. നട്ടുച്ചയാണ്. അംജാദിന്റെ കാറിൽ ഞങ്ങൾ എറണാകുളത്തേയ്ക്കു പോവുകയാണ്..ഇടയ്ക്കു ഞങ്ങൾ വരാപ്പുഴ പുത്തൻ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടിൽക്കയറും. അവിടെ സനോജിന്റെ അമ്മ ഫിലോമിനയുടെ സങ്കടങ്ങൾ കേൾക്കും...

ഹൈക്കോടതി പരിസരത്ത് കാറൊതുക്കി റഫീഖ്, അഡ്വ. മൻസൂറിന്റെ ക്യാബിൻ ലാക്കാക്കി മറഞ്ഞു. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും സനോജിന്റെ കേസ് നയിക്കുന്നത് റഫീഖാണ്. 'വെലോസിറ്റി ബിയർ പാർലറി'ൽ ആ കേസ് ഫയൽ മറിച്ചുനോക്കി ഞാനിരുന്നു...

റിപ്പോർട്ടർ ചാനൽ ആവർത്തിച്ചാവർത്തിച്ച് പ്രക്ഷേപണം ചെയ്ത കഥയിലെ അപമാനിതയായ യുവതി വീണാ ജോർജ്ജായിരുന്നു. റിപ്പോർട്ടർ ചാനലിലെ ചീഫ് ന്യൂസ് എഡിറ്റർ. ഇപ്പോൾ ആറന്മുളയിലെ ഇടതുപക്ഷത്തിന്റെ കൺമണി സ്ഥാനാർത്ഥി.

പൊലീസ് രേഖകൾ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബർ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂൾ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി KL-7 രജിസ്ട്രേഷനിലുള്ളതും 77-ൽ അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കിൽ പിന്തുടർന്ന് ഒരു കറുത്ത ചെറുപ്പക്കാരൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതായി വീണാ ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ (? ) മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്യുന്നു.

ഇടപ്പള്ളിയിലെ പല ചെറുപ്പക്കാരേയും വേട്ടയാടുന്ന കൂട്ടത്തിൽ പൊലീസ് സനോജിനേയും പൊക്കുന്നു. അയാൾ ഇടപ്പള്ളി അഞ്ചുമന മണൽ പാർക്കിലെ ലോറി ഡ്രൈവറായിരുന്നു. വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോൾ ഫോൺ വന്നു. നീ നാളെ സ്റ്റേഷനിൽ ഹാജരാകണം...

ആരോ കളിപ്പിക്കാൻ വിളിച്ചതാവുമെന്ന് സനോജ് കരുതി. പിറ്റേന്ന് മണൽ പാർക്കിൽ പണിക്കെത്തിയപ്പോൾ പണി പാളി. രണ്ടു പൊലീസുകാർ കൊണ്ടുപോകാൻ വന്നിരിക്കുകയാണ്..

കാര്യമെന്തെന്നറിയാതെ സനോജ് സ്റ്റേഷനിൽ വിറങ്ങലിച്ചു നിന്നു. ആളിപ്പോ വരും, നിന്നെ ഞങ്ങൾ കാര്യമറിയിച്ചു തരാമെന്നു പൊലീസുകാർ അയാളോട് പറഞ്ഞു.

പരാതിക്കാരിയായ യുവതിയും ഭർത്താവും വൈകാതെ വന്നുചേർന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ?

സനോജ് പറഞ്ഞു; അറിയും, ടിവിയിൽ വാർത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്...

മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ...

പൊലീസ് സനോജിന്റെ തലയിൽ ഒരു ഹെൽമെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനോണോ മാഡം?

യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു...

യുവതിയുടെ പുതിയ മൊഴി പ്രകാരം യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നും കൂടി എഴുതിച്ചേർക്കപ്പെട്ടു.

'വീണയും തബലയും' പോലെ ആ ഓർത്തഡോക്സ് ദമ്പതികൾ ഇറങ്ങിപ്പോയി. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (മ) വകുപ്പുകൾ ചുമത്തിയ പഴയ കേസ് ജാമ്യം കിട്ടാത്ത പുതിയ വകുപ്പുകൾ ചേർത്ത് പൊലീസ് ശക്തമാക്കി. വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (ഉ), ആ ദിവസം മുഴുവൻ താൻ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരൻ സ്റ്റേഷനിൽ കുത്തിയിരുന്നു. രാത്രി മജിസ്ട്രേറ്റിന്റെ മുന്നിൽ അയാൾ ഹാജരാക്കപ്പെട്ടു.

വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയിൽ മഹാമാധ്യമ പ്രവർത്തകയായ വീണാ ജോർജ് ചാനലിൽ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാർമികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം...

സനോജ് പതിനാലു ദിവസം റിമാൻഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലിൽ അയാൾ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പൻ ഒരുനാൾ വന്ന് അഴികൾക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്...ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണൽ പാർക്കിലുണ്ടെന്ന് വീഡിയോയിലുണ്ട്...

മണൽ പാർക്കിലെ ക്ഷുഭിതരായ ജീവനക്കാർ വീണയെ ഫോണിൽ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങൾ കാണൂ.. നിങ്ങൾ കാരണം ജയിലിൽക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങൾ ബോധ്യപ്പെടുത്താം...

വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കിൽ ഞാൻ വരാം..

വീണയും ഭർത്താവും മണൽ പാർക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവർത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരൻ എന്നോട് പറഞ്ഞപ്പോൾ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോർക്കുന്നു...

ഞാനുപസംഹരിക്കുകയാണ്. പ്രിയപ്പെട്ട വീണാ ജോർജ്ജ്, നിങ്ങൾ ചമച്ച ഒരപവാദ കഥയിലെ പ്രതി ഇപ്പോഴും ആർക്കും മുഖം കൊടുക്കാതെ വീട്ടിനുള്ളിൽ അടച്ചിരിപ്പാണ്... അയാൾക്ക് ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, നിയമത്തിനു മുന്നിൽ അയാളിപ്പോഴും പ്രതിയാണ്.. അയാളുടെ അമ്മ പള്ളിയിൽപ്പോലും പോകാൻ ധൈര്യപ്പെടാതെ വീടിനുള്ളിൽ ചുറ്റിത്തിരിയുന്നു. അയാളുടെ കല്യാണം മുടങ്ങിപ്പോയി. ഇരുപത്തിയൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരാളുടെ ജീവിതം തകർത്തിട്ട് നിങ്ങളൊരു ഇടതുപക്ഷക്കാരിയായി വിജയരഥത്തിലേറിപ്പോവുകയാണ്..

നിങ്ങൾ യഥാർത്ഥത്തിൽ ആക്രമിക്കപ്പെട്ടത് ഒമ്പതാം തിയതിയോ പത്താം തിയതിയോ? നിങ്ങളൊരിടത്തു പറയുന്നു, സംഭവിച്ചത് ലൈംഗികാക്രമണമായിരുന്നുവെന്ന്.. മറ്റൊരിടത്തു പറയുന്നു ജീവാപായമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്...

പ്രിയപ്പെട്ട വീണാ ജോർജ്, ആദരണീയരായ മാധ്യമപ്രവർത്തകരുടെ ലിസ്റ്റിലൊന്നും ഒരു കാലത്തും നിങ്ങളുണ്ടായിരുന്നില്ല. ഒരു ദശകക്കാലത്തെ മാധ്യമപ്രവർത്തനം കൊണ്ട് കോടികളുടെ മൂലധനം സ്വരൂപിച്ച് സ്വന്തമൊരു ചാനലുണ്ടാക്കാൻ കഴിഞ്ഞ കരിയറിസ്റ്റുകളുടെ ലോകത്തായിരുന്നു നിങ്ങൾ ജീവിച്ചത്. അവർ പറഞ്ഞുതരാത്ത ഒരു ഉപദേശമാണ്, മഹാനായ എസ്. ജയചന്ദ്രൻ നായർ എനിക്കുതന്ന ഉപദേശമാണ് ഞാനിപ്പോൾ നിങ്ങളോട് പറയുന്നത്... സത്യാന്വേഷണമാണ് പത്രപ്രവർത്തകന്റെ പണി. അനുകമ്പയില്ലാതെ അതൊരിക്കലും ചെയ്യരുത്...

അനുകമ്പയോടെ സ്വന്തം തെറ്റ് ഏറ്റുപറയൂ.. പുത്തൻപള്ളിയിലെ ആ പാവം വീട്ടിൽച്ചെന്നിട്ട് സനോജിന്റെ അമ്മയോട് മാപ്പു പറയൂ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP