Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃഭൂമിക്ക് ഒരു പൊടിമീശയെങ്കിലും ആകാം; മറ്റുള്ളവർ ഞങ്ങൾക്ക് വേണ്ടി വെള്ളം കോരലും വിറകു വെട്ടലും അനുസ്യൂതം തുടരട്ടെ; സംഘപരിവാറുമായുള്ള ഇരിപ്പുവശം മോശപ്പെടുത്താനില്ല എന്നതാണ് മാതൃഭൂമി നിലപാട്; എതിർപ്പുകൾ ഉയർന്നതോടെ തലതാഴ്‌ത്തി ഹരീഷിന്റെ നോവൽ പിൻവലിച്ച മാതൃഭൂമിക്ക് എതിരെ വിമർശനവുമായി എൻഎൻ കൃഷ്ണദാസ്

മാതൃഭൂമിക്ക് ഒരു പൊടിമീശയെങ്കിലും ആകാം; മറ്റുള്ളവർ ഞങ്ങൾക്ക് വേണ്ടി വെള്ളം കോരലും വിറകു വെട്ടലും അനുസ്യൂതം തുടരട്ടെ; സംഘപരിവാറുമായുള്ള ഇരിപ്പുവശം മോശപ്പെടുത്താനില്ല എന്നതാണ് മാതൃഭൂമി നിലപാട്; എതിർപ്പുകൾ ഉയർന്നതോടെ തലതാഴ്‌ത്തി ഹരീഷിന്റെ നോവൽ പിൻവലിച്ച മാതൃഭൂമിക്ക് എതിരെ വിമർശനവുമായി എൻഎൻ കൃഷ്ണദാസ്

തിരുവനന്തപുരം: എസ് ഹരീഷിന്റെ മീശയെന്ന നോവൽ പിൻവലിക്കാൻ തീരുമാനിച്ച മാതൃഭൂമിക്ക് എതിരെ കൂടുതൽ വിമർശനങ്ങളുമായി സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കളും എത്തുന്നു. എസ് ഹരീഷിനും നോവലിനുമെതിരെ ഉയർന്ന സംഘപരിവാർ ഭീഷണിയെക്കുറിച്ച് പ്രതികരിക്കാത്ത മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎൻ കൃഷ്ണദാസ്. സംഘപരിവാറുമായുള്ള ഇരിപ്പുവശം മോശപ്പെടുത്താനില്ല എന്നതാണ് മാതൃഭൂമിയുടെ നിലപാടെന്ന് കൃഷ്ണദാസ് ആരോപിച്ചു. സമാനമായ ആക്ഷേപം ഇന്നലെ സിപിഎം നേതാവ് പി രാജീവും ചൂണ്ടിക്കാട്ടിയിരുന്നു. മീശയുടെ പ്രസിദ്ധീകരണം നിർത്തിവച്ച മാതൃഭൂമിക്ക് ഒരു പൊടിമീശയെങ്കിലും ആകാം എന്ന് പറഞ്ഞാണ് കൃഷ്ണദാസിന്റെ വിമർശം.

എൻഎൻ കൃഷ്ണദാസ് ഫേസ്‌ബുക്കിൽ പറയുന്നത് ഇങ്ങനെ:

മാതൃഭൂമിക്ക് ഒരു പൊടി മീശയെങ്കിലും ആകാം

സംഘപരിവാർ സംഘടനകളുടെ കടന്നാക്രമണത്തെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നോവൽ പിൻവലിക്കേണ്ടിവന്നത് കേരളത്തിന്റെ ഉൽപതിഷ്ണുതക്കും പാരമ്ബര്യത്തിനുമേറ്റ തിരിച്ചടിയാണ്. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ സർഗാത്മക പാരമ്ബര്യം തകർക്കാൻ നടത്തുന്ന ഭീകര ശ്രമങ്ങളുടെ ഭാഗമാണിത്. ഇതിനെ എതിർത്ത് തോൽപ്പിക്കാനുള്ള ശേഷി കേരളത്തിന് ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇതിനിടയിൽ കടന്നു വരുന്ന ചില ആകുലതകൾ കൂടിയുണ്ട്.

ഇത്രയും വലിയ കടന്നാക്രമണം നടന്നിട്ടും മാതൃഭൂമി കമ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. മാതൃഭൂമിയുടെ പ്രസാധക പ്രദർശനത്തിന് നേരെ ആക്രമണമുണ്ടായിട്ടും ഇതേ നയമാണ് നമ്മൾ കണ്ടത്.'ഞങ്ങളെ സംരക്ഷിക്കാൻ മറ്റുള്ളവരെല്ലാം വരണം, എന്നാൽ ഞങ്ങൾ എണ്ണയിട്ടിരിക്കുന്നു.

'കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാതൃഭൂമി പത്രവും ചാനലും ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു. ദേശീയ പത്രങ്ങൾ കാണിക്കുന്നതു പോലെ, ഒരു പാതി മുഖപ്രസംഗം പോലും എഴുതാൻ ഇവർ തയ്യാറായിട്ടില്ല. മാതൃഭൂമിയുടെ സാരഥികളാരും ഈ തീവ്രഭ്രാന്തിനെതിരെ രംഗത്തുവന്നിട്ടുമില്ല. 'മറ്റുള്ളവർ ഞങ്ങൾക്ക് വേണ്ടി വെള്ളം കോരലും വിറകു വെട്ടലും അനുസ്യൂതം തുടരട്ടെ. സംഘപരിവാറുമായുള്ള ഇരിപ്പുവശം മോശപ്പെടുത്താനില്ല'എന്നതാണ് മാതൃഭൂമി നിലപാട്.

നോമ്ബ് കാലത്ത് മുസ്ലീങ്ങളെ ഇളക്കിവിട്ട് കലാപം ഉണ്ടാക്കാൻ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം പോലും വളച്ചൊടിച്ച് പ്രതിപാദനം നടത്തിയ മാതൃഭൂമി ചാനൽ അവതാരക പുംഗവന് വേണ്ടി ആ പത്രം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ എന്തൊക്കെയായിരുന്നു? കടുത്ത വിഷം ചീറ്റിയ അവതാരകനെതിരെ തങ്ങളുടെ മൗലിക പൗരാവകാശം ഉപയോഗിച്ച് കേസ് കൊടുത്ത ഡിവൈഎഫ്ഐക്കാർക്കെതിരെ മാതൃഭൂമി എത്രയിടങ്ങളിലാണ് പ്രമേയം പാസാക്കിപ്പിച്ചത്. സംഭവം എന്താണെന്ന് പോലും അറിയാത്ത വിദേശികളേയും ഡൽഹിക്കാരേയുമൊക്കെ കിടക്കപ്പായയിൽ നിന്ന് എഴുന്നേൽപ്പിച്ച് പ്രതികരിപ്പിച്ചു.

മറ്റേത് സ്ഥാപനം ആയാലും തങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഒരു വരിയെങ്കിലും ഖേദം പ്രകടിപ്പിക്കും.ഇന്ന് മാതൃഭൂമി പുസ്തകോത്സവം ഡിവൈഎഫ്ഐ സംരക്ഷണ വലയിലാണ് എന്ന് ആ പത്രം തന്നെ എഴുതുമ്പോാൾ അതിലെ കാവ്യനീതി തിരിച്ചറിയപ്പെടാതെ പോകരുത്. പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ കേരളം നേടിയെടുത്തതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. അതിന്റെ കടക്കൽ കത്തി വീഴുമ്പോൾ 'ഞങ്ങൾ പൊല്ലാപ്പിനൊന്നുമില്ലേ, നിങ്ങളൊക്കെ വന്ന് ശരിയാക്കിത്തരണം'എന്ന് മാതൃഭൂമി പറയുമ്പോൾ അതിലെ വൈകൃതം തിരിച്ചറിയപ്പെടാതെ പോകരുത്. - കൃഷ്ണദാസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP