Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊട്ടിക്കും': ബ്രോയ്ക്ക് പകരം എത്തിയ കളക്ടറെ ചെറുതായി 'റാഗുചെയ്ത്' കോഴിക്കോട്ടുകാർ; നൗഷീറെ... നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ....പിന്നെ മാറ്റിപ്പറയല്ലേ....എന്ന് ഉരുളയ്ക്കുപ്പേരിയുമായി ജോസേട്ടൻ; അദ്ദാണ്! പ്രിയപ്പെട്ട കോയ്‌ക്കോട്ട്കാരേ... ഇങ്ങള് ഫുൾ സപ്പോർട്ട് കൊടുത്തോളീ എന്ന ഉറപ്പുമായി ബ്രോ

'നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊട്ടിക്കും': ബ്രോയ്ക്ക് പകരം എത്തിയ കളക്ടറെ ചെറുതായി 'റാഗുചെയ്ത്' കോഴിക്കോട്ടുകാർ; നൗഷീറെ... നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ....പിന്നെ മാറ്റിപ്പറയല്ലേ....എന്ന് ഉരുളയ്ക്കുപ്പേരിയുമായി ജോസേട്ടൻ; അദ്ദാണ്! പ്രിയപ്പെട്ട കോയ്‌ക്കോട്ട്കാരേ... ഇങ്ങള് ഫുൾ സപ്പോർട്ട് കൊടുത്തോളീ എന്ന ഉറപ്പുമായി ബ്രോ

മറുനാടൻ ഡെസ്‌ക്

കോഴിക്കോട്: പിടിച്ചതിലും വലുതാണ് അളയിൽ എന്നുപറഞ്ഞതുപോലെയാണ് കോഴിക്കോട്ടുകാരുടെ കാര്യം. കോഴിക്കോട്ടുകാരെക്കൊണ്ട് ഇതുതാൻഡാ കളക്ടർ എന്ന് പറയിപ്പിച്ച എൻ പ്രശാന്ത് എന്ന കോഴിക്കോട്ടുകാരുടെ സ്വന്തം കളക്ടർ ബ്രോ പോയപ്പോൾ പകരംവന്ന ജോസേട്ടനേയും അവർ അതുപോലെ നെഞ്ചിലേറ്റി തുടങ്ങി. പ്രശാന്തിനെ മാറ്റിയതിന് പിന്നാലെ രണ്ടുദിവസം മുമ്പാണ് കോഴിക്കോട് കളക്ടറായി സ്ഥാനമേറ്റ ടൂറിസം ഡയറക്ടറായിരുന്ന യു വി ജോസ് ഇക്കാര്യം ബ്രോ കോഴിക്കോട്ടുകാരുമായി സംവദിച്ചുകൊണ്ടിരുന്ന കളക്ടർ കോഴിക്കോട് എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചത്. മുൻ കളക്ടർ തുടങ്ങിവച്ച നല്ല പ്രവർത്തനങ്ങൾ നമുക്ക് തുടരാമെന്നും നിങ്ങളും കൂടെയുണ്ടാവില്ലേയെന്നും ചോദിച്ച് ജോസ് നൽകിയ ചെറുകുറിപ്പിന് വൻ പ്രതികരണമാണ് ലഭിച്ചത്.

സാധാരണക്കാരുടെ കൂടെയാണ് സാറെങ്കിൽ ചങ്കുപറിച്ച് കട്ടക്ക് കൂടെയുണ്ടാവുമെന്നും സൂരജ് സാറിന് ശേഷം വന്ന നല്ല വ്യക്തിയായിരുന്നു കളക്ടർ ബ്രോയെന്നും പുതിയ സാറും ആ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമെല്ലാം കമന്റിട്ട് ബ്രോയുടെ ആരാധകരും സജീവമായി ഇതിന് താഴെ കമന്റുമായി എത്തി. താങ്കളെ എന്താണ് വിളിക്കേണ്ടതെന്നും കളക്ടർ ബ്രോ എന്നുതന്നെ വിളിച്ചോട്ടെയെന്നുമായി ചിലർ. നല്ലതാണേൽ സാധാരണക്കാരന്റെ കൂടയാണേൽ, പൊതുജന താൽപര്യത്തിന് ഒപ്പമാണ് സാറെങ്കിൽ... ചങ്ക് പറിച്ച് കട്ടക്ക് കൂടെ ഉണ്ടാവും... മറിച്ചാണേൽ വലിച്ച് കീറി (ഫേസ്‌ബുക്കിൽ ആണേ) ഇതേവാളിൽ തേച്ചൊട്ടിക്കാനും ഞങ്ങൾ തന്നെണ്ടാവും മുമ്പിൽ...... എന്നിങ്ങനെ പുതിയ കളക്ടർക്ക് മുന്നറിയിപ്പുകളും എത്തി.

അജ്ഞരായ, ദരിദ്രരായ പാവങ്ങളാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. അവർ അങ്ങയുടെ ഓഫീസ് കവാടത്തിൽ വന്നു കൊള്ളണമെന്നില്ല. അവരെ കണ്ടറിയണം, കണ്ടെത്തി സഹായിക്കണം, ഭരണപരമായ അവകാശാനുകൂല്യങ്ങൾ മധ്യവർത്തികൾ തട്ടിയെടുക്കുന്നത് തടഞ്ഞ് അർഹർക്ക് എത്തിക്കണം തുടങ്ങി നൂറുകണക്കിന് കമന്റുകൾ നിറഞ്ഞു.

പ്രവർത്തന മികവു കൊണ്ട് മുൻപുണ്ടായിരുന്ന കളക്ടർ ബ്രോയെ കവച്ചു വയ്ക്കാൻ താങ്കൾക്ക് ആവട്ടെ എന്ന് ആശംസിക്കുന്നു . . നല്ല തീരുമാനങ്ങൾക്ക് എന്നും കൂടെയുണ്ടാവും . . . ഞങ്ങൾ കോഴിക്കോടുകാർ ഇന്ന് മുതൽ മാർക്ക് ഇടാൻ തുടങ്ങുന്നുണ്ട് ട്ടോ.. എന്നിങ്ങന മുന്നറിയിപ്പുകളുമായും ബ്രോയുടെ കളക്ടർ ആരാധകരായ ചിലരും എത്തി. ഇങ്ങൾ എത്ര പരിശ്രമിച്ചാലും ഞങ്ങളെ ചങ്ക് പ്രശാന്ത് ബ്രൊ യുടെ ഏഴയലത് എത്തൂ ല്ല ... അതുകൊണ്ടു ഇങ്ങള് ഇങ്ങനെ ഫേസ് ബുക്കിൽ കൂടി പോസ്ട്ടിയിട്ടൊന്നും കാര്യമില്ല ...ഇങ്ങളെ ഞങ്ങള് സ്‌നേഹിക്കും ....എങ്ങനെ എന്നു വച്ചാൽ 'അമ്മ മരിച്ചപ്പോൾ അച്ചൻ വേറെ കെട്ടിയത് പോലെ .... അതിൽ ഉണ്ടായ മകനെ പൊലെ ... എന്നും ചിലർ പോസ്റ്റിട്ടു.

ഇതോടെ പുതിയ കളക്ടറായി എത്തിയ യുവി ജോസിന് കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ പിടികിട്ടി. ഇതോടെ ജനങ്ങളുടെ പ്രതികരണം കണ്ട് പേടിച്ചുപോയെന്നും ഹോ.. എന്തൊരു പോസ്റ്റിങ് ആയിരുന്നുവെന്നും പറഞ്ഞ് ജോസ് വീണ്ടുമെത്തി. പ്രശാന്തിനെ കോഴിക്കോട്ടുകാർ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് പ്രതികരണങ്ങളിലൂടെ വ്യക്തമായെന്നും ഇനി ആ സ്ഥാനത്ത് നിങ്ങളുടെ ജോസേട്ടനായി ഞാൻ ഉണ്ടാവുമെന്നും പറഞ്ഞാണ് ജോസ് പോസ്റ്റിട്ടത്. 'നല്ലതാണെങ്കിൽ ചങ്കുപറിച്ച് കട്ടയ്ക്ക് മറിച്ചാണേൽ വലിച്ചുകീറി തേച്ചൊട്ടിക്കും എന്ന നൗഷീറിന്റെ കമന്റ് ഏറെ ഇഷ്ടപ്പെട്ടെന്നും ഈ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രോയ്ക്കു പകരം കോഴിക്കോട്ടുകാരുടെ മനസ്സു കീഴടക്കാൻ എത്തിയ ജോസേട്ടൻ. ബ്രോയെന്ന പേര് പ്രശാന്തിന് മാത്രം കൊടുക്കാനാണ് ജോസേട്ടന്റെ അഭ്യർത്ഥന.

ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും...നൗഷീറെ... നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ....പിന്നെ മാറ്റിപ്പറയല്ലേ....എന്നു പറഞ്ഞുകൊണ്ടാണ് ജോസ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതോടെ കളക്ടറുടെ പേജിന് ആവേശം പകർന്ന് ജോസേട്ടന് പിന്തുണയും പ്രഖ്യാപിച്ച് കമന്റുമായി സാക്ഷാൽ ബ്രോയും എത്തി. അദ്ദാണ്! പ്രിയപ്പെട്ട കോയ്‌ക്കോട്ട്കാരേ... ഇങ്ങള് ഫുൾ സപ്പോർട്ട് കൊടുത്തോളീ.. ഞമ്മള് ദൂരെ നിന്ന് കണ്ട് ഹാപ്പി ആവട്ടേന്ന്.. എന്ന കമന്റിട്ടാണ് തനിക്കൊപ്പം നിന്നതുപോലെ ജോസേട്ടനൊപ്പവും കോഴിക്കോട്ടുകാർ ഉണ്ടാവണമെന്ന ആഹ്വാനവുമായി പ്രശാന്തും എത്തിയത്.

മുൻസർക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന എൻ.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേൽക്കുന്നത്. ഓപ്പറേഷൻ സുലൈമാനി്, കംപാഷനേറ്റ് കോഴിക്കോട്, കുളംകോരിയാൽ ബിരിയാണി, തുടങ്ങിയ നൂറുനൂറ് ചെറുതും വലുതുമായ ജനകീയ പങ്കാളിത്തം നിറഞ്ഞ പദ്ധതികൾ അവതരിപ്പിച്ച പ്രശാന്ത് അങ്ങനെ കോഴിക്കോട്ടുകാരുടെ കളക്ടർ ബ്രോ ആയി മാറുകയായിരുന്നു.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യൽ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാൻ പ്രശാന്ത് നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുക്കുകയും ചെയ്തു. രണ്ടുവർഷം പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹത്തെ മാറ്റി നിലവിൽ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായ യു.വി ജോസ് പുതിയ കളക്ടറായി എത്തുന്നത്. അദ്ദേഹം നേരത്തെ കോട്ടയം കളക്ടറായും കെഎസ്‌യുഡിപി പ്രൊജക്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഡയറക്ടറും സംസ്ഥാന ഐടി മിഷൻ കോർഡിനേറ്ററുമായിരുന്നു. കെഎസ്‌യുഡിപിയിൽ പ്രവർത്തിച്ചു വരവെ 2015ലാണ് അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുന്നത്. ഇനി കോഴിക്കോട്ടുകാരുടെ ജോസേട്ടനായി നിന്ന് ബ്രോയെപ്പോലെയോ.. അതുക്കും മേലെയോ ജനകീയനാകാൻ പുതിയ കളക്ടർക്ക് കഴിയുമോയെന്ന് കാത്തിരിക്കുകയാണ് കോഴിക്കോട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP